ആയുഷ്‌
azadi ka amrit mahotsav

സമഗ്രാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിവാര യോഗ പോഡ്‌കാസ്റ്റ് കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് പ്രകാശനം ചെയ്തു

Posted On: 11 MAY 2025 5:51PM by PIB Thiruvananthpuram
ആയുഷ് മന്ത്രാലയം പുതിയ ഡിജിറ്റൽ സംരംഭമായ 'പ്രതിവാര യോഗ പോഡ്‌കാസ്റ്റ്' പരിപാടിയ്ക്ക് തുടക്കം കുറിച്ചു.മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) യാണ് പരിപാടി നിർമ്മിച്ചത്. കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിവാര പോഡ്‌കാസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്തു . പുരാതന രീതികളെ ആധുനിക ജീവിതശൈലികളുമായി സംയോജിപ്പിച്ച് യോഗയുടെ കാലാതീതമായ അറിവ് എല്ലാ വീട്ടിലും എത്തിക്കുക എന്നതാണ് ഈ പോഡ്‌കാസ്റ്റിന്റെ ലക്ഷ്യം.
 
 യോഗയുടെ ലോകത്തേക്കുള്ള ഒരു പരിവർത്തന യാത്രയാണ് പോഡ്‌കാസ്റ്റിന്റെ ഉദ്ഘാടന അധ്യായം. ഉൾക്കാഴ്ചയുള്ള ചർച്ചകൾ, മികച്ച പരിശീലന രീതികൾ, വിദഗ്ദ്ധരുടെ അഭിമുഖങ്ങൾ എന്നിവയിലൂടെ ശ്രോതാക്കളെ ആകർഷിക്കുന്നതിനാണ് പോഡ്‌കാസ്റ്റ് പരമ്പര രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ളവരെയും യോഗയിലേക്ക് ആകർഷിക്കുന്നതിന് ലക്ഷ്യമിടുന്നു.
 
  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 മാർച്ച് 30 ന് തന്റെ മൻ കി ബാത്ത് പരിപാടിയുടെ 120-ാമത് പതിപ്പിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യവും 2025 ലെ ദിനാഘോഷത്തിന്റെ പ്രമേയമായ "ഏക ഭൂമി, ഏക ആരോഗ്യം എന്നതിന് യോഗ" എന്നതും ഊന്നിപ്പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ആഗോള ഐക്യത്തിനും സുസ്ഥിരതയ്ക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഈ പ്രമേയം, ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ക്ഷേമം വളർത്തുന്നതിൽ യോഗയുടെ പങ്ക് എടുത്തുകാണിക്കുന്നു.
 
ആദ്യ എപ്പിസോഡിൽ, യോഗയുടെ സത്തയെയും അതിന്റെ ആഗോള സ്വാധീനത്തെയും കുറിച്ചുള്ള ഒരു ഊർജ്ജസ്വലമായ സംഭാഷണമാണ് ശ്രോതാക്കളെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയുടെ പവിത്ര പാരമ്പര്യമായ യോഗ, ആരോഗ്യത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു ലോകവ്യാപക പ്രസ്ഥാനമായി മാറിയത് എങ്ങനെയെന്ന് ഈ പോഡ്‌കാസ്റ്റ് വിശദീകരിക്കുന്നു. ഇന്ത്യയുടെ ജി 20 അധ്യക്ഷതയിൽ, "വസുധൈവ കുടുംബകം"- ലോകം ഒരു കുടുംബം എന്ന ധാർമ്മികതയിൽ പ്രചോദിതമായി സ്വീകരിച്ച ഈ വർഷത്തെ യോഗാദിന പ്രമേയത്തിന്റെ ദാർശനികതയും ഈ പരിപാടി പര്യവേക്ഷണം ചെയ്യുന്നു.
 
ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ഈ എപ്പിസോഡ് വെളിച്ചം വീശുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, പത്ത് പ്രത്യേക മേഖലകളിലായി ഗവണ്മെന്റ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ' ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ' എന്ന വിഷയത്തിന്റെ പ്രായോഗിക വ്യാഖ്യാനം ഇവ നൽകുന്നു.
 
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഒരു ദശകം ആഘോഷിക്കുന്നതിനായി, യോഗയുടെ പ്രസക്തി ആഘോഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ആയുഷ് മന്ത്രാലയം 10 സിഗ്നേച്ചർ പരിപാടികളും പ്രഖ്യാപിച്ചു:
 
യോഗ സംഘം - ലോക റെക്കോർഡ് ലക്ഷ്യമിട്ട് 1,00,000 സ്ഥലങ്ങളിൽ ഒരുമിച്ച് യോഗാഭ്യാസം
 
യോഗ ബന്ധൻ -മികച്ച യോഗ സെഷനുകൾക്കായി 10 രാജ്യങ്ങളുമായി ആഗോള പങ്കാളിത്തം.
 
യോഗ പാർക്ക് - സാമൂഹ്യ യോഗ പാർക്കുകളുടെ വികസനം.
 
യോഗ സമാവേശ് - ഭിന്നശേഷിക്കാർ, മുതിർന്നവർ, കുട്ടികൾ എന്നിവർക്കായുള്ള പ്രത്യേക പരിപാടികൾ.
 
യോഗ പ്രഭാവ് - പൊതുജനാരോഗ്യത്തിൽ യോഗയുടെ ഒരു ദശാബ്ദക്കാലത്തെ സ്വാധീനത്തിനെ ക്കുറിച്ചുള്ള പഠനം.
 
യോഗ കണക്റ്റ് - യോഗ വിദഗ്ധരും ആരോഗ്യ വിദഗ്ധരും ഉൾപ്പെടുന്ന ഒരു ആഗോള ഉച്ചകോടി.
 
ഹരിത യോഗ - യോഗയെ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധിപ്പിക്കുന്ന സുസ്ഥിരതാ സംരംഭങ്ങൾ. 
 
യോഗ അൺപ്ലഗ്ഡ് - യുവജന കേന്ദ്രീകൃതമായ യോഗ ആഘോഷങ്ങൾ.
 
യോഗ മഹാകുംഭ് - ജൂൺ 21 വരെ നീണ്ടുനിൽക്കുന്ന ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം.
 
സംയോഗ് - ആധുനിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായി യോഗയുടെ സംയോജനം.
 
 ശ്രീ പ്രതാപ് റാവു ജാദവിന്റെയും ആയുഷ് മന്ത്രാലയത്തിന്റെയും എംഡിഎൻഐവൈയുടെയും എല്ലാ പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും പ്രതിവാര യോഗ പോഡ്‌കാസ്റ്റ് ലഭ്യമാകും. യോഗയെ ഒരു ജീവിതരീതിയായി സ്വീകരിക്കാൻ ശ്രോതാക്കളെ പ്രചോദിപ്പിക്കുന്നതിനായി  പാരമ്പര്യം, ശാസ്ത്രം, കഥാഖ്യാനം എന്നിവയുടെ രസകരമായ സംയോജനമാണ് പരിപാടിയുടെ ഓരോ എപ്പിസോഡും വാഗ്ദാനം ചെയ്യുന്നത്.
 
കൂടുതൽ വിവരങ്ങൾക്കും ട്യൂൺ ചെയ്യുന്നതിനും www.yogamdniy.nic.in സന്ദർശിക്കുക.
 
*****
 

(Release ID: 2128188) Visitor Counter : 2