വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ആന്ധ്രാപ്രദേശ് (തിരുപ്പതി), ഛത്തീസ്ഗഢ് (ഭിലായ്), ജമ്മു കശ്മീർ (ജമ്മു), കർണാടക (ധാർവാഡ്), കേരളം (പാലക്കാട്) എന്നിവിടങ്ങളിൽ സ്ഥാപിതമായിട്ടുള്ള അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


6500 ൽ അധികം വിദ്യാർത്ഥികൾക്ക് ഈ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കാൻ സൗകര്യമൊരുക്കുന്നതിന് വേണ്ടിയുള്ള വിപുലീകരണം

വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് പുതിയ അത്യാധുനിക ഗവേഷണ പാർക്കുകളും വരും

Posted On: 07 MAY 2025 12:11PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്
അംഗീകാരം നൽകി.

2025-26 മുതൽ 2028-29 വരെയുള്ള നാലു വർഷക്കാലയളവിൽ ഇതിനായി 11,828.79 കോടി രൂപയുടെ ചെലവുവരും.

ഈ ഐ.ഐ.ടികളിൽ (പ്രൊഫസർ തലത്തിൽ അതായത് ലെവൽ 14നും അതിനു മുകളിലും) ഫാക്കൽറ്റികളുടെ 130 തസ്തികകൾ സൃഷ്ടിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് പുതിയ അത്യാധുനിക ഗവേഷണ പാർക്കുകളും നിലവിൽ വരും.


നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

ആദ്യ വർഷം 1364 വിദ്യാർത്ഥികൾ രണ്ടാം വർഷം 1738 വിദ്യാർത്ഥികൾ മൂന്നാം വർഷം 1767 വിദ്യാർത്ഥികൾ നാലാം വർഷം 1707 വിദ്യാർത്ഥികൾ എന്നിങ്ങനെയുള്ള വർദ്ധനവോടെ, അണ്ടർ ഗ്രാജുവേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി), പിഎച്ച്.ഡി പ്രോഗ്രാമുകളിലെല്ലാം ഉൾപ്പെടെ ഈ ഐ.ഐ.ടികളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 6500 ലധികത്തിന്റെ വർദ്ധനവുണ്ടാകും.


ഗുണഭോക്താക്കൾ:

നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ, ഈ അഞ്ച് ഐ.ഐ.ടികൾക്ക് നിലവിലെ 7,111 വിദ്യാർത്ഥികൾ എന്ന നിലവിലെ ശേഷിക്കു പകരമായി 13,687 വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. അതായത്, 6,576 വിദ്യാർത്ഥികളുടെ വർദ്ധനവുണ്ടാകും. മൊത്തം സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർദ്ധനവിലൂടെ, 6,500 ൽ അധികം വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും അഭിമാനകരവും അഭിലഷണീയവുമായ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കണമെന്നുള്ള അവരുടെ ലക്ഷ്യം നിറവേറ്റാനുമാകും. ഇത് വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയെ സൃഷ്ടിച്ചും, നൂതനാശയത്തിന് വഴിയൊരുക്കിയും, സാമ്പത്തിക വളർച്ച വർദ്ധിപ്പിച്ചും രാഷ്ട്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കും. സാമൂഹിക ചലനക്ഷമത വർദ്ധിപ്പിച്ചും, വിദ്യാഭ്യാസ അസമത്വം കുറച്ചും ഇത് ഇന്ത്യയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.


തൊഴിൽ സൃഷ്ടിക്കൽ:

ഫാക്കൽറ്റി, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ഗവേഷകർ, പിന്തുണാ ഉദ്യോഗസ്ഥർ എന്നിവരെ വിദ്യാർത്ഥികളുടെ എണ്ണത്തിലും സൗകര്യങ്ങളിലുമുണ്ടാകുന്ന വർദ്ധനകൾ കൈകാര്യം ചെയ്യുന്നതിനായി നിയമിക്കുന്നതിലൂടെ നേരിട്ടുള്ള തൊഴിൽ സൃഷ്ടിക്കപ്പെടും. അതോടൊപ്പം, ഐ.ഐ.ടി. കാമ്പസുകളുടെ വികാസം പാർപ്പിടം, ഗതാഗതം, സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകതകൾ സൃഷ്ടിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഐ.ഐ.ടികളിൽ നിന്നുള്ള ബിരുദധാരികളുടെയും ബിരുദാനന്തര ബിരുദധാരികളുടെയും എണ്ണം വർദ്ധിക്കുന്നത് നൂതനാശയത്തിനും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും കൂടുതൽ ഇന്ധനം നൽകുകയും, ഇത് വൈവിദ്ധ്യമാർന്ന മേഖലകളിലുടനീളമുള്ള തൊഴിൽ സൃഷ്ടിക്ക് സംഭാവന ചെയ്യുകയും ചെയ്യും.


സംസ്ഥാനങ്ങളും ജില്ലകളും:

ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ അഞ്ച് ഐ.ഐ.ടികളും സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഐ.ഐ.ടികളിലേക്കുള്ള പ്രവേശനം ഇന്ത്യയാകമാനം എന്ന അടിസ്ഥാനത്തിലാകയാൽ ഈ വിപുലീകരണം രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഗുണം ചെയ്യും.


2025-26 ലെ ബജറ്റ് പ്രഖ്യാപനം ഇങ്ങനെ പറയുന്നു:

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 23 ഐ.ഐ.ടികളിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 100 ശതമാനം വർദ്ധിനരേഖപ്പെടുത്തികൊണ്ട് 65,000 ൽ നിന്ന് 1.35 ലക്ഷമായി ഉയർന്നു. 6,500 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം കൂടി സുഗമമാക്കുന്നതിനായി 2014 ന് ശേഷം ആരംഭിച്ച അഞ്ച് ഐ.ഐ.ടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും.


പശ്ചാത്തലം:

ആന്ധ്രപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ പുതിയ അഞ്ച് ഐ.ഐ.ടികൾ സ്ഥാപിച്ചിട്ടുള്ളത്. പാലക്കാട്, തിരുപ്പതി എന്നി ഐ.ഐ.ടി.കളിലെ അക്കാദമിക് സെഷൻ 2015-16 ലും, ബാക്കിയുള്ള മൂന്നെണ്ണത്തിലേത് താൽക്കാലിക കാമ്പസുകളിൽ നിന്ന് 2016-17 ലുമാണ് ആരംഭിച്ചത്. ഈ ഐ.ഐ.ടികൾ ഇപ്പോൾ അവയുടെ സ്ഥിരം കാമ്പസുകളിലാണ് പ്രവർത്തിക്കുന്നത്.

***

SK


(Release ID: 2127443) Visitor Counter : 11