രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ആർ‌ബി‌ഐയുടെ 90-ാം വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തു

Posted On: 01 APR 2025 12:08PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു മുംബൈയിൽ റിസർവ് ബാങ്കിന്റെ 90-ാം വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഇന്ന്(ഏപ്രിൽ 1, 2025) പങ്കെടുത്തു.
 
 കേന്ദ്ര ബാങ്ക് എന്ന നിലയിൽ ആർ ബി ഐ, ഇന്ത്യയുടെ അവിശ്വസനീയമായ വളർച്ചാഗാഥയിലെ കേന്ദ്രബിന്ദുവാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് വലിയ ദാരിദ്ര്യം അനുഭവിച്ചിരുന്ന കാലത്തുനിന്ന്,ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയ രാജ്യത്തിന്റെ സമഗ്ര യാത്രയ്ക്കും ഇത് സാക്ഷ്യം വഹിച്ചു.
 
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായി ആർ‌ബി‌ഐ ഉയർന്നുവന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പോക്കറ്റിലെ കറൻസി നോട്ടുകളിൽ പേര് അച്ചടിച്ചിരിക്കുന്നത് ഒഴികെ ഒരു സാധാരണ പുരുഷനോ സ്ത്രീക്കോ ആർ‌ബി‌ഐയുമായി നേരിട്ട് ഇടപഴകാൻ കഴിയില്ല. എന്നാൽ പരോക്ഷമായി അവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും, ബാങ്കുകളിലൂടെയും അല്ലാതെയും, ആർ‌ബി‌ഐയാണ് നിയന്ത്രിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വഭാവികമായി, ആർ ബി ഐ  മേൽനോട്ടം വഹിക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽ പൊതുജനങ്ങൾ പരമാവധി വിശ്വാസം അർപ്പിക്കുന്നു. ഒമ്പത് പതിറ്റാണ്ടുകളായി ആർ‌ബി‌ഐയുടെ ഏറ്റവും വലിയ നേട്ടം ജനങ്ങളുടെ ഈ വിശ്വാസമാണെന്ന് അവർ പറഞ്ഞു. വില സ്ഥിരത, വളർച്ച, സാമ്പത്തിക സ്ഥിരത എന്നിവയിൽ വ്യക്തമായ നിർദേശങ്ങൾ സ്ഥിരമായി നൽകുന്നതിലൂടെയാണ് ആർ‌ബി‌ഐ ഈ വിശ്വാസം നേടിയത്. കൂടാതെ, നമ്മുടെ രാജ്യത്തിന്റെ വളർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പൂരകമായി അത് തുടർച്ചയായി പ്രവർത്തിക്കുന്നു . 1990 കളിലെ സാമ്പത്തിക ഉദാരവൽക്കരണം മുതൽ കോവിഡ് -19 മഹാമാരി വെല്ലുവിളികളോടുള്ള വേഗത്തിലുള്ള പ്രതികരണങ്ങൾ വരെയുള്ള പ്രവർത്തനങ്ങൾ അതിന്റെ പ്രതിരോധശേഷിയും അനുകൂലന ശേഷിയും എടുത്തുകാണിക്കുന്നു. വർദ്ധിച്ചുവരുന്ന ആഗോളവൽക്കരണ ലോകത്ത്, പ്രതികൂലമായ അന്താരാഷ്ട്ര പ്രവണതകളെ നേരിടാൻ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പ്രതിരോധശേഷിയുള്ളതായി തുടരുന്നുവെന്ന് ഇത് ഉറപ്പാക്കിയിട്ടുണ്ട്.
 
ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഇന്ത്യയെ ആഗോള മുൻനിരയിൽ എത്തിക്കാൻ ആർ‌ബി‌ഐ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ പേയ്‌മെന്റ് സംവിധാനം നിരന്തരം നവീകരിക്കുന്നതിലൂടെ, ഡിജിറ്റൽ ഇടപാടുകൾ സുഗമവും കാര്യക്ഷമവുമാണെന്ന് മാത്രമല്ല സുരക്ഷിതവുമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. യുപിഐ പോലുള്ള നൂതനാശയങ്ങൾ സാമ്പത്തിക ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചു. കുറഞ്ഞ ചെലവിൽ തൽക്ഷണ ഇടപാടുകൾ സാധ്യമാക്കുകയും സാമ്പത്തിക ഉൾപ്പെടുത്തൽ ആഴത്തിലാക്കുകയും ചെയ്തു. പേയ്‌മെന്റുകൾക്കപ്പുറം, ആർ‌ബി‌ഐ ഊർജ്ജസ്വലമായ ഒരു ഫിൻ-ടെക് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സഹായകരമായി.
 
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് അടുക്കുമ്പോൾ, 'വികസിത ഭാരതം 2047' ന്റെ ദൗത്യം നൂതനവും, അനുയോജ്യവും, എല്ലാവർക്കും പ്രാപ്യവുമായ ഒരു സാമ്പത്തിക ആവാസവ്യവസ്ഥ ആവശ്യപ്പെടുന്നതായി രാഷ്ട്രപതി പറഞ്ഞു. മുന്നോട്ടുള്ള പാത പുതിയ സങ്കീർണ്ണതകളും വെല്ലുവിളികളും സൃഷ്ടിച്ചേക്കാമെന്ന് അവർ പറഞ്ഞു. സ്ഥിരത, നൂതനാശയം, ഉൾക്കൊള്ളൽ എന്നിവയ്ക്കുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയോടെ, ശക്തിയുടെ ഒരു സ്തംഭമായി ആർ‌ബി‌ഐ തുടരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.കൂടാതെ ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയെ സമൃദ്ധിയുടെയും ആഗോള നേതൃത്വത്തിന്റെയും ഭാവിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു മികച്ച ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കുക, സാമ്പത്തിക നവീകരണം നയിക്കുക, നമ്മുടെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ വിശ്വാസം സംരക്ഷിക്കുക എന്നീ ദൗത്യങ്ങളുമായി രാജ്യത്തിന്റെ ധന -സാമ്പത്തിക സ്ഥിരതയുടെ കാവൽക്കാരൻ എന്ന നിലയിൽ, ഈ യാത്രയിൽ ആർ‌ബി‌ഐ നിർണായക പങ്ക് വഹിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. 
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക -

(Release ID: 2117206) Visitor Counter : 30