ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി

Posted On: 21 MAR 2025 9:09PM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര , സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും, നിയമനിർമ്മാണ ചട്ടക്കൂടും ഉറപ്പാക്കിക്കൊണ്ട് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോവീര്യം ഉയർത്താൻ കഴിഞ്ഞ 10 വർഷമായി ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുന്നതായി രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചയ്ക്ക് മറുപടി പറയവെ, കേന്ദ്ര ആഭ്യന്ത, സഹകരണ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദശകത്തിൽ ജമ്മു കശ്മീരിലെ ഭീകരവാദം, ഇടതു തീവ്രവാദം, വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദം എന്നിവ ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 2014 ന് മുമ്പ് ഭീകരർ കശ്മീരിലേക്ക് പതിവായി നുഴഞ്ഞുകയറിയിരുന്നു, എന്നാൽ ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ശേഷമുള്ള സർജിക്കൽ സ്‌ട്രൈക്കുകൾ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ അത്തരം ഭീഷണികളെ നിർവ്വീര്യമാക്കിയെന്ന് ശ്രീ ഷാ ചൂണ്ടിക്കാട്ടി. 2019 ഓഗസ്റ്റ് 5 ന് അനുച്ഛേദം 370 റദ്ദാക്കിയത് കശ്മീരിന്റെ ഇന്ത്യയുമായുള്ള സംയോജനം പൂർണ്ണമാക്കി.

2004-2014 കാലയളവിൽ 7,217 ഭീകരാക്രമണ സംഭവങ്ങൾ ഉണ്ടായപ്പോൾ, 2014-2024 കാലയളവിൽ ഇത് 2,242 ആയി കുറഞ്ഞു. ഭീകരാക്രമണങ്ങളിലുള്ള സാധാരണക്കാരുടെ മരണനിരക്ക് 81% കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണനിരക്ക് 50% കുറഞ്ഞു. 2010-2014 കാലയളവിൽ പ്രതിവർഷം 2,654 എന്ന തോതിൽ റിപ്പോട്ട് ചെയ്യപ്പെട്ടിരുന്ന കല്ലെറിയൽ സംഭവങ്ങൾ അവസാനിച്ചു. 2004-ൽ 1,587 ഭീകരാക്രമണങ്ങളായിരുന്നു നടന്നതെങ്കിൽ 2024-ൽ അത് 85 ആയി കുറഞ്ഞു.

 കശ്മീരിന്റെ വികസനത്തിനായി 2015-ൽ ₹80,000 കോടി വകയിരുത്തി. പൂർത്തിയായ 53 പദ്ധതികൾക്കായി ₹51,000 കോടി ചെലവഴിച്ചു. 2019-2024 കാലയളവിൽ, വിശ്വകർമ യോജനയിലൂടെ 40,000 സർക്കാർ ജോലികൾ നൽകി. പിന്നാക്ക വിഭാഗങ്ങളിലെ 1.51 ലക്ഷം യുവാക്കൾക്ക് സ്വയം തൊഴിൽ അവസരം ലഭിച്ചു. 2023-ൽ വിനോദസഞ്ചാരത്തിനായി 2.11 കോടി സന്ദർശകരെ എത്തിച്ച് റെക്കോർഡ് നേട്ടം കൈവരിച്ചു. ₹12,000 കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർത്ഥ്യമായി.  ₹1.1 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

പ്രധാനമന്ത്രി മോദി കശ്മീരിൽ ജനാധിപത്യത്തിന് അടിത്തറ പാകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ ഭരണകാലത്ത് ജമ്മു കശ്മീരിൽ 90 നിയമസഭാംഗങ്ങളും 6 എംപിമാരും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിലടക്കം 34,262 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ഒരു വെടിയുണ്ട ശബ്ദിച്ചില്ലെന്നും  98% ജനങ്ങളും വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ന് ജമ്മു കശ്മീരിൽ എയിംസ്, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. മുമ്പ് 4 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 15 മെഡിക്കൽ കോളേജുകൾ ഉണ്ട്. കൂടാതെ 15 പുതിയ നഴ്‌സിംഗ് കോളേജുകളും ഉണ്ട്. നേരത്തെ 500 എംബിബിഎസ് സീറ്റുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 800 എണ്ണം കൂട്ടിച്ചേർത്തു. 767 പിജി സീറ്റുകളിൽ 297 എണ്ണം പുതുതായി കൂട്ടിച്ചേർത്തതാനെന്നും അദ്ദേഹം പറഞ്ഞു.  കറുത്ത കണ്ണട ധരിച്ച് കണ്ണടച്ച് ഇരിക്കുന്നവർക്ക് ഒരിക്കലും വികസനം കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

