വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയ്ക്കുള്ള ആഗോള ഐക്യദാർഢ്യം അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഐക്യമുന്നണി

Posted On: 14 MAY 2025 8:49PM by PIB Thiruvananthpuram

2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിൽ നിരപരാധികളായ 26 സാധാരണക്കാർ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും ഹിന്ദു വിനോദസഞ്ചാരികളായിരുന്നു. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. ഇന്ത്യ ശക്തമായി പ്രതികരിക്കാനും ഇത് വഴിവച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തോടുള്ള നിർണായക പ്രതികരണമായി, അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ നൽകുന്ന തുടർച്ചയായ പിന്തുണ ലക്ഷ്യമിട്ടുള്ള കർശന നടപടികൾക്ക് കാബിനറ്റ് സുരക്ഷാ സമിതി (സിസിഎസ്) അംഗീകാരം നൽകി. ഇതിൽ  താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

* അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമായും തിരിച്ചുപോകാനാകാത്ത വിധവും  ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി ഉടനടി നിർത്തിവയ്ക്കും.

* അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി  അടയ്ക്കും.

* സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) വിസകൾ പ്രകാരം പാകിസ്ഥാൻ പൗരന്മാരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല.

* ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ (Persona Non Grata, അസ്വീകാര്യമായ അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത വ്യക്തി) ആയി  പ്രഖ്യാപിച്ചു.

* കൂടുതൽ കുറവുകൾ വരുത്തുന്നതിന്റെ ഭാഗമായി ഹൈക്കമ്മീഷനുകളുടെ ആകെ അംഗസംഖ്യ നിലവിലുള്ള 55 ൽ നിന്ന് 30 ആയി കുറച്ചു.


പരിമിതവും എന്നാൽ കൃത്യവുമായ ഒരു സൈനിക നീക്കമായി വിഭാവനം ചെയ്ത 'ഓപ്പറേഷൻ സിന്ദൂർ', കുറ്റവാളികളെ ശിക്ഷിക്കുന്നതിനും അതിർത്തി കടന്നുള്ള ഭീകരതയെ നിലനിർത്തുന്ന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനുമായാണ് ആരംഭിച്ചത്. വിശദമായ ബഹുതല ഏജൻസി ഇന്റലിജൻസിനെ തുടർന്ന്, ബഹവൽപൂരിലെയും മുറിദ്കെയിലെയും ഉൾപ്പെടെ ഒമ്പത് പ്രധാന ഭീകര ക്യാമ്പുകൾ തിരിച്ചറിയുകയും ഏകോപിത വ്യോമ, കര നീക്കങ്ങളിലൂടെ നിർവീര്യമാക്കുകയും ചെയ്തു.


ഓപ്പറേഷൻ സിന്ദൂരിന്റെ ഉദ്ദേശ്യം:

ഭീകരതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ഭീകരവാദം ആസൂത്രണം ചെയ്തവരെയും ശിക്ഷിക്കുക എന്നതാണ് ലക്ഷ്യം.

അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഉന്നംവയ്ക്കുന്നു.


ഇന്റലിജൻസും ലക്ഷ്യസ്ഥാന  തിരഞ്ഞെടുപ്പും:

ഭീകര ഭൂപ്രകൃതിയുടെ സൂക്ഷ്മതല സ്‌കാനിങ് നടത്തി.

നിരവധി ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും തിരിച്ചറിഞ്ഞു.


പ്രവർത്തന നൈതികതയും നിയന്ത്രണവും:

കൊളാറ്ററൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് പ്രവർത്തനം.

സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് തീവ്രവാദ കേന്ദ്രങ്ങൾ മാത്രം നിർവീര്യമാക്കുകയാണ് ലക്ഷ്യം.


അന്തിമ ലക്ഷ്യങ്ങൾ:

ബഹുതല ഏജൻസി ഇന്റലിജൻസ് അടിസ്ഥാനമാക്കി സ്ഥിരീകരിച്ച 9 ഭീകര ക്യാമ്പുകൾ.


