രാഷ്ട്രപതിയുടെ കാര്യാലയം
‘പരിസ്ഥിതി - 2025’ ദേശീയ സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
29 MAR 2025 1:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 മാർച്ച് 2025
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മാർച്ച് 29, 2025) ന്യൂഡൽഹിയിൽ ‘പരിസ്ഥിതി - 2025’ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാഘോഷങ്ങളുടെയും ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും കഴിയുന്നത്ര അവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നുമുള്ള സന്ദേശം നൽകുന്നതായി രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിന്റെ അവബോധത്തിലൂടെയും എല്ലാവരുടെയും പങ്കാളിത്തത്തിലൂടെയുള്ള തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയും മാത്രമേ പരിസ്ഥിതിസംരക്ഷണം സാധ്യമാകൂ എന്ന് രാഷ്ട്രപതി പറഞ്ഞു.
പാരിസ്ഥിതിക പരിവർത്തനത്തെ വളരെ വിശാലമായ തോതിൽ നേരിടേണ്ടി വരുന്നത് നമ്മുടെ കുട്ടികൾക്കും യുവതലമുറയ്ക്കുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഓരോ കുടുംബത്തിലെയും മുതിർന്നവർ കുട്ടികൾ ഏത് സ്കൂളിൽ അല്ലെങ്കിൽ ഏത് കോളേജിൽ പഠിക്കും, ഏത് കരിയർ തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ, നമ്മുടെ കുട്ടികൾ ഏതുതരം വായു ശ്വസിക്കും, ഏതുതരം വെള്ളം കുടിക്കും, പക്ഷികളുടെ മധുരശബ്ദം അവർക്ക് കേൾക്കാൻ കഴിയുമോ, സസ്യശ്യാമളമായ വനങ്ങളുടെ ഭംഗി അവർക്ക് അനുഭവിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും നാമെല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയങ്ങൾക്ക് സാമ്പത്തിക, സാമൂഹിക, ശാസ്ത്രീയ വശങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് ധാർമ്മിക വശമുണ്ട് എന്നതാണെന്ന് അവർ പറഞ്ഞു. വരുംതലമുറകൾക്ക് ശുദ്ധമായ പാരിസ്ഥിതിക പാരമ്പര്യം നൽകേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ഇതിനായി, പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല,അതിനെ മെച്ചപ്പെടുത്തുകയും കൂടുതൽ ഊർജസ്വലമാക്കുകയും ചെയ്യുന്നതിനായി പാരിസ്ഥിതിക അവബോധമുള്ള, സംവേദനക്ഷമതയുള്ള ജീവിതശൈലി നാം സ്വീകരിക്കേണ്ടതുണ്ട്. സംശുദ്ധ പരിസ്ഥിതിയും ആധുനിക വികസനവും സന്തുലിതമാക്കുക എന്നത് ഒരേ സമയം അവസരവും വെല്ലുവിളിയുമാണ്.

പ്രകൃതി അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്നു എന്ന് നാം വിശ്വസിക്കുന്നതായും അതിനാൽ പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ വികസന പൈതൃകത്തിന്റെ അടിസ്ഥാനം ചൂഷണമല്ല, പോഷണമാണ്; ഉന്മൂലനമല്ല, സംരക്ഷണമാണ്. ഈ പാരമ്പര്യം പിന്തുടർന്ന്, വികസിത ഇന്ത്യയിലേക്ക് മുന്നേറാൻ നാം ആഗ്രഹിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, അന്താരാഷ്ട്ര കരാറുകൾ പ്രകാരം ദേശീയമായി നിർണയിക്കപ്പെട്ട വിഹിതം (NDC), നിശ്ചിത സമയപരിധിയ്ക്ക് മുൻപ് പൂർത്തിയാക്കിയതിന്റെ നിരവധി ഉദാഹരണങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നതു സന്തോഷമേകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ പാരിസ്ഥിതികനിർവഹണത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പാരിസ്ഥിതിക നീതി അല്ലെങ്കിൽ കാലാവസ്ഥാ നീതി മേഖലയിൽ അത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചരിത്രപരമായ തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും ഭൂമിയുടെ ഭാവിയിലും വലിയ സ്വാധീനം ചെലുത്തുന്നു. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പൗരന്മാരും പരിസ്ഥിതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

നമ്മുടെ രാജ്യവും ലോക സമൂഹമാകെയും പരിസ്ഥിതിസൗഹൃദപരമായ പാത പിന്തുടരണമെന്ന് രാഷ്ട്രപതി പറഞ്ഞു. അപ്പോൾ മാത്രമേ മാനവികത യഥാർത്ഥ പുരോഗതി കൈവരിക്കൂ. ഇന്ത്യ അതിന്റെ ഹരിത സംരംഭങ്ങളിലൂടെ ലോക സമൂഹത്തിന് നിരവധി മാതൃകാപരമായ രീതികൾ സമ്മാനിച്ചിട്ടുണ്ടെന്ന് അവർ പ്രസ്താവിച്ചു. എല്ലാ തല്പര കക്ഷികളുടെയും പങ്കാളിത്തത്തോടെ, ആഗോളതലത്തിൽ ഇന്ത്യ ഹരിതനേതൃത്വത്തിന്റെ ഭാഗമാകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വായു, ജലം, ഹരിതാഭ, സമൃദ്ധി എന്നിവയിലൂടെ ലോക സമൂഹത്തെ മുഴുവൻ ആകർഷിക്കുന്ന ഇടമായ ഇന്ത്യയെ, 2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രമാക്കി മാറ്റാൻ നമുക്കു കഴിയണമെന്നും അവർ പറഞ്ഞു.
പാരിസ്ഥിതിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും, മികച്ച രീതികൾ പങ്കിടുന്നതിനും, സുസ്ഥിര പരിസ്ഥിതിപരിപാലനത്തിനായുള്ള ഭാവി കർമപദ്ധതികളിൽ സഹകരിക്കുന്നതിനും പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് എൻജിടി സംഘടിപ്പിക്കുന്ന ‘പരിസ്ഥിതി – 2025’ ദേശീയ സമ്മേളനം ലക്ഷ്യമിടുന്നത്.
*****
(Release ID: 2116585)
Visitor Counter : 47