WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ -1: ഇന്ത്യയുടെ സർഗാത്മക ഭാവി രൂപപ്പെടുത്തുന്നു

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന് കീഴിലുള്ള 32 വിഭാഗം സർഗാത്മക മത്സരങ്ങളിലെ വിജയികളെ WAVES 2025 ൽ ആദരിക്കുന്നു; 60ലധികം രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം ഫൈനലിസ്റ്റുകൾ നൂതനാശയങ്ങളെയും പ്രതിഭയെയും ആഘോഷിക്കാനായി സംഗമിക്കുന്നു

"യാത്ര ആരംഭിച്ചതേയുള്ളൂ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സർഗ്ഗപ്രതിഭകളെ ശാക്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്:" കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

"യുവ പ്രതിഭകൾ സർഗ്ഗാത്മകതയെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിന്റെ മനോഹരമായ ഒരു ഉദാഹരണമാണ് ഈ വേദി:" സഹമന്ത്രി ഡോ. എൽ. മുരുകൻ

 Posted On: 02 MAY 2025 8:08PM |   Location: PIB Thiruvananthpuram

ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളുടെ ഭാവനയെ ആകർഷിച്ച സംരംഭമായ, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി) സീസൺ 1, ഇന്ത്യയുടെ സർഗ്ഗാത്മക മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് നടക്കുന്ന WAVES 2025-ലെ ഒരു ഗംഭീര ചടങ്ങിൽ സമാപിച്ചു. ആനിമേഷൻ, ഗെയിമിംഗ്, ചലച്ചിത്ര നിർമ്മാണം മുതൽ നിർമിത ബുദ്ധി, സംഗീതം, ഡിജിറ്റൽ ആർട്ട് വരെയായി മാധ്യമ, വിനോദ വ്യവസായത്തിന്റെ സമസ്ത മേഖലകളെ ഉൾക്കൊള്ളിച്ചു കൊണ്ട്  നടത്തിയ 32 വ്യത്യസ്ത മത്സരങ്ങളിലെ വിജയികളെ ഈ മഹത്തായ പരിപാടിയിൽ ആദരിച്ചു.

 

 
യുവ സ്രഷ്ടാക്കളെയും ചിന്തകരെയും അഭിസംബോധന ചെയ്ത കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇതൊരു ചരിത്ര നിമിഷമാണെന്ന് വിശേഷിപ്പിച്ചു. "സർഗ്ഗാത്മകതയ്‌ക്ക് വേണ്ടി മാത്രം ഇതാദ്യമായി ഒരു പുരസ്കാരം നൽകുന്നു. ഈ യാത്ര ആരംഭിച്ചതേയുള്ളൂ. ഈ സംരംഭത്തിലൂടെ, നിങ്ങൾ പുതിയ അവസരങ്ങളുടെ ലോകത്തേക്ക് ചുവട് വയ്ക്കുകയാണ്. നൂതനാശയത്തിനും ആവിഷ്‌കാരത്തിനും ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് വേണ്ടി സർഗ്ഗാത്മകതയിൽ പരിശീലനം നൽകുന്നതിനായി, ഐഐടിയ്ക്ക് സമാനമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജി ഞങ്ങൾ ആരംഭിക്കുന്നു.” മന്ത്രി പറഞ്ഞു.
 
യുവാക്കളുടെ ചലനാത്മക ഊർജ്ജവും സാങ്കേതിക വൈദഗ്ധ്യവും പ്രത്യേകം പരാമർശിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ. മുരുകൻ പരിപാടിയിൽ പങ്കെടുത്തവരെ അഭിനന്ദിക്കുകയുംചെയ്തു."നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. യുവപ്രതിഭകൾ സർഗ്ഗാത്മകതയെ സാങ്കേതികവിദ്യയുമായി എങ്ങനെ സംയോജിപ്പിക്കുന്നു എന്നതിന്റെ മനോഹരമായ ഒരു ഉദാഹരണമാണ് ഈ വേദി. ഇത് നാരി ശക്തിയുടെ കരുത്തിനെയും ഇന്ത്യൻ ഉള്ളടക്ക സൃഷ്ടിയുടെ ഭാവിയെയും പ്രതിഫലിപ്പിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 
 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ നാൾവഴികളെക്കുറിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു വിശദീകരിച്ചു. “ഓഗസ്റ്റിൽ ഞങ്ങൾ ആരംഭിച്ചപ്പോൾ, മാധ്യമ, വിനോദ മേഖലയിലായി 25 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. സെപ്റ്റംബറിൽ മൻ കി ബാത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിഐസിയെക്കുറിച്ച് സംസാരിച്ചതിനുശേഷം, പങ്കാളിത്തം വർദ്ധിച്ചു. മത്സരങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. ഏകദേശം ഒരു ലക്ഷം രജിസ്ട്രേഷൻ ഞങ്ങൾക്ക് ലഭിച്ചു. ഇന്ന്, 750 ഫൈനലിസ്റ്റുകൾ ഇവിടെയുണ്ട്, അവരിൽ ഓരോരുത്തരും വിജയികളാണ്,” ശ്രീ ജാജു പറഞ്ഞു.
 
