പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
28 JAN 2025 9:36PM by PIB Thiruvananthpuram
ഭാരതമാതാവ് നീണാൾ വാഴട്ടെ!
ദേവഭൂമി ഉത്തരാഖണ്ഡ് ഗവർണർ ഗുർമീത് സിംഗ് ജി, യുവ മുഖ്യമന്ത്രി പുഷ്കർ ധാമി ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ അജയ് ടംമ്ടാ ജി, രക്ഷാ ഖഡ്‌സെ ജി, ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കർ ഋതു ഖണ്ഡൂരി ജി, കായിക മന്ത്രി രേഖ ആര്യ ജി, കോമൺവെൽത്ത് ഗെയിംസ് പ്രസിഡന്റ് ക്രിസ് ജെങ്കിൻസ് ജി, ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ ജി, എംപി മഹേന്ദ്ര ഭട്ട് ജി, ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ രാജ്യമെമ്പാടുമുള്ള കായിക താരങ്ങളേ, മറ്റ് വിശിഷ്ട വ്യക്തികളേ!
ഇന്ന് ദേവഭൂമി യുവത്വത്തിന്റെ ഊർജ്ജത്താൽ കൂടുതൽ ദിവ്യമായി മാറിയിരിക്കുന്നു. ബാബ കേദാർനാഥ്, ബദരീനാഥ് ജി, ഗംഗാ ദേവി എന്നിവരുടെ അനുഗ്രഹത്താൽ, ദേശീയ ഗെയിംസ് ഇന്ന് ആരംഭിക്കുകയാണ്. ഈ വർഷം ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ 25-ാം വർഷമാണ്. ഈ യുവ സംസ്ഥാനത്ത്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് യുവജനങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പോകുന്നു. ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രം ഇവിടെ ദൃശ്യമാണ്. ഇത്തവണയും നിരവധി തദ്ദേശീയ പരമ്പരാഗത ഗെയിമുകൾ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ദേശീയ ഗെയിംസും ഒരു തരത്തിൽ ഹരിത ഗെയിംസാണ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഇതിൽ ധാരാളം ഉപയോഗിക്കുന്നു. ദേശീയ ഗെയിംസിൽ ലഭിക്കുന്ന എല്ലാ മെഡലുകളും ട്രോഫികളും ഇ-മാലിന്യത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. മെഡൽ നേടിയ കളിക്കാരുടെ പേരിൽ ഇവിടെ ഒരു മരം നടും. ഇത് വളരെ നല്ല ഒരു സംരംഭമാണ്. മികച്ച പ്രകടനത്തിന് എല്ലാ കളിക്കാർക്കും ഞാൻ ആശംസകൾ നേരുന്നു. ഈ അത്ഭുതകരമായ പരിപാടിക്ക് ധാമി ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും, ഉത്തരാഖണ്ഡിലെ ഓരോ പൗരനെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഊതിക്കാച്ചിയ ശേഷം സ്വർണ്ണം ശുദ്ധമാകുമെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. കളിക്കാർക്ക് അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ കൂടുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന്, വർഷം മുഴുവനും നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കപ്പെടുന്നു. ഖേലോ ഇന്ത്യ പരമ്പരയിൽ നിരവധി പുതിയ ടൂർണമെന്റുകൾ ചേർത്തിട്ടുണ്ട്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കാരണം, യുവ കായികതാരങ്ങൾക്ക് മുന്നേറാൻ അവസരം ലഭിച്ചു. യൂണിവേഴ്സിറ്റി ഗെയിംസ് സർവ്വകലാശാല വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ നൽകുന്നു. ഖേലോ ഇന്ത്യ പാരാ ഗെയിംസിലൂടെ പാരാ അത്‌ലറ്റുകളുടെ പ്രകടനം പുതിയ നേട്ടങ്ങൾ കൈവരിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിന്റെ അഞ്ചാം പതിപ്പ് ലഡാഖിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം തന്നെ ഞങ്ങൾ ബീച്ച് ഗെയിംസ് സംഘടിപ്പിച്ചു.
