വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കാശിയെ പ്രകാശമാനമാക്കുന്നു

പുണ്യനഗരം, ശോഭനമായ ഭാവി

Posted On: 13 APR 2025 6:58PM by PIB Thiruvananthpuram


"ഇന്ന് വികസനത്തെയും പൈതൃകത്തെയും ഒരേ പോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഇന്ത്യ. ഈ സമീപനത്തിന്റെ ഏറ്റവും മികച്ച മാതൃകയായി മാറുകയാണ് നമ്മുടെ പുണ്യനഗരമായ കാശി."

~പ്രധാനമന്ത്രി നരേന്ദ്ര മോദി

കാശി കേവലമൊരു നഗരമല്ല—അത് ജീവസ്സുറ്റ ആത്മാവാണ്. ഗംഗയുടെ കളകളാരവവും ജനജീവിതത്തിൽ പ്രകടമാകുന്ന പ്രബലമായ ശാന്തതയും അതിന്റെ ശ്വാസനിശ്വാസങ്ങളാണ്. ഇവിടുത്തെ, പുരാതന ശിലകൾ ഭൂതകാലത്തിന്റെ കഥകൾ മന്ത്രിക്കുന്നു. ആധുനിക ചില്ലുമേടകൾ നാളെയുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നു. മണികർണിക ഘാട്ടിൽ ജീവിതവും മരണവും മുഖാമുഖം വരുന്ന കാശി നഗരം, വിശാലമായ റോഡുകളെയും സ്മാർട്ട് ലൈറ്റിംഗിനെയും ആധുനിക ഇടനാഴികളെയും സ്വാഗതം ചെയ്യുകയാണ്. ഇത് കാശിയുടെ പ്രയാണമാണ്- അവിടെ ദൈവികതയും ആധുനികതയും തമ്മിൽ മാത്സര്യമില്ല, മറിച്ച് സമരസതയാണ് നിലനിൽക്കുന്നത്. ഓരോ തെരുവിനും ഓരോ കഥകൾ പറയാനുണ്ട്, ഓരോ ചുവടും ആത്മാവിന്റെയും ശരീരത്തിന്റെയും സമന്വയത്തിലേക്ക് നയിക്കുന്നു.

ഏപ്രിൽ 11 ന്, പൗരാണിക കാശി നഗരം വികസനത്തിന്റെ ഒരു ഏടിനു കൂടി സാക്ഷ്യം വഹിച്ചു. വാരണാസിയിൽ ₹3,880 കോടി ചെലവ് വരുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും  പ്രധാനമന്ത്രി നരേന്ദ്ര മോദിനിർവ്വഹിച്ചു. അത്

വികസനത്തിന്റെ ഒരു ആഘോഷമായിരുന്നു - യഥാർത്ഥ "വികസനത്തിന്റെ ഉത്സവം" എന്ന് പ്രധാനമന്ത്രി മോദി ഇതിനെ വിശേഷിപ്പിച്ചു.

പത്ത് വർഷം മുമ്പ്, വാരണാസിയിലൂടെയുള്ള യാത്ര അനന്തമായ ഗതാഗതക്കുരുക്കും പൊടിയും വഴിതിരിച്ചുവിടലുകളും കൊണ്ട് സങ്കീർണ്ണമായിരുന്നു. ഇന്ന്, നഗരം ആ ചരിത്രം തിരുത്തിയെഴുതുകയാണ്. ഫുൽവാരിയ ഫ്ലൈഓവർ, റിംഗ് റോഡ് അടക്കമുള്ള  പദ്ധതികൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ദൈനംദിന യാത്രക്കാരുടെയും  ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നു. ജൗൻപൂർ, ഗാസിപൂർ, ബല്ലിയ, മൗ തുടങ്ങിയ ജില്ലകൾക്കിടയിലുള്ള യാത്ര മുമ്പെന്നത്തേക്കാളും വേഗതയാർന്നതും സമയബന്ധിതവുമായി മാറിയിരിക്കുന്നു.

