രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഭീകരതയ്‌ക്കെതിരായ ഇന്ത്യന്‍ പോരാട്ടം ദേശീയ പ്രതിരോധ തത്വത്തിന്റെ ഭാഗം; ഈ ഹൈബ്രിഡ്, പ്രോക്സി യുദ്ധത്തെ വേരോടെ പിഴുതെറിയും: ഭുജ് വ്യോമ നിലയത്തില്‍ രാജ്യരക്ഷാ മന്ത്രി

ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ പാകിസ്ഥാൻ പുനർനിർമിക്കാനാരംഭിച്ച സാഹചര്യത്തില്‍ സാമ്പത്തിക സഹായം പുനഃപരിശോധിക്കണമെന്ന് ഐഎംഎഫിനോട് ആവശ്യപ്പെട്ട് ശ്രീ രാജ്‌നാഥ് സിങ്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ഇതുവരെ കണ്ടത് ട്രെയിലർ മാത്രം; ആവശ്യമെങ്കിൽ പൂര്‍ണചിത്രം കാണിക്കുമെന്നും രാജ്യരക്ഷാമന്ത്രി

Posted On: 16 MAY 2025 2:06PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 16 മെയ് 2025

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം സുരക്ഷ സംബന്ധിച്ച കാര്യം മാത്രമല്ലെന്നും ഇപ്പോഴത് ദേശീയ പ്രതിരോധ തത്വത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും  ഈ ഹൈബ്രിഡ്, പ്രോക്സി യുദ്ധത്തെ വേരോടെ പിഴുതെറിയുമെന്നും 2025 മെയ് 16 ന് ഗുജറാത്തിലെ ഭുജ് വ്യോമസേനാ നിലയത്തില്‍ വ്യോമ സൈനികരെ  അഭിസംബോധന ചെയ്യവെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്ഥാനെ ഇന്ത്യ  പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലാക്കിയെന്നാണ് നിലവിലെ വെടിനിർത്തൽ അർത്ഥമാക്കുന്നത്.  പെരുമാറ്റം മെച്ചപ്പെട്ടാൽ പ്രശ്നമില്ല; എന്നാല്‍ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടായാല്‍ കഠിന ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. നമ്മുടെ പ്രവർത്തനങ്ങളെല്ലാം ട്രെയിലർ മാത്രമായിരുന്നു;  ആവശ്യമെങ്കില്‍ പൂര്‍ണചിത്രവും കാണിക്കും. 'ഭീകരതയെ ആക്രമിക്കുകയും തുടച്ചുനീക്കുകയും ചെയ്യുക' എന്നത് നവ ഇന്ത്യയുടെ പുതിയ പൊതുബോധമാണെന്നും അദ്ദേഹം പറഞ്ഞു.  
 

 
ഇന്ത്യ നശിപ്പിച്ച ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ  പാകിസ്ഥാൻ പുനർനിർമിക്കാനാരംഭിച്ച സാഹചര്യത്തില്‍ ഇസ്ലാമാബാദിന് നൽകിയ ഒരു ബില്യൺ ഡോളർ സാമ്പത്തിക സഹായം പുനഃപരിശോധിക്കാനും ഭാവിയിൽ പിന്തുണ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അന്താരാഷ്ട്ര നാണയ നിധിയോട് (ഐഎംഎഫ്) ശ്രീ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഭീകരനായി യുഎൻ പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവൻ മസൂദ് അസ്ഹറിന് പാകിസ്ഥാൻ തങ്ങളുടെ പൗരന്മാരിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്ന് ഏകദേശം 14 കോടി രൂപ നൽകും.  മുരിദ്കെയിലും ബഹാവൽപൂരിലും  ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ-ഇ-മുഹമ്മദ്  ഭീകരകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാന്‍  പാകിസ്ഥാൻ സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തീർച്ചയായും ഐ‌എം‌എഫിന്റെ ഒരു ബില്യൺ ഡോളർ സഹായത്തിന്റെ വലിയൊരു ഭാഗം ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് ഉപയോഗിക്കുമെന്നതില്‍ സംശയമില്ല.  ഇത് അന്താരാഷ്ട്ര സംഘടനയായ ഐ‌എം‌എഫിന്റെ പരോക്ഷ ധനസഹായമായി കണക്കാക്കേണ്ടി വരില്ലേ? പാകിസ്ഥാന് നല്‍കുന്ന ഏത് സാമ്പത്തിക സഹായവും ഭീകരവാദ ധനസഹായമാണ്.  ഇന്ത്യ ഐ‌എം‌എഫിന് നൽകുന്ന തുക നേരിട്ടോ അല്ലാതെയോ പാകിസ്ഥാനിലോ മറ്റേതെങ്കിലും രാജ്യത്തോ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നിര്‍മിക്കാന്‍ ഉപയോഗിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.  

