വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഓപ്പറേഷൻ സിന്ദൂർ: രാജ്യസുരക്ഷയിൽ ആത്മനിർഭരതയിലൂന്നിയ നൂതാശയങ്ങളുടെ ഉദയം

ഇന്ത്യയുടെ വളരുന്ന സാങ്കേതിക സ്വാശ്രയത്വം

Posted On: 14 MAY 2025 8:46PM by PIB Thiruvananthpuram

ആമുഖം

നിരായുധരായ സാധാരണക്കാരെയും സൈനികരെയും ഒരു പോലെ ലക്ഷ്യം വയ്ക്കുന്ന തരത്തിൽ ദുഷ്‌പരിണാമം സംഭവിച്ച വിവേചനരഹിതമായ യുദ്ധതന്ത്രത്തോടുള്ള അളന്നു മുറിച്ച സൈനിക പ്രതികരണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 2025 ഏപ്രിൽ മാസം, പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഈ മാറ്റത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു. അവധാനതാപൂർവ്വവും സൂക്ഷ്മതയോടെയും തന്ത്രപരവുമായിട്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിർത്തിയോ മുറിച്ചു കടക്കാതെ, ഇന്ത്യൻ സൈന്യം ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ച് ബഹുമുഖ ഭീഷണികളെ ഒരേ സമയം ഉന്മൂലനം ചെയ്തു. എന്നാൽ, തന്ത്രപരമായ മികവിനപ്പുറം, രാജ്യ സുരക്ഷയിൽ തദ്ദേശീയ നൂതന സാങ്കേതിക സംവിധാനങ്ങളുടെ തടസ്സരഹിതമായ സമന്വയമാണ് പ്രതികരണത്തിൽ വേറിട്ടുനിന്നത്. ഡ്രോൺ യുദ്ധത്തിലായാലും, അടുക്കും പാളികളുമുള്ള വ്യോമ പ്രതിരോധത്തിലായാലും, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിലായാലും, സൈനിക നടപടികളിലായാലും സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം പരിഗണിക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ ഒരു നാഴികക്കല്ലായി മാറിയെന്ന് വ്യക്തം.

വ്യോമ പ്രതിരോധ ശേഷി: പ്രതിരോധത്തിന്റെ മുൻ നിരയിൽ സാങ്കേതികവിദ്യ

2025 മെയ് 07-08 രാത്രികളിൽ, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കും, പടിഞ്ഞാറുമുള്ള വിവിധ സൈനിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടർ UAS (ആളില്ലാ വ്യോമ സംവിധാനം) ഗ്രിഡ് ആൻഡ് എയർ ഡിഫെൻസ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ത്യ ഇവയെ നിർവീര്യമാക്കി.

 റഡാറുകൾ, നിയന്ത്രണ കേന്ദ്രങ്ങൾ, പീരങ്കികൾ, വ്യോമ -ഭൂതല മിസൈലുകൾ എന്നിവയുടെ ശൃംഖല ഉപയോഗിച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണികൾ കണ്ടെത്തുകയും നിരീക്ഷിക്കുകയും നിർവീര്യമാക്കുകയും ചെയ്തു.

മെയ് 8 ന് രാവിലെ, ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി കേന്ദ്രങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും ലക്ഷ്യമാക്കി ആക്രമണം നടത്തി. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണമായും തകർത്തു.

പ്രതിരോധ സംവിധാനങ്ങളുടെ മിന്നുന്ന പ്രകടനം

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, ഇനിപ്പറയുന്ന സംവിധാനങ്ങൾ ഉപയോഗിച്ചു:

Pechora, OSA-AK, LLAD തോക്കുകൾ (ലോ-ലെവൽ എയർ ഡിഫൻസ് തോക്കുകൾ) പോലുള്ള യുദ്ധ-സന്നദ്ധത തെളിയിക്കപ്പെട്ട AD (എയർ ഡിഫൻസ്) സംവിധാനങ്ങൾ.