മിത്രങ്ങളെ,
ഗവണ്മെൻ്റ് മാത്രമല്ല ഈ ജോലികളെല്ലാം ചെയ്യുന്നത്. ഇന്ന്, നൂറുകണക്കിന് ബിജെപി എംപിമാർ പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരുന്നതിനായി അവരുടെ പ്രദേശങ്ങളിൽ എംപി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഞാനും കാശിയിൽ നിന്നുള്ള ഒരു എംപിയാണ്. എന്റെ പാർലമെന്റ് മണ്ഡലത്തെക്കുറിച്ച് മാത്രം പറയുകയാണെങ്കിൽ, എല്ലാ വർഷവും എംപി കായിക മത്സരത്തിൽ കാശി പാർലമെന്റ് മണ്ഡലത്തിലെ ഏകദേശം 2.5 ലക്ഷം യുവജനങ്ങൾക്ക് പങ്കെടുക്കാനും അഭിവൃദ്ധി പ്രാപിക്കാനും അവസരം ലഭിക്കുന്നു. അതായത്, രാജ്യത്ത് മനോഹരമായ ഒരു കായിക പൂച്ചെണ്ട് തയ്യാറാക്കിയിട്ടുണ്ട്, അതിൽ എല്ലാ സീസണിലും പൂക്കൾ വിരിയുന്നു, ടൂർണമെന്റുകൾ തുടർച്ചയായി നടക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സമഗ്ര വികസനത്തിനുള്ള ഒരു പ്രധാന മാധ്യമമായി സ്പോർട്സിനെ ഞങ്ങൾ കണക്കാക്കുന്നു. ഒരു രാജ്യം കായിക മേഖലയിൽ പുരോഗമിക്കുമ്പോൾ, രാജ്യത്തിന്റെ വിശ്വാസ്യതയും പ്രതിച്ഛായയും വർദ്ധിക്കുന്നു. അതിനാൽ, ഇന്ന് കായിക രംഗത്തെ ഇന്ത്യയുടെ വികസനവുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയിലെ യുവജനങ്ങളുടെ ആത്മവിശ്വാസവുമായി ഞങ്ങൾ അതിനെ ബന്ധിപ്പിക്കുന്നു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണ്, ഇതിൽ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന പങ്ക് കായിക
രംഗത്തിന് ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ ശ്രമം. നിങ്ങൾക്കറിയാമോ, ഏതൊരു കായിക ഇനത്തിലും ഒരു കളിക്കാരൻ മാത്രമല്ല, അതിന് പിന്നിൽ ഒരു മുഴുവൻ ആവാസവ്യവസ്ഥയുമുണ്ട്. പരിശീലകർ, ട്രെയ്നർമാർ, പോഷകാഹാരത്തിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകൾ, ഡോക്ടർമാർ, ഉപകരണങ്ങൾ എന്നിവയുണ്ട്. അതായത്, സേവനത്തിനും നിർമ്മാണത്തിനും അതിൽ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള കളിക്കാർ ഉപയോഗിക്കുന്ന ഈ വ്യത്യസ്ത കായിക ഉപകരണങ്ങളുടെ ഗുണനിലവാരമുള്ള നിർമ്മാതാവായി ഇന്ത്യ മാറുകയാണ്. മീററ്റ് ഇവിടെ നിന്ന് വളരെ അകലെയല്ല. അവിടെ കായിക ഉപകരണങ്ങൾ നിർമ്മിക്കുന്ന 35 ആയിരത്തിലധികം ചെറുതും വലുതുമായ ഫാക്ടറികളുണ്ട്. മൂന്ന് ലക്ഷത്തിലധികം ആളുകൾ അവയിൽ ജോലി ചെയ്യുന്നു. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കാൻ രാജ്യം പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
കുറച്ചു നാൾ മുമ്പ്, ഡൽഹിയിലെ എന്റെ വസതിയിൽ ഒളിമ്പിക് ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. സംഭാഷണത്തിനിടയിൽ, ഒരു സുഹൃത്ത് എനിക്ക് പ്രധാനമന്ത്രിയുടെ ഒരു പുതിയ നിർവചനം നൽകി. രാജ്യത്തെ കളിക്കാർ എന്നെ പിഎം ആയോ പ്രധാനമന്ത്രിയായോ അല്ല, മറിച്ച് അവരുടെ പരംമിത്രമായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഈ വിശ്വാസം എനിക്ക് ഊർജ്ജം നൽകുന്നു. നിങ്ങളിൽ എല്ലാവരിലും, നിങ്ങളുടെ കഴിവുകളിലും സാമർത്ഥ്യത്തിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. കഴിഞ്ഞ 10 വർഷമായി നോക്കൂ, നിങ്ങളുടെ കഴിവുകളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 10 വർഷം മുമ്പ് ഉണ്ടായിരുന്ന കായിക ബജറ്റ് ഇന്ന് മൂന്നിരട്ടിയിലധികം വർദ്ധിച്ചു. ടോപ്സ് (TOPS) പദ്ധതി പ്രകാരം, രാജ്യത്തെ ഡസൻ കണക്കിന് കളിക്കാർക്കായി നൂറുകണക്കിന് കോടി രൂപ നിക്ഷേപിക്കപ്പെടുന്നു. ഖേലോ ഇന്ത്യ പരിപാടിയുടെ കീഴിൽ, രാജ്യമെമ്പാടും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുന്നു. ഇന്ന്, സ്കൂളുകളിൽ പോലും കായികം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു. രാജ്യത്തെ ആദ്യത്തെ കായിക സർവകലാശാലയും മണിപ്പൂരിൽ നിർമ്മിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
