ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിന്റെ അഞ്ചുവർഷങ്ങൾ നവീകരണത്തിന്റെ നെയ്ത്ത്

Posted On: 27 MAR 2025 3:18PM by PIB Thiruvananthpuram

“സാങ്കേതിക തുണിത്തരങ്ങൾ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയായി മാറും”

- കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിങ്


 

സംഗ്രഹം

 

  • ഇന്ത്യയിലെ സാങ്കേതിക തുണിത്തരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിന്  (എന്‍ടിടിഎം) ടെക്സ്റ്റൈൽസ് മന്ത്രാലയം 2020-ൽ തുടക്കം കുറിച്ചു. 

  • ഗവേഷണം, വിപണി വളർച്ച, കയറ്റുമതി, നൈപുണ്യ വികസനം എന്നിവയിൽ ദൗത്യം  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയിലെ നവീകരണവും സ്റ്റാർട്ടപ്പുകളും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നു.

  • 2025-26 വരെ 1,480 കോടി രൂപ സാമ്പത്തിക നീക്കിയിരിപ്പോടെ ഇന്ത്യയെ സാങ്കേതിക തുണിത്തരരംഗത്ത് ആഗോള നേതൃത്വത്തിലേക്കുയര്‍ത്താന്‍ ദൗത്യം ലക്ഷ്യമിടുന്നു.

  • 509 കോടി രൂപയുടെ 168 ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുന്നു.

  • സാങ്കേതിക തുണിത്തരങ്ങളിൽ 50,000 വ്യക്തികളെ പരിശീലിപ്പിക്കാൻ എന്‍‍‍ടിടിഎം ലക്ഷ്യമിടുന്നു.

 

ആമുഖം

 

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സുപ്രധാനമായ രാജ്യത്തെ തുണിത്തര വ്യവസായം ആഗോളതലത്തില്‍ ചില നൂതന തുണിത്തരങ്ങൾ  നിർമിക്കുന്നു. ലോക തുണിത്തര കയറ്റുമതിയിൽ ആറാമത് വലിയ രാജ്യമായ ഇന്ത്യയ്ക്ക് ആഗോള തുണിത്തര കയറ്റുമതിയിൽ 3.9% വിഹിതമുണ്ട്. രാജ്യത്തിന്റെ ജിഡിപിയിൽ ഇത് ഏകദേശം 2% സംഭാവന ചെയ്യുന്നു. 2030-ഓടെ ഈ മേഖല 350 ബില്യൺ യുഎസ് ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നും  ആഗോള വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ വളർച്ച 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നു.  

 

പരമ്പരാഗത തുണിത്തരങ്ങൾ നിർണായകമായി തുടരുമ്പോഴും സാങ്കേതിക തുണിത്തരങ്ങളുടെ ഉയർച്ച ഈ മേഖലയെ പുനരാവിഷ്ക്കരിക്കുകയാണ്.  കാഴ്ചയെക്കാളുപരി ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത  തുണിത്തരങ്ങളാണിവ.  വ്യത്യസ്ത ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന  12 വിഭാഗങ്ങളായി ഇവയെ തരംതിരിച്ചിട്ടുണ്ട്. 

 

കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കാതെ പ്രത്യേക പ്രവർത്തനങ്ങൾക്കും പ്രകടനത്തിനുമായി  തയ്യാറാക്കിയ തുണിത്തരങ്ങളാണ് സാങ്കേതിക തുണിത്തരങ്ങള്‍. കാറുകൾ, നിർമാണം, കൃഷി, ആരോഗ്യ പരിരക്ഷ, സുരക്ഷ തുടങ്ങി വിവിധ വ്യവസായമേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ തുണിത്തരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കുന്നതിനും യന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഉല്പന്നങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്. കാറിന്റെ ഭാഗങ്ങൾ, നിർമാണ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയടക്കം ഇതിനുദാഹരണമാണ്.  