മികച്ച പ്രകടനം കാഴ്ചവച്ച ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങൾ

അതീവ സുരക്ഷ വേണ്ട ഭൂപ്രദേശങ്ങളെയും കേന്ദ്രങ്ങളെയും വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള  ഹ്രസ്വ ദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനമാണ് ആകാശ്. ഗ്രൂപ്പ് മോഡിലോ ഓട്ടോണമസ് മോഡിലോ ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം പ്രതിരോധിക്കാൻ ആകാശ് ആയുധ സംവിധാനത്തിന് കഴിയും. ബിൽറ്റ്-ഇൻ ഇലക്ട്രോണിക് കൗണ്ടർ-കൗണ്ടർ മെഷേഴ്സ് (ECCM) സവിശേഷതകൾ ഇതിൽ ഉണ്ട്. മുഴുവൻ ആയുധ സംവിധാനവും സഞ്ചരിക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. .

പ്രാഥമികമായി വ്യോമസേനയുടെയും പിന്നെ കരസേന, നാവികസേന എന്നിവയുടെയും ആസ്തികളെ സംയോജിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അസാധാരണമായ സമന്വയത്തോടെ പ്രവർത്തിച്ചു. ഈ സംവിധാനങ്ങൾ അഭേദ്യമായ ഒരു മതിൽ സൃഷ്ടിച്ചു. തിരിച്ചടിക്കാനുള്ള പാകിസ്ഥാന്റെ നിരന്തര ശ്രമങ്ങളെ പരാജയപ്പെടുത്തി.
 

 
ഇന്ത്യൻ വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (IACCS) ഈ ഘടകങ്ങളെയെല്ലാം സമന്വയിപ്പിച്ചു. ആധുനിക യുദ്ധത്തിന് അത്യന്താപേക്ഷിതമായ വിവിധ സൈനിക, സിവിലിയൻ സ്ഥാപനങ്ങൾക്കിടയിലെ വിവരങ്ങളെ ബന്ധിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള  നെറ്റ്-സെൻട്രിക് പ്രവർത്തന ശേഷി സജ്ജമാക്കി.

അതീവകൃത്യതയോടെയുള്ള ആക്രമണ പദ്ധതികൾ

പാകിസ്ഥാനിലെ പ്രധാന വ്യോമതാവളങ്ങളായ നൂർ ഖാൻ, റഹിംയാർ ഖാൻ എന്നിവയെ ലക്ഷ്യം വച്ചായിരുന്നു അതീവകൃത്യതയോടെയുള്ള  ഇന്ത്യയുടെ ആക്രമണങ്ങൾ. ശത്രു റഡാറുകളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള വിനാശകരമായ  ലക്ഷ്യങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ അത്യന്തം ഫലപ്രദമായ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചു.

ഒരു ലക്ഷ്യത്തെ അതീവ കൃത്യതയോടെ ആക്രമിച്ച് നശിപ്പിക്കാൻ കഴിയുന്ന ആയുധ സംവിധാനങ്ങളാണ് "സൂയിസൈഡ് ഡ്രോണുകൾ" അഥവാ "കാമികാസെ ഡ്രോണുകൾ" എന്നറിയപ്പെടുന്ന ലോയിറ്ററിംഗ് യുദ്ധോപകരണങ്ങൾ.

പ്രതിരോധ ആസ്തികളിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധാ പൂർവ്വമാണ് ഇന്ത്യ എല്ലാ ആക്രമണങ്ങളും നടത്തിയത്. ഇത് നമ്മുടെ നിരീക്ഷണ മികവ്, ആസൂത്രണം, വിതരണ സംവിധാനങ്ങൾ എന്നിവയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്നു. ദീർഘദൂര ഡ്രോണുകൾ മുതൽ ഗതി നിയന്ത്രിത യുദ്ധോപകരണങ്ങൾ വരെയുള്ള ആധുനികവും തദ്ദേശീയവുമായ സാങ്കേതികവിദ്യയുടെ കൃത്യതയോടെയുള്ള ഉപയോഗം ഈ ആക്രമണങ്ങളെ ഏറെ ഫലപ്രദമാക്കിയെന്ന് മാത്രമല്ല രാഷ്ട്രീയ സ്വീകാര്യതയും ഉറപ്പിച്ചു.

 ചൈന നൽകിയ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വെറും 23 മിനിറ്റിനുള്ളിൽ വ്യോമസേന ദൗത്യം പൂർത്തിയാക്കിയതിലൂടെ ഇന്ത്യയുടെ സാങ്കേതിക മികവ് പ്രകടമായി.

നിർവീര്യമാക്കിയ ഭീഷണികളുടെ തെളിവുകൾ

ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയ ശത്രു സാങ്കേതികവിദ്യകളുടെ വ്യക്തമായ തെളിവുകൾ ഓപ്പറേഷൻ സിന്ദൂർ പുറത്തു വിട്ടു:
  • PL-15 മിസൈലുകളുടെ അവശിഷ്ടങ്ങൾ (ചൈനീസ് നിർമ്മിതം)
  • "യിഹ" അഥവാ "യെഹ" എന്ന് പേരിട്ടിരിക്കുന്ന തുർക്കി നിർമ്മിത UAV കൾ
  • ദീർഘദൂര റോക്കറ്റുകൾ, ക്വാഡ്കോപ്റ്ററുകൾ, വാണിജ്യ ഡ്രോണുകൾ

വിദേശരാജ്യങ്ങളിൽ നിന്ന് ലഭിച്ച നൂതന ആയുധങ്ങൾ ഉപയോഗപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിച്ചിട്ടും, ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധ, ഇലക്ട്രോണിക് യുദ്ധ ശൃംഖലകൾ അഭേദ്യമായി തുടർന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്തത്.

പ്രതിരോധ സംവിധാനങ്ങളുടെ മികച്ച പ്രകടനം: ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ നടപടികൾ

മെയ് 12-ന്, ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള വാർത്താ സമ്മേളനത്തിൽ, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, പരമ്പരാഗതവും ആധുനികവുമായ പ്രതിരോധ സംവിധാനങ്ങളുടെ സമന്വയത്തിലൂടെ സാധ്യമായ മികച്ച പ്രകടനം ഉയർത്തിക്കാട്ടി:

തയ്യാറെടുപ്പും ഏകോപനവും:

നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിർത്തിയോ മുറിച്ചു മറികടക്കാതെ ഭീകരർക്കെതിരെ ഇന്ത്യ ലക്ഷ്യവേധിയായ ആക്രമണങ്ങൾ നടത്തിയ സാഹചര്യത്തിൽ, അതിർത്തിക്കപ്പുറത്ത് നിന്ന് പാകിസ്ഥാന്റെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു.

കരസേനയിൽ നിന്നും വ്യോമസേനയിൽ നിന്നുമുള്ള കൗണ്ടർ അൺമാൻഡ് ഏരിയൽ സിസ്റ്റംസ്, ഇലക്ട്രോണിക് വാർഫെയർ അസറ്റുകൾ, വ്യോമ പ്രതിരോധ ആയുധങ്ങൾ എന്നിവയുടെ സവിശേഷമായ വിന്യാസം

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഉള്ളിലേക്ക് ഒന്നിലധികം പ്രതിരോധ പാളികൾ:

a. ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ആളില്ലാ ആകാശ യാനങ്ങൾ
b. തോളിൽ വച്ച് പ്രവർത്തിക്കാവുന്ന ആയുധങ്ങൾ
c . പരമ്പരാഗത വ്യോമ പ്രതിരോധ ആയുധങ്ങൾ
d. ആധുനിക വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങൾ

മെയ് 9-10 തീയതികളിലെ രാത്രിയിൽ നമ്മുടെ വ്യോമതാവളങ്ങളിലും ലോജിസ്റ്റിക് ആസ്തികളിലും പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണങ്ങളെ ഈ ബഹുതല പ്രതിരോധം വിജയകരമായി തടഞ്ഞു. കഴിഞ്ഞ ദശകത്തിൽ സർക്കാരിന്റെ തുടർ നിക്ഷേപത്തോടെ നിർമ്മിച്ച ഈ സംവിധാനങ്ങൾ, ഓപ്പറേഷനിൽ ബഹുഗുണീകൃതമായ ശക്തിയായി മാറി. ശത്രുക്കളുടെ പ്രതികാര ശ്രമങ്ങൾ ഇന്ത്യയിലുടനീളമുള്ള സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങളെ ഒരുതരത്തിലും ബാധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ അവ നിർണ്ണായക പങ്ക് വഹിച്ചു.