വാരണാസി റിംഗ് റോഡിനെയും സാരനാഥിനെയും ബന്ധിപ്പിക്കുന്ന പാലം, ഭിഖാരിപൂരും മണ്ടുവാഡിഹും  ദീർഘകാലമായി കാത്തിരുന്ന ഫ്ലൈഓവറുകൾ, വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 980 കോടി രൂപയുടെ NH-31 ഹൈവേ അണ്ടർപാസ് റോഡ് ടണൽ എന്നിവയ്ക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. കോൺക്രീറ്റും സ്റ്റീലും കൊണ്ട് പടുത്തുയർത്തുന്ന കേവലം പദ്ധതികൾ മാത്രമല്ല; വളർന്നുവരുന്ന നഗരത്തിന്റെ ലോകം ദർശിക്കുന്ന നട്ടെല്ലായി മാറുകയാണ് ഈ പദ്ധതികൾ.
 

നഗരത്തെയും ജീവിതങ്ങളെയും പ്രകാശമാനമാക്കുന്നതിനായി, കാശിയുടെ വൈദ്യുതി ശൃംഖലയ്ക്ക് പ്രധാനമന്ത്രി മോദി വലിയ ഉത്തേജനം പകർന്നു. ₹1,045 കോടി ചെലവിൽ നിർമ്മിച്ച രണ്ട് 400 കെവി സബ്‌സ്റ്റേഷനുകളും ഒരു 220 കെവി സബ്‌സ്റ്റേഷനുകളും  അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചൗക്കഘട്ടിലും ഗാസിപൂരിലും പുതിയ  സബ്‌സ്റ്റേഷനുകൾക്കൊപ്പം ₹775 കോടിയുടെ നവീകരണ പ്രവർത്തനങ്ങളും ഇതോടൊപ്പമുണ്ട്.
 

എന്നാൽ യഥാർത്ഥ ശക്തി കുടികൊള്ളുന്നത് വികസനത്തിൽ മാത്രമല്ല, ജ്ഞാനത്തിസമ്പാദനത്തിലുമാണ്. "എല്ലാവർക്കും വിദ്യാഭ്യാസം" എന്ന തന്റെ ദർശനത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രധാനമന്ത്രി പഠനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. 356 ലൈബ്രറികളും 100 അംഗൻവാടികളും  ഗ്രാമീണ വിദ്യാഭ്യാസത്തിന് ഉണർവ്വേകുന്നു. സ്മാർട്ട് സിറ്റി മിഷന് കീഴിൽ 77 പ്രൈമറി സ്കൂളുകൾ നവീകരിക്കുന്നതിനുള്ള അടിത്തറ  അദ്ദേഹം സ്ഥാപിച്ചു.

പൂർവാഞ്ചലിലെ ഏറ്റവും ഹൃദയസ്പർശിയായ പരിവർത്തനങ്ങളിലൊന്ന് സംഭാവ്യമായത് ബനാസ് ഡയറിയിലൂടെയാണ് . ആയിരക്കണക്കിന് ചെറുകിട ക്ഷീരകർഷകരെ ആത്മവിശ്വാസമുള്ള സംരംഭകരാക്കി മാറ്റാൻ ഇത് സഹായിച്ചു. കന്നുകാലി വളർത്തൽ തൊഴിലാക്കിയ കുടുംബങ്ങൾക്ക് ₹105 കോടിയിലധികം ബോണസായി വിതരണം ചെയ്യപ്പെട്ടു- അവരിൽ ഭൂരിഭാഗവും വനിതകളാണ്. ഇപ്പോൾ ലക്ഷാധിപതി വനിതകൾ അഥവാ "ലഖ്പതി ദീദിസ്" എന്നറിയപ്പെടുന്ന ഇവർ യഥാർത്ഥ ശാക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃകകളാണ്.

കിസാൻ ക്രെഡിറ്റ് കാർഡ്, കന്നുകാലികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്, രാഷ്ട്രീയ ഗോകുൽ മിഷൻ തുടങ്ങിയ പദ്ധതികൾ കർഷകരെ എങ്ങനെ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. പദ്ധതികളിലൂടെ കന്നുകാലികളെ ആരോഗ്യപൂർവ്വം സർരക്ഷിക്കുകയും അവയുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുകയും ചെയ്യുന്നു.