 

ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിന്റെ ചട്ടക്കൂട്

 

രാജ്യത്തെ സാങ്കേതിക തുണിത്തര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 2020-21 മുതൽ 2025-26 വരെ കാലയളവിൽ 1,480 കോടി രൂപ വകയിരുത്തിയാണ് ദേശീയ സാങ്കേതിക തുണിത്തര ദൗത്യം  (എന്‍ടിടിഎം) ആരംഭിച്ചത്. പ്രധാന മേഖലകളിൽ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയുടെ വളർച്ച വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാല് പ്രധാന ഘടകങ്ങളാണ് ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.  

 

ഘടകം 1 – ഗവേഷണം, നവീകരണം, വികസനം: സാങ്കേതിക തുണിത്തര മേഖലയില്‍ ഗവേഷണവും വികസനവും പിന്തുണയ്ക്കുകയും പുതിയ തുണിത്തരങ്ങളും നിര്‍മാണ പ്രക്രിയകളും വികസിപ്പിക്കാന്‍ നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു. 

 

ഘടകം 2 – പ്രോത്സാഹനവും വിപണി വികസനവും: വിപണി പ്രോത്സാഹനത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും രാജ്യത്ത് സാങ്കേതിക തുണിത്തരങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

 

ഘടകം 3 – കയറ്റുമതി പ്രോത്സാഹനം: പ്രത്യേക കയറ്റുമതി സമിതി രൂപീകരിച്ച് സാങ്കേതിക തുണിത്തരങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  

 

ഘടകം 4 – വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം: മികച്ച സ്ഥാപനങ്ങളിലും വ്യവസായശാലകളിലും സാങ്കേതിക തുണിത്തരങ്ങളുടെ വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, ഇന്റേൺഷിപ്പുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

 

ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിന്  (എന്‍ടിടിഎം) തുടക്കം  മുതല്‍ 517 കോടി രൂപയാണ് അനുവദിച്ചത്. സാങ്കേതിക തുണിത്തരങ്ങളിലെ ഗവേഷണം, നവീകരണം, വിപണി വികസനം, കയറ്റുമതി പ്രോത്സാഹനം, നൈപുണ്യ വികസനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കായി ഇതിനകം  393.39 കോടി രൂപ ചെലവഴിച്ചു,  ഏകദേശം 509 കോടി രൂപ ചെലവില്‍  ആകെ 168 ഗവേഷണ പദ്ധതികൾക്ക് എന്‍ടിടിഎമ്മിന് കീഴിൽ അംഗീകാരം നല്‍കി. 

 

.

എന്‍ടിടിഎം: പ്രധാന സവിശേഷതകൾ



 

മറ്റ് സംരംഭങ്ങളുമായി തുണിത്തര വ്യവസായത്തെ ശക്തിപ്പെടുത്തി എന്‍ടിടിഎം

 

നവീകരണം, നൈപുണ്യ വികസനം, തദ്ദേശീയ ഉല്പാദനം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി സംരംഭങ്ങളിലൂടെ ഇന്ത്യയുടെ തുണിത്തര മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം വഹിക്കുകയാണ് ദേശീയ സാങ്കേതിക തുണിത്തര ദൗത്യം (എന്‍ടിടിഎം).

 

സാങ്കേതിക തുണിത്തര മേഖലയിലെ ഇന്റേൺഷിപ്പ് പിന്തുണയ്ക്ക് ധനസഹായം  (ജിഐഎസ്ടി 2.0): സാങ്കേതിക തുണിത്തര രംഗത്ത് പ്രായോഗിക പഠനാവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വ്യാവസായിക -  പഠന മേഖലകള്‍ക്കിടയിലെ  വിടവ് നികത്താന്‍ എന്‍ടിടിഎമ്മിന്  കീഴിൽ ആരംഭിച്ച ജിഐഎസ്ടി 2.0 സഹായിക്കുന്നു. ഇത് പ്രാദേശിക നവീകരണത്തെ പരിപോഷിപ്പിക്കുകയും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുകയും തുണിത്തര മേഖലയിലെ വളർച്ചയ്ക്ക് യുവ പ്രതിഭകളെ ശാക്തീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


 