ലോകമൊന്നടങ്കം  പ്രശംസിക്കുന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന വഹിച്ച ഫലപ്രദമായ പങ്കിനെ രാജ്യരക്ഷാ മന്ത്രി അഭിനന്ദിച്ചു. ശത്രുദേശത്തേക്ക് മിസൈലുകൾ വർഷിച്ചപ്പോൾ ഇന്ത്യന്‍ വീര്യത്തിന്റെയും ശക്തിയുടെയും പ്രതിധ്വനി ലോകം കേട്ടതായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ കേവലം 23 മിനിറ്റിനകം തകര്‍ത്ത വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു. ദൗത്യത്തില്‍ ഭീകരതയ്‌ക്കെതിരായ പ്രചാരണത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വ്യോമസേന ശത്രുവിനുമേല്‍ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല,  അവരെ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 
അതിർത്തി കടക്കാതെ തന്നെ പാകിസ്ഥാന്റെ എല്ലാ കോണുകളിലും ആക്രമണം നടത്താൻ ഇന്ത്യന്‍ യുദ്ധവിമാനങ്ങൾക്ക് കഴിവുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിങ് എടുത്തുപറഞ്ഞു. ഭീകര ക്യാമ്പുകളും പിന്നീട് പാകിസ്ഥാന്‍ വ്യോമതാവളങ്ങളും ഇന്ത്യൻ വ്യോമസേന തകര്‍ത്തതിന് ലോകം സാക്ഷ്യംവഹിച്ചു.  ഇന്ത്യയുടെ യുദ്ധനയവും സാങ്കേതികവിദ്യയും മാറിയതിന് ഇന്ത്യൻ വ്യോമസേന തെളിവുകള്‍ നൽകി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമപ്പുറം   ഇന്ത്യന്‍ നിർമിത ഉപകരണങ്ങൾ  രാജ്യത്തെ സൈനിക ശക്തിയുടെ ഭാഗമായി മാറിയിരിക്കുന്നുവെന്ന നവഭാരത  സന്ദേശം അവർ നൽകി. ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളും പഴുതടച്ചതാണെന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു.  

‘ബ്രഹ്‌മോസ്’ മിസൈലിന്റെ ശക്തി പാകിസ്ഥാൻ സ്വയം അംഗീകരിച്ചുവെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. രാത്രിയുടെ ഇരുട്ടിൽ പാകിസ്ഥാന് പകല്‍വെളിച്ചം കാണിച്ച  ഇന്ത്യൻ നിർമിത മിസൈലിനെ പ്രശംസിച്ച അദ്ദേഹം ആകാശ് ഉള്‍പ്പെടെ ഡിആർഡിഒ നിർമിത റഡാർ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ച  ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെയും അഭിനന്ദിച്ചു.

ഇന്നലെ ശ്രീനഗറിലെ ബദാമി ബാഗ് കാന്റിൽ ധീര ഇന്ത്യൻ സൈനികരുമായും ഇന്ന് ഭുജിലെ വ്യോമ സൈനികരുമായും  നടത്തിയ ആശയവിനിമയത്തിൽ രാജ്യാതിർത്തികൾ പൂർണ സുരക്ഷിതമാണെന്ന് വീണ്ടും ബോധ്യപ്പെട്ടതായി രാജ്യരക്ഷാ മന്ത്രി പറഞ്ഞു. ഇരുവിഭാഗങ്ങളിലെയും സൈനികരിൽ  അഭൂതപൂര്‍വമായ ആവേശവും ദേശസ്‌നേഹവും കാണാനായെന്നും  ഓപ്പറേഷൻ സിന്ദൂറിലെ സൈനികനീക്കങ്ങള്‍ രാജ്യത്തെ അഭിമാനപൂരിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
 

 
1965 ലും 1971 ലും ഇന്നും പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ഭുജ് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രക്ഷാമന്ത്രി പറഞ്ഞു. ദേശീയ താൽപര്യം സംരക്ഷിക്കാന്‍ അചഞ്ചല നിശ്ചയദാര്‍ഢ്യത്തോടെ  സൈനികര്‍ തലയുയർത്തി നിൽക്കുന്ന ദേശസ്നേഹത്തിന്റെ നാടായി ഭുജിനെ  അദ്ദേഹം വിശേഷിപ്പിച്ചു. മാതൃദേശത്തിനുവേണ്ടി നല്‍കുന്ന സേവനങ്ങള്‍ക്ക് വ്യോമ യോദ്ധാക്കൾക്കും സായുധ സേനയിലെയും ബിഎസ്എഫിലെയും ധീര സൈനികർക്കും അദ്ദേഹം നന്ദി അറിയിച്ചു.  

ശക്തമായ ഒരു രാഷ്ട്രം അതിന്റെ സൈന്യത്തെ ആദരിക്കുകയും വിഭവങ്ങളും  സാങ്കേതികവിദ്യയും സര്‍വപിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് നൂതന ആയുധങ്ങളും സംവിധാനങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളുമുപയോഗിച്ച് സായുധ സേനയെ നിരന്തരം സജ്ജമാക്കാന്‍ സർക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു. നേരത്തെ ഇന്ത്യ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്നുവെങ്കില്‍ ഇന്ന്  പീരങ്കികളും റഡാർ സംവിധാനങ്ങളും  മിസൈൽ ഷീൽഡുകളും  ഡ്രോണുകളും പ്രതിരോധ ഡ്രോണുകളും തുടങ്ങി ഉപകരണങ്ങളെല്ലാം തദ്ദേശീയമായി നിർമിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.  ഇറക്കുമതിരാജ്യം എന്നതില്‍നിന്ന് നാമൊരു കയറ്റുമതി രാജ്യമായി മാറുകയാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും  അദ്ദേഹം വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങളും സർക്കാരും സായുധ സേനകളും മറ്റ് സുരക്ഷാ ഏജൻസികളും ഐക്യവും തിരിച്ചറിവും പ്രകടിപ്പിച്ചുവെന്നും ഓരോ പൗരനും സൈനികനെപ്പോലെ പങ്കാളിയായെന്നും ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.  മേഖലയിൽ നിന്ന് ഭീകരത  പൂർണമായി തുടച്ചുനീക്കുമെന്നും രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ ആരും ദുഷ്ടദൃഷ്ടി പതിപ്പിക്കാൻ ധൈര്യപ്പെടില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച രാജ്യരക്ഷാമന്ത്രി, സര്‍ക്കാറും ജനങ്ങളും ഓരോ ഘട്ടത്തിലും സേനയ്‌ക്കൊപ്പം തോളോടുതോൾ ചേർന്ന് നിലയുറപ്പിച്ചുവെന്നും പറഞ്ഞു.

പഹൽഗാമിൽ ജീവന്‍ നഷ്ടമായ നിരപരാധികൾക്കും ഓപ്പറേഷൻ സിന്ദൂറില്‍ ജീവത്യാഗം ചെയ്ത സൈനികർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടാണ് രക്ഷാ മന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്. പരിക്കേറ്റ സൈനികർക്ക് അദ്ദേഹം സുഖപ്രാപ്തി നേര്‍ന്നു.  

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിങും മറ്റ് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
 
*************

(Release ID: 2129100)