പ്രധാന ലക്ഷ്യങ്ങൾ:

ഭവൽപൂർ (ഭീകര പരിശീലന ക്യാമ്പ്)
മുരിദ്കെ (മറ്റൊരു പ്രധാന ഭീകര പരിശീലന സ്ഥലം)


ആക്രമണങ്ങളുടെ ഫലങ്ങൾ:

ആക്രമണത്തിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടു.

പാകിസ്ഥാനിലെ 11 വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു.

പാകിസ്ഥാന്റെ കടന്നുകയറ്റത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം കനത്ത നാശനഷ്ടങ്ങൾ വരുത്തി.


ഇല്ലാതാക്കിയ പ്രധാനികളിൽ താഴെപ്പറയുന്നവർ ഉൾപ്പെടുന്നു:

യൂസഫ് അസ്ഹർ
അബ്ദുൾ മാലിക് റൗഫ്
മുദസ്സിർ അഹമ്മദ്

ഈ വ്യക്തികൾ ഐസി-814 വിമാന റാഞ്ചലുമായും പുൽവാമ സ്ഫോടനവുമായും ബന്ധപ്പെട്ടിരുന്നു.


മെയ് 7, 8, 9 തീയതികളിലെ രാത്രികളിൽ ഇന്ത്യയിലെ ജനവാസ പ്രദേശങ്ങളെയും മതപരമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് ആക്രമണം നടത്തി. എന്നിരുന്നാലും, ഇന്ത്യയുടെ സുരക്ഷാ സംവിധാനം ജാഗ്രത പാലിക്കുകയും ഡ്രോണുകളുടേയും മിസൈൽ ഭീഷണികളുടെയും ഒരു തരംഗത്തെ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് തടയാനും നിർവീര്യമാക്കാനും തയ്യാറെടുക്കുകയും ചെയ്തു. പ്രവർത്തന നിയന്ത്രണവും തന്ത്രപരമായ മേധാവിത്വവും നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ പരമാധികാരത്തെയും പൗരന്മാരെയും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തെ ഈ ശക്തവും കൃത്യവുമായ പ്രതികരണം വീണ്ടും ഉറപ്പിച്ചു.


പ്രതികാര നടപടികളിലൂടെയുള്ള ഇന്ത്യയുടെ പ്രതികരണം:


താഴെപ്പറയുന്നവയ്ക്കുമേൽ ഇന്ത്യ പ്രതികാര ആക്രമണങ്ങൾ നടത്തി:

* ലാഹോറിലെ റഡാർ ഇൻസ്റ്റലേഷനുകൾ

* ഗുർജൻവാലയ്ക്ക് സമീപമുള്ള റഡാർ സൗകര്യങ്ങൾ ആക്രമിച്ച് നശിപ്പിച്ചു

* ഇന്ത്യൻ സായുധ സേന 9 ഭീകര കേന്ദ്രങ്ങളിൽ ഏകോപിതവും കൃത്യവുമായ മിസൈൽ ആക്രമണം നടത്തി - ഇവയിൽ നാലെണ്ണം പാകിസ്ഥാനിൽ (ബഹവൽപൂർ, മുറിദ്കെ ഉൾപ്പെടെ) സ്ഥിതിചെയ്യുന്നു, അഞ്ചെണ്ണം പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (മുസാഫറാബാദ്, കോട്‌ലി അ‌‌ടക്കമുള്ളവ). പുൽവാമ (2019), മുംബൈ (2008) പോലുള്ള പ്രധാന ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദിന്റെയും (ജെഎം) ലഷ്‌കർ-ഇ-തൊയ്ബയുടെയും (എൽഇടി) പ്രധാന കമാൻഡ് കേന്ദ്രങ്ങളായിരുന്നു ഈ സ്ഥലങ്ങൾ.

