ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

അമൃത് സരോവർ ദൗത്യം

സമൂഹം നയിക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയുടെ ജല പൈതൃകത്തിന്റെ പുനരുജ്ജീവനം

Posted On: 17 APR 2025 5:45PM by PIB Thiruvananthpuram
ആമുഖം

ഇന്ത്യയിലെ ജലസംരക്ഷണരംഗത്തെ വെല്ലുവിളികൾ ഏറെക്കാലമായി ഘടനാപരവും പങ്കാളിത്തപരവുമായ ഇടപെടലുകൾ തേടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2022-ൽ കേന്ദ്രസര്‍ക്കാര്‍ ഒരു സുപ്രധാന സംരംഭമായി അമൃത് സരോവർ ദൗത്യത്തിന് തുടക്കം കുറിച്ചത്.  രാജ്യത്തുടനീളം ഓരോ ജില്ലകളിലും 75 ജലാശയങ്ങൾ നിർമിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത്  അതുവഴി ജലസംരക്ഷണം വളർത്തുക, സുസ്ഥിരത ഉറപ്പാക്കുക, പൊതുജനപങ്കാളിത്തത്തിലൂടെ പരമ്പരാഗത സമൂഹ ജലാശയങ്ങളെ വീണ്ടെടുക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം.


2023 ഓഗസ്റ്റ് 15-നകം 50,000 അമൃത് സരോവറുകൾ നിർമിക്കുകയെന്ന കാഴ്ചപ്പാടുമായി ആരംഭിച്ച ഈ സംരംഭം വിപുലീകരിച്ചതോടെ  ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, സമൂഹ ശാക്തീകരണം എന്നിവ സംയോജിപ്പിക്കുന്ന രാജ്യവ്യാപക പ്രസ്ഥാനമായി മാറിയിരിക്കുന്നു.  ഇത് കേവലം ജലസംഭരണി നിർമാണ സംരംഭമല്ല; മറിച്ച് ദേശാഭിമാനത്തിന്റെയും പാരിസ്ഥിതിക പുനഃസ്ഥാപനത്തിന്റെയും അടിസ്ഥാന ഭരണത്തിന്റെയും സംയോജനത്തെ പ്രതിനിധീകരിക്കുന്നു. ഭൂഗർഭ ജലശോഷണവും ഗ്രാമങ്ങളിലെ ജലക്ഷാമവും സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ പാരമ്പര്യത്തെ ആധുനികതയുമായും സ്ഥാപനപരമായ വിന്യാസത്തെ  പൊതുജനസമീകരണവുമായും  ചേര്‍ത്തുനിര്‍ത്തുന്ന തന്ത്രപരമായ പ്രതികരണമായി അമൃത് സരോവർ ദൗത്യം ഉയർന്നുവന്നിട്ടുണ്ട്.


2025 മാർച്ച് വരെ പൂർത്തിയാക്കിയ 68,000-ത്തിലധികം സരോവറുകൾ വിവിധ പ്രദേശങ്ങളില്‍ ഉപരിതല, ഭൂഗർഭ ജലലഭ്യത വർധിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 46,000-ത്തിലധികം സരോവറുകൾ നിർമിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു. ഈ സരോവറുകൾ അടിയന്തര ജല ആവശ്യകത പരിഹരിക്കുന്നതിനപ്പുറം സുസ്ഥിര ജലസ്രോതസ്സുകൾ സ്ഥാപിച്ചതിലൂടെ ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സമൂഹക്ഷേമത്തിനും സർക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.


പശ്ചാത്തലവും ദർശനവും

ഉപരിതല, ഭൂഗർഭ ജലലഭ്യത വർധിപ്പിക്കുന്നതിൽ അമൃത് സരോവറുകൾ സുപ്രധാന പങ്കുവഹിക്കുന്നു. ആസാദി കാ അമൃത് മഹോത്സവ വേളയിൽ രാജ്യത്തിനായി സമർപ്പിച്ച സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ പ്രധാന പ്രതീകം കൂടിയായ അമൃത് സരോവറുകളുടെ വികസനം ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ സുസ്ഥിര ദീർഘകാല  മുതല്‍ക്കൂട്ടായി മാറുന്നു.


