ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലിനെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി. ചർച്ചയ്ക്ക് ശേഷം,അധോ സഭ ബിൽ പാസാക്കി.

Posted On: 27 MAR 2025 9:24PM by PIB Thiruvananthpuram
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 നെക്കുറിച്ചുള്ള ലോക്‌സഭയിലെ ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മറുപടി നൽകി. ചർച്ചയ്ക്ക് ശേഷം, സഭ ബിൽ പാസാക്കി. ചർച്ചയ്ക്ക് മറുപടിയായി, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഇത് രാജ്യത്തിന്റെ സുരക്ഷയും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുമെന്നും, നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയും സർവകലാശാലകളെയും ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വഴിയൊരുക്കുമെന്നും, രാജ്യത്ത് ഗവേഷണത്തിനും അന്വേഷണത്തിനും ശക്തമായ അടിത്തറ പാകുമെന്നും, 2047 ഓടെ ഇന്ത്യയെ എല്ലാ മേഖലകളിലും ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും പറഞ്ഞു.

കുടിയേറ്റം ഒരു ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും, മറിച്ച് നിരവധി ദേശീയ ആശങ്കകളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ആര് എപ്പോൾ, എത്ര കാലത്തേക്ക്, എന്ത് ഉദ്ദേശ്യത്തിനായി പ്രവേശിക്കുന്നതെന്ന് അറിയേണ്ടത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബിൽ പാസാകുന്നതോടെ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഓരോ വിദേശ പൗരന്റെയും ഏറ്റവും പുതുക്കിയ രേഖകൾ വ്യവസ്ഥാപിത സംവിധാനത്തിൽ നിലനിർത്തപ്പെടും. ഇത് ദേശീയ വികസനം ഉറപ്പാക്കും. ബില്ലിന്റെ നിർദിഷ്ട ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സമഗ്രത ഉറപ്പാക്കിക്കൊണ്ട് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അഭയാർത്ഥി നയം ആവശ്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ ഇന്ത്യയുടെ "പിഴവുകളില്ലാത്ത" ചരിത്രം ശ്രീ അമിത് ഷാ എടുത്തുകാട്ടി. ഭൂമിശാസ്ത്രപരമായി അതിരുകൾ നിർവചിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ അതിർത്തികൾക്ക് സാംസ്കാരിക അടിത്തറയുണ്ട്. കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന ഇന്ത്യയുടെ ദീർഘകാല പാരമ്പര്യത്തെ അദ്ദേഹം ഉദ്ധരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, അയൽ രാജ്യങ്ങളിൽ നിന്നുള്ള  ദുരിതം നേരിടുന്നതായ ആറ്സമൂഹങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം അഭയം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. 'വസുധൈവ കുടുംബകം' എന്ന തത്വശാസ്ത്രത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, നിയമപരമായ ഉത്തരവിന്റെ ആവശ്യമില്ലാതെ തന്നെ സദാ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

146 രാജ്യങ്ങളിലായി ഏകദേശം 1.72 കോടി പ്രവാസി ഇന്ത്യക്കാരുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമുള്ള രാജ്യമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അവരുടെ യാത്ര സുഗമമാക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നതായും കുടിയേറ്റം വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരു ആഗോള ഉൽ‌പാദന കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നവരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അശാന്തി സൃഷ്ടിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കർശനമായി നേരിടും. ഔദാര്യത്തെയും കർശന നടപടിയെയും ഈ നയം സന്തുലിതമാക്കുന്നു. ഒപ്പം അനുകമ്പയും ദേശീയ സുരക്ഷയും സംയോജിപ്പിക്കുന്നു.

 2027 ഓടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക, 2047 ഓടെ പൂർണ്ണമായും വികസിത രാഷ്ട്രമാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങൾ പ്രധാനമന്ത്രി മോദി നിശ്ചയിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇവ നേടിയെടുക്കുന്നതിന് ശക്തവും സമകാലികവുമായ നിയമങ്ങൾ ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് കാരണമായ നിയമനിർമ്മാണങ്ങൾ ഉണ്ടായി. അതിൽ പുതിയ ക്രിമിനൽ നിയമങ്ങൾ, സി‌എ‌എ, 39,000 നടപടികൾ നിർത്തലാക്കൽ, ഐ‌ബി‌സി കോഡ്, ബാങ്ക് ലയനങ്ങൾ, ജി‌എസ്‌ടി നടപ്പിലാക്കൽ, യു‌എ‌പി‌എ, എൻ‌ഐ‌എ നിയമ ഭേദഗതി എന്നിവ ഉൾപ്പെടുന്നു. എല്ലാ മേഖലകളിലെയും നിയമ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തിക്കൊണ്ട് മോദി ഗവണ്മെന്റ് അനുഛേദം 370 റദ്ദാക്കി.