സാങ്കേതിക തുണിത്തര മേഖലയിലെ അഭിലഷണീയ നൂതനാശയക്കാരില്‍ ഗവേഷണത്തിനും സംരംഭകത്വത്തിനും ധനസഹായം (ഗ്രേറ്റ് പദ്ധതി): വാണിജ്യവൽക്കരണത്തിനായി പ്രാഥമിക മാതൃകകളെ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളുമാക്കി മാറ്റാന്‍  ധനസഹായം നൽകുന്നതാണ് 2023 ഓഗസ്റ്റിൽ ആരംഭിച്ച ഈ പരിപാടി. മെഡിക്കൽ, വ്യാവസായിക, സുരക്ഷാ തുണിത്തര മേഖകളിലെ നൂതനാശയങ്ങള്‍ക്ക് ഇതുവരെ 8 സ്റ്റാർട്ടപ്പുകൾക്ക്  50 ലക്ഷം രൂപ വീതം അനുവദിച്ചു. കൂടാതെ, ജിയോടെക്‌സ്റ്റൈൽസ്, ജിയോസിന്തറ്റിക്‌സ്, സ്‌പോർട്‌സ് ടെക്‌സ്റ്റൈൽസ് എന്നിവയിൽ പ്രത്യേക കോഴ്‌സുകൾ അവതരിപ്പിക്കുന്നതിന് ഐഐടി ഇൻഡോർ, എന്‍ഐടി പട്‌ന എന്നിവയടക്കം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  6.5 കോടി രൂപയും ലഭിച്ചു.

 

നൈപുണ്യ വികസന പരിപാടികൾ: സാങ്കേതിക തുണിത്തര മേഖലയിലെ വർധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബിരുദ വിദ്യാർത്ഥികൾ, അവിദഗ്ധ തൊഴിലാളികൾ, പ്രൊഫഷണലുകൾ എന്നിവരടക്കം 50,000 പേരെ പരിശീലിപ്പിക്കാൻ എന്‍ടിടിഎം ലക്ഷ്യമിടുന്നു. സിട്ര (സൗത്ത് ഇന്ത്യ ടെക്സ്റ്റൈൽസ് റിസർച്ച് അസോസിയേഷൻ), നിട്ര (നോർത്തേൺ ഇന്ത്യ ടെക്സ്റ്റൈൽസ് റിസർച്ച് അസോസിയേഷൻ), എസ്എഎസ്എംഐആർഎ (സൗത്ത് അഹമ്മദാബാദ് സിൽക്ക് മിൽ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അസോസിയേഷൻ) തുടങ്ങിയ സംഘടനകൾ മെഡിക്കൽ,  സുരക്ഷാ, മൊബൈൽ, കാർഷിക തുണിത്തര മേഖലകളില്‍ വികസിപ്പിച്ച 12 വ്യവസായ കേന്ദ്രീകൃത കോഴ്സുകളിലൂടെ ഈ സംരംഭം നൈപുണ്യ വികസനം നൽകുന്നു.

 

ടെക്നോടെക്സ് 2024: ഭാരത് ടെക്സ് 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ടെക്നോടെക്സ് 2024 ഇന്ത്യയുടെ സാങ്കേതിക തുണിത്തര മേഖലയുടെ ശക്തി പ്രദർശിപ്പിക്കുകയും ആഗോള നിക്ഷേപ അവസരങ്ങൾ കണ്ടെത്താന്‍ വേദിയൊരുക്കുകയും ചെയ്തു.  693 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ദേശീയ സാങ്കേതിക തുണിത്തര ദൗത്യത്തിന്റെ (എൻ‌ടി‌ടി‌എം) കീഴില്‍ സജ്ജീകരിച്ച നൂതനാശയ മേഖലയായിരുന്നു  പരിപാടിയുടെ സവിശേഷതകളിലൊന്ന്.  71 അത്യാധുനിക പദ്ധതികള്‍  ഉൾപ്പെടുത്തിയ ഈ പ്രത്യേക പ്രദര്‍ശനത്തില്‍ 48 എണ്ണം പ്രാഥമിക മാതൃകകളായും 23 എണ്ണം വിവരദായക പോസ്റ്ററുകളിലൂടെയുമാണ് അവതരിപ്പിച്ചത്. 


