വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പോഷണ്‍ പക്ഷാചരണം ‌2025 (ഏപ്രിൽ 8 മുതൽ 23 വരെ)

Posted On: 07 APR 2025 5:24PM by PIB Thiruvananthpuram

സംഗ്രഹം:

  • പോഷൻ പക്ഷാചരണത്തിന്റെ ഏഴാം പതിപ്പ് 2025 ഏപ്രിൽ 8 മുതൽ 22  വരെ സംഘടിപ്പിക്കുന്നു.
  • സാങ്കേതികവിദ്യയും പാരമ്പര്യവും സംയോജിപ്പിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുകയാണ് പോഷണ്‍ അഭിയാന്റെ ലക്ഷ്യം.  
  • കുട്ടികളുടെ വളര്‍ച്ചയിലെ നിർണായക കാലഘട്ടമായതിനാൽ  ജീവിതത്തിലെ ആദ്യ 1,000 ദിവസങ്ങളിലാണ് പോഷണ്‍ പക്ഷാചരണം 2025 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  • സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ  അംഗൻവാടി കേന്ദ്രങ്ങളിലെ പോഷകാഹാര സേവനങ്ങളുടെ തത്സമയ നിരീക്ഷണം പോഷണ്‍ ട്രാക്കർ വഴി സാധ്യമാക്കുന്നു.  
  • മെച്ചപ്പെട്ട ലഭ്യതയ്ക്കായി ഗുണഭോക്താക്കൾക്ക് ഇപ്പോൾ പോഷണ്‍ ട്രാക്കർ വെബ് ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്യാം.
  • കമ്മ്യൂണിറ്റി-ബേസ്ഡ് മാനേജ്മെന്റ് ഓഫ് അക്യൂട്ട് മാല്‍ന്യൂട്രീഷ്യന്‍ (സിഎംഎഎം)   പെരുമാറ്റച്ചട്ടം പോഷകാഹാരക്കുറവ് നേരത്തേ കണ്ടെത്താനും സമൂഹാടിസ്ഥാനത്തിൽ പരിഹാരം കാണാനും സഹായിക്കുന്നു.
  • ആരോഗ്യകരമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പോഷണ്‍ പക്ഷാചരണം കുട്ടിക്കാലത്തെ അമിതവണ്ണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


ആമുഖം


 

ഓരോ കുട്ടിയും ആരോഗ്യകരമായ ഒരു തുടക്കവും ഓരോ അമ്മയും ശരിയായ പോഷകാഹാരവും ഓരോ കുടുംബവും  പോഷകസമൃദ്ധമായ ഭക്ഷണവും  അര്‍ഹിക്കുന്നുവെങ്കിലും  ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പേരെ സംബന്ധിച്ചിടത്തോളം  പോഷകാഹാരക്കുറവ്  വ്യക്തികള്‍ക്കപ്പുറം രാജ്യഭാവിയെ പോലും ബാധിക്കുന്ന  നിശബ്ദ പ്രതിസന്ധിയായി തുടരുന്നു.  പരിവർത്തനാത്മക പ്രവർത്തനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഒരു സമഗ്ര സമീപനത്തിലൂടെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാര ഗുണങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച സുപ്രധാന പരിപാടിയായ പോഷൺ അഭിയാന് 2018 മാർച്ച് 8 നാണ് തുടക്കം കുറിച്ചത്. പരിപാടിയുടെ പ്രധാന സംരംഭങ്ങളിലൊന്നായ പോഷൺ പക്ഷാചരണം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിനും സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ  വേദിയായി ഉയർന്നുവന്നിട്ടുണ്ട്.