2026 മാർച്ചോടെ നക്സലിസം തുടച്ചുനീക്കാനുള്ള പ്രതിജ്ഞാബദ്ധത ശ്രീ ഷാ ആവർത്തിച്ചു. 2004 മുതൽ 2014 വരെ 16,463 അക്രമ സംഭവങ്ങൾ ഉണ്ടായി. കഴിഞ്ഞ ദശകത്തിൽ ഇത് 53% കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണനിരക്ക് 73% കുറഞ്ഞു (1,851 ൽ നിന്ന് 509 ആയി), സാധാരണക്കാരുടെ മരണനിരക്ക് 70% കുറഞ്ഞു (4,766 ൽ നിന്ന് 1,495 ആയി). ഏറ്റവും കൂടുതൽ നക്സലിസം ബാധിച്ചതായി കണക്കാക്കപ്പെടുന്ന ജില്ലകളുടെ എണ്ണം  126 ൽ നിന്ന് 12 ആയി കുറഞ്ഞു.

ഛത്തീസ്ഗഢിലെ ഭരണ മാറ്റത്തിന് ശേഷം, 380 നക്സലുകൾ കൊല്ലപ്പെടുകയും 1,194 പേർ അറസ്റ്റിലാകുകയും 1,045 പേർ കീഴടങ്ങുകയും ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ സുരക്ഷാ ക്യാമ്പുകൾ 302 എണ്ണം  വർദ്ധിച്ചു. 612 സുരക്ഷിത പോലീസ് സ്റ്റേഷനുകൾ നിർമ്മിച്ചു (2014 ന് മുമ്പുള്ള 66 മായി താരതമ്യപ്പെടുത്തുമ്പോൾ). 68 നൈറ്റ്-ലാൻഡിംഗ് ഹെലിപാഡുകളും നിർമ്മിച്ചു.

നക്സൽ ഫണ്ടിംഗ് തടയുന്നതിനായി, സർക്കാർ എൻ‌ഐ‌എയെയും ഇ‌ഡിയെയും ഉപയോഗിച്ച് കള്ളപ്പണം തടയൽ നിയമപ്രകാരം (PMLA) കേസുകൾ ഫയൽ ചെയ്തു. നക്സൽ ബാധിത പ്രദേശങ്ങൾക്കുള്ള ബജറ്റ് വിഹിതം 300% വർദ്ധിപ്പിച്ചു. റോഡ്, ടെലികോം, ബാങ്കിംഗ് വികസനത്തെ പിന്തുണച്ചു. 11,503 കിലോമീറ്റർ ദേശീയ പാതകളും 20,000 കിലോമീറ്റർ ഗ്രാമീണ റോഡുകളും 4,888 മൊബൈൽ ടവറുകളും നിർമ്മിച്ചു.

വടക്കുകിഴക്കൻ മേഖലയിലെ അക്രമ സംഭവങ്ങൾ 70% കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ 72% കുറവുണ്ടായി. സാധാരണക്കാരുടെ മരണത്തിൽ 85% കുറവുണ്ടായി. 2019 മുതൽ, 12 പ്രധാന സമാധാന കരാറുകളിൽ ഒപ്പുവച്ചു. ഇത് 10,900 വിഘടന  വാദികൾ കീഴടങ്ങാൻ കാരണമായി. സായുധ സേനാ പ്രത്യേക അധികാര നിയമത്തിന്റെ (AFSPA) അധികാരപരിധി 70% കുറച്ചു.

അസമിൽ ₹5 ലക്ഷം കോടി മൂല്യമുള്ള നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചു. കുടിയിറക്കപ്പെട്ട 37,584 ബ്രൂ-റിയാങ് സമുദായ അംഗങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുകയും സ്ഥിരമായ ഭവനവും നൈപുണ്യ പരിശീലനവും നൽകുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ബജറ്റ് 153% വർദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി റെയിൽവേയ്ക്ക് ₹81,900 കോടിയും ദേശീയ പാതയ്ക്ക് ₹41,500 കോടിയും അനുവദിച്ചു.