ISRO-യുടെ  സംഭാവനകൾ : മെയ് 11 ന് നടന്ന ഒരു പരിപാടിയിൽ, രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ ലക്ഷ്യത്തിനായി കുറഞ്ഞത് 10 ഉപഗ്രഹങ്ങളെങ്കിലും നിരന്തരം പ്രവർത്തനക്ഷമായിരുന്നെന്ന്  ISRO ചെയർമാൻ വി നാരായണൻ പരാമർശിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാൻ,സ്വന്തം ഉപഗ്രഹങ്ങൾ സേവനം നൽകേണ്ടതുണ്ട്. 7,000 കിലോമീറ്റർ കടൽത്തീരം നിരീക്ഷിക്കേണ്ടതുണ്ട്. വടക്ക് ഭാഗം മുഴുവൻ നിരന്തരം  നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹവും ഡ്രോൺ സാങ്കേതികവിദ്യയും ഇല്ലാതെ, രാജ്യത്തിന് അത് സാധ്യമാകുമായിരുന്നില്ല.

ഡ്രോൺ ശക്തിയിലെ വ്യാപാര സാധ്യത: ഉയർന്നുവരുന്ന തദ്ദേശീയ വ്യവസായം

550-ലധികം ഡ്രോൺ കമ്പനികളെയും 5500 ഡ്രോൺ പൈലറ്റുമാരെയും പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ വ്യവസായ സ്ഥാപനമാണ് ഡ്രോൺ ഫെഡറേഷൻ ഇന്ത്യ (DFI). 2030-ഓടെ ഇന്ത്യയെ ആഗോള ഡ്രോൺ കേന്ദ്രമാക്കി മാറ്റുക എന്നതാണ് DFI-യുടെ ദർശനം. കൂടാതെ ആഗോളതലത്തിൽ  ഇന്ത്യൻ ഡ്രോണുകളുടെയും ഡ്രോൺ-വേധ സാങ്കേതികവിദ്യയുടെയും രൂപകൽപ്പന, വികസനം, നിർമ്മാണം, സ്വീകരണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ബിസിനസ്സ് സുഗമമാക്കുന്നതിനും  ഡ്രോൺ സാങ്കേതികവിദ്യ ആർജ്ജിക്കുന്നതിനും DFI സഹായിക്കുന്നു. കൂടാതെ ഭാരത് ഡ്രോൺ മഹോത്സവ് പോലുള്ള നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.

 ഇനിപ്പറയുന്നവയാണ് ഡ്രോൺ നിർമ്മാണ മേഖലയിലെ ചില കമ്പനികൾ:

ആൽഫ ഡിസൈൻ ടെക്നോളജീസ് (ബെംഗളൂരു): സ്കൈസ്ട്രൈക്കർ നിർമ്മിക്കുന്നതിനായി ഇസ്രായേലിന്റെ എൽബിറ്റ് സിസ്റ്റംസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്രതിരോധ, സുരക്ഷാ മേഖലകളിലുടനീളമുള്ള സമഗ്ര പരിഹാരങ്ങളുടെ പൂർണ്ണ ശ്രേണി വാഗ്ദാനം ചെയ്യുന്നു, കൂടാതെ ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ സായുധ സേനയുടെ വിശ്വസ്ത പങ്കാളിയായി സേവനമനുഷ്ഠിക്കുന്നു.


 

പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ് പ്രതിരോധ, ബഹിരാകാശ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നു, തദ്ദേശീയമായി രൂപകൽപ്പന ചെയ്‌തതും നിർമ്മിച്ചതുമായ (IDDM) ശേഷികളാൽ ഇത് വ്യത്യസ്തമാണ്.

പ്രതിരോധത്തിലും മറ്റ് വ്യവസായ ആപ്ലിക്കേഷനുകളിലും വൈദഗ്ദ്ധ്യം നേടിയ ഡ്രോണുകളുടെ നിർമ്മാണത്തിനും ഗവേഷണ വികസനത്തിനുമുള്ള ഒരു ഡ്രോൺ സാങ്കേതിക കമ്പനിയാണ് IG ഡ്രോൺസ്, കൂടാതെ വ്യവസായ വിദഗ്ധർ ഡ്രോൺ സർവേയിംഗ്, മാപ്പിംഗ്, പരിശോധന തുടങ്ങിയ ഡ്രോൺ അനുബന്ധ സേവനങ്ങൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. കമ്പനി ഇന്ത്യൻ കരസേന, ഭാരത സർക്കാർ, സംസ്ഥാന സർക്കാരുകൾ എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

2030 ആകുമ്പോഴേക്കും ഇന്ത്യൻ ഡ്രോൺ വിപണി 11 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആഗോള ഡ്രോൺ വിപണിയുടെ 12.2% വരും.