പോഷണ്‍ പക്ഷാചരണത്തിന്റെ ഏഴാം പതിപ്പ്

വാർഷിക പോഷകാഹാര അവബോധ പരിപാടിയായ പോഷണ്‍ പക്ഷാചരണം കേവലമൊരു പ്രചാരണ പരിപാടിയ്ക്കപ്പുറം പ്രവർത്തനത്തിനുള്ള വ്യക്തമായ ആഹ്വാനമാണ്. 2025 ൽ പോഷണ്‍ പക്ഷാചരണത്തിന്റെ ഏഴാം പതിപ്പ് ഏപ്രിൽ 8 മുതൽ  23 വരെ ആചരിക്കും. മാതൃ-ശിശു പോഷകാഹാരം, ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ ലഭ്യത, കുട്ടിക്കാലത്തെ അമിതവണ്ണത്തിനെതിരായ പോരാട്ടം തുടങ്ങിയ  പ്രമേയങ്ങളുമായി പോഷകക്ഷേമം വർധിപ്പിക്കാന്‍ ഗുണഫലങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഇടപെടലുകളിലാണ് പോഷണ്‍‍ പക്ഷാചരണത്തിന്റെ ഏഴാം പതിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  



 

2025 -ലെ പോഷണ്‍ പക്ഷാചരണം - പ്രവർത്തനങ്ങൾ


 

സ്ത്രീകളെയും കുട്ടികളെയും  കേന്ദ്രീകരിച്ച് പോഷകസമൃദ്ധമായ രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ചുവടുവയ്പ്പാണ് 2025-ലെ പോഷണ്‍ പക്ഷാചരണം.  എല്ലാ  കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും രാജ്യത്തെങ്ങുമുള്ള അങ്കണവാടി കേന്ദ്രങ്ങളും സമൂഹത്തെ വിവിധ തലങ്ങളില്‍ ബോധവൽക്കരിക്കാന്‍ വ്യത്യസ്ത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു:

  • പ്രസവപൂർവ പരിചരണം, ശരിയായ പോഷകാഹാരം, പതിവ് ആരോഗ്യ പരിശോധനകൾ എന്നിവയ്ക്ക് മുൻഗണന നൽകുക.
  • ആരോഗ്യകരമായ ഭാവിയ്ക്കായി പ്രതിജ്ഞ - ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സജീവമായിരിക്കുക, ബോധവല്‍ക്കരണ പ്രചാരണം.
  • സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പാലിക്കുക.
  • ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക.
  • പോഷണ്‍  ട്രാക്കർ ആപ്പിൽ രജിസ്റ്റർ ചെയ്യുക.

ആദ്യ 1,000 ദിവസങ്ങളുടെ പ്രാധാന്യം

تصوير کی تفصیل دستیاب نہیں ہے۔
 

പുതുതായി പ്രതീക്ഷിക്കുന്ന, തന്റെ കുഞ്ഞിന് ജീവിതത്തിലെ  മികച്ച തുടക്കം നൽകാനാഗ്രഹിക്കുന്ന ഒരു അമ്മയെ സങ്കൽപ്പിക്കുക. കഴിക്കുന്ന ഭക്ഷണവും  ലഭിക്കുന്ന ആരോഗ്യ സംരക്ഷണവും മാർഗനിർദേശങ്ങളും ആദ്യ നിർണായക മാസങ്ങളിൽ  കുഞ്ഞിന്റെ ശാരീരികാരോഗ്യത്തെ മാത്രമല്ല, ഇരുവരുടെയും മാനസികവും വൈകാരികവുമായ ആരോഗ്യത്തെയും രൂപപ്പെടുത്തുന്നു. ഗർഭധാരണം മുതൽ കുട്ടിയുടെ രണ്ടാം ജന്മദിനം വരെ ആദ്യ  1,000 ദിവസങ്ങൾ ശാരീരിക വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും ഏറെ നിർണായകമാണ്. ഈ സമയത്ത്  അവിശ്വസനീയ വേഗത്തിൽ വളരുന്ന കുഞ്ഞിന്റെ ശരീരവും മനസ്സും  ഭാവി പഠനം, പ്രതിരോധശേഷി, സമഗ്ര ആരോഗ്യം എന്നിവയ്ക്ക്  അടിത്തറയിടുന്നു. ഈ സമയത്തെ മികച്ച പോഷകാഹാരം, സ്നേഹം, പരിചരണം, ആദ്യകാല പഠനാനുഭവങ്ങൾ എന്നിവ അവരെ ആരോഗ്യവാന്മാരും ബുദ്ധിമാന്മാരും സന്തുഷ്ടരുമായ വ്യക്തികളായി വളരാൻ സഹായിക്കും.

