വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഭാരത് ടെലികോം 2025 കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു; ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ അദ്ദേഹം ഉയർത്തിക്കാട്ടി
Posted On:
06 MAY 2025 1:41PM by PIB Thiruvananthpuram
വടക്കുകിഴക്കൻ മേഖലാ വികസന, കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ ഇന്ന് ന്യൂഡൽഹിയിൽ ഭാരത് ടെലികോം 2025 ഉദ്ഘാടനം ചെയ്തു. ടെലികോം എക്യുപ്‌മെന്റ് ആൻഡ് സർവീസസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (TEPC), ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുമായി (DoT) സഹകരിച്ച് സംഘടിപ്പിച്ച ഭാരത് ടെലികോം 2025, ടെലികോം നിർമ്മാണം, സേവനങ്ങൾ, കയറ്റുമതി എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി മാറുക എന്ന ഇന്ത്യയുടെ ദർശനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ടെലികോം മൂല്യ ശൃംഖലയിലുടനീളമുള്ള വ്യവസായ പ്രമുഖർ, വിദേശ പ്രതിനിധികൾ, നൂതനാശയ സംരംഭകർ എന്നിവരുടെയും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസത്തെ പരിപാടിയായ ഭാരത് ടെലികോം 2025, ബന്ധപ്പെട്ട പങ്കാളികൾക്കുള്ള ഒരു സംവേദനാത്മക വേദിയായി വർത്തിക്കുന്നതിനൊപ്പം, ഒരു സമർപ്പിത ഇന്റർനാഷണൽ ബിസിനസ് എക്‌സ്‌പോയും ഒരുക്കുന്നു.
പുരോഗമനപരമായ പരിഷ്‌ക്കാരങ്ങളുടെയും ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുടെയും പിന്തുണയോടെ, ടെലികോം കയറ്റുമതി രാജ്യവും നൂതനാശയ കേന്ദ്രവുമായി വളരുന്ന ഇന്ത്യയുടെ പങ്കിനെ മന്ത്രി സിന്ധ്യ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുകാണിച്ചു. "നമ്മൾ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക മാത്രമല്ല; നമ്മുടെ ഭാവിയെയും ബന്ധിപ്പിക്കുകയാണ്. നമ്മൾ ഉയർത്തുന്ന ഓരോ ടവറും, നമ്മൾ കൈമാറുന്ന ഓരോ ബൈറ്റും 140 കോടി ജനങ്ങളെ പുതിയ അവസരങ്ങളിലേക്ക് അടുപ്പിക്കുന്നു", മന്ത്രി സിന്ധ്യ പറഞ്ഞു."പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ ദർശനവും അചഞ്ചലമായ ദൃഢനിശ്ചയവുമാണ് ഇന്ത്യയെ ഒരു ഡിജിറ്റൽ അനുയാത്രിക രാജ്യം എന്ന നിലയിൽ നിന്ന് ആഗോള ഡിജിറ്റൽ നേതാവാക്കി മാറ്റിയത് - ഇപ്പോൾ അഭിലാഷങ്ങളെ അടിസ്ഥാന സൗകര്യങ്ങളായും നയങ്ങളെ പുരോഗതിയായും പരിവർത്തനം ചെയ്യുന്നു" എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ആഗോള ഡിജിറ്റൽ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ അസാധാരണമായ വളർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വമാണ് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. 4G, 5G തുടങ്ങിയ മേഖലകളിൽ ഇന്ത്യ ലോകത്തിനൊപ്പം എത്തിയെന്ന് മാത്രമല്ല, രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ രൂപപ്പെടുത്തുന്ന സമഗ്രമായ പരിഷ്‌ക്കാരങ്ങളും സാങ്കേതിക കണ്ടുപിടുത്തങ്ങളും വഴി ഇപ്പോൾ ഈ മേഖലയിലെ കുതിപ്പിന് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിവർത്തന ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ ടെലികോം മേഖലയുടെ പങ്കിനെ ശ്രീ സിന്ധ്യ വിശദീകരിച്ചു. 1990 കളിലെ ചെലവേറിയതും പരിമിതവുമായ മൊബൈൽ പ്രവേശനക്ഷമതയിൽ നിന്ന് ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയും വിലകുറഞ്ഞ ഡാറ്റ ദാതാവുമായി മാറിയ രാജ്യത്തിന്റെ പരിണാമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആഗോള സംവാദങ്ങളിൽ പങ്കെടുക്കുക മാത്രമല്ല, അതിന്റെ ഗതി നിർവചിക്കുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്," എന്ന് സെഷനിൽ സംസാരിച്ച കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ പറഞ്ഞു. ഇന്ന്, ഒരു വിപണി അല്ലെങ്കിൽ ഉപഭോക്താവ് എന്ന നിലയിൽ മാത്രമല്ല, ലോകോത്തര ടെലികോം പരിഹാരങ്ങളുടെ സ്രഷ്ടാവ്, പങ്കാളി, വിശ്വസ്ത ദാതാവ് എന്നീ നിലകളിലും ഇന്ത്യ അറിയപ്പെടുന്നു. ഇന്ത്യയ്ക്കു വേണ്ടി നിർമ്മിച്ചത് എന്ന മുൻകാല ചരിത്രത്തിൽ നിന്ന് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടത് എന്നതിലേക്ക് ആഖ്യാനം മാറിയിരിക്കുന്നു.
ആഗോള ടെലികോം രംഗത്ത് ഇന്ത്യ ഒരു നിർണായക പരിവർത്തനത്തിന് വിധേയമായി ക്കൊണ്ടിരിക്കുകയാണ്. ഒരു ഉപഭോക്താവിൽ നിന്ന് സാങ്കേതികവിദ്യയുടെ സ്രഷ്ടാവായി രാജ്യം പരിണമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഡോ. പെമ്മസാനി ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു. ഒരു ദശാബ്ദം മുമ്പ് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭമാണ് ഈ പുരോഗതിക്ക് കാരണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദീർഘവീക്ഷണമുള്ള സർക്കാർ സ്വീകരിച്ച നയങ്ങളുടെ പിന്തുണയും ഈ പുരോഗതിക്ക് കാരണമായി.
35-ലധികം രാജ്യങ്ങളിൽ നിന്നുള്ള 130-ലധികം വിദേശ പ്രതിനിധികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ മുതലായവയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഈ പരിപാടിയിൽ ആവേശകരമായ അന്താരാഷ്ട്ര പങ്കാളിത്തം ദൃശ്യമായിരുന്നു. 5G, ഒപ്റ്റിക്കൽ ഫൈബർ, ബ്രോഡ്‌ബാൻഡ് അടിസ്ഥാന സൗകര്യങ്ങൾ, ഉപഗ്രഹ ആശയ വിനിമയം, IoT, AI-അധിഷ്ഠിത നെറ്റ്‌വർക്കുകൾ തുടങ്ങിയ അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമേയധിഷ്ഠിത പ്രദർശനങ്ങൾ, കോൺഫറൻസ് സെഷനുകൾ, ഉന്നത സ്വാധീനം ചെലുത്തുന്ന B2B മീറ്റിംഗുകൾ, തന്ത്രപരമായ നെറ്റ്‌വർക്കിംഗ് സെഷനുകൾ, വിജ്ഞാന കൈമാറ്റ വേദികൾ എന്നിവയും ഇതിന്റെ ഭാഗമായിരുന്നു.
SKY
(Release ID: 2127248)