ഗവണ്മെൻ്റിൻ്റെ ഈ ശ്രമങ്ങളുടെ ഫലങ്ങൾ നമ്മൾ ഗ്രൗണ്ടിൽ കാണുന്നു, മെഡൽ കണക്കിൽ അത് ദൃശ്യമാണ്. ഇന്ന് എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യൻ കായിക താരങ്ങൾ അവരുടെ പതാക ഉയർത്തുന്നു. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും നമ്മുടെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി കളിക്കാർ മെഡലുകൾ നേടിയിട്ടുണ്ട്. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇന്ന് നിരവധി മെഡൽ ജേതാക്കൾ ഈ വേദിയിൽ വന്നതിൽ ഞാൻ സന്തോഷിക്കുന്നു.
സുഹൃത്തുക്കളെ,
ഹോക്കിയുടെ പഴയ പ്രതാപകാലം തിരിച്ചുവരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ ഖോ-ഖോ ടീം ലോകകപ്പ് നേടി. നമ്മുടെ ഗുകേഷ് ഡി. ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ ലോകം അത്ഭുതപ്പെട്ടു. കൊനേരു ഹംപി വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യനായി, ഈ വിജയം ഇന്ത്യയിലെ കായിക വിനോദങ്ങൾ ഇനി പാഠ്യേതര പ്രവർത്തനങ്ങൾ മാത്രമല്ലെന്ന് കാണിക്കുന്നു. ഇപ്പോൾ നമ്മുടെ യുവജനങ്ങൾ സ്പോർട്സിനെ ഒരു പ്രധാന കരിയർ തെരഞ്ഞെടുപ്പായി കണക്കാക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ കളിക്കാർ എപ്പോഴും വലിയ ലക്ഷ്യങ്ങളുമായി മുന്നേറുന്നതുപോലെ, നമ്മുടെ രാജ്യവും വലിയ ദൃഢനിശ്ചയങ്ങളുമായി മുന്നേറുകയാണ്. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇന്ത്യയിൽ ഒളിമ്പിക്സ് നടക്കുമ്പോൾ, അത് ഇന്ത്യൻ കായിക ഇനങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഒളിമ്പിക്സ് വെറുമൊരു കായിക ഇനമല്ല, ലോകത്തിലെ ഏത് രാജ്യത്ത് ഒളിമ്പിക്സ് നടന്നാലും, പല മേഖലകൾക്കും ഉത്തേജനം ലഭിക്കും. ഒളിമ്പിക്സിനായി നിർമ്മിക്കുന്ന കായിക അടിസ്ഥാന സൗകര്യങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഭാവിയിൽ കളിക്കാർക്ക് മികച്ച സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഒളിമ്പിക്സ് നടക്കുന്ന നഗരത്തിൽ പുതിയ കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുന്നു. ഇത് നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായത്തെ ശക്തിപ്പെടുത്തുന്നു, ഗതാഗതവുമായി ബന്ധപ്പെട്ട മേഖല പുരോഗമിക്കുന്നു. ഏറ്റവും വലിയ നേട്ടം രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലക്കാണ്. നിരവധി പുതിയ ഹോട്ടലുകൾ നിർമ്മിക്കപ്പെടുന്നു, ലോകമെമ്പാടുമുള്ള ജനങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കാനും ഗെയിമുകൾ കാണാനും വരുന്നു. മുഴുവൻ രാജ്യത്തിനും ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നു. ഈ ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇവിടെ വരുന്ന കാണികൾ ഉത്തരാഖണ്ഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും പോകും. ഇതിനർത്ഥം ഒരു കായിക പരിപാടി കളിക്കാർക്ക് മാത്രമല്ല, മറ്റ് പല മേഖലകളുടെയും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും ഗുണം ചെയ്യുന്നു എന്നാണ്.
സുഹൃത്തുക്കളേ,
ഇന്ന് ലോകം പറയുന്നത് 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നാണ്. ബാബ കേദാർനാഥ് സന്ദർശിച്ചതിനുശേഷം, പെട്ടെന്ന് എന്റെ നാവിൽ നിന്ന്, എന്റെ ഹൃദയത്തിൽ നിന്ന് അത് പുറത്തുവന്നു - ഇത് ഉത്തരാഖണ്ഡിന്റെ ദശകമാണ്. ഉത്തരാഖണ്ഡ് അതിവേഗം പുരോഗമിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇന്നലെ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി, ഞാൻ ചിലപ്പോൾ അതിനെ മതേതര സിവിൽ കോഡ് എന്നും വിളിക്കുന്നു. നമ്മുടെ പെൺമക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും മാന്യമായ ജീവിതത്തിന് ഏകീകൃത സിവിൽ കോഡ് അടിസ്ഥാനമാകും. ഏകീകൃത സിവിൽ കോഡ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിനെ ശക്തിപ്പെടുത്തും. ഇന്ന് ഞാൻ ഈ കായികമേളയിൽ പങ്കെടുക്കുമ്പോൾ, അതിനാൽ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കാണുന്നു. എല്ലാ വിവേചന വികാരങ്ങളിൽ നിന്നും സ്‌പോർട്‌സ്‌മാൻഷിപ്പ് നമ്മെ അകറ്റുന്നു, ഓരോ വിജയത്തിനും ഓരോ മെഡലിനും പിന്നിലെ മന്ത്രം -എല്ലാവരുടെയും പ്രയത്നം (സബ്കാ പ്രയാസ്). സ്‌പോർട്‌സ് നമ്മെ ടീം സ്പിരിറ്റോടെ കളിക്കാൻ പ്രചോദിപ്പിക്കുന്നു. ഏകീകൃത സിവിൽ കോഡിലും ഇതേ മനോഭാവമുണ്ട്. ആരോടും വിവേചനമില്ല, എല്ലാവരും തുല്യരാണ്. ഈ ചരിത്രപരമായ ചുവടുവെപ്പിന് ഉത്തരാഖണ്ഡിലെ ബിജെപി ഗവണ്മെൻ്റിനെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഉത്തരാഖണ്ഡിൽ ആദ്യമായാണ് ഇത്രയും വലിയ തോതിൽ ഇത്തരമൊരു ദേശീയ പരിപാടി സംഘടിപ്പിക്കുന്നത്. ഇതൊരു വലിയ കാര്യമാണ്. ഇത് ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇവിടുത്തെ യുവജനങ്ങൾക്ക് ഇവിടെ ജോലി ലഭിക്കുകയും ചെയ്യും. ഉത്തരാഖണ്ഡ് അതിന്റെ വികസനത്തിനായി കൂടുതൽ പുതിയ വഴികൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇപ്പോൾ ഉത്തരാഖണ്ഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ചാർ ധാം യാത്രകളെ മാത്രം ആശ്രയിക്കാൻ കഴിയില്ല. ഇന്ന് സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് ഗവണ്മെൻ്റ് ഈ യാത്രകളുടെ ആകർഷണീയത തുടർച്ചയായി വർദ്ധിപ്പിക്കുകയാണ്. ഓരോ സീസണിലും ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. എന്നാൽ ഇത് പര്യാപ്തമല്ല. ഉത്തരാഖണ്ഡിലെ ശൈത്യകാല ആത്മീയ യാത്രകളെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാനമാണ്. ഈ ദിശയിലും ഉത്തരാഖണ്ഡിൽ ചില പുതിയ നടപടികൾ സ്വീകരിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു തരത്തിൽ ഉത്തരാഖണ്ഡ് എന്റെ രണ്ടാമത്തെ വീടാണ്. ശൈത്യകാല യാത്രയുടെ ഭാഗമാകാനും ഞാൻ ആഗ്രഹിക്കുന്നു. ശൈത്യകാലത്ത് ഉത്തരാഖണ്ഡ് സന്ദർശിക്കാൻ രാജ്യത്തെ യുവജനങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അക്കാലത്ത് ഭക്തരുടെ എണ്ണം അത്ര കൂടുതലായിരുന്നില്ല. സാഹസിക പ്രവർത്തനങ്ങൾക്ക് നിങ്ങൾക്ക് ഇവിടെ ധാരാളം സാധ്യതകളുണ്ട്. ദേശീയ ഗെയിംസിന് ശേഷം നിങ്ങൾ എല്ലാ കായികതാരങ്ങളും തീർച്ചയായും അതിനെക്കുറിച്ച് കണ്ടെത്തണം, കഴിയുമെങ്കിൽ കൂടുതൽ ദിവസത്തേക്ക് ദേവഭൂമിയുടെ ആതിഥ്യം ആസ്വദിക്കണം.
സുഹൃത്തുക്കളേ,
നിങ്ങളെല്ലാവരും നിങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. വരും ദിവസങ്ങളിൽ, നിങ്ങൾ ഇവിടെ ശക്തമായി മത്സരിക്കും. നിരവധി ദേശീയ റെക്കോർഡുകൾ തകർക്കപ്പെടും, പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ പൂർണ്ണ ശേഷി അനുസരിച്ച് നിങ്ങൾ 100% നൽകും, പക്ഷേ എനിക്ക് നിങ്ങളോട് ചില അഭ്യർത്ഥനകളുമുണ്ട്. ഈ ദേശീയ ഗെയിംസ് വെറുമൊരു കായിക മത്സരം മാത്രമല്ല, ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിനുള്ള ശക്തമായ വേദി കൂടിയാണ്. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്നതിനുള്ള ഒരു പരിപാടിയാണിത്. നിങ്ങളുടെ മെഡലുകൾ ഇന്ത്യയുടെ ഐക്യത്തിന്റെയും ശ്രേഷ്ഠതയുടെയും തിളക്കം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾ ശ്രമിക്കണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ഭാഷ, ഭക്ഷണം, പാട്ടുകൾ, സംഗീതം എന്നിവയെക്കുറിച്ചുള്ള മികച്ച അറിവോടെ നിങ്ങൾ ഇവിടെ നിന്ന് പോകണം. ശുചിത്വത്തെക്കുറിച്ചും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. ദേവഭൂമി നിവാസികളുടെ പരിശ്രമം കാരണം, ഉത്തരാഖണ്ഡ് പ്ലാസ്റ്റിക് രഹിതമാകാൻ കഠിനമായി പരിശ്രമിക്കുന്നു, മുന്നോട്ട് പോകാൻ ശ്രമിക്കുന്നു. പ്ലാസ്റ്റിക് രഹിത ഉത്തരാഖണ്ഡ് എന്ന പ്രമേയം നിങ്ങളുടെ പിന്തുണയില്ലാതെ പൂർത്തീകരിക്കാൻ കഴിയില്ല. ഈ കാമ്പെയ്‌ൻ വിജയകരമാക്കുന്നതിന് സംഭാവന നൽകുക.