2022 ഏപ്രിൽ 24-ന് ജമ്മുവിലെ സാംബ ജില്ലയില്‍ പള്ളി ഗ്രാമപഞ്ചായത്തിലെ ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷ വേളയിലാണ് അമൃത് സരോവർ ദൗത്യം പ്രധാനമന്ത്രി  പ്രഖ്യാപിച്ചത്. ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ഈ സംരംഭത്തിൽ ഏഴ് മന്ത്രാലയങ്ങൾ ഉൾപ്പെടുന്നു: ഗ്രാമവികസന മന്ത്രാലയം, ജലശക്തി മന്ത്രാലയം, പഞ്ചായത്തിരാജ് മന്ത്രാലയം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, റെയിൽവേ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ-ഇൻഫോർമാറ്റിക്‌സും ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നു.  സംരംഭത്തിന്റെ സംയോജനം, കാര്യക്ഷമത, പങ്കാളിത്ത ഉടമസ്ഥത എന്നിവ ഉറപ്പാക്കുന്നതിനാണ്  ബഹുപങ്കാളിത്ത സമീപനം സ്വീകരിച്ചത്.  നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) തയ്യാറാക്കിയ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം - amritsarovar.gov.in -  സൂക്ഷ്മതലത്തിൽ തത്സമയ പുരോഗതി പരിശോധിച്ച് സുതാര്യത ഉറപ്പാക്കുകയും അതുവഴി വകുപ്പുകളെയും സംസ്ഥാനങ്ങളെയും തമ്മില്‍  ഏകോപിപ്പിക്കുകയും ചെയ്യുന്നു.  


‘രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് 75 അമൃത് സരോവറുകളുടെ (കുളങ്ങൾ) നിർമാണം/പുനരുജ്ജീവനം’ എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഓരോ അമൃത് സരോവറും കുറഞ്ഞത് 1 ഏക്കർ (0.4 ഹെക്ടർ) ജലസംഭരണ വിസ്തൃതിയില്‍ ഏകദേശം 10,000 ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയോടുകൂടിയ കുളങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ജലസംഭരണികൾ പലതും ദേശീയ നായകന്മാരുമായും സ്വാതന്ത്ര്യ സമര സേനാനികളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഉടമസ്ഥതയുടെയും ആദരവിന്റെയും ബോധം വളർത്തുകയും സാമൂഹ്യ-സാംസ്കാരിക കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു.


ദൗത്യത്തിന്റെ അടിസ്ഥാപനരമായ കാഴ്ചപ്പാടുകള്‍ ഇവയാണ്:

ജലം സംരക്ഷിക്കുകയും സുസ്ഥിര ജല നിര്‍വഹണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

വികേന്ദ്രീകൃത ഭരണം ശക്തിപ്പെടുത്തുകയും ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുകയും ചെയ്യുക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കും അനുബന്ധ പദ്ധതികൾക്കും കീഴിൽ തൊഴിൽ പ്രോത്സാഹിപ്പിക്കുക

പരമ്പരാഗതവും സാംസ്കാരികവുമായ ജലഘടനകളും സമൂഹ പങ്കാളിത്തവും വീണ്ടെടുക്കുക

സ്ഥാപന സംയോജനവും പദ്ധതിയും നടപ്പാക്കലും  

സംസ്ഥാന പദ്ധതികള്‍ക്ക് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ, പ്രധാനമന്ത്രി കൃഷി സിചായ് യോജന ഉപ-പദ്ധതികളായ നീർത്തട വികസന ഘടകം, ഹർ ഖേത് കോ പാനി തുടങ്ങി വിവിധ പദ്ധതികളുടെ സംയോജനത്തോടെയാണ് സംസ്ഥാനങ്ങളും ജില്ലകളും അമൃത് സരോവർ ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവരുന്നത്.

