വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025-ലെ 'ആഗോള മാധ്യമ സംവാദ'ത്തിൽ യുകെ, ജപ്പാൻ, റഷ്യ തുടങ്ങി 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുചേരും.
Posted On:
01 MAY 2025 7:02PM
|
Location:
PIB Thiruvananthpuram
ആഗോള മാധ്യമ, വിനോദ മേഖലയിൽ രാജ്യത്തിന്റെ ഇടപെടലുകളിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് , വേവ്സിന്റെ ഭാഗമായി പ്രഥമ ആഗോള മാധ്യമ സംവാദം (Global Media Dialogue-GMD) നാളെ മുംബൈയിൽ സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഈ സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 60-ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യ, ജപ്പാൻ, യുകെ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മന്ത്രിതലത്തിലും മുതിർന്ന ഉദ്യോഗസ്ഥ തലത്തിലുമുള്ള വിശിഷ്ട വ്യക്തികൾ പരിപാടിയുടെ ഭാഗമാകും. ആഗോള മാധ്യമ മേഖലയിൽ അന്താരാഷ്ട്ര സഹകരണം, മികച്ച മാതൃകകൾ എന്നിവയുടെ പ്രോത്സാഹനം, നയ രൂപീകരണം, ശേഷി കൈമാറ്റത്തിനും വികസനത്തിനുമുള്ള മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യൽ എന്നിവയാണ് സംഭാഷണത്തിന്റെ ലക്ഷ്യം.
മാധ്യമ, വിനോദ മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ആവർത്തിക്കുകയും ഭാവിയിലെ ഇടപെടലുകൾക്കും പങ്കാളിത്തങ്ങൾക്കും അടിത്തറ പാകുന്ന ഒരു 'വേവ്സ് പ്രഖ്യാപനം' രൂപീകരിക്കുകയും ചെയ്യും എന്നതായിരിക്കും സംവാദത്തിന്റെ ഫലം എന്ന് പ്രതീക്ഷിക്കുന്നു. ഊർജ്ജസ്വലമായ മാധ്യമ ആവാസവ്യവസ്ഥയും അതിവേഗം വളരുന്ന വിനോദ വ്യവസായവുമുള്ള ഇന്ത്യ, ഇത്തരമൊരു സംഭാഷണ പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമാണ്. ലോകത്തെ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആഗോള സംഭാഷണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതിൽ ജി എംഡി ഒരു നിർണായക അവസരമായി അടയാളപ്പെടുത്തുന്നു.
സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും അന്താരാഷ്ട്ര സഹകരണത്തെയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെയും വിനോദത്തിന്റെയും നിർണായകമായ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന പങ്കാളികളെ ആഗോള മാധ്യമ സംവാദം ഒരുമിച്ച് കൊണ്ടുവരും. മാധ്യമങ്ങളുടെയും വിനോദ മേഖലയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ഭൂമികയെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾക്കുള്ള ഒരു വേദി ഈ പരിപാടി പ്രദാനം ചെയ്യും.
വേവ്സിന് അനുബന്ധമായി യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ഇന്തോനേഷ്യ, കെനിയ, ഭൂട്ടാൻ, ഈജിപ്ത് എന്നിവയുൾപ്പെടെ പത്തിലധികം രാജ്യങ്ങളുമായും ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇന്ത്യ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രധാന മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയാണ് ഈ ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്നത്.
വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണം , ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഐ & ബി, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുകൻ എന്നിവരുൾപ്പെടെ നേതൃവ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും. ഉയർന്ന തലത്തിലുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ശക്തമായതും, സമഗ്രവും , ഭാവി സജ്ജവുമായ ഒരു ആഗോള മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ എടുത്തു കാണിക്കുന്നു.
SKY
*****
Release ID:
(Release ID: 2125961)
| Visitor Counter:
31