തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഇന്ത്യയിൽ സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ പരിധിയിൽ വരുന്നവരുടെ എണ്ണം ഇരട്ടിയായി
2021-ൽ 24.4% ആയിരുന്ന സാമൂഹ്യ സുരക്ഷാ പരിരക്ഷ 2024-ൽ 48.8% ലേക്ക് ഉയർന്നതായി അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) റിപ്പോർട്ട്
Posted On:
26 MAR 2025 5:51PM by PIB Thiruvananthpuram
സംഗ്രഹം

ആമുഖം
ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ പരിരക്ഷ 2021-ൽ 24.4% ആയിരുന്നത് 2024-ൽ 48.8% ആയി ഉയർന്ന് ഇരട്ടിയായി. സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ പരിധിയിൽ വരുന്നവരുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനയുടെ സൂചനയാണിതെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) 2024-26 കാലയളവിലെ ലോക സാമൂഹിക സംരക്ഷണ റിപ്പോർട്ട് (WSPR) വ്യക്തമാക്കുന്നു. ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, തൊഴിൽ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ കോടിക്കണക്കിന് ആളുകൾക്ക് ലഭ്യമാക്കിയ സുപ്രധാന സർക്കാർ സംരംഭങ്ങളാണ് ഈ പുരോഗതിക്ക് കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 92 കോടി ജനങ്ങൾ, അതായത് ജനസംഖ്യയുടെ 65%, ഇപ്പോൾ കേന്ദ്ര സർക്കാർ പദ്ധതികൾ മുഖേന പണമായോ വസ്തുവകകളായോ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാമൂഹിക സംരക്ഷണ പദ്ധതികളുടെ പരിധിയിൽ വരുന്നു. ഇന്ത്യയുടെ പുരോഗതി ആഗോള സാമൂഹിക സംരക്ഷണ പരിരക്ഷയിൽ 5 ശതമാനം വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇത് അന്താരാഷ്ട്ര ക്ഷേമത്തെ രൂപപ്പെടുത്തുന്നതിൽ തനതായ പങ്ക് വഹിക്കുന്നു.
റിപ്പോർട്ട് സംബന്ധിച്ച അവലോകനം
തൊഴിലാളികളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) കൃത്യമായ ഇടവേളകളിൽ പ്രസിദ്ധീകരിക്കുന്ന സമഗ്ര വിലയിരുത്തലാണ് ലോക സാമൂഹിക സംരക്ഷണ റിപ്പോർട്ട് എന്നറിയപ്പെടുന്നത്. ആഗോളതലത്തിൽ സാമൂഹിക സംരക്ഷണ സംവിധാനങ്ങളെ വിലയിരുത്തുകയും, അവയുടെ വ്യാപ്തി, ഫലപ്രാപ്തി, വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലെ പുരോഗതി എന്നിവ പരിശോധിക്കുകയും ചെയ്യുന്നതാണ് ഈ റിപ്പോർട്ട്. നയങ്ങളുടെയും പ്രവണതകളുടെയും വിശദമായ വിശകലനത്തിലൂടെ, ശക്തവും കൂടുതൽ സർവ്വാശ്ലേഷിയുമായ ക്ഷേമ സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കുന്ന സർക്കാരുകളുടെയും നയരൂപകർത്താക്കളുടെയും ഗവേഷകരുടെയും വിവര സ്രോതസ്സായി റിപ്പോർട്ട് വർത്തിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലൂടെയുള്ള സാർവത്രിക സാമൂഹിക സംരക്ഷണത്തിലും നീതിയുക്തമായ പരിവർത്തനത്തിലും റിപ്പോർട്ടിന്റെ 2024–26 പതിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇദംപ്രഥമമായി, ആഗോള പുരോഗതിയെക്കുറിച്ച് കൂടുതൽ ചലനാത്മകമായ ഒരു കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്ന ട്രെൻഡ് ഡാറ്റ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സംരക്ഷണ പരിരക്ഷ, നൽകുന്ന ആനുകൂല്യങ്ങൾ, പൊതു ചെലവ് എന്നിവയെക്കുറിച്ചുള്ള ആഗോള, പ്രാദേശിക, രാജ്യ തലങ്ങളിലെ സ്ഥിതിവിവരക്കണക്കുകളുടെ വിപുലമായ രൂപവും ഇത് മുന്നോട്ടു വയ്ക്കുന്നു. കൂടാതെ, ഏഷ്യാ പസഫിക്കിനായുള്ള മേഖലാതല അനുബന്ധ റിപ്പോർട്ട്, മേഖലയിലെ സാമൂഹിക സംരക്ഷണ മുന്നേറ്റങ്ങളുടെ ആഴത്തിലുള്ള വിശകലനം വാഗ്ദാനം ചെയ്തുകൊണ്ട് ആഗോള നിരീക്ഷണങ്ങളെ പിന്തുണയ്ക്കുന്നു. ഏഷ്യാ പസഫിക്ക്, പസഫിക്ക് മേഖലകളുടെ സവിശേഷമായ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക സാഹചര്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന വെല്ലുവിളികൾ, മുൻഗണനകൾ, സാമൂഹിക സംരക്ഷണത്തിന്റെയും കാലാവസ്ഥാ പ്രവർത്തനത്തിന്റെയും സംയോജനം എന്നിവ ഈ അനുബന്ധ റിപ്പോർട്ട് വിശദീകരിക്കുന്നു.
സാമൂഹിക സുരക്ഷയുടെ വിപുലീകരണം: പ്രധാന സർക്കാർ സംരംഭങ്ങൾ
കോടിക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സഹായം എന്നിവ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള വിവിധ ക്ഷേമ പദ്ധതികളിലൂടെയാണ് ഇന്ത്യയുടെ സാമൂഹിക സംരക്ഷണ സംവിധാനം ഗണ്യമായി വികസിച്ചത്. രാജ്യമെമ്പാടും ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും ഈ സംരംഭങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇനിപ്പറയുന്നവയാണ് പ്രധാന സാമൂഹിക സുരക്ഷാ പദ്ധതികളും സംരംഭങ്ങളും :
ആയുഷ്മാൻ ഭാരത്
2025 മാർച്ച് 26 വരെ, ഒരു കുടുംബത്തിന് ₹5 ലക്ഷം വരെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) പ്രകാരം 39.94 കോടി ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി 24,810 ആശുപത്രികളെ ഈ പദ്ധതിയിൽ പങ്കാളികളാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)
കോവിഡ് -19 മഹാമാരി മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതി ദുർബല ജനവിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. 2024 ഡിസംബർ വരെ, 80.67 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കി. ഇത് 81.35 കോടി ഗുണഭോക്താക്കളെന്ന ലക്ഷ്യത്തിന് അടുത്തെത്തി.
ഇ -ശ്രം പോർട്ടൽ
അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് (NDUW) സൃഷ്ടിക്കുന്നതിനായി 2021 ഓഗസ്റ്റ് 26 ന് അവതരിപ്പിച്ച ഈ സംരംഭം, തൊഴിലാളികളുടെ മെച്ചപ്പെട്ട സാമൂഹിക സുരക്ഷയ്ക്കായി ഒരു സാർവത്രിക അക്കൗണ്ട് നമ്പർ (UAN) വാഗ്ദാനം ചെയ്യുന്നു. 2025 മാർച്ച് 3 വരെ, 30.68 കോടിയിലധികം അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവരിൽ 53.68% വനിതകളാണ്.
അടൽ പെൻഷൻ യോജന (APY)
2015 മെയ് 9 ന് ആരംഭിച്ച APY, അതിദരിദ്രർ, പിന്നാക്ക വിഭാഗക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർക്ക് സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവയ്‌ക്കൊപ്പം, പദ്ധതി രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. 2024 ഡിസംബർ 31 വരെ, 7.25 കോടി ഗുണഭോക്താക്കൾ APY-യിൽ അംഗമായിട്ടുണ്ട്. ആകെ ₹43,369.98 കോടി സമാഹരിച്ചു.
ദാരിദ്ര്യ ലഘൂകരണം
കഴിഞ്ഞ ദശകത്തിൽ, സർക്കാർ ഇടപെടലുകളുടെ ദൂരവ്യാപകമായ സ്വാധീനം പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ സാമൂഹിക സുരക്ഷാ പദ്ധതികൾ മുഖേന 24.8 കോടി ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.