അമൃത് സരോവറുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ ചില ക്രമീകരണങ്ങൾ നിലവിലുണ്ട്:

ഓരോ അമൃത് സരോവറിനും രണ്ട് പ്രത്യേക പ്രഭാരിമാരെ നിയമിക്കും -  പഞ്ചായത്ത് പ്രതിനിധിയും പഞ്ചായത്ത് തല ഉദ്യോഗസ്ഥനും.

ഗ്രാമപഞ്ചായത്ത് നാമനിർദേശം ചെയ്യുന്ന പഞ്ചായത്ത് പ്രതിനിധി ജനങ്ങള്‍ക്കുവേണ്ടി മേല്‍നോട്ടക്കാരനായി പ്രവർത്തിച്ച് സമൂഹ താൽപ്പര്യം സംരക്ഷിക്കുകയും വിശ്വസ്തമായും നീതിയുക്തമായും  അമൃത് സരോവർ പദ്ധതി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.  

പദ്ധതി പുരോഗതി നിരീക്ഷിക്കുകയും  ദൗത്യത്തിന്റെ വിശ്വസ്ത നിർവഹണം ഉറപ്പാക്കുകയും ചെയ്യുന്ന പഞ്ചായത്ത് തല ഉദ്യോഗസ്ഥന്‍ രേഖകളുടെ രൂപത്തിൽ ഉചിതമായ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം റിപ്പോർട്ട് സമര്‍പ്പിക്കും.

അമൃത് സരോവര്‍ ദൗത്യത്തിന്റെ മാർഗനിർദേശ പ്രകാരം അമൃത് സരോവറുകളുടെ ഫലപ്രദമായ പരിപാലനത്തിനും സുസ്ഥിരതയ്ക്കും ഓരോ സരോവറുമായും ബന്ധപ്പെട്ട് പ്രധാനമായും സ്വയംസഹായ സംഘാംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉപയോക്തൃ സംഘങ്ങളുടെ രൂപീകരണവും വ്യക്തമായ രൂപരേഖയും ആവശ്യമാണ്. ജല ഉപയോഗം കാര്യക്ഷമമായി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കുളം സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും കൂട്ടായി പ്രവർത്തിക്കുന്ന  സന്നദ്ധ സംഘമാണ് ഉപയോക്തൃ സംഘം. സ്ത്രീകളുടെയും ദുർബല വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യത്തോടെ രൂപീകരിക്കുന്ന ഈ സംഘം സരോവര്‍  ഉപയോഗിക്കുന്നവരുടെ  പ്രതിനിധി സംഘമാണ്. സരോവറുകളുടെ ഫലപ്രദമായ ഉപയോഗത്തിനും പരിപാലനത്തിനും ഈ ഉപയോക്തൃ സംഘങ്ങളുടെ ശരിയായ തിരിച്ചറിയലും ഏകോപനവും അനിവാര്യമാണ്. നടീല്‍ പ്രവൃത്തികളടക്കം  അമൃത് സരോവറിന്റെ തുടർച്ചയായ ഉപയോഗത്തിനും പരിപാലനത്തിനും ഉപയോക്തൃ സംഘത്തിന് ഉത്തരവാദിത്തമുണ്ടാകും. ഓരോ മഴക്കാല ശേഷവും ഉപയോക്തൃ സംഘങ്ങള്‍ സ്വമേധയാ വൃഷ്ടിപ്രദേശത്തുനിന്ന് ചെളി നീക്കം ചെയ്യണം.