എൻ‌ഐ‌എ നിയമത്തിലെ (2019) ഭേദഗതികൾ നിയമത്തിന്റെ അധികാരപരിധി വിപുലീകരിച്ചു. സ്വത്ത് പിടിച്ചെടുക്കലും വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതും അനുവദിക്കുന്നതിനായി യു‌എ‌പി‌എ പരിഷ്കരിച്ചു. ഹുറിയത്ത്, പി‌എഫ്‌ഐ എന്നിവയുൾപ്പെടെ 23 സംഘടനകളെ നിരോധിക്കുകയും ഭീകര ധനസഹായ ശൃംഖലകൾ ഇല്ലാതാക്കുകയും ചെയ്തു.

എൻ‌ഐ‌എയുടെ കർമ്മശേഷി 1,244 പുതിയ തസ്തികകളും 16 ബ്രാഞ്ച് ഓഫീസുകളും ആയി വികസിച്ചു. 652 കേസുകളിൽ 516 കുറ്റപത്രങ്ങൾ ഫയൽ ചെയ്തു. ശിക്ഷാ നിരക്ക് 95% - ആഗോള ഭീകരവിരുദ്ധ ഏജൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക്.

ഭീകരവിരുദ്ധ പ്രവർത്തനം, ലഹരി മരുന്ന് നിയന്ത്രണം, ദുരന്തനിവാരണം, അതിർത്തി സുരക്ഷ എന്നിവയിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൾട്ടി-ഏജൻസി സെന്റർ (MAC) ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും 72,000 ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത ആശയവിനിമയ ചാനലിലൂടെ ജില്ലകളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും രഹസ്യാന്വേഷണ വിവര വിനിമയം സമയബന്ധിതമായി ഉറപ്പാക്കുന്നു. കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാൻ  സഹായിക്കുന്ന 35-ലധികം ഡാറ്റാ സ്രോതസ്സുകൾ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (NATGRID) സംയോജിപ്പിച്ചിരിക്കുന്നു.

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഇരകളാണെന്നും കടത്തുകാർ കുറ്റവാളികളാണെന്നും ലഹരിമരുന്ന് ഭീഷണിയെക്കുറിച്ച് വിശദീകരിക്കവെ ശ്രീ ഷാ ഊന്നിപ്പറഞ്ഞു. ഒന്നിലധികം മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും ഉൾപ്പെടുന്ന "സമ്പൂർണ്ണ സംവിധാനവും, മുഴുവൻ രാജ്യവും" എന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നത്. സംഭവങ്ങളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിനുപകരം ലഹരിമരുന്ന് വിതരണ ശൃംഖലകൾ കണ്ടെത്തുകയെന്നതാണ് പുതിയ അന്വേഷണ രീതി. ലഹരിയിൽ നിന്നുള്ള പണം, നക്സലിസം, ഭീകരത, നിയമവിരുദ്ധ ക്രിപ്‌റ്റോകറൻസി ഇടപാടുകൾ തുടങ്ങിയ ഭീഷണികൾ തമ്മിലുള്ള ബന്ധവും  അദ്ദേഹം എടുത്തുകാട്ടി. 2019 മുതൽ, ലഹരിമരുന്ന് കടത്തിനെതിരെ പോരാടുന്നതിനായി NCORD സംവിധാനം 6,000-ത്തിലധികം ജില്ലാതല യോഗങ്ങൾ നടത്തി. 2014 നും 2024 നും ഇടയിൽ, ലഹരിമരുന്ന് പിടിച്ചെടുക്കൽ ഗണ്യമായി വർദ്ധിച്ചു.ഒരു കോടി കിലോഗ്രാമിൽ കൂടുതൽ കണ്ടുകെട്ടി. അതിന്റെ മൂല്യം ₹1.5 ലക്ഷം കോടി. സർക്കാർ സിന്തറ്റിക് ലഹരിമരുന്ന് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ഇതിനെതിരായ നിയമനടപടികളും നിയന്ത്രണവും  ശക്തിപ്പെടുത്തുകയും ചെയ്തു.