* പഞ്ചാബ്, ബഹവൽപൂർ എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാന്റെ പ്രധാന ഭൂപ്രദേശത്തേക്ക് നടത്തിയ ആഴത്തിലുള്ള ആക്രമണങ്ങൾ തീവ്രവാദികളും അവരുടെ പാക് സ്പോൺസർമാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കി.

* വെറും മൂന്ന് മണിക്കൂറിനുള്ളിൽ, നൂർ ഖാൻ, റഫീഖി, മുറിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്കാർഡു, ബൊളാരി, ജേക്കബാബാദ് എന്നിവയുൾപ്പെടെ 11 സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വച്ചു.

* എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ബൊളാരി തുടങ്ങിയ പ്രധാന വെടിക്കോപ്പ് ഡിപ്പോകളെയും വ്യോമതാവളങ്ങളെയും ആക്രമണം ലക്ഷ്യം വച്ചു. തൽഫലമായി, പാകിസ്ഥാന്റെ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20% നശിപ്പിക്കപ്പെട്ടു. നൂർ ഖാൻ വ്യോമതാവളം (വീഡിയോ തെളിവുകൾ കാണിച്ചിരിക്കുന്നു), റഹിംയാർ ഖാൻ വ്യോമതാവളം (റൺവേയിൽ സൃഷ്ടിച്ച ഗർത്തം) എന്നിവ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.

* നിയന്ത്രണ രേഖയിലെ പൂഞ്ച്-രജൗരി സെക്ടറിലെ ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ പീരങ്കി, മോർട്ടാർ ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്ന് ഇന്ത്യൻ സേന തിരിച്ചടിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള തീവ്രവാദ ബങ്കറുകളും പാകിസ്ഥാൻ സൈനിക സ്ഥാനങ്ങളും നശിപ്പിച്ചു.

കൂടുതൽ നാശനഷ്ടങ്ങൾ നേരിടാൻ കഴിയാതെ വന്നപ്പോൾ പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമിട്ടു. അവരുടെ  ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയെ ബന്ധപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ സഹാ‌യത്തിനാ‌യി പാകിസ്ഥാൻ അമേരിക്കയെയും സമീപിച്ചു. 2025 മെയ് 10 ന് വൈകുന്നേരം 5 മണിക്ക് കര, വ്യോമ, നാവിക മേഖലകളിലെ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യൻ ജനവാസ, സൈനിക മേഖലകളിലേക്ക് ഡ്രോണുകൾ അയച്ചുകൊണ്ട് തൊട്ടുപിന്നാലെ തന്നെ പാകിസ്ഥാൻ അത് ലംഘിച്ചു. ഫീൽഡ് കമാൻഡർമാർക്ക് പ്രതികരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഇന്ത്യൻ സേന ഈ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രദമായി ചെറുത്തു. ഇന്ത്യയുടെ ശക്തവും അളന്നുമുറിച്ചുള്ളതുമായ പ്രതികരണത്തിന് വ്യാപകമായ അന്താരാഷ്ട്ര പിന്തുണ ലഭിച്ചു. ഭീകരതയെ ചെറുക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട് ആഗോള സമൂഹം ഇന്ത്യയുടെ നിലപാടിനെ വ്യക്തമായി പിന്തുണച്ചിട്ടുണ്ട്.


ബ്രിട്ടൺ

"പഹൽഗാം കൊലപാതകങ്ങളിൽ പ്രകോപിതരാകാൻ ഇന്ത്യ‌യ്ക്ക് തക്കതായ കാരണമുണ്ട്. ഇത്തരം ഭീകരപ്രവർത്തനങ്ങൾ പൂർണ്ണമായും അസ്വീകാര്യമാണ്" എന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പ്രസ്താവിച്ചു. ഈ വികാരത്തോ‌‌ട് ചേർന്നു നിന്നുകൊണ്ട്, "ഒരു ജനാധിപത്യ രാജ്യവും അതിർത്തി കടന്നുള്ള ഭീകരതയെ വെച്ചുപൊറുപ്പിക്കരുത്" എന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനക് ഊന്നിപ്പറഞ്ഞു.