ഇന്ത്യ സോഷ്യൽ പ്രൊട്ടക്ഷൻ ഡാറ്റ പൂളിംഗ് പ്രക്രിയ ആരംഭിച്ചു
ഭക്ഷ്യ സുരക്ഷ, ഭവന സഹായം അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പോലുള്ള ആനുകൂല്യങ്ങൾ കണക്കിലെടുക്കാത്തതിനാൽ, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 48.8% എന്ന വിലയിരുത്തൽ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ ഭൂമികയെ പൂർണ്ണമായും ഉൾക്കൊള്ളുന്നില്ല. ഈ ഘടകങ്ങളുടെ സംയോജനത്തോടെ, ഇന്ത്യയുടെ യഥാർത്ഥ സാമൂഹിക സംരക്ഷണ പരിരക്ഷ ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിലധികം പദ്ധതികളിൽ നിന്നുള്ള ഡാറ്റ ഏകീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സാമൂഹിക സുരക്ഷാ പരിരക്ഷയുടെ സമഗ്രമായ വിലയിരുത്തൽ സാധ്യമാക്കുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയം 2025 മാർച്ച് 19 ന് ഇന്ത്യയുടെ സോഷ്യൽ പ്രൊട്ടക്ഷൻ ഡാറ്റ പൂളിംഗ് പ്രക്രിയയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. ഇന്ത്യയുടെ ക്ഷേമ ഭൂമികയുടെ സമഗ്ര ചിത്രം ലഭിക്കുന്നതിന് ഒന്നിലധികം പദ്ധതികളിൽ നിന്നുള്ള ഡാറ്റ ഏകീകരിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഗുജറാത്ത് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളെ കേന്ദ്ര തല ഡാറ്റ ഏകീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഈ ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC), അടൽ പെൻഷൻ യോജന (APY), പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമ്മാൺ (PM POSHAN) എന്നിവയുൾപ്പെടെ 34 പ്രധാന കേന്ദ്ര പദ്ധതികളിൽ ആധാർ ഒരു സവിശേഷ തിരിച്ചറിയലായി ഉപയോഗിച്ച് ഇന്ത്യ ഇതിനകം 200 കോടിയിലധികം രേഖകൾ കൈകാര്യം ചെയ്തു.
ഭാവി വിലയിരുത്തലുകളിൽ ഈ അധിക ക്ഷേമ നടപടികൾ പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ഉന്നതതല സംഭാഷണത്തിൽ ഏർപ്പെട്ടു. ജനീവയിൽ നടന്ന 353-ാമത് അന്താരാഷ്ട്ര തൊഴിൽ സംഘടനനാ ഭരണസമിതി യോഗത്തിനിടെ നടന്ന ഉഭയകക്ഷി ചർച്ചയിൽ, ഭവനനിർമ്മാണം, ഭക്ഷ്യസുരക്ഷ എന്നിവയെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള വിശാല സൂചകങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര തൊഴിൽ സംഘടന അംഗീകരിക്കുകയും അത്തരം പദ്ധതികൾ വിലയിരുത്തലുകളിൽ പരിഗണിക്കാൻ സമ്മതിക്കുകയും ചെയ്തു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും അന്താരാഷ്ട്ര തൊഴിൽ സംഘടനയും തമ്മിലുള്ള നിരന്തര സഹകരണത്തോടെ, ഇന്ത്യ സ്വന്തം സാമൂഹിക സംരക്ഷണ ചട്ടക്കൂട് പരിഷ്ക്കരിക്കാനും, ക്ഷേമ പദ്ധതികളുടെ കൃത്യമായ ചിത്രം അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.
ഉപസംഹാരം
സാമൂഹിക സംരക്ഷണം വിപുലീകരിക്കുന്നതിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ സാർവത്രിക ക്ഷേമത്തിനും സാമ്പത്തിക സുരക്ഷയ്ക്കുമുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 2024–26 ലെ ലോക സാമൂഹിക സംരക്ഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത് പോലെ , പരിരക്ഷ ഇരട്ടിയാകുന്നത്, കോടിക്കണക്കിന് ജനങ്ങൾക്ക് സാമ്പത്തിക സ്ഥിരത, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിൽ ആയുഷ്മാൻ ഭാരത്, PMGKAY, ഇ ശ്രം പോർട്ടൽ തുടങ്ങിയ പ്രധാന സംരംഭങ്ങളുടെ സ്വാധീനം എടുത്തുകാട്ടുന്നു. ഡാറ്റാധിഷ്ഠിത നയരൂപീകരണം കാര്യക്ഷമമാക്കിയും നിലവിലുള്ള വിലയിരുത്തലുകളിലെ കുറവുകൾ പരിഹരിച്ചും ഉള്ള സോഷ്യൽ പ്രൊട്ടക്ഷൻ ഡാറ്റ പൂളിംഗ് പ്രക്രിയ ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് ഇന്ത്യ സ്വന്തം സാമൂഹിക സുരക്ഷാ ചട്ടക്കൂട് പരിഷ്ക്കരിക്കുന്നത് തുടരുമ്പോൾ, സാമ്പത്തിക വളർച്ചയുടെയും ക്ഷേമാധിഷ്ഠിത വികസനത്തിന്റെയും സന്തുലിത മാതൃകയാണ് അനുവർത്തിക്കുന്നത്.
(Release ID: 2115786)
|