ആധുനിക യുദ്ധതന്ത്രങ്ങളുടെ കേന്ദ്ര ബിന്ദുവായി ഡ്രോണുകൾ

വർഷങ്ങളായുള്ള ആഭ്യന്തര ഗവേഷണ വികസനവും നയ പരിഷ്ക്കാരങ്ങളുമാണ് ഇന്ത്യൻ സൈനിക സിദ്ധാന്തത്തിൽ ഡ്രോൺ യുദ്ധത്തെ സമന്വയിപ്പിച്ചതും അതിന്റെ വിജയത്തിന് കാരണമായതും. 2021 ന് ശേഷം, ഇറക്കുമതി ചെയ്ത ഡ്രോണുകളുടെ നിരോധനവും PLI (ഉത്പാദന ബന്ധിത പ്രോത്സാഹനം) പദ്ധതിയുടെ സമാരംഭവും ദ്രുതഗതിയിലുള്ള നവീകരണത്തിന് ഉത്തേജനം പകർന്നു. 2021-22  മുതൽ 2023-24  വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (സാമ്പത്തിക വർഷം) 120 കോടി രൂപയുടെ മൊത്തം പ്രോത്സാഹനത്തോടെ സിവിൽ വ്യോമയാന മന്ത്രാലയം നടപ്പാക്കിയ ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി 2021 സെപ്റ്റംബർ 30-ന് വിജ്ഞാപനം ചെയ്തു.  നിർമ്മിതബുദ്ധി (AI) അധിഷ്ഠിത തീരുമാനമെടുക്കൽ സംവിധാനമുള്ള സ്വയം നിയന്ത്രിത  ഡ്രോണുകളിലായിരിക്കും ഇനിയുള്ള ഭാവി. ഇന്ത്യ ഇതിനോടകം ഈ മേഖലയിൽ അടിത്തറ പാകിക്കഴിഞ്ഞു.

2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി ഏകദേശം 24,000 കോടി രൂപ നേട്ടത്തിലൂടെ റെക്കോർഡ്  മറികടന്നു. 2029 ആകുമ്പോഴേക്കും കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുക, 2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക, ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി രാഷ്ട്രമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

പ്രതിരോധ മേഖലയുടെ വളർച്ചയ്ക്ക് മേക്ക് ഇൻ ഇന്ത്യ തുടർന്നും ശക്തി പകരും

"മെയ്ക്ക് ഇൻ ഇന്ത്യ" സംരംഭത്തിന്റെയും സ്വാശ്രയത്വത്തിനായുള്ള ശക്തമായ പ്രേരണയുടെയും ഫലമായി ഇന്ത്യ ഒരു പ്രധാന പ്രതിരോധ നിർമ്മാണ കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. 2023–24 സാമ്പത്തിക വർഷത്തിൽ, തദ്ദേശീയ പ്രതിരോധ ഉത്പാദനം 1.27 ലക്ഷം കോടി രൂപയിലെത്തി റെക്കോർഡിട്ടു. അതേസമയം കയറ്റുമതി 2024–25 സാമ്പത്തിക വർഷത്തിൽ 23,622 കോടി രൂപയായി ഉയർന്നു, 2013–14 നെ അപേക്ഷിച്ച് 34 മടങ്ങ് വർദ്ധന. തന്ത്രപരമായ പരിഷ്‌ക്കാരങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, ശക്തമായ ഗവേഷണ വികസനം എന്നിവ ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം (ATAGS), മെയിൻ ബാറ്റിൽ ടാങ്ക് (MBT) അർജ്ജുൻ, ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ്, ഹൈ മൊബിലിറ്റി വെഹിക്കിൾസ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH), ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (LUH), ആകാശ് മിസൈൽ സിസ്റ്റം, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, 3D ടാക്റ്റിക്കൽ കൺട്രോൾ റഡാർ, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോ (SDR) തുടങ്ങിയ നൂതന സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിന് കാരണമായി. ഡിസ്ട്രോയറുകൾ, തദ്ദേശീയ വിമാനവാഹിനിക്കപ്പലുകൾ, അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ, ഫാസ്റ്റ് പട്രോൾ വെസലുകൾ, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, ഓഫ്‌ഷോർ പട്രോൾ വെസലുകൾ തുടങ്ങിയ നാവിക ആസ്തികളും ഇതിൽ ഉൾപ്പെടുന്നു.