റഷ്യ

റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞതിങ്ങനെ: "എല്ലാ ഭീകരപ്രവർത്തനങ്ങളെയും റഷ്യ ശക്തമായി അപലപിക്കുകയും ഏത് തരത്തിലുള്ള തീവ്രവാദത്തെയും എതിർക്കുകയും ചെയ്യുന്നു. ഈ ആഗോള വിപത്തിനെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്." ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. "നയതന്ത്ര ചർച്ചകളിലൂടെ എല്ലാ വ്യത്യാസങ്ങളും സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അവർ കൂട്ടിച്ചേർത്തു.


ഇസ്രായേൽ

"ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു" വെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇസ്രായേലിന്റെ പിന്തുണ സ്ഥിരീകരിച്ചു. "നിരപരാധികൾക്കെതിരായ തങ്ങളുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് തീവ്രവാദികൾ അറിയണം."


അമേരിക്ക 

ഓപ്പറേഷൻ സിന്ദൂറിന്റെ സാധുതയെ പിന്തുണച്ചുകൊണ്ട് "ഭീകരതയെ ചെറുക്കാൻ ഇന്ത്യയ്ക്ക് പരമാധികാരമുണ്ടെ"ന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, "ഇത് അടിസ്ഥാനപരമായി ഒരു പ്രാദേശിക വിഷയമാണ്, അമേരിക്കയുടെ യുദ്ധമല്ല, നമ്മൾ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട ഒന്നല്ല" എന്ന് അഭിപ്രായപ്പെട്ടു.


ഫ്രാൻസ്

പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയോട് ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. "ഫ്രാൻസ്, അതിന്റെ സഖ്യകക്ഷികളോടൊപ്പം, ആവശ്യമുള്ളിടത്തെല്ലാം തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും." ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കുള്ള ഫ്രാൻസിന്റെ അചഞ്ചലമായ പിന്തുണ ഈ സന്ദേശം എടുത്തുകാണിച്ചു.


നെതർലാൻഡ്‌സ്

പഹൽഗാമിലെ ഭീകരമായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ നെതർലാൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് അനുശോചനം രേഖപ്പെടുത്തി. ഭീരുത്വപരമായ ഈ പ്രവൃത്തിയെ അദ്ദേഹം ശക്തമായി അപലപിക്കുകയും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ നെതർലൻഡ്‌സിന്റെ ഉറച്ച നിലപാട് വീണ്ടും ഉറപ്പിക്കുകയും ചെയ്തു.


ജപ്പാൻ

പഹൽഗാമിലെ ഭീകരാക്രമണത്തെ ജപ്പാൻ പ്രതിരോധ മന്ത്രി ജനറൽ നകതാനി സാൻ ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോടുള്ള അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.


സൗദി അറേബ്യ

പഹൽഗാമിലെ ഭീകരാക്രമണത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു, ഇത് ഒരു ഹീനമായ അക്രമ പ്രവൃത്തിയാണെന്ന് പ്രസ്താവിച്ചു. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ രാജ്യത്തിന്റെ ഉറച്ച നിലപാട് വീണ്ടും ഉറപ്പിച്ചുകൊണ്ട്, ഇരകളുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനവും ഇന്ത്യയോടുള്ള ഐക്യദാർഢ്യവും മന്ത്രാലയം അറിയിച്ചു.


യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)

ഓപ്പറേഷൻ സിന്ദൂരിലൂടെ സ്വയം പ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ യുഎഇ പിന്തുണച്ചു, ഭീകരതയോടുള്ള യുഎഇയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെയും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനെയും ഈ പ്രസ്താവന സൂചിപ്പിച്ചു. ഈ പിന്തുണ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും പ്രാദേശിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ പങ്ക് എടുത്തുകാണിക്കുകയും ചെയ്തു.


