വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ 'ഇന്ത്യ: ഒരു ആകാശക്കാഴ്ച മത്സരം' വിജയകരമായി സംഘടിപ്പിച്ച് ‘ബേസില്‍’
Posted On:
26 APR 2025 6:30PM
|
Location:
PIB Thiruvananthpuram
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ മിനിരത്ന പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് (ബേസില്‍) ‘ഇന്ത്യ: ഒരു ആകാശക്കാഴ്ച മത്സര’ത്തിന്റെ സംഘാടന - നിര്‍വഹണ ചുമതല നല്‍കിയിരുന്നത്.
ഇന്ത്യയുടെ സൗന്ദര്യം, വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ, പൈതൃകം, സംസ്കാരം, നവീകരണം, പുരോഗതി, പരിവർത്തനം എന്നിവ ആകർഷകമായ ഡ്രോൺ ഛായാഗ്രഹണത്തിലൂടെ ചിത്രീകരിക്കുന്ന 2 മുതല്‍ 3 മിനിറ്റ് വരെ ദൈർഘ്യമുള്ള ആകാശ ദൃശ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് മത്സരം രണ്ട് വിഭാഗങ്ങളിലായി ക്രമീകരിച്ചു:
1) ഓപ്പൺ വിഭാഗം: ചലച്ചിത്ര നിർമാതാക്കൾ, വിദ്യാർത്ഥികൾ, വിനോദ തല്പരര്‍, ഈ തൊഴില്‍രംഗത്തെ വിദഗ്ധര്‍, ഡ്രോൺ പ്രവര്‍ത്തിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എന്നിവരടക്കം എല്ലാ ഇന്ത്യൻ പൗരന്മാർക്കും പൊതുവായ വിഭാഗം.
2) ഡ്രോൺ ദീദി വിഭാഗം: ഡ്രോൺ പരിശീലനത്തിലൂടെ ഗ്രാമ - അർധനഗര പ്രദേശങ്ങളില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന നമോ ഡ്രോൺ ദീദി പദ്ധതി പോലുള്ള സംരംഭങ്ങളിലൂടെ പരിശീലനം നേടിയ സ്ത്രീകൾക്ക് മാത്രമായ വിഭാഗം.
വിപുലമായ അവബോധം ഉറപ്പാക്കാനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പരമ്പരാഗത - ഡിജിറ്റൽ രീതികള്‍ സംയോജിപ്പിച്ച സമഗ്ര ദേശീയ മാധ്യമ പ്രചാരണ പരിപാടി ബേസില്‍ നടപ്പാക്കി. ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഡ്രോൺ പരിശീലനസ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സന്ദർശനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചതിനൊപ്പം അടിസ്ഥാനതല ഇടപെടൽ സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളുമായും ഡ്രോൺ പരിശീലനം നേടുന്നവരുമായും തത്സമയ സംവാദവും പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തി. രജിസ്ട്രേഷനും വീഡിയോ സമർപ്പണവും സുഗമമാക്കുന്നതിന് പ്രത്യേക ഓൺലൈൻ പോർട്ടലും ആരംഭിച്ചു. കൂടാതെ പ്രചാരണ പരിപാടിയുടെ ഡിജിറ്റൽ തലങ്ങള്‍ വികസിപ്പിക്കുന്നതിന് മാധ്യമ വിദ്യാലയങ്ങള്‍, ഡ്രോൺ പരിശീലന കേന്ദ്രങ്ങൾ, സാമൂഹ്യ കൂട്ടായ്മകള്‍ എന്നിവ ലക്ഷ്യമിട്ട് തന്ത്രപരമായ ഇ-മെയിൽ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മത്സരത്തില്‍ സുസ്ഥിര താൽപ്പര്യം വളർത്തിയെടുക്കുന്നതിന് ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ലിങ്ക്ഡ്-ഇൻ തുടങ്ങിയ സമൂഹമാധ്യമ വേദികള്‍ പ്രത്യേകം തയ്യാറാക്കിയ ഉള്ളടക്കത്തിലൂടെ സജീവമായി പ്രയോജനപ്പെടുത്തി. ഡിജിറ്റൽ ശ്രമങ്ങൾക്കൊപ്പം പോസ്റ്ററുകളും ലഘുലേഖകളും ഉൾപ്പെടെ അച്ചടി സാമഗ്രികളും വിതരണം ചെയ്തു.
ഡ്രോൺ ദീദി പങ്കാളികളുടെ 382 എൻട്രികൾ ഉൾപ്പെടെ മത്സരത്തില്‍ ലഭിച്ച 1,324 രജിസ്ട്രേഷനുകള്‍ കഥാഖ്യാന മാധ്യമമെന്ന നിലയിൽ ഡ്രോൺ ഛായാഗ്രഹണത്തോടുള്ള വർധിച്ചുവരുന്ന ആവേശത്തെ പ്രതിഫലിപ്പിക്കുന്നു. ഹിമാചൽപ്രദേശിലെ ഹിമാലയൻ താഴ്‌വരകൾ മുതൽ ഉത്തർപ്രദേശിന്റെ സാംസ്കാരിക ഇടനാഴികളില്‍നിന്നും ബീഹാറിന്റെ സമതലപ്രദേശങ്ങളില്‍നിന്നും, ഗുജറാത്തിലെയും കർണാടകയിലെയും നൂതനാശയ കേന്ദ്രങ്ങളില്‍നിന്നും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍നിന്നും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ഡ്രോണ്‍ ദൃശ്യങ്ങള്‍ മത്സരത്തെ ഇന്ത്യയിലുടനീളം വ്യാപിച്ച സർഗാത്മകതയുടെയും പുരോഗതിയുടെയും ആഘോഷമാക്കി മാറ്റി.
താഴെ നല്‍കിയിരിക്കുന്നവരടങ്ങുന്ന വിശിഷ്ട ജൂറി പാനൽ എൻട്രികള്‍ സൂക്ഷ്മമായി പരിശോധിച്ചു:
-
ശ്രീ. പിയൂഷ് ഷാ - ഛായാഗ്രാഹകൻ, നിർമാതാവ്, എഴുത്തുകാരൻ, സൗണ്ട് ഡിസൈനർ
-
ശ്രീ. ആർ.വി. രമണി - ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവും ഡോക്യുമെന്ററി ഛായാഗ്രാഹകനും
-
ശ്രീ. അരുൺ വർമ - ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത ഛായാഗ്രാഹകൻ
സൂക്ഷ്മ വിലയിരുത്തൽ പ്രക്രിയയ്ക്ക് ശേഷം ഓരോ വിഭാഗത്തിൽ നിന്നും അഞ്ച് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. കൂടാതെ പ്രത്യേക സാമൂഹ്യ പ്രാതിനിധ്യ വിഭാഗത്തിന് കീഴില്‍ നാല് എൻട്രികളും തിരഞ്ഞെടുത്തു.
ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ദൃശ്യങ്ങള്‍ വേവ്സ് - 2025-ൽ പ്രദർശിപ്പിക്കും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.becil.com
*****
Release ID:
(Release ID: 2124689)
| Visitor Counter:
9