ഉപയോഗം അടിസ്ഥാനമാക്കി വ്യത്യസ്ത ഉപയോക്തൃ സംഘങ്ങള്‍ രൂപീകരിക്കാം:


ഗ്രാമ ജല-ശുചിത്വ സമിതി / പാനി സമിതി (കുടിവെള്ള-ശുചിത്വ വകുപ്പ്, ഭാരതസര്‍ക്കാര്‍)

സ്വയം സഹായ സംഘങ്ങൾ (എന്‍ആര്‍എല്‍എം)

മത്സ്യത്തൊഴിലാളി സംഘം (ഫിഷറീസ് വകുപ്പ്, ഭാരതസര്‍ക്കാര്‍)

വനസമിതി (വനം വകുപ്പ്)

മത്സ്യകൃഷി പരിശീലകര്‍

വാട്ടർ ചെസ്റ്റ്നട്ട് കര്‍ഷകര്‍

താമര കര്‍ഷകര്‍

മഖാന കര്‍ഷകര്‍

താറാവ് വളര്‍ത്തുകാര്‍

കന്നുകാലി ഉപയോക്താക്കൾ

ഗാർഹിക ജല ഉപയോക്താക്കൾ

പ്രാദേശിക തടാകങ്ങളുടെ സാമൂഹിക-സാമ്പത്തിക പ്രാധാന്യത്തെ ആശ്രയിക്കുന്ന മറ്റുള്ളവര്‍.

അമൃത് സരോവറുകളുടെ പ്രയോജനം ഫലപ്രദമാക്കാനും  ഏറ്റവും വിശ്വസനീയ രീതിയിൽ പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും സ്ഥലം തിരഞ്ഞെടുക്കുന്നതുമുതൽ സരോവറിന്റെ പൂർത്തീകരണം വരെ റിമോട്ട് സെൻസിംഗ്, ജിയോസ്പേഷ്യൽ പോലുള്ള നവീനവും പ്രസക്തവുമായ സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നു.

ആദ്യഘട്ടം (ഏപ്രിൽ 2022 – ഓഗസ്റ്റ് 2023)

2023 ഓഗസ്റ്റ് 15-നകം ആകെ 50,000 അമൃത് സരോവറുകള്‍ നിർമിക്കുകയെന്ന ലക്ഷ്യം നിശ്ചിത സമയത്തിന് മുന്‍പുതന്നെ  കൈവരിക്കാനായി,  2023 മെയ് മാസത്തോടെ 59,492 അമൃത് സരോവറുകള്‍ വിജയകരമായി പൂർത്തീകരിച്ചു.


ദൗത്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം അമൃത് സരോവറിനെ പഞ്ചായത്ത് പ്രതിനിധികളും  പഞ്ചായത്ത്തല ഉദ്യോഗസ്ഥരും ഉപയോക്തൃ സംഘങ്ങളുമായി  ബന്ധിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. ഏകദേശം 79,080 പഞ്ചായത്ത് പ്രതിനിധികളും 92,359 പഞ്ചായത്ത്തല ഉദ്യോഗസ്ഥരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഏകദേശം 2,203 സ്വാതന്ത്ര്യ സമര സേനാനികളും പഞ്ചായത്തിലെ 22,993 മുതിർന്ന അംഗങ്ങളും സ്വാതന്ത്ര്യ സമര സേനാനികളുടെ 385 കുടുംബാംഗങ്ങളും രക്തസാക്ഷികളുടെ 742  കുടുംബാംഗങ്ങളും  69 പത്മ അവാർഡ് ജേതാക്കളും  ദൗത്യത്തിൽ പങ്കുചേര്‍ന്നു.


പൂർത്തീകരിച്ച ഓരോ അമൃത് സരോവറിലും പദ്ധതി ഉൾപ്പെടെ  എല്ലാ വിശദാംശങ്ങളും സൂചിപ്പിക്കുന്ന പൊതു അടയാള ബോർഡുണ്ട്. കൂടാതെ വേപ്പ്, ബർഗഡ്, അരയാല്‍ തുടങ്ങിയ വൃക്ഷങ്ങളും മറ്റ് തദ്ദേശീയ മരങ്ങളും നിർബന്ധമായും നടണം. ദൗത്യത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച 23,51,331 മരങ്ങളില്‍  5,32,124 വേപ്പ്, 3,65,791 അരയാല്‍, 3,24,945 ബർഗഡ്, 11,28,471  തദ്ദേശീയ മരങ്ങൾ എന്നിവ ഉള്‍പ്പെടുന്നു.

