നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 30 APR 2025 11:12AM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ 2025 മെയ് 14 മുതൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി സന്തോഷപൂർവ്വം നിയമിച്ചിരിക്കുന്നു.

ശ്രീ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (നിയുക്ത)

ശ്രീ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ഉത്തരവിൽ  ആദരണീയ രാഷ്ട്രപതി ഒപ്പുവച്ചു. അതിൻ പ്രകാരം ഭാരത സർക്കാരിനു കീഴിലുള്ള നീതിന്യായ വകുപ്പ് അദ്ദേഹത്തെ നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ശ്രീ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി 2025 മെയ് 14 ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

1960 നവംബർ 24 ന് അമരാവതിയിൽ ജനിച്ച അദ്ദേഹം 1985 മാർച്ച് 16 ന് അഭിഭാഷക വൃത്തി ആരംഭിച്ചു. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ബാരിസ്റ്റർ ശ്രീ രാജ എസ്. ഭോൺസാലെയോടൊപ്പം 1987 വരെ അദ്ദേഹം പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം, അദ്ദേഹം പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് മുമ്പാകെയാണ് പ്രാക്ടീസ് ചെയ്തത്.

ഭരണഘടനാ നിയമം, ഭരണനിർവ്വഹണ നിയമം എന്നിവ മുഖ്യ വിഷയമാക്കി അദ്ദേഹം പ്രാക്ടീസ് ചെയ്തു. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു അദ്ദേഹം. SICOM, DCVL തുടങ്ങിയ വിവിധ സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും വിദർഭ മേഖലയിലെ വിവിധ മുനിസിപ്പൽ കൗൺസിലുകൾക്കും വേണ്ടി അദ്ദേഹം ഹാജരായിട്ടുണ്ട്.

1992 ഓഗസ്റ്റ് മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം ജോലി നോക്കി. 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.

2003 നവംബർ 14-ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി അദ്ദേഹം ഉയർത്തപ്പെട്ടു. 2005 നവംബർ 12-ന് ബോംബെ ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. ബോംബെ ഹൈക്കോടതിയിൽ എല്ലാത്തരം കേസുകളും പരിഗണിക്കുന്ന ബെഞ്ചുകളുടെ ഭാഗമായിരുന്ന അദ്ദേഹം  നാഗ്പൂർ, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ഹൈക്കോടതി ബെഞ്ചുകളുടെയും അധ്യക്ഷനായിരുന്നു . 2019 മെയ് 24-ന് സുപ്രീം കോടതി ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.

കഴിഞ്ഞ ആറ് വർഷത്തിനിടെ, ഭരണഘടന, ഭരണ നിർവ്വഹണ നിയമം, സിവിൽ നിയമം, ക്രിമിനൽ നിയമം, വാണിജ്യ തർക്കങ്ങൾ, മധ്യസ്ഥ നിയമം, വൈദ്യുതി നിയമം, വിദ്യാഭ്യാസ കാര്യങ്ങൾ, പരിസ്ഥിതി നിയമം തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഏകദേശം 700 ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം.

നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും പൗരന്മാരുടെ മൗലികാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, നിയമപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നത്തിനും, വിവിധ വിഷയങ്ങളിലുള്ള ഭരണഘടനാ ബെഞ്ച് വിധിന്യായങ്ങൾ ഉൾപ്പെടെ 300 ഓളം വിധിന്യായങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉലാൻബാതർ (മംഗോളിയ), ന്യൂയോർക്ക് (യുഎസ്എ), കാർഡിഫ് (യുകെ), നെയ്‌റോബി (കെനിയ) എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ വിവിധ സർവ്വകലാശാലകളിലും സംഘടനകളിലും വിവിധ ഭരണഘടനാപരവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

2025 നവംബർ 23-ന് അദ്ദേഹം വിരമിക്കും.
 
 
SKY
 
*****

(Release ID: 2125457) Visitor Counter : 18