 

വിജയഗാഥകൾ

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തുണിത്തര വ്യവസായത്തിൽ സുഖസൗകര്യങ്ങളിലെയും  പ്രവർത്തനക്ഷമതയിലെയും നവീകരണം വലിയ പുരോഗതിക്ക് വഴിയൊരുക്കുന്നു.  ഐഷർ ഗുഡെർത്ത് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ബന്ധിത-ചോര്‍ച്ചാരഹിത ആര്‍ത്തവകാല അടിവസ്ത്രമായ  മഹിന ഇതിനൊരു ഉദാഹരണമാണ്. 12 മണിക്കൂർ വരെ മികച്ച ആഗിരണശേഷിയും ചോർച്ചയില്‍നിന്ന് സംരക്ഷണവും ഉറപ്പാക്കുന്ന മഹിന പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാല്‍  സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നു. പാഡുകളുടെയോ ടാംപണുകളുടെയോ ആവശ്യമില്ലാതെ 100 തവണ വരെ ഇത് കഴുകി ഉപയോഗിക്കാം.  

 

സാങ്കേതിക തുണിത്തര വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിരുദുനഗറിൽ പിഎം മിത്ര പാർക്കും സേലത്ത്  തുണിത്തര പാർക്കും സ്ഥാപിക്കുന്നതടക്കം  പ്രധാന സംരംഭങ്ങളിലൂടെ തമിഴ്‌നാട് ബജറ്റ് ഈ മേഖലയുടെ വളർച്ചയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ, സാങ്കേതിക തുണിത്തര നിക്ഷേപങ്ങളുടെ മൂലധന സബ്‌സിഡികൾ വർധിപ്പിക്കുന്ന ബജറ്റ് ചെലവ് കുറയ്ക്കാനും യന്ത്രസാമഗ്രികളുടെ നവീകരണം പ്രോത്സാഹിപ്പിക്കാനുമായി നെയ്ത്ത്  ആധുനികവൽക്കരണത്തിന്റെ സബ്‌സിഡി 2 ശതമാനത്തിൽനിന്ന്  6 ശതമാനമായി വർധിപ്പിക്കുകയും ചെയ്യുന്നു.


 

ഉപസംഹാരം

 

സാങ്കേതിക തുണിത്തര മേഖലയില്‍ ആഗോള നേതൃസ്ഥാനത്തേക്കുയരാനുള്ള ഇന്ത്യയുടെ പ്രയാണം പുരോഗമിക്കുകയാണ്. ജിഐഎസ്ടി 2.0 ഉള്‍പ്പെടെ സംരംഭങ്ങളും നൂതന സാങ്കേതികവിദ്യയും ഗവേഷണവും ചേർന്ന് ഈ കാഴ്ചപ്പാടിന് വഴിയൊരുക്കുന്നു. സാമ്പത്തിക വളർച്ചയും ആഗോള മത്സരക്ഷമതയും ഉപയോഗപ്പെടുത്തി തുടർച്ചയായ പരിശ്രമത്തിലൂടെയും നവീകരണത്തിലൂടെയും ആഗോള സാങ്കേതിക തുണിത്തര വിപണിയെ നയിക്കാനൊരുങ്ങുകയാണ് ഇന്ത്യ .

 

അവലംബം: 


 

https://nttm.texmin.gov.in/ 

https://pib.gov.in/PressReleasePage.aspx?PRID=1656237 

https://nttm.texmin.gov.in/pdf/NewsLetterAndReport/Compendium%20NTTM%202024.pdf 

https://pib.gov.in/PressReleasePage.aspx?PRID=2058715 

https://www.investindia.gov.in/siru/technical-textiles-future-textiles 

https://nttm.texmin.gov.in/pdf/NewsLetterAndReport/NTTM_Newsletter_March24040624.pdf 


(Release ID: 2117612) Visitor Counter : 4


Read this release in: English , Urdu , Hindi , Gujarati