രണ്ടാം ഘട്ടം (2023 സെപ്റ്റംബർ മുതൽ തുടരുന്നു)


ജലലഭ്യത ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹ പങ്കാളിത്തത്തോടെ (ജൻ ഭഗീദാരി) തുടരുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന അമൃത് സരോവര്‍ ദൗത്യത്തിന്റെ രണ്ടാം ഘട്ടം  കാലാവസ്ഥാ പ്രതിരോധം ശക്തിപ്പെടുത്താനും പാരിസ്ഥിതിക സന്തുലിതാവസ്ഥ വളർത്താനും ഭാവി തലമുറകൾക്ക് ശാശ്വത നേട്ടങ്ങൾ നൽകാനും   ലക്ഷ്യമിടുന്നു.  രണ്ടാം ഘട്ടത്തിൽ 2025 ഏപ്രിൽ 17 വരെ ആകെ 3,182 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


സംസ്ഥാനതല പ്രകടനങ്ങള്‍


2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച് പൂർത്തീകരിച്ച അമൃത് സരോവറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍  അമൃത് സരോവർ ദൗത്യത്തിന് കീഴിലെ 5 മികച്ച  സംസ്ഥാനങ്ങൾ ഇവയാണ്:

 

Rank

State

Number of Amrit Sarovars Completed

1

Uttar Pradesh

16,630

2

Madhya Pradesh

5,839

3

Karnataka

4,056

4

Rajasthan

3,138

5

Maharashtra

3,055

 



സമൂഹ ഇടപെടലും നൂതന രീതികളും


ജന്‍ ഭഗീദാരി ദൗത്യത്തിന്റെ കാതലായ ഭാഗമായതിനാല്‍ എല്ലാ തലങ്ങളിലെയും ജനങ്ങളുടെ പങ്കാളിത്തം ഇതിലുൾപ്പെടുന്നു. ഇതുവരെ ഓരോ അമൃത് സരോവറിനും 65,285 ഉപയോക്തൃ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.  സാധ്യതാ വിലയിരുത്തൽ, നിർവഹണം,  വിനിയോഗം എന്നിവയടക്കം  അമൃത് സരോവറിന്റെ വികസന പ്രക്രിയയിൽ ഈ ഉപയോക്തൃ സംഘങ്ങള്‍ പൂർണപങ്കാളികളാണ്. ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാര്‍ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ജനങ്ങളെയും സർക്കാരിതര വിഭവങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍  അമൃത് സരോവര്‍ ദൗത്യത്തിന്റെ മാർഗനിർദേശങ്ങളിൽ  ചില വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്:



അമൃത് സരോവറിന് തറക്കല്ലിടുന്നത് സ്വാതന്ത്ര്യ സമര സേനാനിയോ അവരുടെ/അയാളുടെ കുടുംബാംഗമോ രക്തസാക്ഷിയുടെ കുടുംബമോ (സ്വാതന്ത്ര്യാനന്തരം) പ്രാദേശിക പത്മ അവാർഡ് ജേതാവോ ആയിരിക്കണം.  അത്തരമൊരാള്‍ ഇല്ലാത്ത  സാഹചര്യത്തിൽ പ്രാദേശിക ഗ്രാമപഞ്ചായത്തിലെ മുതിർന്ന അംഗമായിരിക്കണം തറക്കല്ലിടേണ്ടത്.

നിർമാണ സാമഗ്രികൾ, ബെഞ്ചുകൾ എന്നിവ സംഭാവന നല്‍കിയും ശ്രമദാനത്തിലൂടെയും  ജനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.

ഗ്രാമീണസമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സരോവറിന് സമീപം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് ജനങ്ങളില്‍നിന്ന് ധനസമാഹരണം നടത്തിയും സി‌എസ്‌ആർ സംഭാവനകളിലൂടെയും ആവശ്യമായ പണം സമാഹരിക്കാം.  

