ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മത സ്ഥാപനങ്ങളെയും ടൂറിസ്റ്റ് സേവനങ്ങളെയും അനുകരിച്ചു കൊണ്ടുള്ള ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകളെക്കുറിച്ച് I4C പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു

Posted On: 19 APR 2025 10:50AM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള മത തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകളെക്കുറിച്ച്,ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ വെബ്‌സൈറ്റുകൾ, വഞ്ചനാപരമായ സമൂഹ മാധ്യമ പേജുകൾ, ഫേസ്ബുക്ക് കുറിപ്പുകൾ, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിലെ പണമടച്ചുള്ള പരസ്യങ്ങൾ എന്നിവയിലൂടെയാണ് ഈ തട്ടിപ്പുകൾ നടക്കുന്നത്.
 
പ്രൊഫഷണൽ രൂപത്തിലുള്ളതും എന്നാൽ വ്യാജവുമായ വെബ്‌സൈറ്റുകളും സമൂഹ മാധ്യമ പ്രൊഫൈലുകളും വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും സൃഷ്ടിക്കുന്നത് ഈ തട്ടിപ്പുകളിൽ ഉൾപ്പെടുന്നു:
 
  • കേദാർനാഥ്, ചാർധാം എന്നിവിടങ്ങളിലേക്കുള്ള ഹെലികോപ്റ്റർ ബുക്കിംഗ്
  • തീർത്ഥാടകർക്കുള്ള ഗസ്റ്റ് ഹൗസ്, ഹോട്ടൽ ബുക്കിംഗ്
  • ഓൺലൈൻ ക്യാബ്/ടാക്സി സേവന ബുക്കിംഗുകൾ
  • അവധിക്കാല പാക്കേജുകളും മതപരമായ യാത്രകളും
 
ഈ പോർട്ടലുകൾ വഴി പണമടയ്ക്കുകയും തുടർന്ന് അത് സംബന്ധിച്ച് സ്ഥിരീകരണമോ സേവനമോ ലഭിക്കാതെ വരികയും ചെയ്യുമ്പോഴാണ് വ്യക്തികൾ പലപ്പോഴും സ്വയം വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. കൂടാതെ ഇവർക്ക് നൽകിയിരിക്കുന്ന നമ്പറുകൾ ബന്ധപ്പെടാൻ കഴിയാതാവുകയും ചെയ്യും.
 
ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു:
 
  • പണമടയ്ക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക.
  • ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിലെ “സ്‌പോൺസേർഡ്” അല്ലെങ്കിൽ അജ്ഞാത ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക.
  • ഔദ്യോഗിക ഗവണ്മെന്റ് പോർട്ടലുകളിലൂടെയോ വിശ്വസനീയ ട്രാവൽ ഏജൻസികളിലൂടെയോ മാത്രം ബുക്കിംഗുകൾ നടത്തുക.
  • ഏതെങ്കിലും തട്ടിപ്പുകൾ നടന്നാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ www.cybercrime.gov.in-ൽ അത്തരം വെബ്‌സൈറ്റുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക. അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക.
  • കേദാർനാഥ് ഹെലികോപ്റ്റർ ബുക്കിംഗ് https://www.heliyatra.irctc.co.in വഴി ചെയ്യാം
  • സോംനാഥ് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  https://somnath.org ആണ്. ഗസ്റ്റ് ഹൗസ് ബുക്കിംഗും ഇതുവഴി തന്നെ ചെയ്യാനാകും.
 
തട്ടിപ്പ് തടയുന്നതിന്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ബഹുമുഖ തന്ത്രങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
  • തട്ടിപ്പ് സിഗ്നൽ എക്‌സ്‌ചേഞ്ച് - തട്ടിപ്പ് മുൻകൂട്ടി കണ്ടെത്തുന്നതിനായി ഗൂഗിൾ, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ഐടി ഇടനിലക്കാരുമായി തട്ടിപ്പ് സംബന്ധിച്ച സിഗ്നലുകൾ പതിവായി കൈമാറ്റം ചെയ്യപ്പെടുന്നു.
  • നിയമനിർവ്വഹണം - സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും ഇത് സംബന്ധിച്ച് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.
  • സൈബർ പട്രോളിംഗ് - പൗരന്മാരെ തട്ടിപ്പിൽ നിന്നും സംരക്ഷിക്കുന്നതിനായി വ്യാജ വെബ്‌സൈറ്റുകൾ / പരസ്യങ്ങൾ, ആൾമാറാട്ടം നടത്തുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവയിലേക്കുള്ള പ്രവേശനം അപ്രാപ്‌തമാക്കുന്നു.
  • തട്ടിപ്പുകളെ സംബന്ധിച്ച് തടസ്സരഹിതമായ റിപ്പോർട്ടിംഗ് സുഗമമാക്കുന്നതിനായി സംശയാസ്പദമായവയുടെ പരിശോധനയ്ക്കും റിപ്പോർട്ടിംഗിനുമായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ സവിശേഷ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
******
 

(Release ID: 2122869)