Posted On:
25 APR 2025 2:16PM by PIB Thiruvananthpuram
ഇന്ത്യയുടെ വിദൂര അതിർത്തി പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത സംരംഭമാണ് വികസിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് യുവജനകാര്യ, കായിക മന്ത്രാലയം ആവിഷ്കരിച്ച ഈ പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെയും (ഐടിബിപി) പിന്തുണയോടെ നടപ്പിലാക്കും. ലേ-ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2025 മെയ് 15 മുതൽ 30 വരെ പരിപാടി നടക്കും.
രാജ്യത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്നതത് ലക്ഷ്യമിട്ടുള്ള പരിപാടി 500 മൈ ഭാരത് സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി നടത്തും. ഈ സംരംഭത്തിലൂടെ തിരഞ്ഞെടുത്ത 100 ഗ്രാമങ്ങളിലെ സമൂഹങ്ങളുമായി അവർ നേരിട്ട് പ്രവർത്തിക്കും. വിദ്യാഭ്യാസ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, സാംസ്കാരിക സംരക്ഷണം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ ഈ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം സാമൂഹ്യ വികസനം ഉറപ്പാക്കും. പ്രദേശവാസികളെ ഉൾപ്പെടുത്തിക്കൊണ്ടും യുവ നേതൃ ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ടും, അതിർത്തി പ്രദേശങ്ങളിൽശുഭകരമായ ദീർഘകാല പരിവർത്തനം കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
'വികസിത് വൈബ്രന്റ് വില്ലേജസ്' പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ 2025 ഏപ്രിൽ 23 ന് മൈ ഭാരത് പോർട്ടൽ വഴി ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള മൈ ഭാരത് സന്നദ്ധ പ്രവർത്തകരെ ഈ പരിവർത്തന പരിപാടിയിലേക്ക് അപേക്ഷിക്കാനായി ക്ഷണിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 10 മൈ ഭാരത് വളണ്ടിയർമാരെയും ഓരോ സംസ്ഥാനത്തിൽ നിന്നും15 പേരെയും തിരഞ്ഞെടുക്കും.പരിപാടിയുടെ ഭാഗമായി ഗ്രാമങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനഘടകമായി പ്രവർത്തിക്കാൻ ആകെ 500 വളണ്ടിയർമാരെ തിരഞ്ഞെടുക്കും.
ഈ പരിപാടി, രാജ്യത്തെ അതിർത്തി പ്രദേശങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക,തന്ത്രപരമായ ഘടനയുമായി നേരിട്ട് ഇടപഴകാൻ ഇത് യുവാക്കളെ അനുവദിക്കുന്നു. പഠന യാത്രകൾ, സാംസ്കാരിക വിനിമയ പരിപാടികൾ, അടിസ്ഥാന വികസന പദ്ധതികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്നു.
ഓരോ ദിവസവും സമൂഹ വികസനത്തിന്റെ ഒരു പ്രത്യേക മേഖലയ്ക്കായി നീക്കിവച്ചുകൊണ്ട് പരിപാടി 7 ദിവസങ്ങളിലായി നടക്കും. പ്രധാന പ്രവർത്തനങ്ങൾ:
1. സമൂഹ ഇടപെടൽ
2. യുവ നേതൃത്വ വികസനം
3. സാംസ്കാരിക പ്രോത്സാഹനം
4. ആരോഗ്യ സംരക്ഷണ അവബോധവും പിന്തുണയും
5. നൈപുണ്യ വികസനവും വിദ്യാഭ്യാസവും
6. പരിസ്ഥിതി സംരക്ഷണത്തിലെ മികച്ച രീതികൾ
7. കരിയർ കൗൺസിലിംഗ് സെഷനുകൾ
8. സ്പോർട്സ്, യോഗ, ധ്യാനം തുടങ്ങിയ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
9. 'എന്റെ സ്വപ്ന ഇന്ത്യ' എന്നതിനെക്കുറിച്ച് സംവാദം, ഉപന്യാസം, സംഭാഷണം മുതലായവ
വിജ്ഞാന കൈമാറ്റവും ദേശീയ അവബോധവും:
ഈ പരിപാടിയിലൂടെ, യുവാക്കൾക്ക് അതിർത്തി സമൂഹങ്ങളുടെ പൈതൃകം, പ്രതിരോധശേഷി, സാധ്യതകൾ എന്നിവ പര്യവേക്ഷണം ചെയ്യാനും രേഖപ്പെടുത്താനും അവസരം ലഭിക്കും.ഇന്ത്യയുടെ അതിർത്തി നിവാസികളുടെ ശബ്ദം വിശാലമായ ദേശീയ, ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമൂഹ്യ ചർച്ച വേദികൾ, സ്ഥാപനപരമായ അവതരണങ്ങൾ എന്നിവയിലൂടെ ഈ വിവരങ്ങൾ പങ്കുവയ്ക്കും.
