സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ഊർജ്ജ സ്ഥിതിവിവരക്കണക്കുകൾ വിശദീകരിക്കുന്ന “എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025” പ്രകാശനം ചെയ്തു

Posted On: 29 MAR 2025 9:49AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 മാർച്ച് 2025
 
കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) ന്റെ വാർഷിക പ്രസിദ്ധീകരണമായ “എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025” പുറത്തിറക്കി. മന്ത്രാലയത്തിന്റെ www.mospi.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരണം ലഭ്യമാണ്.
 
ഇന്ത്യയിലെ എല്ലാ ഊർജ്ജ ഉത്പന്നങ്ങളുടെയും (കൽക്കരി, ലിഗ്നൈറ്റ്, പെട്രോളിയം, പ്രകൃതിവാതകം, പുനരുപയോഗ ഊർജ്ജം മുതലായവ) കരുതൽ ശേഖരം, ശേഷി, ഉത്പാദനം, ഉപഭോഗം, ഇറക്കുമതി/കയറ്റുമതി എന്നിവയെക്കുറിച്ചുള്ള സമഗ്രവും സുപ്രധാനവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിവര ശേഖരം (ഡാറ്റാസെറ്റ്) പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യത്യസ്ത പട്ടികകൾ (എനർജി ബാലൻസ് പോലുള്ളവ), ഗ്രാഫുകൾ (സാങ്കി ഡയഗ്രം പോലുള്ളവ), സുസ്ഥിര ഊർജ്ജ സൂചകങ്ങൾ എന്നിവയും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
സിസ്റ്റം ഓഫ് എൻവയോൺമെന്റൽ ഇക്കണോമിക് അക്കൗണ്ടിംഗ് (SEEA), 2012 ചട്ടക്കൂടിനെ തുടർന്നുള്ള എനർജി അക്കൗണ്ടിനെക്കുറിച്ചുള്ള ഒരു പുതിയ അധ്യായം നിലവിലെ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തേയും 2023-24 സാമ്പത്തിക വർഷത്തേയും അസെറ്റ് അക്കൗണ്ടുകളും ഭൗതിക വിതരണ, ഉപയോഗ പട്ടികയും ഈ അധ്യായം വിശദീകരിക്കുന്നു.
 
പ്രധാന വസ്തുതകൾ:
 
2023-24 സാമ്പത്തിക വർഷത്തിൽ, ആഗോള മഹാമാരിയുടെ ആഘാതം മറികടന്ന് , 2047 ഓടെ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഊർജ്ജ വിതരണത്തിലും ഉപഭോഗത്തിലും സുസ്ഥിരവും ആരോഗ്യകരവുമായ വളർച്ച കൈവരിച്ചു.
image.png
 
 
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ മൊത്തം പ്രാഥമിക ഊർജ്ജ വിതരണം (TPES) 7.8% വളർച്ച രേഖപ്പെടുത്തി 9,03,158 KToE (കിലോ ടൺസ് ഓഫ് ഓയിൽ ഇക്വലന്റ്) ആയി ഉയർന്നു .
 
പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. മാർച്ച് 31-ലെ കണക്കു പ്രകാരം 21,09,655 മെഗാവാട്ട് ആണ് പുനരുപയോഗ ഊർജ്ജ ഉത്പാദനം. കാറ്റിൽ നിന്നുള്ള ഊർജ്ജോത്പാദന സാധ്യത 11,63,856 മെഗാവാട്ട് (ഏകദേശം 55%) ആണ്. തൊട്ടു പിന്നിൽ സൗരോർജ്ജം (7,48,990 മെഗാവാട്ട്), വൻകിട ജലവൈദ്യുത പദ്ധതികൾ (1,33,410) എന്നിവയാണ്. പുനരുപയോഗ ഊർജ്ജ ഉത്പാദന സാധ്യതയുടെ പകുതിയിലധികവും ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജസ്ഥാൻ (20.3%), മഹാരാഷ്ട്ര (11.8%), ഗുജറാത്ത് (10.5%), കർണാടക (9.8%).
 
പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സ്ഥാപിത ശേഷി (യൂട്ടിലിറ്റി, നോൺ-യൂട്ടിലിറ്റി ഉൾപ്പെടെ) കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2015 മാർച്ച് 31-ലെ 81,593 മെഗാവാട്ടിൽ നിന്ന് 2024 മാർച്ച് 31-ന് 1,98,213 മെഗാവാട്ടായി ഉയർന്നു. 10.36% ആണ് സഞ്ചിത വാർഷിക വളർച്ചാ നിരക്ക്.
 
പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ മൊത്ത ഉത്പാദനവും (യൂട്ടിലിറ്റി, നോൺ-യൂട്ടിലിറ്റി എന്നിവ ഒരുമിച്ച്) ഗണ്യമായി വർദ്ധിച്ചു. 2014-15 സാമ്പത്തിക വർഷത്തിലെ ഉത്പാദനമായ 2,05,608 ജിഗാവാട്ട് വൈദ്യുതിയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 3,70,320 ജിഗാവാട്ട് ആയി വർദ്ധിച്ചു. 6.76% ആണ് സഞ്ചിത വാർഷിക വളർച്ചാ നിരക്ക്.
 
image.png
 
കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിശീർഷ ഊർജ്ജ ഉപഭോഗത്തിലും ഇന്ത്യ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2014-15 സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിക്ക് 14,682 മെഗാ ജൂൾ ആയിരുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ 18,410 മെഗാ ജൂൾ ആയി ഉയർന്നു. 2.55% ആണ് സഞ്ചിത വാർഷിക വളർച്ചാ നിരക്ക്.
 
image.png
 
കഴിഞ്ഞ പത്ത് വർഷത്തിനിടെ, പ്രസരണ, വിതരണ നഷ്ടങ്ങൾ കുറച്ചുകൊണ്ട് വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. 2014-15 സാമ്പത്തിക വർഷത്തിൽ ഏകദേശം 23% ആയിരുന്ന പ്രസരണ, വിതരണ നഷ്ടങ്ങൾ 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 17% ആയി കുറഞ്ഞു.
 
അന്തിമ ഊർജ്ജ ഉപഭോഗ മേഖലകളായ വ്യവസായ മേഖല 2023-24 സാമ്പത്തിക വർഷത്തിൽ പരമാവധി വികാസം കൈവരിച്ചു. വ്യവസായ മേഖലയുടെ ഉപഭോഗം 2014-15 സാമ്പത്തിക വർഷത്തിലെ 2,42,418 KToE ൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 3,11,822 KToE ആയി വർദ്ധിച്ചു. വാണിജ്യം, പൊതുസേവനം, പാർപ്പിടം, കൃഷി, വനം തുടങ്ങിയ മേഖലകളെല്ലാം ഇക്കാലയളവിൽ സുസ്ഥിര വളർച്ച കൈവരിച്ചു.
 
*****

(Release ID: 2116532) Visitor Counter : 49