പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ഐക്യരാഷ്ട്രസഭയുടെ വനസംരക്ഷണ ഫോറത്തിന്റെ 20-ാമത് യോഗത്തിൽ വനസംരക്ഷണ, സുസ്ഥിര വനപരിപാലന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഇന്ത്യ  

Posted On: 09 MAY 2025 9:59AM by PIB Thiruvananthpuram
2025 മെയ് 5 മുതൽ 9 വരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ഐക്യരാഷ്ട്രസഭയുടെ വനസംരക്ഷണ ഫോറത്തിന്റെ (UNFF20) 20-ാമത് യോഗത്തിൽ ഇന്ത്യ പങ്കെടുത്തു.

വനസംരക്ഷണത്തിലും സുസ്ഥിര വന പരിപാലനത്തിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. 2017–2030 കാലയളവിലേക്കായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച വനസംരക്ഷണത്തിനുള്ള തന്ത്രപരമായ പദ്ധതി പ്രകാരം സ്വമേധയാ ഉള്ള ദേശീയ സംഭാവനകൾ (VNCs) സാക്ഷാത്ക്കരിക്കുന്നതിലെ പ്രതിബദ്ധത ഇന്ത്യ ഊട്ടിയുറപ്പിച്ചു. ആരവല്ലി ഗ്രീൻ വാളിനു കീഴിലുള്ള ഭൂമി പുനഃസ്ഥാപനം, കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ  കഴിഞ്ഞ ദശകത്തിലുണ്ടായ  7.86% വർദ്ധനവ്, ഗ്രീൻ ഇന്ത്യ മിഷനു കീഴിൽ 1.55 ലക്ഷം ഹെക്ടറിലധികം വനവത്ക്കരണം, ഏക് പെഡ് മാ കേ നാം (പ്ലാന്റ്4മദർ) പ്രചാരണത്തിന് കീഴിൽ 140 കോടി വൃക്ഷത്തൈ നടീൽ തുടങ്ങിയ പ്രധാന ദേശീയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയിലെ വന, വൃക്ഷ വിസ്തൃതിയിൽ സുസ്ഥിര  വർദ്ധന റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം രാജ്യത്തിൻറെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 25.17% വരുമിത്.

സംയുക്ത ഗവേഷണം, വിജ്ഞാന കൈമാറ്റം, ശേഷി വികസനം എന്നിവയിലൂടെ പൂച്ച വർഗ്ഗത്തിലെ ഏഴ് വലിയ ജീവികളുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ ആരംഭിച്ച ആഗോള വേദിയായ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (IBCA) ചേരാൻ എല്ലാ യുഎൻ അംഗരാജ്യങ്ങളെയും  ക്ഷണിച്ചതാണ് ഇന്ത്യയുടെ പങ്കാളിത്തത്തിലെ സുപ്രധാന നിമിഷം.

2023 ഒക്ടോബറിൽ ഡെറാഡൂണിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച കൺട്രി-ലെഡ് ഇനിഷ്യേറ്റീവ് (CLI)  നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കാട്ടുതീ നേരിടുന്നതിലും വന സർട്ടിഫിക്കേഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്. റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള CLI ഉദ്യമങ്ങളെ ഇന്ത്യ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മുൻഗണനാ വനവത്ക്കരണ പ്രശ്‌നങ്ങളെ പിന്തുണയ്ക്കുന്നതിനായി CLI ഫലങ്ങളെ ഔപചാരിക ആഗോള സംവിധാനങ്ങളുമായി സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

"നഷ്‌ടമായ വന ഭൂപ്രകൃതിയുടെ പുനഃസ്ഥാപനം: സുസ്ഥിര വന പരിപാലനത്തിലും കാലാവസ്ഥാ പ്രതിരോധത്തിലും ഇന്ത്യയുടെ സമീപനം" എന്ന വിഷയത്തിൽ ഇന്ത്യ ഒരു അനുബന്ധ പരിപാടിയും  സംഘടിപ്പിച്ചു. നയ നവീകരണം, വിഭവ സംയോജനം, സജീവമായ സാമൂഹിക ഇടപെടൽ, നിരീക്ഷണത്തിനും വിലയിരുത്തലിനും സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെ സമഗ്ര വന പുനഃസ്ഥാപനത്തിലെ ഇന്ത്യയുടെ അനുഭവങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. ആഗോള വനവത്ക്കരണ ലക്ഷ്യങ്ങളിലെ പ്രധാന സംഭാവനകളും നേട്ടങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

കൂടാതെ, "ദേശീയ നയത്തിലും തന്ത്രത്തിലും വന ആവാസവ്യവസ്ഥയുടെ പ്രാധാന്യം" എന്ന വിഷയത്തിലെ ഉന്നതതല പാനലിൽ ഇന്ത്യ അംഗമായി. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കടുവാ സങ്കേതങ്ങൾ  എന്നിവിടങ്ങളിലെ പ്രാരംഭ പഠനത്തിലെ കണ്ടെത്തലുകൾ പ്രതിനിധി സംഘം പങ്കിട്ടു. സിസ്റ്റം ഓഫ് എൻവയോൺമെന്റൽ-ഇക്കണോമിക് അക്കൗണ്ടിംഗ് (SEEA), മില്ലേനിയം ഇക്കോസിസ്റ്റം അസസ്‌മെന്റ് (MEA) തുടങ്ങിയ ചട്ടക്കൂടുകൾ പ്രയോജനപ്പെടുത്തി സ്വാഭാവിക കാർബൺ സംഭരണ പ്രക്രിയ, ജലവിതരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ ആവാസവ്യവസ്ഥാ സേവനങ്ങളെയും ഈ പഠനങ്ങളിലൂടെ വിലയിരുത്തി. വിപണിയിതര സേവനങ്ങൾ വിലയിരുത്തുന്നതിലെ വെല്ലുവിളികൾ അംഗീകരിക്കുമ്പോൾ തന്നെ, അവബോധത്തിലധിഷ്ഠിതമായ  വനപരിപാലനത്തിനും ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയ്ക്കും വേണ്ടി ആവാസവ്യവസ്ഥയുടെ മൂല്യനിർണ്ണയത്തെ ദേശീയ ആസൂത്രണവുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞു.

ഭാരത സർക്കാരിന്റെ വനം ഡയറക്ടർ ജനറലും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറിയുമായ ശ്രീ സുശീൽ കുമാർ അവസ്തി ആയിരുന്നു UNFF20 -ലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്.
 
SKY
 
*******

(Release ID: 2127852)