സ്വാതന്ത്ര്യദിനം/റിപ്പബ്ലിക് ദിനത്തിൽ ഓരോ അമൃത് സരോവര്‍ പ്രദേശത്തും സ്വാതന്ത്ര്യസമര സേനാനിയോ അദ്ദേഹത്തിന്റെ/അവരുടെ കുടുംബാംഗമോ രക്തസാക്ഷിയുടെ കുടുംബാംഗമോ പ്രാദേശിക പത്മ അവാർഡ് ജേതാവോ ദേശീയ പതാക ഉയർത്തണമെന്ന് വ്യവസ്ഥയുണ്ട്. അമൃത് സരോവർ മേഖലയില്‍  ദേശീയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും വ്യവസ്ഥയുണ്ട്.  

ജലസേചനം, മത്സ്യബന്ധനം, വാട്ടർ ചെസ്റ്റ്നട്ട് കൃഷി എന്നിവയടക്കം ജലഘടനയുടെ സാധ്യതാ ഉപയോക്താക്കളെ തിരിച്ചറിയുകയും അവരുടെ സംഘങ്ങള്‍ രൂപീകരിക്കുകയും വേണം.


ജലസേചനം, മത്സ്യകൃഷി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ജലസ്രോതസ്സുകളുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിന് കർഷകർ, മത്സ്യത്തൊഴിലാളികൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവര്‍ക്കിടയില്‍ ഉപയോക്തൃ സംഘങ്ങള്‍ രൂപീകരിക്കുന്നത് ദൗത്യം പ്രോത്സാഹിപ്പിക്കുന്നു.



സാമ്പത്തിക - പാരിസ്ഥിതിക ആഘാതം



ജലസേചനം, മത്സ്യബന്ധനം, താറാവ് വളർത്തൽ, വാട്ടർ ചെസ്റ്റ്നട്ട് കൃഷി, മൃഗസംരക്ഷണം തുടങ്ങി  വിവിധ പ്രവർത്തനങ്ങൾക്കായി പൂർത്തീകരിച്ച സരോവറുകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ അമൃത് സരോവർ ദൗത്യം ഗ്രാമീണ ഉപജീവനമാർഗം വർധിപ്പിക്കുന്നു. ഓരോ അമൃത് സരോവറുമായും ബന്ധിപ്പിച്ചിരിക്കുന്ന വ്യത്യസ്ത ഉപയോക്തൃ സംഘങ്ങളാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.


സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കേന്ദ്ര ഭൂഗർഭജല ബോർഡ് (CGWB ) നടത്തിയ ഭൂഗർഭജല വിഭവ വിലയിരുത്തലില്‍ സുസ്ഥിര  സംരക്ഷണ ശ്രമങ്ങളിലൂടെ ഭൂഗർഭ ജല റീചാർജിൽ ഗണ്യമായ വർധനയുണ്ടായതായി കണ്ടെത്തിയിരിക്കുന്നു. ജലസംഭരണികള്‍, കുളങ്ങൾ, മറ്റ് ജലസംരക്ഷണ ഘടനകൾ എന്നിവയിലെ റീചാർജ് 2017-ൽ 13.98 ബില്യൺ ക്യുബിക് മീറ്ററായിരുന്നത്  (ബിസിഎം) 2024-ൽ 25.34 ബിസിഎം ആയി വർധിച്ചത് അമൃത് സരോവർ ദൗത്യമുള്‍പ്പെടെ ജലസംരക്ഷണത്തിന്റെ വിജയത്തെയും ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ ജലസംഭരണികളും കുളങ്ങളും മറ്റ് ജലസംരക്ഷണ ഘടനകളും വഹിക്കുന്ന പങ്കിനെയും പ്രതിഫലിപ്പിക്കുന്നു. അടിയന്തര ജല ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഈ സരോവറുകൾ  ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സുസ്ഥിര ജലസ്രോതസ്സുകൾ സ്ഥാപിക്കുകയും അതുവഴി കാർഷിക ഉൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