സുഹൃത്തുക്കളേ,
ഫിറ്റ്‌നസിന്റെ പ്രാധാന്യം നിങ്ങളെല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് ഞാൻ വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്ത് അമിതവണ്ണത്തിൻ്റെ പ്രശ്നം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. രാജ്യത്തെ എല്ലാ പ്രായക്കാർക്കും, യുവാക്കളെ പോലും ഇത് ഗുരുതരമായി ബാധിക്കുന്നു. അമിതവണ്ണം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഇത് ആശങ്കാജനകമാണ്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ഇന്ന് രാജ്യം ഫിറ്റ്‌നസിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ബോധവാന്മാരാകുന്നതിൽ ഞാൻ സംതൃപ്തനാണ്. ശാരീരിക വ്യായാമങ്ങൾ, അച്ചടക്കം, സന്തുലിത ജീവിതം എന്നിവ എത്ര പ്രധാനമാണെന്ന് ഈ ദേശീയ ഗെയിമുകൾ നമ്മെ പഠിപ്പിക്കുന്നു. ഇന്ന് ഞാൻ പൗരന്മാരോട് രണ്ട് കാര്യങ്ങളിൽ തീർച്ചയായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഈ രണ്ട് കാര്യങ്ങളും വ്യായാമവും ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും, കുറച്ച് സമയം എടുത്ത് വ്യായാമം ചെയ്യുക. നടത്തം മുതൽ വ്യായാമം വരെ, സാധ്യമായതെല്ലാം ചെയ്യുക. രണ്ടാമതായി, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ശ്രദ്ധ സമീകൃതാഹാരത്തിലായിരിക്കണം, ഭക്ഷണം പോഷകസമൃദ്ധമായിരിക്കണം.
ഒരു കാര്യം കൂടിയുണ്ട്. നിങ്ങളുടെ ഭക്ഷണത്തിലെ അനാരോഗ്യകരമായ കൊഴുപ്പും എണ്ണയും കുറയ്ക്കുക. ഇപ്പോൾ നമ്മുടെ സാധാരണ വീടുകളിൽ, മാസത്തിന്റെ തുടക്കത്തിൽ തന്നെ റേഷൻ ലഭിക്കുന്നു. ഇതുവരെ, നിങ്ങൾ എല്ലാ മാസവും രണ്ട് ലിറ്റർ പാചക എണ്ണ വീട്ടിൽ കൊണ്ടുവന്നിരുന്നെങ്കിൽ, കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുക. നമ്മൾ ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ അളവ് 10 ശതമാനം കുറയ്ക്കുക. പൊണ്ണത്തടി ഒഴിവാക്കാൻ നമ്മൾ ചില വഴികൾ കണ്ടെത്തേണ്ടിവരും. അത്തരം ചെറിയ നടപടികൾ സ്വീകരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റം കൊണ്ടുവരും. നമ്മുടെ മുതിർന്നവർ ചെയ്തിരുന്നത് ഇതാണ്. അവർ നല്ല ഭക്ഷണവും, പ്രകൃതിദത്ത വസ്തുക്കളും, സമീകൃതാഹാരവും കഴിച്ചിരുന്നു. ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ഒരു രാഷ്ട്രവും സൃഷ്ടിക്കാൻ കഴിയൂ. ഇതിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ ഞാൻ സംസ്ഥാന ഗവണ്മെൻ്റുകളോടും, സ്കൂളുകളോടും, ഓഫീസുകളോടും, സമൂഹ നേതാക്കളോടും ആവശ്യപ്പെടുന്നു, നിങ്ങൾക്കെല്ലാവർക്കും ധാരാളം പ്രായോഗിക അനുഭവമുണ്ട്. ശരിയായ പോഷകാഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ നിരന്തരം ജനങ്ങളിലേക്ക് പ്രചരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വരൂ, ഈ ആഹ്വാനത്തിലൂടെ നമുക്കെല്ലാവർക്കും ഒരുമിച്ച് ഒരു 'ഫിറ്റ് ഇന്ത്യ' സൃഷ്ടിക്കാം.
സുഹൃത്തുക്കളേ,
ദേശീയ ഗെയിംസ് ആരംഭിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെങ്കിലും, ഇന്ന് നിങ്ങളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാൽ ഈ ഗെയിമുകളുടെ ഉദ്ഘാടനത്തിനായി, നിങ്ങളെല്ലാവരും നിങ്ങളുടെ മൊബൈലുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കുക. നിങ്ങളെല്ലാവരും നിങ്ങളുടെ മൊബൈലുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കുക. എല്ലാവരുടെയും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കണം, എല്ലാവരുടെയും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കണം. നിങ്ങളെല്ലാവരോടുമൊപ്പം, 38-ാമത് ദേശീയ ഗെയിംസിന്റെ ആരംഭം ഞാൻ പ്രഖ്യാപിക്കുന്നു. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ.
നന്ദി!
ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലാണ് യഥാർത്ഥ പ്രസംഗം നടത്തിയത്.
-SK-
(Release ID: 2126252)
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu