ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിര വികസന ലക്ഷ്യങ്ങൾ- 2030 കൈവരിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ മാതൃ-ശിശു മരണനിരക്കിൽ സ്ഥിരമായ കുറവ് പ്രതിഫലിക്കുന്നു

Posted On: 10 MAY 2025 9:58AM by PIB Thiruvananthpuram
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) 2025 മെയ് 07-ന് പുറത്തിറക്കിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് 2021 പ്രകാരം, പ്രധാന മാതൃ-ശിശു ആരോഗ്യ സൂചകങ്ങളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിക്കുന്നത് തുടരുന്നതായി കാണാം.
 
 2019-21 വർഷത്തിൽ രാജ്യത്തെ മാതൃ മരണനിരക്കിനെക്കുറിച്ച് സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) അടിസ്ഥാനമാക്കിയുള്ള പ്രത്യേക ബുള്ളറ്റിൻ പ്രകാരം, മാതൃ മരണനിരക്ക് (എംഎംആർ) 2014–16 ൽ ഒരു ലക്ഷം ജനനങ്ങൾക്ക് 130 ആയിരുന്നത് 2019–21 ൽ 93 ആയി 37 പോയിന്റ് കുറഞ്ഞു.
 
അതുപോലെ, സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2021 അനുസരിച്ച്, ശിശു മരണനിരക്ക് കുറയുന്ന പ്രവണത തുടരുന്നു. രാജ്യത്തെ ശിശുമരണ നിരക്ക് (IMR) 2014-ൽ 1000 ജനനങ്ങൾക്ക് 39 ആയിരുന്നത് 2021-ൽ 1000 ജനനങ്ങൾക്ക് 27 ആയി കുറഞ്ഞു. നവജാത ശിശുമരണ നിരക്ക് (NMR) 2014-ൽ 1000 ജനനങ്ങൾക്ക് 26 ആയിരുന്നത് 2021-ൽ 1000 ജനനങ്ങൾക്ക് 19 ആയി കുറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് (U5MR) 2014-ൽ 1000 ജനനങ്ങൾക്ക് 45 ആയിരുന്നത് 2021-ൽ 1000 ജനനങ്ങൾക്ക് 31 ആയി കുറഞ്ഞു. ജനനസമയത്തെ ലിംഗാനുപാതം 2014-ൽ 899 ആയിരുന്നത് 2021-ൽ 913 ആയി മെച്ചപ്പെട്ടു. ആകെ പ്രജനന നിരക്ക് 2021-ൽ 2.0 ആയി സ്ഥിരത പുലർത്തുന്നു. ഇത് 2014-ൽ 2.3 ആയിരുന്ന തിൽ നിന്നുള്ള ഗണ്യമായ പുരോഗതിയാണ്.
 
എസ് ആർ എസ് 2021 റിപ്പോർട്ട് പ്രകാരം കേരളം (20), മഹാരാഷ്ട്ര (38), തെലങ്കാന (45), ആന്ധ്രാപ്രദേശ് (46), തമിഴ്‌നാട് (49), ജാർഖണ്ഡ് (51), ഗുജറാത്ത് (53), കർണാടക (63) എന്നീ എട്ട് സംസ്ഥാനങ്ങൾ ഇതിനകം മാതൃ മരണനിരക്കിൽ സുസ്ഥിര വികസന ലക്ഷ്യം (2030 ആകുമ്പോഴേക്കും <= 70) നേടിയിട്ടുണ്ട്.
 
കേരളം (8), ഡൽഹി (14), തമിഴ്‌നാട് (14), ജമ്മു & കശ്മീർ (16), മഹാരാഷ്ട്ര (16), പശ്ചിമ ബംഗാൾ (20), കർണാടക (21), പഞ്ചാബ് (22), തെലങ്കാന (22), ഹിമാചൽ പ്രദേശ് (23), ആന്ധ്രാപ്രദേശ് (24), ഗുജറാത്ത് (24) എന്നീ പന്ത്രണ്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് (U5MR) ന്റെ സുസ്ഥിര വികസന ലക്ഷ്യം (2030 ആകുമ്പോഴേക്കും <= 25) നേടിയിട്ടുണ്ട്.
 
കേരളം (4), ഡൽഹി (8), തമിഴ്‌നാട് (9), മഹാരാഷ്ട്ര (11), ജമ്മു & കശ്മീർ (12), ഹിമാചൽ പ്രദേശ് (12) എന്നീ ആറ് (6) സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം NMR ന്റെ സുസ്ഥിര വികസന ലക്ഷ്യം (2030 ആകുമ്പോഴേക്കും <=12) കൈവരിച്ചിട്ടുണ്ട്.
 
 കൂടാതെ, ഇന്ത്യയുടെ മാതൃ-ശിശു മരണനിരക്ക് സൂചകങ്ങളിലെ കുറവ് ആഗോള ശരാശരിയെ മറികടക്കുന്നതാണ്.
 
 ഐക്യരാഷ്ട്രസഭയുടെ 2025 ഏപ്രിൽ 07-ന് പ്രസിദ്ധീകരിച്ച മാതൃമരണ എസ്റ്റിമേഷൻ ഇന്റർ-ഏജൻസി ഗ്രൂപ്പ് (UN-MMEIG) റിപ്പോർട്ട് 2000-2023 പ്രകാരം, 2020 മുതൽ 2023 വരെ ഇന്ത്യയുടെ മാതൃ മരണനിരക്ക് 23 പോയിന്റ് കുറഞ്ഞു. 1990 മുതൽ 2023 വരെയുള്ള കഴിഞ്ഞ 33 വർഷത്തിനിടെ ആഗോളതലത്തിൽ ഈ നിരക്കിൽ 48% കുറവുണ്ടായപ്പോൾ, ഇന്ത്യയുടെ MMR 86% കുറഞ്ഞുകൊണ്ട് നിർണായക നേട്ടം കൈവരിച്ചു.
 
 ഐക്യരാഷ്ട്രസഭയുടെ 2025 മാർച്ച് 24-ന് പ്രസിദ്ധീകരിച്ച ശിശു മരണ നിരക്ക് നിർണയ സമിതി(UNIGME) റിപ്പോർട്ട് 2024-ൽ ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ ഗണ്യമായ നേട്ടം എടുത്തുകാണിച്ചിട്ടുണ്ട്. കുറഞ്ഞ ശിശുമരണനിരക്കുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ. റിപ്പോർട്ട് അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ (U5MR) ഇന്ത്യ 78% കുറവ് കൈവരിച്ചു. ആഗോളതലത്തിൽ ഇത് 61% ആണ്. നവജാതശിശു മരണനിരക്കിൽ (NMR) ആഗോളതലത്തിലെ നിരക്ക് 54% ആയിരിക്കുമ്പോൾ ഇന്ത്യയുടേത് 70% കുറഞ്ഞ നിരക്കാണ്. ശിശുമരണനിരക്കിൽ (IMR) ആഗോളതലത്തിലെ 58% ൽ നിന്ന് ഇന്ത്യയിൽ 71% കുറവും ഉണ്ടായി. കേന്ദ്ര ഗവൺമെന്റിന്റെ തന്ത്രപരമായ ഇടപെടലുകളും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമാണ് 1990 മുതൽ 2023 വരെയുള്ള കഴിഞ്ഞ 33 വർഷത്തിനിടയിൽ, ഈ സുസ്ഥിരമായ പുരോഗതികൾ നേടായനായതിന് കാരണം.
 
 ഗവണ്മെന്റിന്റെ മുൻനിര ആരോഗ്യ പദ്ധതികൾ പൗരന്മാർക്ക് മാന്യവും അന്തസുറ്റതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ, പൂർണ്ണമായും സൗജന്യവും,പരിചരണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഉറപ്പാക്കുന്നതിനായി സുഗമമായി സംയോജിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംരംഭമായ ആയുഷ്മാൻ ഭാരത്, ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ വാർഷിക ആരോഗ്യ പരിരക്ഷ നൽകുന്നു. ഇത് സാമ്പത്തിക സംരക്ഷണവും അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കുന്നു.
 
 ഓരോ ഗർഭിണിക്കും ആശുപത്രിയിൽ സിസേറിയൻ ഉൾപ്പെടെയുള്ള പ്രസവ ചികിത്സയ്ക്ക് സൗജന്യമായി അർഹതയുണ്ടെന്ന് ഈ കേന്ദ്രീകൃത ഇടപെടലുകൾ ഉറപ്പാക്കുന്നു. കൂടാതെ സൗജന്യ ഗതാഗതം, മരുന്ന്, രോഗനിർണയം, പൊതുജനാരോഗ്യ കേന്ദ്രങ്ങളിലൂടെ പോഷകാഹാര പിന്തുണ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സമഗ്രവും തുല്യവുമായ പ്രവേശനം ഉറപ്പാക്കുന്നതിന്, മെറ്റേണിറ്റി വെയിറ്റിംഗ് ഹോമുകൾ, മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (എംസിഎച്ച്) വിഭാഗം, ഒബ്സ്റ്റട്രിക് ഹൈ ഡിപൻഡൻസി യൂണിറ്റുകൾ (എച്ച്ഡിയു)/ഇന്റൻസീവ് കെയർ യൂണിറ്റുകൾ (ഐസിയു), ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റുകൾ (എൻബിഎസ്യു), സിക്ക് ന്യൂബോൺ കെയർ യൂണിറ്റുകൾ (എസ്എൻസിയു), മദർ-ന്യൂബോൺ കെയർ യൂണിറ്റുകൾ, ജനന വൈകല്യങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചുകൊണ്ട് മന്ത്രാലയം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
 
 
 പൂർണ്ണ വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ആന്റിനേറ്റൽ കോർട്ടികോസ്റ്റീറോയിഡുകൾ നൽകൽ, കണ്ടിന്യൂവസ് പോസിറ്റീവ് എയർവേ പ്രഷർ (CPAP) ഉപയോഗം, കേൾവി, കാഴ്ച പരിശോധന എന്നിവയ്ക്കുള്ള തുടർനടപടികൾ എന്നിവ നവജാതശിശുക്കളുടെ അതിജീവന ശേഷി മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്നു. ഈ നടപടികൾ പ്രതിവർഷം ഏകദേശം 300 ലക്ഷം സുരക്ഷിത ഗർഭധാരണങ്ങളെയും 260 ലക്ഷം ആരോഗ്യകരമായ പ്രസവങ്ങളെയും പിന്തുണയ്ക്കുന്നു.
 
ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന മുൻഗണന. സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഗുണനിലവാര സർട്ടിഫിക്കേഷൻ, ആരോഗ്യ പ്രവർത്തകരുടെ ശേഷി വികസനം, ശക്തമായ മേൽനോട്ട സംവിധാനങ്ങൾ എന്നിവയിലൂടെ ഇത് പരിഹരിക്കപ്പെടുന്നു. അടിയന്തര മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് പ്രസവ സഹായികൾ, മിഡ്‌വൈഫുകൾ, സാമൂഹ്യ ആരോഗ്യ പ്രവർത്തകർ എന്നിവരെ പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകുന്നു.
 
 മാതൃ, നവജാത, ശിശു ആരോഗ്യത്തിനായുള്ള സംവിധാനങ്ങളും ആരോഗ്യ ഡാറ്റയുടെ തത്സമയ നിരീക്ഷണവും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മന്ത്രാലയം ശക്തിപ്പെടുത്തുന്നു. ഡാറ്റാധിഷ്ഠിത, തെളിവ് അടിസ്ഥാനമാക്കിയുള്ള നയതീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഈ നടപടികൾ സഹായിക്കും
 
*****
 

(Release ID: 2128081) Visitor Counter : 2