വിദ്യാഭ്യാസം, സംരംഭകത്വം, സുസ്ഥിര കൃഷി, അല്ലെങ്കിൽ പ്രാദേശിക ഭരണം എന്നിവയിലെ നൂതന പദ്ധതികൾ സാക്ഷ്യം വഹിക്കാൻ മാത്രമല്ല, ഈ മേഖലകളുടെ വികസനത്തിന് സജീവമായി സംഭാവന നൽകാനും ഈ സംരംഭം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഈ പരിപാടിയിലൂടെയുള്ള ഇടപെടൽ പരസ്പര ബഹുമാനവും ആഴത്തിലുള്ള ദേശീയ ഐക്യവും വളർത്തുന്നു.ഒറ്റപ്പെട്ട ഔട്ട്‌പോസ്റ്റുകളായല്ല,
പകരം 'സാംസ്കാരിക ദീപസ്തംഭങ്ങളായി ' അതിർത്തി ഗ്രാമങ്ങളെ മാറ്റുന്നതിന് ഇത് വഴിയൊരുക്കും.
വിസ്‌മൃതിയിൽ നിന്ന് ആഘോഷങ്ങളിലേക്ക്: അതിർത്തി ഗ്രാമങ്ങൾക്ക് ഒരു പുതിയ സ്വത്വം നൽകുന്നു
അതിർത്തി ഗ്രാമങ്ങൾ "ഭൂപടത്തിലെ അറ്റം" എന്ന ദീർഘകാല വാർപ്പുമാതൃക പൊളിച്ചുമാറ്റാൻ ഈ പരിപാടി ശ്രമിക്കുന്നു. പകരം, 2047 ഓടെ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ 'ആദ്യ ഗ്രാമങ്ങൾ' ആയി അവയെ ആഘോഷിക്കുന്നു. യുവാക്കളുടെ സുസ്ഥിര പങ്കാളിത്തത്തിലൂടെ, ഈ ഗ്രാമങ്ങൾക്ക് അവരുടെ ഭാഷ, കല, സംഗീതം, വാസ്തുവിദ്യ, കഥകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകും. ഭൗമരാഷ്ട്രീയ അതിർത്തിയിൽ നിന്ന് പൈതൃകം, നൂതനാശയം, ദേശീയ അഭിമാനം എന്നിവയുടെ കേന്ദ്രമായി അവരുടെ സ്വത്വത്തെ പുനർനിർവചിക്കും. വികസിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കേവലം ഒരു ഗവൺമെന്റ് പദ്ധതിയല്ല - രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കൾ നയിക്കുന്ന വികസനം, സ്വത്വം, അന്തസ്സ് എന്നിവ ഉറപ്പാക്കാനുള്ള ഒരു തലമുറയുടെ ദൗത്യം കൂടിയാണിത്
ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നതിനായി, മന്ത്രാലയം ഡൽഹിയിൽ ഒരു ഓറിയന്റേഷൻ പരിപാടി നടത്തും. അവിടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രവർത്തകർക്കും തീവ്രമായ പരിശീലനം നൽകും. പരിപാടിയുടെ ലക്ഷ്യപൂർത്തീകരണത്തിന് വളണ്ടിയർമാർ സജ്ജരാണെന്നും പ്രാദേശിക സമൂഹങ്ങളുമായി ഫലപ്രദമായി ഇടപഴകുന്നതിന് ആവശ്യമായ അറിവ് ഉണ്ടെന്നും ഈ ഓറിയന്റേഷൻ പരിപാടി ഉറപ്പാക്കും. മികച്ച നേതൃത്വ ശേഷി വികസിപ്പിക്കുന്നതിനും, ഗ്രാമീണ സമൂഹങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നേടുന്നതിനും, പ്രാദേശിക ഭരണ സംവിധാനങ്ങളുമായി ഈ വികസന ശ്രമങ്ങളെ എങ്ങനെ ഏകോപിപ്പിക്കാമെന്ന് ചിന്തിക്കുന്നതിനും ഈ ഓറിയന്റേഷൻ പരിപാടി വളണ്ടിയർമാർക്ക് ഒരു സവിശേഷ അവസരം നൽകും.
ഗ്രാമ പരിവർത്തനത്തിന് മാത്രമല്ല, വളണ്ടിയർമാരുടെ വ്യക്തിപരവും പ്രൊഫഷണൽ പരവുമായ ഉയർച്ച ഉറപ്പാക്കിക്കൊണ്ട്, അവർക്ക് സമഗ്രമായ പഠനാനുഭവം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ശുഭകരമായ മാറ്റത്തിന് ഈ സംരംഭം ഒരു ഉത്തേജകമായി വർത്തിക്കും. രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളികളാകാൻ യുവാക്കളെ ഇത് പ്രാപ്തരാക്കുകയും ചെയ്യും. പ്രാദേശിക സമൂഹങ്ങളുമായി നേരിട്ട് ഇടപഴകുന്നതിനുള്ള വേദി യുവാക്കൾക്ക് നൽകുന്നതിലൂടെ, ദേശീയോദ്ഗ്രഥനം, സാംസ്കാരിക അഭിമാനം, തന്ത്രപരമായ വികസനം എന്നിവയുടെ മനോഭാവംഅവരിൽ വളർത്തിയെടുക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു