കൃഷി മന്ത്രാലയം
azadi ka amrit mahotsav

കാഠ്മണ്ഡുവില്‍ നടന്ന മൂന്നാമത് ബിംസ്‌റ്റെക് കൃഷി മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ത്യയെ നയിച്ചു

ബിംസ്‌റ്റെക് അംഗരാജ്യങ്ങളോട് വേവ്‌സ് 2025ല്‍ പങ്കെടുക്കാന്‍ ശ്രീ ചൗഹാന്‍ അഭ്യര്‍ത്ഥിച്ചു

Posted On: 09 APR 2025 2:33PM by PIB Thiruvananthpuram

നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഇന്നു നടന്ന ബിംസ്റ്റെക് കൃഷി മന്ത്രമാരുടെ യോഗത്തില്‍ (BAMM) കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ത്യയെ നയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നീ ബിംസ്റ്റെക് രാജ്യങ്ങളിലെ കൃഷി മന്ത്രിമാരും മുതിര്‍ന്ന കാര്‍ഷിക ഉദ്യോഗസ്ഥരും ഏകദിന പരിപാടിയില്‍ പങ്കെടുത്തു. കാര്‍ഷിക വികസന മേഖലയില്‍ കൂടുതല്‍ പ്രാദേശിക സഹകരണത്തിന് ഈ യോഗം അവസരമൊരുക്കി.



ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലെ പ്രാദേശിക വികസനം, കണക്ടിവിറ്റി, സാമ്പത്തിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന വേദിയായി കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ബിംസ്റ്റെക് ഉയര്‍ന്നുവന്നിട്ടുണ്ട്. ' കൃഷിയും ഭക്ഷ്യസുരക്ഷയും' എന്നതു ബിംസ്റ്റെക് സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ ഒന്നാണ്. പ്രാദേശിക കാര്‍ഷിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന വേദിയായ BAMM-ൻറെ മൂന്നാമത്തെ യോഗമായിരുന്നു ഇത്. ആദ്യ BAMM 2019 ജൂലൈ 12ന് മ്യാന്‍മറില്‍ നടന്നു, തുടര്‍ന്ന് രണ്ടാമത്തെത് 2022 നവംബര്‍ 10ന് ഇന്ത്യയിലായിരുന്നു. മൂന്നാമത്തെ BAMM-ൽ മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തലിലെ സഹകരണം ഉള്‍പ്പടെ ബിംസ്റ്റേക് കാര്‍ഷിക മേഖലയ്ക്ക് ആക്കം കൂട്ടുന്നതിനുള്ള വഴികളും മാര്‍ഗ്ഗങ്ങളും കൃഷി മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.


' അയല്‍ക്കാര്‍ ആദ്യം', 'കിഴക്കിന് മുന്‍ഗനണ  ' (Neighbourhood First, Act East Policy) എന്നീ പ്രധാന വിദേശ മുന്‍ഗണനാ നയങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണ് ബിംസ്റ്റെക്കെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ദക്ഷിണേഷ്യയെയും തെക്കുകിഴക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളാണ് ബിംസ്റ്റെക്കിനുള്ളത്. നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്ന ഒരു പൊതു ചരിത്രവും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നമുക്കുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, കര്‍ഷകര്‍ക്കു നേരിട്ടു പണം കൈമാറ്റം, സ്ഥാപനങ്ങള്‍ വഴിയുള്ള വായ്പാ ലഭ്യത മെച്ചപ്പെടുത്തല്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ദേശീയ ഭക്ഷ്യ സുരക്ഷാ ദൗത്യം, വിള ഇന്‍ഷുറന്‍സ്, ഡ്രോണുകള്‍ നല്‍കുന്നതിനുള്ള നമോ ഡ്രോണ്‍ ദീദി (Namo Drone Didi) പദ്ധതി തുടങ്ങിയ ലക്ഷ്യബോധമുള്ള നടപടികള്‍ ഇന്ത്യ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിലും മണ്ണിന്റെ ആരോഗ്യത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് ജൈവകൃഷിയും പ്രകൃതിദത്ത കൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.



ബിംസ്റ്റെക്കിനുള്ളില്‍ കാര്‍ഷിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിക്കുകയും ബിംസ്റ്റെക് കാര്‍ഷിക സഹകരണത്തിന് (2023-2027) കീഴില്‍ വിത്ത് വികസനം, മൃഗാരോഗ്യം, കീട നിയന്ത്രണം എന്നീ മേഖലകളില്‍ ശില്‍പ്പശാലകളും പരിശീലനങ്ങളും സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ മുന്‍കൈയ്യെടുക്കുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ബിംസ്റ്റെക് അംഗരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ എം.എസ്‌സി, പിഎച്ച്.ഡി പഠനത്തിന് പൂര്‍ണ്ണ ധനസഹായത്തോടെയുള്ള ബിംസ്‌റ്റെക് സ്‌കോളര്‍ഷിപ്പുകളും ഇന്ത്യ നല്‍കുന്നുണ്ട്. ഈ പ്രദേശത്തെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നു.



ബിംസ്റ്റെക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ' ഇന്ത്യയില്‍ കാര്‍ഷിക സഹകരണത്തിനുള്ള ബിംസ്റ്റെക് മികവിന്റെ കേന്ദ്രം' സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. കൃഷി, അനുബന്ധ മേഖലകളില്‍ ബിംസ്‌റ്റെക്കിന്റെ വിവിധ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും ഈ കേന്ദ്രം ഒരു പ്രധാന പങ്കു വഹിക്കും. സമയോചിതമായ കൃഷി, കലാവസ്ഥാ വ്യതിയാന അപകട സാദ്ധ്യത ലഘൂകരിക്കല്‍, പ്രകൃതിദത്ത കൃഷി, ലിംഗസമത്വം, നിര്‍മ്മിതബുദ്ധി എന്നിവയില്‍ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. മേഖലയിലെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര ലഭ്യത, ഉപജീവനം എന്നിവ ഉറപ്പാക്കുന്നതിന് ഡ്രോണുകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പടെ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനുള്ള ഒരു വേദിയായും ഇതു പ്രവര്‍ത്തിക്കും.

വിനോദം, സര്‍ഗ്ഗാത്മകത, സംസ്‌കാരം എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി-2025 നടത്തുമെന്ന് 2024 ഡിസംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്ന കാര്യം ശ്രീ ചൗഹാന്‍ പങ്കുവെച്ചു. ഈ ആഗോള ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കും സാങ്കേതിക നവീകരണത്തിനും വേണ്ടിയുള്ള ഒരു പ്രധാന വേദിയായി മാറുകയും അറിവു കൈമാറ്റം സുഗമമാക്കുകയും ലോകമെമ്പാടുമുള്ള മാധ്യമ, വിനോദ വ്യവസായ പ്രമുഖരുമായി വിവിധ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സഹകരണത്തില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുകയും ചെയ്യും. 2025 മേയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കുന്ന ഈ മെഗാ പരിപാടിയില്‍ പങ്കെടുക്കാന്‍ ബിംസ്റ്റെക് അംഗ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ബിംസ്റ്റെക് കാര്‍ഷിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതി (2023-2027) ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആറാമതു ബിംസ്റ്റെക് ഉച്ചകോടിയില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം ബിംസ്‌റ്റെക് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. മത്സ്യബന്ധനത്തിലും കന്നുകാലി പരിപാലനത്തിലും സുസ്ഥിര വികസനത്തിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര കൃഷി എന്നിവ ഉറപ്പാക്കുന്നിനുള്ള നമ്മുടെ ശ്രമങ്ങളില്‍ ബിംസ്റ്റെക് മുഖ്യ കേന്ദ്രമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടും ഈ ശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബന്ധത ആവര്‍ത്തിച്ചുകൊണ്ടുമായിരുന്നു അദ്ദേഹം ഉപസംഹരിച്ചത്.

 

*****

(Release ID: 2120585) Visitor Counter : 29