വളർന്നുവരുന്ന പ്രതിഭകൾക്ക് ഒരു ആഗോള വേദി നൽകുന്നതിനും യുവതയുടെ ഊർജ്ജസ്വലമായ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്നതിനുമായി ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി) ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ ഉണ്ടായിരുന്നു. വിവിധ തരത്തിലുള്ള മാധ്യമങ്ങളിലൂടെ പര്യവേക്ഷണം ചെയ്യാനും അതിരുകൾ ഭേദിക്കാനും സ്രഷ്ടാക്കൾക്ക് അവസരം നൽകി. ആനിമേഷൻ ചലഞ്ച് മുതൽ എഐ ഫിലിം മേക്കിംഗ് മത്സരം, XR ക്രിയേറ്റർ ഹാക്കത്തോൺ വരെ, ഓരോ വിഭാഗവും നൂതനമായ ആവിഷ്കാരത്തെ പ്രോത്സാഹിപ്പിച്ചു. ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾ, സാങ്കേതിക വിദഗ്ധർ, കഥാകാരന്മാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.
 
സിഐസി ആഭ്യന്തരമായും അന്തർദേശീയമായും ഗണ്യമായ ശ്രദ്ധ നേടിയിട്ടുണ്ട്. 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,100-ലധികം അന്താരാഷ്ട്ര പങ്കാളികളുടെ എൻട്രികൾ പ്രവഹിച്ചതോടെ സി ഐ സി ആഗോളതലത്തിൽ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടു. സർഗാത്മക സാങ്കേതികവിദ്യകളിൽ ഇടപഴകുന്നതിന്റെയും നൂതനവും സംവേദന ക്ഷമവുമായ പുതിയ മാധ്യമ രൂപങ്ങൾ വികസിപ്പിക്കുന്നതിന്റെയും വർദ്ധിച്ചുവരുന്ന ആവശ്യകതയെ അന്താരാഷ്ട്രതലത്തിൽ നിന്ന് ലഭിച്ച ഈ പ്രതികരണം പ്രതിഫലിപ്പിക്കുന്നു.
 
ആമിർ ഖാൻ, അനുപം ഖേർ, മിഥുൻ ചക്രവർത്തി, അക്കിനേനി നാഗാർജുന, വിക്രാന്ത് മാസ്സി, പ്രസൂൺ ജോഷി, അരുൺ പുരി തുടങ്ങിയ വിനോദ, മാധ്യമ വ്യവസായ രംഗത്തെ താരങ്ങളും പ്രമുഖരും കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് അഭിമാനകരമായ പുരസ്കാരങ്ങൾ സമ്മാനിച്ചത്.
 
പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് 32 വിഭാഗത്തിൽ മത്സരങ്ങൾ നടത്തിയത്. സൃഷ്ടിപരമായി വൈവിധ്യമാർന്ന വിഷയങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത പ്രോജക്ടുകൾ, ഭാവി സജ്ജമായ ഉള്ളടക്കം എന്നിവ സി ഐ സിയിൽ ഒരുമിച്ച് അണിനിരത്തപ്പെട്ടു.
 
ആഗോള വിനോദ-സാങ്കേതിക ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിക്കുന്ന അടുത്ത തലമുറ ഉള്ളടക്ക സ്രഷ്ടാക്കൾക്കുള്ള ഒരു ആരംഭ കേന്ദ്രമായി ഈ സംരംഭം വർത്തിച്ചു. വിവിധ ഇനം മാധ്യമങ്ങളിൽ തദ്ദേശീയ പ്രതിഭകളെ വളർത്തിയെടുക്കേണ്ടതിന്റെയും നൂതന ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തിന് ഒരു തെളിവായി ഈ പരിപാടി നിലകൊള്ളുന്നു.
 
*****

Release ID: (Release ID: 2126364)   |   Visitor Counter: 20