വിജയഗാഥകൾ


ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ശ്മശാനഭൂമിയിലെ കുളത്തിന്റെ പുനരുജ്ജീവനം

അമൃത് സരോവറിന് കീഴിൽ പുനരുജ്ജീവിപ്പിച്ച ഈ കുളം ഗ്രേറ്റ് നിക്കോബാറിലെ കാംബെൽ ബേയില്‍ ഗോവിന്ദ് നഗർ ഗ്രാമപഞ്ചായത്തിന് കീഴിലെ ശ്മശാനത്തിനടുത്ത് സാറ്റലൈറ്റ് ബസ്തിയില്‍ സ്ഥിതിചെയ്യുന്നു. സമൂഹ ഉപയോഗ അടിസ്ഥാനത്തില്‍ നിര്‍മിച്ച  ഈ സരോവര്‍ 200 ഗ്രാമീണർക്ക് നേരിട്ട് പ്രയോജനം നല്‍കുന്നു. ഈ പ്രവൃത്തി 24 വീടുകൾക്ക് തൊഴിൽ നൽകി. സരോവറിനു ചുറ്റും ട്രീ ഗാർഡുകൾ ഉപയോഗിച്ച് വേപ്പും മറ്റ് മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒപ്പം ചുറ്റും  വയലുകളിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ പ്രാദേശിക കർഷകർക്കും ഏറെ സഹായകരമായ ഈ സരോവര്‍  ജലസേചനത്തിനും കന്നുകാലി വളർത്തലിനും  ഉപയോഗപ്പെടുത്തുന്നു.


ഇന്ദ്പെ ഗദ്രഹി പൊഖാർ: ബീഹാർ

ബീഹാറിലെ ജാമുയി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ദ്പെ പഞ്ചായത്തില്‍ അവഗണിക്കപ്പെട്ട അവസ്ഥയില്‍ ഒരു കുളമുണ്ടായിരുന്നു. ഈ കുളം പുനരുജ്ജീവിപ്പിക്കാൻ ഇന്ദപെ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പുനരുജ്ജീവന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഈ വീണ്ടെടുപ്പിന് നന്ദി;  കുളം ആകർഷകമായ  പുതുജീവൻ നേടിയിരിക്കുന്നു.  1.04 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സരോവർ  ആകർഷണീയ കേന്ദ്രമായി മാറിയിരിക്കുന്നു. ഇരിപ്പിട സൗകര്യങ്ങളോടെ കല്ലുവിരിച്ച നടപ്പാതയാല്‍  മനോഹരമായി അലങ്കരിച്ചിരിക്കുന്നു. കുളത്തിന്റെ പരിസരത്ത് നടീൽ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.  സരോവറില്‍ ബോട്ടിംഗ് സൗകര്യങ്ങളും ആരംഭിച്ചതോടെ ഇത് വ്യത്യസ്തമായി മാറുകയും ഉപജീവനമാർഗം സൃഷ്ടിക്കുകയും ചെയ്തു. സൗരോര്‍ജ മരവും സൗരോര്‍ജ വിളക്കുകളും  സ്ഥാപിച്ചത് മനോഹരമായി അലങ്കരിച്ച  ഈ അമൃത് സരോവറിന് വിസ്മയകരമായ ഭംഗി നൽകുന്നു.   ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഭാത നടത്തത്തിനെത്തുന്ന നിരവധി പേര്‍ക്ക്  ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കുന്നു. സരോവറും സമീപപ്രദേശവും  കുട്ടികൾക്ക് കളിക്കാനും ആസ്വദിക്കാനും ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളായി മാറിയിരിക്കുന്നു. നാരി ശക്തി ജീവിക സംഘം ഈ അമൃത് സരോവർ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുവേണ്ടിയും ഉപയോഗിക്കുന്നു.


