പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അംബേദ്കർ ജയന്തി ദിനത്തിൽ (ഏപ്രിൽ 14 ന്) പ്രധാനമന്ത്രി ഹരിയാന സന്ദർശിക്കും


ഹിസാറിൽനിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടലും നിർവഹിക്കും

ദീനബന്ധു ഛോട്ടു റാം താപവൈദ്യുത നിലയത്തിന്റെ 800 മെഗാവാട്ട് ശേഷിയുള്ള ആധുനിക താപവൈദ്യുത യൂണിറ്റിനും യമുനനഗറിൽ
കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും

ഭാരത് മാല പരിയോജനയ്ക്ക് കീഴിലുള്ള റെവാരി ബൈപാസ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 12 APR 2025 4:48PM by PIB Thiruvananthpuram

ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാന സന്ദർശിക്കും.  ഹിസാറിലെത്തുന്ന അദ്ദേഹം, രാവിലെ 10.15 ന് ഹിസാറിൽ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടുകയും ചെയ്യും. കൂടാതെ, പൊതുയോഗത്തെയും ശ്രീ മോദി അഭിസംബോധന ചെയ്യും.

തുടർന്ന്, ഉച്ചയ്ക്ക് 12.30ന് അദ്ദേഹം യമുനനഗറിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും ശിലാ സ്ഥാപനവും  നിർവഹിക്കും. തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യും.

വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്ന ചെലവിലും എല്ലാവർക്കും പ്രാപ്യവുമാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹിസാറിലെ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിൽ 410 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. അത്യാധുനിക പാസഞ്ചർ ടെർമിനൽ, കാർഗോ ടെർമിനൽ, എടിസി കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടും. ഹിസാറിൽനിന്ന് അയോധ്യയിലേക്കുള്ള പ്രഥമ വിമാനസർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഹിസാറിൽ നിന്ന് അയോധ്യയിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങളും ജമ്മു, അഹമ്മദാബാദ്, ജയ്പുർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ഈ വികസനം ഹരിയാനയുടെ വ്യോമ ഗതാഗത മേഖലയിൽ നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കും.
മേഖലയിലെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി, യമുനനഗറിൽ ദീൻബന്ധു ഛോട്ടു റാം താപവൈദ്യുത നിലയത്തിന്റെ 800 മെഗാവാട്ട്  ശേഷിയുള്ള ആധുനിക താപവൈദ്യുത യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും.  233 ഏക്കറിലായി ഏകദേശം 8470 കോടി രൂപ മൂല്യമുള്ള ഈ യൂണിറ്റ്, ഹരിയാനയുടെ ഊർജ സ്വയംപര്യാപ്തത ഗണ്യമായി വർദ്ധിപ്പിക്കുകയും സംസ്ഥാനത്തുടനീളം  വൈദ്യുതിവിതരണം  സുഗമമാക്കുകയും ചെയ്യും.

ഗോബർധൻ- ഗാൽവനൈസിങ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ പദ്ധതിയുടെ ഭാഗമായി  യമുനനഗറിലെ മുഖറാബ്പുരിൽ 2600 മെട്രിക് ടൺ വാർഷിക ഉൽപ്പാദന ശേഷിയുള്ള  കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് സംശുദ്ധ ഊർജത്തിന്റെ ഉൽപ്പാദനത്തിനും പരിസ്ഥിതിസംരക്ഷണത്തിനും സംഭാവന നൽകുന്നതിനൊപ്പം ഫലപ്രദമായ ജൈവമാലിന്യ സംസ്കരണത്തിന് സഹായിക്കുകയും ചെയ്യും.

ഭാരത് മാല പരിയോജനയ്ക്ക് കീഴിൽ ഏകദേശം 1070 കോടി രൂപ ചെലവിൽ നിർമിച്ച 14.4 കിലോമീറ്റർ നീളമുള്ള റെവാരി ബൈപാസ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് റെവാരി നഗരത്തിലെ തിരക്ക് കുറയ്ക്കുകയും ഡൽഹി-നാർനോൾ യാത്രാ സമയം ഏകദേശം ഒരു മണിക്കൂർ കുറയ്ക്കുകയും മേഖലയിലെ സാമ്പത്തിക- സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.

 

-SK-


(Release ID: 2121290) Visitor Counter : 32