ഭാഷാ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, എല്ലാ ഇന്ത്യൻ ഭാഷകളും സാംസ്ക്കാരിക രത്നങ്ങളാണെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ ഉൾപ്പെടെ, വിദ്യാഭ്യാസത്തിൽ പ്രാദേശിക ഭാഷകളെ മോദി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദി മറ്റ് ഇന്ത്യൻ ഭാഷകളുമായി മത്സരിക്കുകയല്ലെന്നും  മറിച്ച് അവയെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട്, 2024 ജൂലൈ 1 മുതൽ, കാലഹരണപ്പെട്ട ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾക്ക് പകരമായി മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ - ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം - നിലവിൽ വന്നതായി ശ്രീ ഷാ പ്രഖ്യാപിച്ചു. സുപ്രീം കോടതി വരെ പോയാലും മൂന്ന് വർഷത്തിനുള്ളിൽ നീതി ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്‌ക്കാരങ്ങളുടെ ലക്ഷ്യം. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ഫോറൻസിക് പരിശോധന, വിചാരണകൾ മാറ്റിവയ്ക്കുന്നത് പരിമിതപെടുത്തുക, ഇന്ത്യയ്ക്ക് പുറത്തുള്ള സ്വത്ത് കണ്ടുകെട്ടൽ, പ്രത്യേക പ്രോസിക്യൂഷൻ ഡയറക്ടർ എന്നിവ സുപ്രധാന പരിവർത്തനങ്ങളാണ്. ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഇപ്പോൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. ഭീകരവാദം ഔദ്യോഗികമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നിർമ്മിത ബുദ്ധി  വഴി പോലീസ് സ്റ്റേഷനുകൾ, കോടതികൾ, ഫോറൻസിക് രേഖകൾ എന്നിവ സംയോജിപ്പിക്കുകയും സൈബർ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 17,000-ത്തിലധികം പോലീസ് സ്റ്റേഷനുകൾ ക്രൈം & ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റവുമായി (CCTNS) ബന്ധിപ്പിച്ചിരിക്കുന്നു. കുറ്റവാളികളെക്കുറിച്ചുള്ള വിപുലമായ ഡാറ്റ ശേഖരിക്കുന്നു. ആറ് മാസത്തിനുള്ളിൽ പൂർണ്ണമായും സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംവിധാനം കുറ്റകൃത്യ പ്രതിരോധത്തെ ഗണ്യമായി മെച്ചപ്പെടുത്തും.

ഫോറൻസിക് സയൻസിൽ, സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ, മാനവവിഭവശേഷി, ഗവേഷണ വികസനം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി ഇപ്പോൾ 72 പിഎച്ച്ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികളുടെ ശേഷി 35,000 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഡിഎൻഎ ലാബുകൾ സ്ഥാപിക്കും. നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

ദുരിതാശ്വാസ അധിഷ്ഠിത തന്ത്രങ്ങളിൽ നിന്ന് പ്രതിരോധ, ലഘൂകരണ തന്ത്രങ്ങളിലേക്ക് മാറിക്കൊണ്ട് ദുരന്തനിവാരണത്തിന് ദീർഘവീക്ഷണമുള്ള സമീപനം സ്വീകരിക്കണമെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. ദേശീയ ദുരന്ത ലഘൂകരണ ഫണ്ട്, പ്രാദേശിക ദുരന്ത കേന്ദ്രങ്ങൾ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ തയ്യാറെടുപ്പ് ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ‘ഓപ്പറേഷൻ ദോസ്ത്’ പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ ആഗോളതലത്തിൽ ദുരന്ത സഹായം നൽകിയിട്ടുണ്ട്.

അതിർത്തി സുരക്ഷയെക്കുറിച്ച് വിശദീകരിക്കവെ, കുടിയേറ്റം തടയുന്നതിനായി വിദൂര അതിർത്തി ഗ്രാമങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിനെക്കുറിച്ച് ശ്രീ ഷാ എടുത്തുപറഞ്ഞു. പന്ത്രണ്ടിൽ പതിനൊന്ന് ലാൻഡ് പോർട്ടുകളും മോദി സർക്കാരിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്. ഇത് 70,959 കോടി രൂപയുടെ വ്യാപാരവും 30 ദശലക്ഷത്തിലധികം യാത്രക്കാരുടെ സഞ്ചാരവും സുഗമമാക്കി. ആകെ 26 ലാൻഡ് പോർട്ടുകൾക്കായി പദ്ധതികളുമുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.

പത്മ പുരസ്‌ക്കാരങ്ങൾക്കുള്ള സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ശ്രീ അമിത് ഷാ പ്രശംസിച്ചു, രാഷ്ട്രീയ ഇടപെടലുകളില്ലാതെ സമൂഹത്തിന്റെ താഴെത്തട്ടിൽ സംഭാവന നൽകുന്നവർക്ക് അംഗീകാരം ഉറപ്പാക്കി.
 
 
SKY
 
*****

(Release ID: 2113974) Visitor Counter : 36