ഷിപ്പിങ് മന്ത്രാലയം
ലിംഗസമത്വത്തോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് ‘സമുദ്ര മേഖലയിലെ വനിതകൾക്കായുള്ള അന്ത്രാഷ്ട്ര ദിനം’ ഇന്ത്യ ആഘോഷിച്ചു
സമുദ്ര മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ‘സാഗർ മേം സമ്മാൻ’ സംരംഭം ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു
Posted On:
18 MAY 2025 6:20PM by PIB Thiruvananthpuram
ഭാവിസജ്ജമായതും ലിംഗസമത്വമുള്ളതുമായ ഒരു സമുദ്ര തൊഴിൽസേനയെ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ നയ സംരംഭമായ ‘സാഗർ മേം സമ്മാൻ’ (എസ്എംഎസ്) കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി (എംഒപിഎസ്ഡബ്ല്യു) ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു. സമുദ്ര മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.സമുദ്ര മേഖലയിൽ ഉൾപ്പെടുത്തൽ, പരിവർത്തനം, സുസ്ഥിരത എന്നിവയുടെ വ്യക്തമായ സന്ദേശത്തോടെ ഇന്ന് മുംബൈയിൽ നടന്ന സമുദ്ര മേഖലയിലെ വനിതകൾക്കായുള്ള അന്ത്രാഷ്ട്ര ദിനാഘോഷത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
ഡോക്കുകൾ മുതൽ തീരുമാനമെടുക്കൽ ബോർഡുകൾ വരെയായി, സമുദ്ര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം അവിഭാജ്യമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നതാണ് എസ്എംഎസ് നയം ലക്ഷ്യമിടുന്നത്. സമുദ്ര യാത്രയിലും തീരദേശ ചുമതലകളിലും ഉണ്ടാകുന്ന ലിംഗ അസമത്വം നികത്തുന്നതിന്, സ്ത്രീകളുടെ സുരക്ഷ, നേതൃത്വം, നിലനിൽപ്പ് എന്നിവ ഉറപ്പാക്കിക്കൊണ്ട്,അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘടനാപരമായ കർമപദ്ധതിയാണ് ഈ നയം വിഭാവനം ചെയ്യുന്നത്. ഗവൺമെന്റിന്റെ DEI (വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ) ലക്ഷ്യവുമായി ഈ പരിപാടി പൊരുത്തപ്പെടുന്നു. ആസൂത്രണവും തന്ത്രവും, പരിശീലനവും വികസനവും, ഗവേഷണവും വികസനവും, ഭരണവും നിർവഹണവും, ആശയവിനിമയം, സാമൂഹ്യ അവബോധം എന്നിവ ഈ നയത്തിന്റെ പ്രധാന പരിധിയിൽ വരും. സമുദ്ര മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും നേതൃത്വവും, ഉൾപ്പെടുത്തലും തുല്യ അവസരവും, സുരക്ഷയും ക്ഷേമവും, നൈപുണ്യ വികസനവും പരിശീലനവും തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതും ഈ നയം ലക്ഷ്യമിടുന്നു.
സമുദ്ര ആവാസവ്യവസ്ഥയിലുടനീളം വളർച്ചയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ചൂണ്ടിക്കാട്ടി. പരിപാടിയിൽ ഏകദേശം 100 വനിതാ നാവികരുടെ ഒരു സംഘവുമായും സോനോവാൾ സംവദിച്ചു.
"സമുദ്രമേഖലയിലെ നിയമനം,നിലനിർത്തൽ , സുസ്ഥിര തൊഴിൽ എന്നിവയിലൂടെ സ്ത്രീകളുടെ നേട്ടം ആഘോഷിക്കുന്നതിന് ഈ ദിനം അനിവാര്യമാണ്" എന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. 2025 ലെ ലോക സമുദ്രദിന പ്രമേയമായ 'നമ്മുടെ സമുദ്രം, നമ്മുടെ കടമ, നമ്മുടെ അവസരം' എന്നപ്രമേയവുമായി യോജിക്കുന്ന തരത്തിൽ 'സ്ത്രീകൾക്കായി അവസരങ്ങളുടെ ഒരു സമുദ്രം' (‘An Ocean of Opportunities for Women’) എന്ന പേരിൽ ഐഎംഒ ഈ വർഷം ആഘോഷിക്കുന്നു. സമുദ്രമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിനും അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും നാം ആത്മപരിശോധന നടത്തുകയും പ്രവർത്തിക്കുകയും വേണം. വിവിധ മേഖലകളിൽ സ്ത്രീകളുടെ വികസനം എന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ, മുൻഗണനയാണ്. കടൽത്തീര പ്രദേശത്തെ തൊഴിൽ പ്രോത്സാഹിപ്പിക്കൽ, അവബോധവും വിപണന പരിപാടികളും, ഷിപ്പിംഗ് കമ്പനികളെ പ്രോത്സാഹിപ്പിക്കൽ, സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന ' വിമൻ ഇൻ സീ ഫെയറർ ' പരിപാടി ആരംഭിക്കാൻ മാരിടൈം ഇന്ത്യ- 2030 വീക്ഷണ രേഖ വിഭാവനം ചെയ്യുന്നു. ഈ വീക്ഷണം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ ഗണ്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്." ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു .
സമുദ്ര മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ 2014 മുതൽ ഗവൺമെന്റിന്റെ ശ്രദ്ധ എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, ഇന്ത്യയുടെ സമുദ്ര മേഖലയിൽ 2014 ൽ 341 വനിതാ നാവികർ ഉണ്ടായിരുന്നത് 2024 ൽ 2557 ആയി വർദ്ധിച്ചുവെന്നും, ഇത് 649% വളർച്ച രേഖപ്പെടുത്തുന്നതായും വ്യക്തമാക്കി. 2014 മുതൽ, ഏകദേശം 2,989 വനിതാ നാവികർക്ക് സാമ്പത്തിക സഹായം ലഭിച്ചു. ഫലപ്രദമായ ഒരു കരിയറിനായി സമുദ്രമേഖല പര്യവേക്ഷണം ചെയ്യാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നിരന്തരമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി ഈ മേഖലയിൽ സാമ്പത്തിക സഹായം തേടുന്ന സ്ത്രീകളുടെ എണ്ണം 2014-15 ൽ കേവലം 45 ആയിരുന്നത് 2024-25 ൽ 732 ആയി വർദ്ധിച്ചു. ഇന്ത്യൻ, വിദേശ കപ്പലുകളിൽ ഇന്ത്യൻ വനിതാ നാവികരുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്."
സമുദ്രമേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുക എന്നതിലൂടെ കേവലം തുല്യത മാത്രമല്ല ഉദ്ദേശിക്കുന്നത് എന്നും അതൊരു തന്ത്രപരമായ ആവശ്യകതയാണ് എന്നും ഈ കണക്കുകൾ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. " സ്ത്രീകളുടെെ നേതൃത്വം ഈ മേഖലയ്ക്ക് നൂതനാശയങ്ങളും ശക്തിയും കൂടുതൽ സുസ്ഥിരമായ ഭാവിയും നൽകുന്നു. രാഷ്ട്രനിർമ്മാണത്തിൽ അവർ നൽകിയ അവിശ്വസനീയമായ സംഭാവനയ്ക്ക് നന്ദി, നമ്മുടെ നാരി ശക്തി പുതിയ ഭാരതത്തിന്റെ അടിസ്ഥാന സ്തംഭമാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിന് കീഴിൽ നമ്മുടെ ദൗത്യത്തിന് വ്യക്തമായ രൂപം കൈവന്നിരിക്കുന്നു. സമുദ്രമേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അത്തരമൊരു സംരംഭമാണ് സാഗർ മേം സമ്മാൻ. രജിസ്റ്റർ ചെയ്ത വനിതാ നാവികരുടെ എണ്ണത്തിൽ 739% എന്ന ശ്രദ്ധേയമായ വർദ്ധനയ്ക്ക്ഇന്ത്യ സാക്ഷ്യം വഹിച്ചു. 2015 ലെ 1,699 ൽ നിന്ന് 2024 ൽ 14,255 ആയി. സമുദ്രമേഖലയിലെ ലിംഗ സമത്വത്തിൽ സ്ഥിരമായ പുരോഗതിയുടെ ഒരു ദശാബ്ദത്തെ ഇത് അടയാളപ്പെടുത്തുന്നു. നമ്മുടെ പ്രതിഭാ സഞ്ചയത്തെ സ്ത്രീ ശക്തിയിലൂടെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ആശയമാണിത്."
മന്ത്രി കൂട്ടിച്ചേർത്തു.
സമുദ്രമേഖലയിലെ വനിതകൾക്കായുള്ള അന്താരാഷ്ട്ര ദിനാഘോഷ വേളയിൽ കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ത്യൻ സമുദ്രമേഖലയിലെ മികച്ച 10 വനിതകളെ ആദരിച്ചു. സുമിത ബാനർജി, ഭാരതി ഭണ്ഡാർക്കർ, കൽപ്പന ദേശായി, പൂനം നാഗ്പാൽ, യെൻ പിൻ്റോ, അർച്ചന സക്‌സേന സങ്കൽ, രൂപാലി രാജ് ജോഷി, ക്യാപ്റ്റൻ ദീപ്തി സിംഗ്, അമർജീത് രേവാരി എന്നിവരെയാണ് ആദരിച്ചത്.
“ വനിതാ നാവികരുടെ മാനസിക, ശാരീരിക, പ്രൊഫഷണൽ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത സാഗർ മേം സമ്മാൻ" നയ ചട്ടക്കൂട് ഉയർത്തിക്കാട്ടുന്നു. ഈ സമഗ്ര നയം സ്ത്രീ ശാക്തീകരണം, നേതൃത്വം, ഉൾപ്പെടുത്തൽ, സുരക്ഷ, നൈപുണ്യ വികസനം, സമുദ്ര തൊഴിൽ മേഖലയിലെ ലിംഗാധിഷ്ഠിത വിടവ് ഇല്ലാതാക്കൽ എന്നിവയെ കുറിച്ച ചർച്ച ചെയ്യുന്നു. ദേശീയ ലക്ഷ്യങ്ങളുമായി ചേരുന്ന വിധത്തിൽ, 2030 ആകുമ്പോഴേക്കും സാങ്കേതിക സമുദ്ര ചുമതലകളിൽ 12% സ്ത്രീ പ്രാതിനിധ്യം എന്ന അഭിലാഷകരമായ ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന ഞങ്ങളുടെ വനിതാ നാവികർ - നിങ്ങൾ അഗ്രഗാമികളാണ്, അജ്ഞാതമായ ജലാശയങ്ങളിലൂടെ ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും സഞ്ചരിച്ചവരാണ് നിങ്ങൾ. ഈ സംരംഭം നിങ്ങളുടെ പുനരുജീവനശേഷിക്കുള്ള ആദരവും വരും തലമുറകൾക്ക് കൂടുതൽ സമഗ്രമായ ഭാവിക്കുള്ള വാഗ്ദാനവുമാണ്. സാഗർ മേം സമ്മാൻ കേവലം ഒരു നയമല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ സമുദ്ര ഭൂപ്രകൃതിയെ പുനർനിർമ്മിക്കാൻ ശേഷിയുള്ള ഒരു പരിവർത്തന പ്രസ്ഥാനമാണെന്ന് നമുക്ക് ഒരുമിച്ച് ഉറപ്പാക്കാം." ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു
"സമുദ്ര മേഖലയിലെ സ്ത്രീകൾ: പരിവർത്തനത്തിനും സുസ്ഥിരതയ്ക്കും നേതൃത്വം നൽകുന്നു" എന്ന പ്രമേയത്തിൽ നടന്ന ഈ പരിപാടി, "സാഗർ മേം സമ്മാൻ" (എസ്എംഎസ്), മാരിടൈം യൂണിയൻ ഓഫ് ഇന്ത്യ, നാഷണൽ മാരിടൈം ഡേ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആണ് സംഘടിപ്പിച്ചത്. ഉദ്ഘാടന സെഷനിൽ മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, തുറമുഖ അധികാരികൾ, സമുദ്ര പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ, അന്താരാഷ്ട്ര സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നേതൃത്വത്തെയും തുല്യതയെയും കുറിച്ചുള്ള പാനൽ ചർച്ച, സമുദ്ര മേഖലയിൽ നേട്ടം കൈവരിച്ച സ്ത്രീകളെ ആദരിക്കുന്ന അനുമോദന ചടങ്ങ് എന്നിവ ഈ പരിപാടിയുടെെ പ്രധാന ആകർഷണങ്ങളായിരുന്നു. ലിംഗഭേദം ഉൾപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ (IMO) ദൗത്യത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഈ ആഘോഷം ശക്തിപ്പെടുത്തുന്നു; ഒപ്പം, യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDGs) വിശാലമായ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
(Release ID: 2129549)