Posted On:
09 APR 2025 1:31PM by PIB Thiruvananthpuram
പോർച്ചുഗൽ സന്ദർശനത്തിന്റെ സമാപന ദിവസം (2025 ഏപ്രിൽ 8) രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ലിസ്ബണിൽ പോർച്ചുഗീസ് പാർലമെന്റ് (അസംബ്ലിയ ഡ റിപ്പബ്ലിക) പ്രസിഡന്റ് ജോസ് പെഡ്രോ അഗ്യുയർ-ബ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെയും പോർച്ചുഗലിന്റെയും പാർലമെന്റുകൾ തമ്മിലുള്ള പതിവ് ആശയ കൈമാറ്റം ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ലിസ്ബണിൽ പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായുംശ്രീമതി ദ്രൗപദി മുർമു കൂടിക്കാഴ്ച നടത്തി. മുന്നോട്ടുള്ള പാതയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, വാണിജ്യം, പ്രതിരോധം, ശാസ്ത്ര സാങ്കേതിക വിദ്യ, ഊർജ്ജം തുടങ്ങിയ നിരവധി മേഖലകളിൽ സഹകരണത്തിന് കൂടുതൽ സാധ്യതകൾ ഉണ്ടെന്ന് അവർ നിരീക്ഷിച്ചു
ഇന്നലെ (ഏപ്രിൽ 8, 2025), രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയ്‌ക്കൊപ്പം ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷൻ സന്ദർശിക്കുകയും ന്യൂറോ സയൻസ്, ഓങ്കോളജി, പരീക്ഷണാത്മക ക്ലിനിക്കൽ ഗവേഷണം, ഓട്ടോമേറ്റഡ് മെഡിസിൻ വിതരണം തുടങ്ങിയ മേഖലകളിലെ വിവിധ ഗവേഷണ വികസന സംരംഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.ഈ ഫൗണ്ടേഷനിലും പോർച്ചുഗലിലുടനീളമുള്ള മറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ ഗവേഷകരുമായും പ്രഗത്ഭരുമായും രാഷ്ട്രപതി സജീവമായ ആശയവിനിമയം നടത്തി. നൂതന സാങ്കേതികവിദ്യകളിലും ശാസ്ത്ര ഗവേഷണത്തിലും ഇന്ത്യ-പോർച്ചുഗൽ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ അക്കാദമിക വിദഗ്ധരുടെ പങ്കിനെ അവർ അഭിനന്ദിച്ചു.
ഒരു അത്യാധുനിക മെഡിക്കൽ, ശാസ്ത്ര, സാങ്കേതിക സ്ഥാപനമാണ് ഷാമ്പലിമോഡ് സെന്റർ ഫോർ ദി അൺനോൺ. അവിടെ വിവിധ മേഖലകളിൽ പ്രായോഗിക ഗവേഷണ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പരിപാടികൾക്കും, ക്ലിനിക്കൽ പരിചരണത്തിനുള്ള നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും ഊന്നൽ നൽകുന്നു.
പിന്നീട്, രാഷ്ട്രപതി ലിസ്ബണിൽ മഹാത്മാഗാന്ധി, കസ്തൂർബ ഗാന്ധി എന്നിവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കൂടാതെ രാഷ്‌ട്രപതി ശ്രീമതി മുർമു, രാധ-കൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
ലിസ്ബണിലെ ഈ സന്ദർശനവേളയിലെ അവസാന പരിപാടിയിൽ, പോർച്ചുഗലിലെ ഇന്ത്യൻ അംബാസഡർ സംഘടിപ്പിച്ച സ്വീകരണത്തിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്തു. കേന്ദ്ര സഹമന്ത്രി ശ്രീമതി നിമുബെൻ ജയന്തിഭായ് ബംഭാനിയ, പാർലമെന്റ് അംഗങ്ങളായ ശ്രീ ധവൽ പട്ടേൽ, ശ്രീമതി സന്ധ്യ റേ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ,പോർച്ചുഗലിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമായി ലിസ്ബണിലെത്തിയ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തെ രാഷ്‌ട്രപതി എടുത്തു പറഞ്ഞു.ഇന്ത്യയുടെ പല ഭാഗങ്ങളെയും വ്യത്യസ്ത സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന അവർ ഇന്ത്യയുടെ വൈവിധ്യത്തെ മാത്രമല്ല, രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവായ മൂല്യങ്ങൾ-ജനാധിപത്യം, ബഹുസ്വരത, സാഹോദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന്റെ, പോർച്ചുഗലിനുള്ള സംഭാവനകളും ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും ഈ പ്രവാസികളെ നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ അംബാസഡർമാരാക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തിലൂടെ അവർ വിജയവും നേട്ടങ്ങളും കൈവരിക്കുന്നതിലും അതിലൂടെ രാജ്യത്തിന് അഭിമാനമാകുന്നതിലും രാഷ്‌ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളെ സ്വാഗതം ചെയ്തതിനും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിനും പോർച്ചുഗൽ ഗവണ്മെന്റിനും ജനങ്ങൾക്കും രാഷ്‌ട്രപതി നന്ദി പറഞ്ഞു.
പ്രവാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഇന്ത്യൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ പിന്തുണയ്ക്കാൻ ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പ്രവാസികൾ എവിടെയായിരുന്നാലും അവരുടെ മാതൃരാജ്യം എപ്പോഴും അവരോടൊപ്പമുണ്ട് എന്നും അതിനാൽ വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരെയും സഹായിക്കാൻ ഇന്ത്യൻ എംബസികൾ തയ്യാറാണെന്നും ശ്രീമതി മുർമു പോർച്ചുഗലിലെ ഇന്ത്യൻ പ്രവാസികളോട് പറഞ്ഞു.
പൗര സ്വീകരണ പരിപാടിക്ക് ശേഷം, രാഷ്ട്രപതി സ്ലോവാക് റിപ്പബ്ലിക്കിലേക്ക് പോയി.