അതിനാല്‍  ഏതൊരു കുട്ടിയുടെയും  മാന്ത്രിക ജാലകമായ ജീവിതത്തിലെ ആദ്യ 1000 ദിവസങ്ങള്‍ക്ക് പോഷൺ അഭിയാൻ  പ്രത്യേക ഊന്നൽ നൽകുന്നു. 2025 -ലെ പോഷണ്‍ പക്ഷാചരണത്തിന്റെ പ്രമേയങ്ങളിലൂടെ മാതൃ പോഷകാഹാരത്തിന്റെ പ്രാധാന്യം, ശരിയായ മുലയൂട്ടൽ രീതികൾ, കുട്ടിക്കാലത്തെ വളർച്ച മുരടിപ്പും വിളർച്ചയും തടയുന്നതിൽ സമീകൃതാഹാരത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കാന്‍ ലക്ഷ്യമിടുന്നു.  തദ്ദേശീയ ഭക്ഷണക്രമം മെച്ചപ്പെട്ട ആരോഗ്യത്തിന് വഴിയൊരുക്കുന്ന ഗോത്ര പ്രദേശങ്ങളിലടക്കം പോഷകസമൃദ്ധമായ പരമ്പരാഗത  ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലും പരിപാടി ഊന്നൽ നൽകുന്നു.

സാങ്കേതികവിദ്യയും പാരമ്പര്യവും കണ്ടുമുട്ടുമ്പോള്‍


ഓരോ കുട്ടിയുടെയും വളർച്ചയും ഓരോ അമ്മയുടെയും ആരോഗ്യവും  അങ്കണവാടി കേന്ദ്രത്തിൽ വിളമ്പുന്ന ഭക്ഷണവും തത്സമയം പരിശോധിക്കാനായാലോ?  പോഷകാഹാരക്കുറവിനെതിരായ പോരാട്ടത്തിൽ ഒരു കുട്ടിയും പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിച്ചാലോ? ഇത് ഇനി ഒരിക്കലും ഒരു സാധ്യത മാത്രമല്ല, മറിച്ച്  പോഷണ്‍ ട്രാക്കര്‍ എന്ന സാങ്കേതിക സംവിധാനത്തിന്റെ യാഥാർത്ഥ്യമാണ്.

2021 മാർച്ച് 1-ന് തുടക്കംകുറിച്ച ഈ എഐ അധിഷ്ഠിത സംവിധാനം സ്മാർട്ട്‌ഫോണുകൾ വഴി തത്സമയ പരിശോധന സാധ്യമാക്കിയതോടെ കെട്ടുകണക്കിന് വലിയ രജിസ്റ്ററുകൾ ഇല്ലാതാക്കുകയും ഹാജർ, വളർച്ചാ നിരീക്ഷണം, ഭക്ഷണ വിതരണം, ബാല്യകാല വിദ്യാഭ്യാസം എന്നിവയെല്ലാം സ്വന്തം വിരൽത്തുമ്പിൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അങ്കണവാടി ജീവനക്കാരെ പ്രാപ്തരാക്കുകയും ചെയ്തു. 2025 ഫെബ്രുവരി 28-ലെ കണക്കനുസരിച്ച് രാജ്യത്തെ എല്ലാ അങ്കണവാടി കേന്ദ്രങ്ങളും പോഷണ്‍ ട്രാക്കർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നത് ഈ ആപ്ലിക്കേഷന്റെ വിജയം വ്യക്തമാക്കുന്നു.   ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ, കുട്ടികൾ (0-6 വയസ്സ്) തുടങ്ങി യോഗ്യരായ ഗുണഭോക്താക്കൾക്ക് പോഷണ്‍ ട്രാക്കർ വെബ് ആപ്ലിക്കേഷൻ വഴി ആദ്യമായി സ്വയം രജിസ്റ്റർ ചെയ്യാം.


 

പോഷണ്‍ പക്ഷാചരണം 2025 വഴി കുടുംബങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ  ഗുണഭോക്താക്കൾക്ക് അവരുടെ സ്വന്തം പോഷകാഹാര പുരോഗതി നിരീക്ഷിക്കാ‍ന്‍ ആപ്പ് ലഭ്യമാകുന്നുണ്ടെന്ന്  ഉറപ്പാക്കുന്നു.

