രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ഒഡീഷയിൽ; ഭാരതീയ ബിശ്വബസു ശബർ സമാജത്തിന്റെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു; ഭഗവാൻ നിലമധാബ് ക്ഷേത്രത്തിൽ ദർശനം നടത്തി

Posted On: 24 MAR 2025 6:10PM by PIB Thiruvananthpuram
ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് ഉച്ചയ്ക്ക് (2025 മാർച്ച് 24) ഒഡീഷയിലെ ഭുവനേശ്വറിലെത്തി.
 
ഭുവനേശ്വറിൽ നിന്ന് നയാഗഡിലേക്ക് പോയ രാഷ്ട്രപതി നിലമധാബ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. പിന്നീട്, കലിയപ്പള്ളിയിലെ ഭാരതീയ ബിശ്വബസു ശബർ സമാജിന്റെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു.
 
 ഈ മനോഹരമായ പ്രദേശത്തിന്റെ കാഴ്ചകൾ വളരെ ആകർഷകമാണെന്ന് കലിയപ്പള്ളിയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള സാധ്യത ഇവിടെയുണ്ട്. ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകും. ഈ സ്ഥലത്തിന്റെയും പ്രദേശത്തിന്റെയും വികസനത്തിന് എല്ലാവരും പ്രവർത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. കൃഷി, കരകൗശല വസ്തുക്കൾ, വിനോദ സഞ്ചാരം തുടങ്ങിയ വിവിധ മേഖലകളിൽ നയാഗഡിന്റെ സാധ്യതകൾ രൂപപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി പറഞ്ഞു
 
പ്രകൃതി സൗഹൃദ ജീവിതശൈലി ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷതയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അത് ഗോത്ര ജീവിതത്തിന്റെ അവിഭാജ്യ ഘടകവുമാണ്. ഗോത്ര സഹോദരീ സഹോദരന്മാർ വനങ്ങളെയും മരങ്ങളെയും ദൈവങ്ങളായി ആരാധിക്കുന്നു. ഗോത്ര വിശ്വാസങ്ങൾ അനുസരിച്ച്, അവരുടെ പൂർവ്വികരുടെ ആത്മാക്കൾ വനത്തിലാണ് വസിക്കുന്നത്. വനസംരക്ഷണത്തിന്റെ മഹത്തായ മന്ത്രമാണ് ഈ വിശ്വാസം.
 
 
ഗോത്ര സഹോദരീ സഹോദരന്മാരുടെ ശാക്തീകരണത്തിനും സ്വാശ്രയത്വത്തിനും വേണ്ടി ഗവണ്മെന്റ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഒപ്പം അവരുടെ കലയും സംസ്കാരവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവാന്മാരാകാനും ആ പദ്ധതികളുടെ പ്രയോജനം നേടാനും രാഷ്ട്രപതി അവരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ ഗവൺമെന്റിന്റെ പദ്ധതികൾ വിജയകരമാകൂ എന്ന് രാഷ്ട്രപതി ശ്രീമതി മുർമു പറഞ്ഞു.
 
****
 

(Release ID: 2114616) Visitor Counter : 22