ബിൽ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ഇന്ത്യയിലെ സർവകലാശാലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗവേഷണ വികസനം മെച്ചപ്പെടുത്തുകയും ഇന്ത്യയെ ഒരു കായിക കേന്ദ്രമായി സ്ഥാപിക്കുകയും അന്താരാഷ്ട്ര മധ്യസ്ഥതയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. 2047 ഓടെ വികസിത രാഷ്ട്രമാകുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി നിലവിലുള്ള വിടവുകൾ നികത്തിക്കൊണ്ട്, പരസ്പരം സംയോജിതമായ നാല് നിയമങ്ങളെ ബിൽ ഏകീകരിക്കുന്നു.

 2047 ൽ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് നിറവേറ്റാൻ ശക്തമായ ഒരു കുടിയേറ്റ നയം നിർണായകമാണ്. സുതാര്യത, കാര്യക്ഷമത, സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട് കുടിയേറ്റ സംവിധാനങ്ങളെ ഈ ബിൽ സുഗമമാക്കുന്നു. മൂന്ന് വർഷത്തെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്ക് ശേഷമാണ് ബിൽ തയ്യാറാക്കിയതെന്നും രാഷ്ട്രീയ കാരണങ്ങളാൽ അതിനെ എതിർക്കരുതെന്നും ശ്രീ ഷാ പറഞ്ഞു. തൊഴിലവസരങ്ങളും ജിഡിപിയും വർദ്ധിപ്പിക്കുന്നതിനൊപ്പം ടൂറിസത്തെയും ഇന്ത്യയുടെ ആഗോള ബ്രാൻഡിംഗിനെയും ഇത് മെച്ചപ്പെടുത്തും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട യോഗ, ആയുർവേദം, വേദ പാരമ്പര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ വളരുന്ന മൃദു ശക്തി അദ്ദേഹം എടുത്തുപറഞ്ഞു.

 ലഹരി കടത്ത്, അനധികൃത കുടിയേറ്റ ശൃംഖലകൾ, ആയുധക്കടത്ത്, സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഹവാല ഇടപാടുകൾ എന്നിവ ഇല്ലാതാക്കുന്നതിനാണ് സുരക്ഷാ വീക്ഷണകോണിൽനിന്ന് ബിൽ ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് പാർലമെന്റ് നടപ്പിലാക്കിയ മൂന്ന് കാലഹരണപ്പെട്ട കുടിയേറ്റ നിയമങ്ങൾ, സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റിൽ വികസിപ്പിച്ചെടുത്ത ഒരു പുതിയ ചട്ടക്കൂട് ഉപയോഗിച്ച് മാറ്റി സ്ഥാപിക്കും.ഇത് 'വികസിത ഭാരതം ' എന്ന വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. ബിൽ നിയമപരമായ ആവർത്തനങ്ങൾ ഇല്ലാതാക്കുന്നു. ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ഡാറ്റ പരിപാലനം ലളിതമാക്കുകയും ചെയ്യുന്നു. ഒരൊറ്റ നിയമം, നിർവഹണ നടപടികളുടെ ഭാരങ്ങൾ കുറയ്ക്കുകയും വ്യക്തമായ അധികാരപരിധി ഉറപ്പാക്കുകയും ചെയ്യും.രാജ്യത്തിലേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവയ്ക്ക് കൃത്യമായ രേഖകൾ ഇത് നിർബന്ധമാക്കുന്നു. നിയമലംഘകരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും അധികാരികൾക്ക് ഈ ബിൽ അധികാരം നൽകുന്നു. വകുപ്പുകളുടെ എണ്ണം 45 ൽ നിന്ന് 36 ആക്കി ലളിതമാക്കിയിരിക്കുന്നു.

ഇന്ത്യ ആർക്കും നിയന്ത്രണമില്ലാതെ പ്രവേശിക്കാൻ കഴിയുന്ന ഒരു 'ധർമ്മശാല'യല്ലെന്ന് ശ്രീ ഷാ ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നിയമപരമായി സംഭാവന നൽകുന്നവരെ സ്വാഗതം ചെയ്യുന്നു.പക്ഷേ സുരക്ഷയ്ക്കുള്ള ഭീഷണികൾ അവസാനിപ്പിക്കണം.സുരക്ഷ വിഷയങ്ങളിൽ ദുർബലമായ സ്ഥലങ്ങളും അതിർത്തി പ്രദേശങ്ങളും എല്ലാവർക്കും തുറന്നു നൽകാൻ കഴിയില്ല. 169 രാജ്യങ്ങളിലേക്ക് ഇ-വിസ സേവനങ്ങളുടെ വ്യാപനം, 31 വിമാനത്താവളങ്ങളിലും ആറ് തുറമുഖങ്ങളിലും 'വീസ ഓൺ അറൈവൽ' പദ്ധതി എന്നിവയുൾപ്പെടെ ഇന്ത്യയുടെ വീസ നയ പുരോഗതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഒരു പുതിയ 'ആയുഷ് വീസ' വിഭാഗവും ആരംഭിച്ചു. ഇത് വഴി ആകെ ഇ-വിസ വിഭാഗങ്ങൾ 9 ആയി.