Image
 

സിഎംഎഎം വഴി  അടിസ്ഥാനതല പോഷകാഹാരക്കുറവ് പരിഹരിക്കൽ

അങ്കണവാടി ജീവനക്കാര്‍ക്ക് കമ്മ്യൂണിറ്റി-ബേസ്ഡ് മാനേജ്മെന്റ് ഓഫ് അക്യൂട്ട് മാല്‍ന്യൂട്രീഷ്യന്‍ (സിഎംഎഎം) പെരുമാറ്റച്ചട്ടം എന്ന രൂപത്തിൽ ഒരു ഏകീകൃത മാര്‍ഗനിര്‍ദേശം നല്‍കിയതുവഴി സാങ്കേതികവിദ്യ അവരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി.  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023 ഒക്ടോബറിൽ വനിതാ-ശിശു വികസന മന്ത്രാലയം  ആരംഭിച്ച സിഎംഎഎം പെരുമാറ്റച്ചട്ടം ഈരംഗത്തെ ഗതിമാറ്റ ശക്തിയായി മാറി. സ്വന്തം സമൂഹത്തില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താനും റഫർ ചെയ്യാനും ചികിത്സിക്കാനും ആദ്യമായി അങ്കണവാടി ജീവനക്കാർക്ക്  ഒരു ഘടനാപരമായ സമീപനം ഇതുവഴി ലഭിച്ചു.

2025 -ലെ പോഷണ്‍ പക്ഷാചരണത്തിൽ ഈ പെരുമാറ്റച്ചട്ടം പ്രാധാന്യമേറിയതായി മാറുന്നു.‌ ഓരോ അങ്കണവാടിയെയും  മുൻനിര പോഷകാഹാര ക്ലിനിക്കാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പതിവ് ഭക്ഷ്യ പരിശോധനകളും  സമയബന്ധിത  റഫറലുകളും വഴി ഓരോ കുട്ടിക്കും കൂടുതൽ ശക്തരാകാൻ അവസരമൊരുക്കുന്നു. സമൂഹങ്ങളെ സംവേദനക്ഷമമാക്കുകയും കുടുംബങ്ങള്‍ക്ക് അറിവുപകരുകയും ചെയ്തുകൊൊണ്ട്   പോഷണ്‍ ട്രാക്കറില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ നയരൂപീകരണത്തെ കൃത്യമായി മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്നു.  

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ബാല്യകാല അമിതവണ്ണത്തിനെതിരായ പോരാട്ടം


 

പോഷകാഹാരക്കുറവ്  കുട്ടികളിലെ ഭാരക്കുറവിന് മാത്രമല്ല,  അമിതഭാരത്തിനും കാരണമാകുന്നു.  ഇന്ത്യ  പോഷകാഹാരക്കുറവിനെതിരായ പോരാട്ടം തുടരുമ്പോൾ വളർന്നുവരുന്ന മറ്റൊരു വെല്ലുവിളിയാണ്  ബാല്യകാല അമിതവണ്ണം. ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഊർജസാന്ദ്രതയേറിയതും  സൂക്ഷ്മ പോഷകങ്ങൾ കുറഞ്ഞതുമായി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇന്ന് കുട്ടികളില്‍  വർധിച്ചുവരുന്നു.

ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) - 5 (2019-21) പ്രകാരം ദേശീയ തലത്തിൽ 5 വയസ്സിന് താഴെ പ്രായക്കാരായ കുട്ടികളുടെ അമിതഭാരം  2015-16-ലെ  (എന്‍എഫ്എച്ച്എസ് -4)  2.1 ശതമാനത്തില്‍നിന്ന്  2019-21-ൽ 3.4% ആയി വർധിച്ചു.

