ആഭ്യന്തരകാര്യ മന്ത്രാലയം
സാമ്പത്തിക വർഷം 2024-25 മുതൽ 2028-29 വരെ “വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം-II (VVP-II)”ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
04 APR 2025 3:12PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, “വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -II (VVP-II)” ഒരു കേന്ദ്ര പദ്ധതിയായി (100% കേന്ദ്ര ധനസഹായം) അംഗീകരിച്ചു. 'സുരക്ഷിതവും, സംരക്ഷിതവും, ഊർജസ്വലവുമായ ഭൂ അതിർത്തികൾ' എന്ന വിക്സിത് ഭാരത് @2047 ന്റെ കാഴ്ചപ്പാടിനോടുള്ള പ്രതിജ്ഞാബദ്ധത ഇത് വർദ്ധിപ്പിക്കുന്നു. VVP-I-ൽ ഉൾപ്പെടുത്തിയിട്ടുള്ള വടക്കൻ അതിർത്തി ഒഴികെ, അന്താരാഷ്ട്ര കര അതിർത്തികളോട് (ILB) ചേർന്നുള്ള ബ്ലോക്കുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഈ പരിപാടി സഹായിക്കും.
6,839 കോടി രൂപയുടെ മൊത്തം അടങ്കലിൽ, 2028-29 സാമ്പത്തിക വർഷം വരെ അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ (UT), ലഡാക്ക് (UT), മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുത്ത തന്ത്രപ്രധാന ഗ്രാമങ്ങളിൽ ഈ പരിപാടി നടപ്പിലാക്കും.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും മതിയായ ഉപജീവന അവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ സമൃദ്ധവും സുരക്ഷിതവുമായ അതിർത്തികൾ ഉറപ്പാക്കുക, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക, അതിർത്തിയിലെ ജനങ്ങളെ രാജ്യവുമായി ഇണക്കിച്ചേർക്കുക, ആഭ്യന്തര സുരക്ഷയ്ക്ക് നിർണായകമായ ‘അതിർത്തി കാവൽ സേനയുടെ കണ്ണുകളും കാതുകളു’മായി അവരെ പരിശീലിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഗ്രാമത്തിലെ അടിസ്ഥാനസൗകര്യ വികസനം, സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിലൂടെ മൂല്യശൃംഖല വികസനം, അതിർത്തികൾക്കായുള്ള നിർദിഷ്ട പ്രവർത്തനങ്ങൾ, സ്മാർട്ട് ക്ലാസുകൾ പോലുള്ള വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ, വിനോദസഞ്ചാര സർക്യൂട്ടുകളുടെ വികസനം, അതിർത്തിപ്രദേശങ്ങളിൽ വൈവിധ്യമാർന്നതും സുസ്ഥിരവുമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവൃത്തികൾ/പദ്ധതികൾ എന്നിവയ്ക്കായി ഈ പരിപാടി ധനസഹായം നൽകും.
സഹകരണ സമീപനത്തിൽ തയ്യാറാക്കിയ ഗ്രാമീണ കർമപദ്ധതികൾ അടിസ്ഥാനമാക്കി, അതിർത്തികൾക്കനുസൃതമായും, സംസ്ഥാനത്തിനും ഗ്രാമത്തിനും പ്രത്യേകമായും ഇടപെടലുകൾ നടത്തും.
ഈ ഗ്രാമങ്ങൾക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് കണക്റ്റിവിറ്റി, MORD യുടെ കീഴിൽ ഇതിനകം അംഗീകരിച്ച PMGSY-IV പ്രകാരം ഏറ്റെടുക്കും. അതിർത്തിപ്രദേശങ്ങളിൽ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ഉചിതമായ ഇളവുകൾ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിഗണിക്കും.
പദ്ധതിമാനദണ്ഡങ്ങൾ പ്രകാരം സംയോജനത്തിന് കീഴിലുള്ള തിരിച്ചറിഞ്ഞ ഗ്രാമങ്ങളിലെ നിലവിലുള്ള വ്യക്തിഗത-ഗാർഹികതല ക്ഷേമ പദ്ധതികളിൽ പരിപൂർണ കൈവരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിലവിലുള്ള പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം സംയോജനത്തിലൂടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് കണക്റ്റിവിറ്റി, ടെലികോം കണക്റ്റിവിറ്റി, ടെലിവിഷൻ കണക്റ്റിവിറ്റി, വൈദ്യുതീകരണം എന്നിങ്ങനെ 4 വിഷയാധിഷ്ഠിത മേഖലകളിലെ അത്തരം ബ്ലോക്കുകളിലെ എല്ലാ ഗ്രാമങ്ങളെയും പൂരിതമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
മേളകൾ, ഉത്സവങ്ങൾ, ബോധവൽക്കരണ യജ്ഞങ്ങൾ, ദേശീയ ദിനാഘോഷം, മന്ത്രിമാർ, കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പതിവ് സന്ദർശനങ്ങൾ, അത്തരം ഗ്രാമങ്ങളിൽ രാത്രിതാമസം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്, ഈ ഗ്രാമങ്ങളിലെ ഊർജസ്വലത വർദ്ധിപ്പിക്കുന്നതിന് ഈ പരിപാടി ഊന്നൽ നൽകുന്നു. ഇത് വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുകയും ഈ ഗ്രാമങ്ങളുടെ പ്രാദേശിക സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും പിഎം ഗതി ശക്തി പോലുള്ള വിവര ഡേറ്റാബേസുകൾ ഉപയോഗിക്കുകയും ചെയ്യും.
അതിർത്തി ഗ്രാമങ്ങളെ സ്വയംപര്യാപ്തവും ഊർജസ്വലവുമാക്കുന്നതിനുള്ള പരിവർത്തനാത്മക സംരംഭമാണ് VVP-II-ഉം VVP-Iഉം.
***
NK
(Release ID: 2118842)
Visitor Counter : 12