വിദേശ പൗരന്മാരെ നിയന്ത്രിക്കുന്നതിനായി, ഗവണ്മെന്റ് "ഇമിഗ്രേഷൻ, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷൻ, ട്രാക്കിംഗ്" (IVFRT) സംവിധാനം നിയമപരമായി ഔപചാരികമാക്കി. എല്ലാ ഇമിഗ്രേഷൻ പോസ്റ്റുകളും ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾ , FRRO-കൾ, FRO-കൾ എന്നിവയുമായി സംയോജിപ്പിച്ചു. 700 ജില്ലകളിൽ വിദേശികളെ തിരിച്ചറിയുന്നതിനുള്ള ഒരു പോർട്ടൽ ആരംഭിച്ചു. 2014 മുതൽ ഇമിഗ്രേഷൻ പോസ്റ്റുകളുടെ എണ്ണത്തിൽ 37% വളർച്ചയോടെ 83 ൽ നിന്ന് 114 ആയി വർദ്ധിച്ചു. കൂടാതെ സംയോജിത ചെക്ക് പോസ്റ്റ് (ICP) കൗണ്ടറുകളുടെ എണ്ണം 206% വർദ്ധിച്ചു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) പ്രധാന വിമാനത്താവളങ്ങളിൽ ക്ലിയറൻസ് വേഗത്തിലാക്കി, ഇത് മുൻകൂട്ടി പരിശോധിച്ച യാത്രക്കാർക്കുള്ള സ്‌ക്രീനിംഗ് സമയം 30 സെക്കൻഡായി കുറച്ചു.

മോദി ഗവണ്മെന്റിന്റെ കീഴിൽ, വാർഷിക കുടിയേറ്റം 5.08 കോടിയിൽ നിന്ന് 8.12 കോടിയായി ഉയർന്നു, ഇത് 69% വർദ്ധനയാണ്.  ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, പൂർണമായ പരിശോധനാ പ്രക്രിയയിലൂടെ ദുരുദ്ദേശ്യമുള്ള വ്യക്തികളെ മാത്രമേ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയുള്ളൂവെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. അതിർത്തി സുരക്ഷയ്ക്കുള്ള നിയമപരമായ വ്യവസ്ഥകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അനിവാര്യ സാഹചര്യത്തിൽ പ്രവേശനം നിഷേധിക്കാൻ അധികാരികൾക്ക് ഇത് അനുവാദം നൽകുന്നു.

ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ 2,216 കിലോമീറ്റർ നീളമുള്ള അതിർത്തി ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു. പശ്ചിമ ബംഗാൾ ഗവണ്മെന്റ് ഭൂമി നൽകാൻ വിസമ്മതിച്ചതിനാൽ 653 കിലോമീറ്റർ വേലികെട്ടിയെങ്കിലും 450 കിലോമീറ്റർ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നുഴഞ്ഞുകയറ്റം അസമിൽ നിന്ന് ബംഗാളിലേക്ക് മാറിയെന്ന് ശ്രീ ഷാ പറഞ്ഞു. തന്റെ പാർട്ടി ബംഗാൾ ഭരിച്ചാൽ അത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എത്തുന്ന അഭയാർത്ഥികളെയും അനധികൃത നുഴഞ്ഞുകയറ്റക്കാരെയും അദ്ദേഹം വേർതിരിച്ചു പരാമർശിച്ചു.ദുരിതമനുഭവിക്കുന്ന ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ, ജൈനർ എന്നിവരെ സിഎഎയ്ക്ക് കീഴിൽ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, ഗവേഷണം, വിദ്യാഭ്യാസം, അന്താരാഷ്ട്ര സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഈ ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ഉപസംഹരിച്ചു. ഇത് കാലഹരണപ്പെട്ട നിയമങ്ങൾ ആധുനികവൽക്കരിക്കുകയും, സുഗമമായ കുടിയേറ്റം ഉറപ്പാക്കുകയും ചെയ്യുന്നു.ആഗോള തലത്തിൽ മുൻനിരയിൽ എത്തുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.
 
SKY
 
*****

(Release ID: 2116117) Visitor Counter : 27