രാജ്യത്തെ സ്കൂളുകളിൽ ഉയര്‍ന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങളുടെ (എച്ച്എഫ്എസ്എസ്) ഉപഭോഗം അഭിസംബോധന ചെയ്യുന്നതിനും  ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ പ്രോത്സാഹനത്തിനുമായി  വനിതാ-ശിശു വികസന മന്ത്രാലയം 2015 ൽ ഒരു പ്രവര്‍ത്തകസമിതിയ്ക്ക് രൂപം നല്‍കി. ഈ സമിതിയുടെ ശിപാര്‍ശകൾ ഇവയായിരുന്നു:

  • സ്കൂൾ കാന്റീനുകളിൽ എല്ലാ എച്ച് എഫ് എസ് എസ് ഭക്ഷണങ്ങളുടെയും വിൽപ്പന നിരോധിക്കുകയും സ്കൂൾ സമയത്ത്  200 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ കച്ചവടക്കാരുടെ വിൽപ്പന നിയന്ത്രിക്കുകയും ചെയ്യുക.
  • സ്കൂൾ കാന്റീനുകളിൽ എപ്പോഴും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ ഹരിത ഭക്ഷണങ്ങള്‍ ലഭ്യമാക്കുക.  സ്കൂൾ കാന്റീനുകളിൽ മധുരപലഹാരങ്ങളും വറുത്ത ഭക്ഷണങ്ങളുമടക്കം  ഓറഞ്ച് വിഭാഗത്തിലെ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.
  • സ്കൂൾ കാന്റീനുകളിൽ ഹൈഡ്രജനേറ്റഡ് എണ്ണകളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കുക.
  • സ്കൂളുകളിൽ ശാരീരിക വ്യായാമ പ്രവര്‍ത്തനങ്ങള്‍ നിർബന്ധമാക്കുക.

2012 ഏപ്രിൽ 12-ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറപ്പെടുവിച്ച നിര്‍ദേശത്തില്‍  ജങ്ക്/ഫാസ്റ്റ് ഫുഡ് പൂര്‍ണമായും മാറ്റി പകരം ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ  ലഭ്യമാക്കണമെന്ന്  സ്കൂളുകൾക്ക് നിർദേശം നൽകി. കാർബണേറ്റഡ് ശീതള പാനീയങ്ങൾക്ക് പകരം ജ്യൂസുകളും പാലുൽപ്പന്നങ്ങളും (ലസ്സി, ചാച്ച്, ഫ്ലേവർഡ് മിൽക്ക് മുതലായവ) ഉപയോഗിക്കണമെന്നും സർക്കുലർ നിർദേശിച്ചു.

ഉപസംഹാരം

2025 -ലെ പോഷണ്‍ പക്ഷാചരണം കേവലം ബോധവല്‍ക്കരണ പ്രചാരണമല്ല. മറിച്ച്,   പോഷകാഹാരത്തിനൊപ്പം ഒരമ്മ, ഒരു കുട്ടി, ഒരു സമയം ഒരു ഭക്ഷണം എന്നതിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുന്ന ഒരു  പ്രസ്ഥാനമാണ്. പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചും അങ്കണവാടി ജീവനക്കാരെ ശാക്തീകരിച്ചും സമൂഹങ്ങളുടെ ഉള്‍ച്ചേര്‍ക്കലിലൂടെ  ആരോഗ്യകരവും ശക്തവുമായ  തലമുറയിലേക്ക് ഇന്ത്യ ധീരമായ ചുവടുകൾ വെയ്ക്കുകയാണ്.

എന്നാൽ യഥാർത്ഥ മാറ്റത്തിന്റെ തുടക്കം നിങ്ങളിൽ നിന്നാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കുന്നതോ ചുറ്റുമുള്ളവരെ പഠിപ്പിക്കുന്നതോ  യോഗ്യരായ എല്ലാ ഗുണഭോക്താക്കളെയും പോഷണ്‍  ട്രാക്കറിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതോ തുടങ്ങി ഓരോ പ്രവൃത്തിയും പ്രധാനമാണ്. ഈ പോഷണ്‍‍ പക്ഷാചരണത്തില്‍  പോഷകാഹാര പരിഹാരങ്ങളുടെ ഭാഗമാകാൻ നമുക്കും പ്രതിജ്ഞയെടുക്കാം - കാരണം പോഷണമാര്‍ന്ന ഇന്ത്യയാണ് ശക്തമായ ഇന്ത്യ!
 
അവലംബം: 

 

*********************

(Release ID: 2121753) Visitor Counter : 39