ഡൈൻ ഡൈറ്റ് റിജോയിലെ മത്സ്യക്കുളം: അരുണാചൽ പ്രദേശ്

ചെറു കൃത്രിമ തടാകത്തിന്റെ ഭാഗമായി ഡൈൻ ഡൈറ്റ് റിജോയിൽ അമൃത് സരോവർ ദൗത്യത്തിന് കീഴില്‍ നിര്‍മിച്ച നിയന്ത്രിത മത്സ്യക്കുളം  മത്സ്യങ്ങളെ സംഭരിച്ച് മത്സ്യകൃഷി, വിനോദ മത്സ്യബന്ധനം, അലങ്കാര മത്സ്യകൃഷി എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഈ കുളത്തില്‍  ലാഭകരമായ വിലയ്ക്ക് വില്‍ക്കുന്നതിനായി മത്സ്യം വളർത്തുന്നു.   മത്സ്യങ്ങളെ ശരിയായി വളര്‍ത്തുന്നതിലൂടെയും  പരിപാലിക്കുന്നതിലൂടെയും ഭക്ഷ്യാവശ്യത്തിനായുള്ള മത്സ്യോല്‍പാദനം ഗണ്യമായി വർധിച്ചു.  വിവിധ ഇനം മത്സ്യങ്ങളുടെ വളർത്തൽ, പ്രജനനം, പോഷണം എന്നിവയ്ക്കും ഈ കുളം അനിവാര്യമായി മാറിയിരിക്കുന്നു.  

ഉപസംഹാരം

സഹകരണാധിഷ്ഠിത ഫെഡറലിസം, പരിസ്ഥിതി പ്രവർത്തനം, പ്രാദേശിക ജനാധിപത്യം എന്നിവയുടെ  മഹത്തായ ഉദാഹരണമായി അമൃത് സരോവർ ദൗത്യം നിലകൊള്ളുന്നു. സാംസ്കാരിക ആദരവ്, ജനകീയ ഇടപെടൽ, ശാസ്ത്രീയ രൂപകൽപന, സ്ഥാപനപരമായ ഒത്തുചേരൽ എന്നിവയുടെ സംയോജനം ദൗത്യത്തെ  ജലസുരക്ഷയുടെ  ജനകീയ പ്രസ്ഥാനമാക്കി മാറ്റി.  രാഷ്ട്രം അമൃത് കാലത്തിലേക്ക് നീങ്ങുമ്പോള്‍ ഈ ദൗത്യം ഇന്ത്യയുടെ അടിയന്തര ജല ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം  ജലസമൃദ്ധവും പ്രതിരോധശേഷിയുള്ളതുമായ  ഗ്രാമീണ ഭാവിക്ക് അടിത്തറയിടുകയും ചെയ്യുന്നു.  അമൃത് സരോവര്‍ ദൗത്യത്തിന്റെ വിജയം  കൂടുതൽ സമൂഹ കേന്ദ്രീകൃത വികസന മാതൃകകൾക്ക് പ്രചോദനം നൽകുകയും ദേശീയ പരിവർത്തനത്തിന്റെ കേന്ദ്രസ്ഥാനത്ത്  ജനങ്ങളെ  പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. 

 

References

https://amritsarovar.gov.in/

https://ncog.gov.in/AmritSarovar/EbookAmritSarovar.pdf

https://pib.gov.in/PressReleaseIframePage.aspx?PRID=2101868

https://amritsarovar.gov.in/AtaGlancePhase2

https://ncog.gov.in/AmritSarovar/IEC-UserGroups_English.pdf

https://sansad.in/getFile/annex/267/AU734_wedqul.pdf?source=pqars

https://pib.gov.in/PressReleaseIframePage.aspx?PRID=2114884

https://pib.gov.in/PressReleseDetail.aspx?PRID=2088996

https://sansad.in/getFile/annex/265/AU618_WCmPvE.pdf?source=pqars

https://sansad.in/getFile/loksabhaquestions/annex/184/AU4001_53M2AW.pdf?source=pqals

https://ncog.gov.in/AmritSarovar/Eventscelebrations_English.pdf

https://amritsarovar.gov.in/gallery_photos_nt

Mission Amrit Sarovar


(Release ID: 2123456)