ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നിര്‍മിതബുദ്ധി പുതിയ വ്യാവസായിക വിപ്ലവമെന്ന് കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്; ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുമായി എഐ സംയോജിപ്പിക്കുന്നത് സംബന്ധിച്ച് ആശയങ്ങൾ പങ്കിടാൻ ആഹ്വാനം
ആധാർ നിരവധി സംരംഭങ്ങളുടെ ആധാരവും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാതലും: കേന്ദ്രമന്ത്രി
Posted On:
08 APR 2025 7:03PM by PIB Thiruvananthpuram
ആധാർ അധിഷ്ഠിത സേവന വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആശയങ്ങൾ പങ്കുവെയ്ക്കാന്‍ കേന്ദ്ര സർക്കാർ വകുപ്പുകളും സംസ്ഥാനങ്ങളും ഉൾപ്പെടെ ആധാര്‍ ആവാസവ്യസസ്ഥയിലെ പങ്കാളികളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഏകദിന സംഗമം നടത്തി.
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'ആധാർ സംവാദ്' പരിപാടിയിൽ ഏകദേശം 750 മുതിർന്ന നയരൂപകർത്താക്കളും വിദഗ്ധരും സാങ്കേതിക വിദഗ്ധരും മേഖലയിലെ നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു.
ആധാർ ഒന്നിലേറെ സംരംഭങ്ങളുടെ അടിത്തറ
നിര്‍മിതബുദ്ധി എങ്ങനെ പുതിയൊരു വ്യാവസായിക വിപ്ലവം പോലെയാകുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ആധാർ നിരവധി സംരംഭങ്ങളുടെ ആധാരമാണെന്നും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ കാതലാണെന്നും അദ്ദേഹം പറഞ്ഞു. വളർച്ച കൂടുതൽ മുന്നോട്ടു നയിക്കുന്നതിന് ഡിപിഐകളുമായി എഐ എങ്ങനെ സംയോജിപ്പിക്കാമെന്നത് സംബന്ധിച്ച് ആശയങ്ങൾ പങ്കുവെക്കാൻ അദ്ദേഹം പങ്കാളികളോട് ആവശ്യപ്പെട്ടു. ഇതെല്ലാം സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിത സൗകര്യങ്ങൾ കൂടുതല്‍ സുഗമമാക്കുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയലിന്റെ ഉദാഹരണവും അത് എങ്ങനെ ഒരു പ്രാപ്യമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഉള്‍ച്ചേര്‍ക്കല്‍ വേഗത്തിലാക്കാനും സാമ്പത്തിക വളർച്ചയെ സഹായിക്കാനും ആധാർ സഹായിക്കുന്നുവെന്ന് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി ശ്രീ എസ് കൃഷ്ണൻ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ആധാർ ഉപയോഗം വിപുലീകരിക്കാൻ സഹായിച്ചതിന് യുഐഡിഎഐയെ അഭിനന്ദിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് പറഞ്ഞു.
ഡിപിഐകളുടെ വികാസത്തിൽ ആധാറിന്റെ പങ്കിനെക്കുറിച്ച് യുഐഡിഎഐ ചെയർമാൻ ശ്രീ നീലകണ്ഠ മിശ്ര സംസാരിച്ചു.
ആധാർ സംവാദ പരമ്പരയെക്കുറിച്ച്
ആധാർ സംവാദ പരമ്പരയിലെ മൂന്നാം പതിപ്പാണിത്. 2024 നവംബറിൽ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആദ്യപതിപ്പില്‍ ഡിജിറ്റൽ സ്വത്വ മേഖലയിൽ ഉൾപ്പെട്ട വ്യവസായങ്ങളിലും സാങ്കേതികവിദ്യകളിലുമാണ് യുഐഡിഎഐ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2025 ജനുവരിയിൽ മുംബൈയിൽ നടന്ന രണ്ടാം പതിപ്പ് ബിഎഫ്എസ്ഐ, ഫിൻടെക്, ടെലികോം മേഖലകളെ ഒരുമിച്ചുകൊണ്ടുവരുന്ന ഫിൻടെക് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡൽഹിയിൽ നടന്ന മൂന്നാം പതിപ്പിൽ നൂതനാശയം, ഉൾച്ചേര്‍ക്കല്‍, സംയോജനം എന്നിവയിലൂന്നി ഭരണനിര്‍വഹണം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നതിനും ആധാർ എങ്ങനെ കൂടുതൽ സഹായകമാകുമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
സേവനലഭ്യതയില്‍ എത്രത്തോളം വിവരങ്ങൾ പങ്കിടണമെന്നതിൽ ജനങ്ങള്‍ക്ക് കൂടുതൽ നിയന്ത്രണം അനുവദിക്കുന്ന സാൻഡ്‌ബോക്‌സ് ഉള്‍പ്പെടെ വരാനിരിക്കുന്ന പുതിയ മൊബൈൽ ആപ്പുകളും ചില പുതിയ ഉൽപ്പന്ന മാതൃകകളും യുഐഡിഎഐ പ്രദർശിപ്പിച്ചു.
ആധാർ ഉടമകൾക്ക് സേവനങ്ങൾ ലഭിക്കുമ്പോൾ ആവശ്യമായ വിവരങ്ങള്‍ മാത്രം പങ്കിടാൻ അധികാരം നൽകുന്ന പുതിയ ആധാർ ആപ്പ് യുഐഡിഎഐയുടെ സാങ്കേതിക കേന്ദ്രം പ്രദർശിപ്പിച്ചു. ഇത് ആധാർ ഉടമകൾക്ക് സ്വകാര്യ വിവരങ്ങളിൽ പൂർണ്ണ നിയന്ത്രണം നൽകും.
ആപ്പിലെ പ്രധാന കണ്ടെത്തലായ ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയലിന്റെ സംയോജനം വിവിധ മേഖലകളിൽ അതിവേഗം സ്വീകരിക്കപ്പെടുകയും പ്രതിമാസം 15 കോടിയിലധികം ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.
ആധാർ സംവാദ് പരിപാടിയിൽ രജിസ്റ്റർ ചെയ്ത പങ്കാളികളുൾപ്പെടെ ഒരു ചെറിയ വിഭാഗം ഉപയോക്താക്കൾക്കായി ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ആപ്ലിക്കേഷനാണിത്. ഉപയോക്താക്കളിൽ നിന്നും ആവാസവ്യവസ്ഥയിലെ മറ്റ് പങ്കാളികളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ യുഐഡിഎഐ മറ്റുള്ളവര്‍ക്കും ഉടൻ ആപ്പ് ലഭ്യമാക്കും.
*****
(Release ID: 2120279)
Visitor Counter : 27