ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ത്യയിലെ ആദ്യത്തെ 3nm ചിപ്പ് രൂപകല്പനാ കേന്ദ്രങ്ങൾ നോയിഡയിലും ബെംഗളൂരുവിലും ഉദ്ഘാടനം ചെയ്തു
3nm ചിപ്പ് രൂപകല്പന ഇന്ത്യയുടെ നൂതന അർദ്ധചാലക ആവാസവ്യവസ്ഥയിലെ പുതിയ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു: കേന്ദ്രമന്ത്രി വൈഷ്ണവ്
Posted On:
13 MAY 2025 7:26PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നോയിഡയിലും ബെംഗളൂരുവിലുമായി റെനെസാസ് ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പുതിയ അത്യാധുനിക ചിപ്പ് രൂപകല്പനാ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ ചിപ്പ് രൂപകല്പനാ കേന്ദ്രങ്ങളുടെ സവിശേഷതകൾ വിശദീകരിക്കവേ, അത്യാധുനിക 3 നാനോമീറ്റർ ചിപ്പ് രൂപകൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രമാണിതെന്ന് ശ്രീ വൈഷ്ണവ് അറിയിച്ചു. ഇത് ആഗോള അർദ്ധചാലക നൂതനാശയ മേഖലയിൽ ഇന്ത്യയുടെ സ്‌ഥാനമുറപ്പിക്കുന്നതിൽ ഒരു നാഴികക്കല്ലാണ്. "3nm- രൂപകൽപ്പന എന്നത് യഥാർത്ഥത്തിൽ ഒരു ഭാവി സാങ്കേതിക വിദ്യയാണ്. നാം നേരത്തെ 7nm ,5nm എന്നിവയുടെ രൂപകൽപ്പന നിർവ്വഹിച്ചിട്ടുണ്ട്. പക്ഷേ ഇത് പുതിയൊരു മുന്നേറ്റത്തെ സാക്ഷ്യപ്പെടുത്തുന്നു," അദ്ദേഹം പറഞ്ഞു.
ഡിസൈൻ, ഫാബ്രിക്കേഷൻ, ATMP (അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ്), ഉപകരണങ്ങൾ, കെമിക്കൽസ്, ഗ്യാസ് വിതരണ ശൃംഖലകൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സമഗ്ര അർദ്ധചാലക തന്ത്രത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ദാവോസ് പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യമാകുന്ന വ്യാവസായിക ആത്മവിശ്വാസത്തെ അദ്ദേഹം ഉദ്ധരിച്ചു. അപ്ലൈഡ് മെറ്റീരിയൽസ്, ലാം റിസർച്ച് പോലുള്ള കമ്പനികൾ ഇതിനോടകം നടത്തിയിട്ടുള്ള ഗണ്യമായ നിക്ഷേപങ്ങളെ അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്ഥയുടെ വളർച്ചാ വേഗത ചൂണ്ടിക്കാട്ടവേ, ഉത്തർപ്രദേശിലെ ഈ പ്രധാന അർദ്ധചാലക രൂപകല്പനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാജ്യത്തുടനീളമുള്ള സമ്പന്നമായ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ദേശീയമായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിലെ നിർണ്ണായക ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു.
അർദ്ധചാലക ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ അർദ്ധചാലക രൂപകല്പനാ കേന്ദ്രങ്ങളുടെ വികസനം കേന്ദ്ര സർക്കാർ സജീവമായി പ്രോത്സാഹിപ്പിച്ചു വരികയാണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ പ്രായോഗിക ഹാർഡ്‌വെയർ നൈപുണ്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതിയ സെമികണ്ടക്ടർ ലേണിംഗ് കിറ്റ് പുറത്തിറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ കീഴിൽ ഇതിനോടകം നൂതന EDA (ഇലക്ട്രോണിക്, ഡിസൈൻ, ഓട്ടോമേഷൻ) സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ ലഭിച്ച 270+ അക്കാദമിക് സ്ഥാപനങ്ങൾക്കും ഈ പ്രായോഗിക ഹാർഡ്‌വെയർ കിറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പഠനങ്ങളുടെ ഈ സമന്വയം വ്യവസായ സജ്ജരായ എഞ്ചിനീയർമാരെ സൃഷ്ടിക്കും. ഞങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക മാത്രമല്ല, ദീർഘകാല പ്രതിഭാ വികസനത്തിലും നിക്ഷേപം നടത്തുകയാണെന്ന്," അദ്ദേഹം പറഞ്ഞു. CDAC, ISM സംഘങ്ങളുടെ കാര്യക്ഷമതയെ ശ്രീ വൈഷ്ണവ് പ്രശംസിക്കുകയും ആഗോള അർദ്ധചാലക വികസനത്തിൽ ഇന്ത്യയെ നേതൃസ്ഥാനത്തേക്ക് ഉയർത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ആത്മനിർഭർ ഭാരത് എന്ന വിശാലമായ ദർശനത്തിൽ അർദ്ധചാലക ആവാസവ്യവസ്ഥയെ തന്ത്രപരമായ ശ്രദ്ധ വേണ്ട മേഖലയായി ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീ വൈഷ്ണവ് നന്ദി പറഞ്ഞു. “മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയുടെ അർദ്ധചാലകവ്യവസായം പുതിയ ഘട്ടത്തിലേക്ക് കടന്നു. ഇക്കാലയളവിൽ ഇന്ത്യ ഈ മേഖലയിലെ വളരുന്ന ഒരു ആഗോള കേന്ദ്രമായി മാറുകയും, ദീർഘകാല, സുസ്ഥിര വളർച്ചയ്ക്ക് സജ്ജമാവുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. “സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, സെർവറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, വാഹനങ്ങൾ, മറ്റ് നിരവധി ഇലക്ട്രോണിക് ഉത്പന്നങ്ങൾ നിർമ്മിക്കപ്പെടുന്ന സാഹചര്യത്തിൽ അർദ്ധചാലകങ്ങളുടെ ആവശ്യം ഗണ്യമായി വർദ്ധിക്കും. അതിനാൽ, അർദ്ധചാലക വ്യവസായത്തിന്റെ വളർച്ചയ്ക്കുള്ള ഈ പിന്തുണ കാലോചിതമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
***************
(Release ID: 2128553)