ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൗമാര പോഷകാഹാരത്തെക്കുറിച്ചുള്ള ദേശീയ യോഗം: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) 'നമ്മുടെ ഭക്ഷണം നമുക്ക് നിശ്ചയിക്കാം (എൽഎഫ്ഒഎഫ്)' കൺസോർഷ്യം സംഘടിപ്പിച്ചു
Posted On:
28 MAR 2025 3:28PM by PIB Thiruvananthpuram
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (ICMR-NIN), പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI), യൂണിസെഫ്-ഇന്ത്യ, മറ്റ് ദേശീയ, അന്തർദേശീയ പങ്കാളികൾ എന്നിവരുടെ നേതൃത്വത്തിൽ 'നമ്മുടെ ഭക്ഷണം നമുക്ക് നിശ്ചയിക്കാം" (Lets Fix Our Food)' കൺസോർഷ്യം ഇന്ന് ന്യൂഡൽഹിയിലെ ഐസിഎംആറിൽ ചേർന്നു. ഇന്ത്യയിലെ കൗമാരക്കാർക്കിടയിലെ വർദ്ധിച്ചുവരുന്ന അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും പ്രശ്നം, അവരുടെ ഭക്ഷണ ചുറ്റുപാടിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്.
ഐസിഎംആർ-എൻഐഎൻ ഡയറക്ടർ ഡോ. ഭാരതി കുൽക്കർണി, നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആർ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ എന്നിവർ ചേർന്ന് ഈ യോഗത്തിൽ പ്രധാന നയ സംഗ്രഹ രേഖകളും പോഷകാഹാരം സംബന്ധിച്ച വൈജ്ഞാനിക വിഭവങ്ങളും പുറത്തിറക്കി.

"കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും പ്രശ്നം ഉയർന്നുവരുന്ന ഒരു പ്രതിസന്ധിയാണ്.അത് പരിഹരിക്കപ്പെടാതെ പോയാൽ പൊതുജനാരോഗ്യത്തിലും സാമ്പത്തിക ഉൽപ്പാദനക്ഷമതയിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും" എന്ന് ഈ പ്രശ്നത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്,ഡോ. വി.കെ. പോൾ ഊന്നിപ്പറഞ്ഞു.

"ആരോഗ്യകരമായ ഭക്ഷണ അന്തരീക്ഷം വളർത്തിയെടുക്കുക, കുട്ടികൾക്കുള്ള ഭക്ഷണങ്ങളുടെ പരസ്യത്തിലും വിപണനത്തിലും ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, കൊഴുപ്പ്, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുക, പോഷകാഹാര സാക്ഷരത പ്രോത്സാഹിപ്പിക്കുക, തെളിവ് അടിസ്ഥാനമാക്കിയുള്ള നയങ്ങൾ ആവിഷ്കരിക്കുക എന്നിവയിലൂടെ ഭാവി തലമുറകളുടെ ക്ഷേമം ഉറപ്പാക്കാൻ നമുക്ക് കഴിയുമെന്ന്" ഡോ. രാജീവ് ബാൽ പറഞ്ഞു.

പ്രധാന ചർച്ചകളും ഫലങ്ങളും
രണ്ട് വർഷത്തിലേറെ നീണ്ട ഗവേഷണത്തിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ, എൽഎഫ്‌ഒഎഫ് കൺസോർഷ്യം ഇനിപ്പറയുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലക്ഷ്യമിടുന്നു: ബോധപൂർവമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്താൻ കൗമാരക്കാരെ ശാക്തീകരിക്കുന്നതിനായി പോഷകാഹാര സാക്ഷരതാ പരിപാടികൾ വിപുലീകരിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന എച്ച്‌എഫ്‌എസ്‌എസ് ഭക്ഷണങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിന് പരസ്യ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുക; അനാരോഗ്യകരമായ ഉപഭോഗ രീതികൾ തടയുന്നതിനായി പഞ്ചസാര പാനീയങ്ങൾക്കും എച്ച്‌എഫ്‌എസ്‌എസ് ഭക്ഷണങ്ങൾക്കും ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്ന് നിർദ്ദേശിക്കുക; ദേശീയ പോഷകാഹാര പരിപാടികളുമായി സംയോജിപ്പിച്ചിരിക്കുന്ന ഇരട്ട- നിർവഹണ നടപടികളിലൂടെ ആരോഗ്യകരമായ സ്കൂൾ, ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുക.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoHFW), ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS), വിദ്യാഭ്യാസ മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE), ലോകാരോഗ്യ സംഘടന (WHO), യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF), ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IFPRI), പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI), റിസോൾവ് ടു സേവ് ലൈവ്സ്, മറ്റ് പ്രധാന സംഘടനകൾ, സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പശ്ചാത്തലം: ലെറ്റ്സ് ഫിക്സ് ഔർ ഫുഡ് (LFOF) കൺസോർഷ്യം എന്നത് ഐസിഎംആർ -എൻ ഐ എൻ , പി എച്ച് എഫ് ഐ, യൂണിസ്സെഫ് എന്നിവയുടെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ബഹു പങ്കാളിത്ത സംരംഭമാണ്. കൗമാരക്കാർക്ക് ആരോഗ്യകരമായ ഭക്ഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയങ്ങൾ ആവിഷ്കരിക്കുക, പോഷകാഹാര സാക്ഷരതയിലൂടെ യുവാക്കളെ ശാക്തീകരിക്കുക, ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾക്കായി ശുപാർശ ചെയ്യുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
*****
(Release ID: 2116362)
Visitor Counter : 26