റെക്കോർഡ് സംഭരണ കരാറുകൾ, iDEX ന് കീഴിലുള്ള നൂതനാശയങ്ങൾ, SRIJAN പോലുള്ള ഉദ്യമങ്ങൾ, ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും രണ്ട് പ്രതിരോധ വ്യാവസായിക ഇടനാഴികൾ എന്നിവയിലൂടെ സർക്കാർ ഈ വളർച്ചയെ പിന്തുണച്ചിട്ടുണ്ട്. LCH (ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ), പ്രചണ്ഡ് ഹെലികോപ്റ്ററുകൾ, ATAGS (അഡ്വാൻസ്ഡ് ടൗഡ് ആർട്ടിലറി ഗൺ സിസ്റ്റത്തിനുള്ള അംഗീകാരം) തുടങ്ങിയ പ്രധാന സംരംഭങ്ങൾ തദ്ദേശീയ ശേഷിയിലേക്കുള്ള പരിവർത്തനത്തെ എടുത്തുകാണിക്കുന്നു. 2029 ഓടെ ₹3 ലക്ഷം കോടി ഉത്പാദനവും ₹50,000 കോടി കയറ്റുമതിയും ലക്ഷ്യമിടുന്ന ഇന്ത്യ, സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ പ്രതിരോധ ഉത്പാദന ശക്തിയായി സ്വയം സ്ഥാപിക്കുന്നു.  

ഉപസംഹാരം:

ഓപ്പറേഷൻ സിന്ദൂർ കേവലം തന്ത്രപരമായ വിജയത്തിന്റെ കഥയല്ല. ഇന്ത്യയുടെ പ്രതിരോധ തദ്ദേശീയവത്ക്കരണ നയങ്ങളുടെ സാധൂകരണമാണത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മുതൽ ഡ്രോണുകൾ വരെ, കൗണ്ടർ-UAS ശേഷി മുതൽ നെറ്റ്-സെൻട്രിക് യുദ്ധ പ്ലാറ്റ്‌ഫോമുകൾ വരെ, എല്ലാ തദ്ദേശീയ സാങ്കേതികവിദ്യകളും അതി നിർണ്ണായകമായ ഘട്ടത്തിൽ അത് സംഭാവന ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ നൂതനാശയങ്ങൾ, പൊതുമേഖലയിലെ നിർവ്വഹണം, സൈനിക ദർശനം എന്നിവയുടെ സംയോജനം ഇന്ത്യയെ സ്വന്തം ജനങ്ങളെയും ഭൂപ്രദേശങ്ങളെയും സംരക്ഷിക്കാൻ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഹൈടെക് സൈനിക ശക്തിയെന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാനും പ്രാപ്തമാക്കി. ഭാവിയിലെ സംഘർഷങ്ങളിൽ, കൂടുതൽ കൂടുതൽ സാങ്കേതിക വിദ്യകൾ യുദ്ധഭൂമിയെ നയിക്കുമെന്നത് തീർച്ചയാണ്. ഓപ്പറേഷൻ സിന്ദൂറിൽ ലോകം കണ്ടത് പോലെ, ഇന്ത്യ സജ്ജമാണ്, സ്വന്തം നൂതനാശയങ്ങളാൽ സുസജ്ജമാണ്. ദൃഢനിശ്ചയമുള്ള രാഷ്ട്രത്തിന്റെ പിന്തുണയോടെ, സ്വന്തം ജനങ്ങളുടെ വൈഭവത്താൽ ഇന്ത്യ ശക്തി പ്രാപിക്കുന്നു.

സൂചനകൾ:

 
*******************

(Release ID: 2129004)