ഇറാൻ

പഹൽഗാം ആക്രമണത്തിൽ അനുശോചനം അറിയിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പ്രധാനമന്ത്രി മോദിയെ നേരിട്ട് വിളിക്കുകയും തീവ്രവാദത്തിനെതിരെ ശക്തമായ പ്രാദേശിക സഹകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.


ഖത്തർ

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമാ‌യി ബന്ധപ്പെടുകയും സംഘർഷം രൂക്ഷമാകുന്നതിൽ "അഗാധമായ ആശങ്ക" പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, തീവ്രവാദം അസ്വീകാര്യമാണെന്ന ഖത്തറിന്റെ നിലപാട് അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ഇന്ത്യയുടെ നടപടികളെ പിന്തുണയ്ക്കുന്നതിലൂടെ, തീവ്രവാദത്തിനെതിരായ പോരാട്ടത്തോടും ഇന്ത്യയുമായുള്ള വളരുന്ന നയതന്ത്ര ബന്ധങ്ങളോടുമുള്ള പ്രതിബദ്ധത ഖത്തർ ശക്തിപ്പെടുത്തി.


പനാമ

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമായ പനാമ, പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ "ഭീകരതയെ ചെറുക്കാനുള്ള നിയമാനുസൃത ശ്രമങ്ങളെ" അംഗീകരിച്ചു. ഇന്ത്യയുടെ പ്രതികരണത്തെ പിന്തുണച്ചുകൊണ്ട്, തീവ്രവാദ ഭീഷണികൾക്ക് ഏകീകൃത അന്താരാഷ്ട്ര പ്രതികരണം പനാമൻ സർക്കാർ ആവശ്യപ്പെട്ടു.


ശ്രീലങ്ക

പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര ദിസനായകെ ഇന്ത്യയോട് ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു, “പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ വലി‌യ ഞെട്ടൽ രേഖപ്പെടുത്തുന്നു. ശ്രീലങ്കയുടെ ഐക്യദാർഢ്യവും ഭീകരതയ്‌ക്കെതിരായ നമ്മുടെ പൊതുവായ പ്രതിബദ്ധതയും അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ഹൃദയങ്ങൾ. ഈ ദുഷ്‌കരമായ വേള‌യിൽ ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു.”


യൂറോപ്യൻ യൂണിയൻ

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെയും നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെയും യൂറോപ്യൻ യൂണിയനും (EU) അതിന്റെ 27 അംഗരാജ്യങ്ങളും അസന്ദിഗ്ധമായി അപലപിക്കുന്നു. “ഭീകരതയെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഓരോ രാജ്യത്തിനും കടമയും നിയമപരമായി അവകാശവുമുണ്ട്.”


മാലദ്വീപ്

പ്രസിഡന്റ് മുഹമ്മദ് മുയിസു ആക്രമണത്തെ അപലപിക്കുകയും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള മാലിദ്വീപിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.


പലസ്തീൻ

പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആക്രമണത്തെ "ഹീനമായ പ്രവൃത്തി" എന്ന് അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതുകയും ചെയ്തു.


കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ വാഗ്ദാനത്തിന് മറുപടിയായി, പരിഹരിക്കേണ്ട ഒരേയൊരു പ്രശ്നം പാക് അധീന കശ്മീരിന്റെ  (പിഒകെ) തിരിച്ചെ‌‌ടുക്കൽ മാത്രമാണെന്ന് ഇന്ത്യ ശക്തമായി ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ കൃത്യമായ നടപടി സ്വീകരിക്കുന്നതുവരെ ഒരു സംഭാഷണവും സാധ്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ മധ്യസ്ഥത നിരസിച്ച ഇന്ത്യ, കശ്മീർ ഒരു പരമാധികാര, ഉഭയകക്ഷി വിഷയമാണെന്ന് വാദിച്ചു. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും യുദ്ധമായി കണക്കാക്കുമെന്ന് രാജ്യം വ്യക്തമാക്കിയിട്ടുണ്ട്, ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തിന് അടിവരയിടുന്നു.

Global Solidarity with India

***

SK


(Release ID: 2128820)