ഒരുകാലത്ത് പൂർവാഞ്ചലിൽ നിന്നുള്ള ജനങ്ങൾക്ക് മികച്ച വൈദ്യചികിത്സയ്ക്കായി ദീർഘ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ഉത്തർപ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ ചികിത്സയും ജീവൻ പരിരക്ഷയും ലഭിച്ചു. വരുമാനഭേദമെന്യേ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ വയ വന്ദന കാർഡുകൾ പ്രധാനമന്ത്രി മോദി വയോധികർക്ക് നേരിട്ട് വിതരണം ചെയ്തു.

കാശിയുടെ വികസനം റോഡുകളുടെയും ആശുപത്രികളുടെയും വികസനം മാത്രമല്ല - അത് സ്വപ്നങ്ങളുടെ  വികസനം കൂടിയാണ്. പുതിയ സ്റ്റേഡിയങ്ങളും ലോകോത്തര സ്‌പോർട്‌സ് കോംപ്ലക്‌സും സ്ഥാപിക്കപ്പെട്ടതോടെ, വാരണാസിയിലെ യുവ കായികതാരങ്ങൾക്ക് പ്രതിഭ തെളിയിക്കാൻ  വേദി സജ്ജമായിരിക്കുന്നു. 2036 ഒളിമ്പിക്‌സിന് ഇന്ത്യ ആതിഥേയത്വം വഹിക്കണമെങ്കിൽ, നമ്മുടെ യുവാക്കൾ ഉടനടി  അവരുടെ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി മോദി ഓർമ്മിപ്പിച്ചു - അവർ പൂർണ്ണ സജ്ജരാണെന്ന് ഉറപ്പാക്കാൻ കാശിക്കാവും.

തബലയുടെ താളലയം മുതൽ സർദോസിയുടെ സങ്കീർണ്ണമായ രൂപകല്പനകൾ വരെ, വാരണാസിയുടെ സമ്പന്നമായ സംസ്‌ക്കാരം അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊണ്ടിരിക്കുന്നു. വാരണാസിയിൽ നിന്നും പരിസര ജില്ലകളിൽ നിന്നുമുള്ള 30-ലധികം പ്രാദേശിക ഉത്പന്നങ്ങൾക്ക് ഇപ്പോൾ അഭിമാനകരമായ ജിഐ ടാഗ് (ഭൂമിശാസ്ത്ര സൂചകം) ലഭിച്ചിരിക്കുന്നു. പ്രശസ്തമായ തണ്ടായി, റെഡ് സ്റ്റഫ്ഡ് ചില്ലി, തിരംഗ ബർഫി, ജൗൻപൂർ  ഇമാർട്ടി, പിലിഭിത്ത് ഫ്ലൂട്ട് എന്നിവ അവയിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ പ്രദർശിപ്പിക്കുന്ന ഏക്താ മാൾ കാശിയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

പാരമ്പര്യത്തിന്റെയും പരിവർത്തനത്തിന്റെയും വഴിത്തിരിവിൽ നിൽക്കുന്ന വാരണാസി നഗരം ഒരു ലളിതമായ സത്യം വെളിവാക്കുന്നു:  ജനജീവിതത്തെ സ്പർശിക്കുകയും ഏതൊരു സ്ഥലത്തിന്റെയും ആത്മാവിനെ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് വികസനം ഏറ്റവും അർത്ഥവത്തായി മാറുന്നത്. കൂപ്പുകൈകളോടെയും  ദൃഢനിശ്ചയത്തോടെയും, കാശി മുന്നോട്ടുള്ള പ്രയാണം തുടരുകയാണ് - ഭൂതകാല പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഭാവിക്കായി കാശി സജ്ജമാവുകയാണ്.


സൂചനകൾ :  

*********************


(Release ID: 2122046) Visitor Counter : 13