രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ന്യൂഡല്‍ഹി എയിംസിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു

Posted On: 21 MAR 2025 6:24PM by PIB Thiruvananthpuram
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (2025, മാര്‍ച്ച് 21) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണം, മെഡിക്കല്‍ വിദ്യാഭ്യാസം, ലൈഫ് സയന്‍സെസ് ഗവേഷണം എന്നിവയിലെ മികവിന് ലോക പ്രശസ്തമായ ഒരു സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ എയിംസ് എന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പലപ്പോഴും ദൂരെ നിന്നുപോലും, ചികിത്സയ്ക്കു വരുന്ന ദശലക്ഷക്കണക്കിനു രോഗികള്‍ക്ക് ഇത് പ്രത്യാശയുടെ പ്രതീകമാണ്. പാരാമെഡിക്കല്‍, മെഡിക്കല്‍ ഇതര ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ ഇവിടുത്തെ ഫാക്കല്‍റ്റി പിന്നോക്കാവസ്ഥയിലുള്ളവരെയും മുന്നോക്കം നില്‍ക്കുന്നവരെയും ഒരേ സമര്‍പ്പണത്തോടും സഹാനുഭൂതിയോടും കൂടി ചികിത്സിക്കുന്നു. ഭഗവത് ഗീതയിലെ കര്‍മ്മ യോഗത്തിന്റെ ഒരു പ്രായോഗിക പരീക്ഷണശാലയാണ് എയിംസ് എന്നു വേണമെങ്കില്‍ പറയാം.

ദേശീയതലത്തില്‍ മാത്രമല്ല, ആഗോളതലത്തിലും ആരോഗ്യ സംരക്ഷണത്തില്‍ എയിംസ് നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു. ഇത് മെയ്ഡ് -ഇന്‍- ഇന്ത്യയുടെ അഭിമാനകരമായ ഒരു വിജയഗാഥയും രാജ്യമെമ്പാടും അനുകരിക്കപ്പെടേണ്ട മാതൃകയുമാണ്. 69 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത നിമിത്തം എയിംസ് എന്ന ബ്രാന്‍ഡ് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു നില്‍ക്കുന്നു. നൂതന പരീക്ഷണം, രോഗീപരിചരണം എന്നിവയിലൂടെ ആരോഗ്യ സംരക്ഷണത്തിന്റെ പുരോഗതിക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്.

എയിംസ് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും കാര്യക്ഷമമായ ഭരണം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഏതൊരു സ്ഥാപനത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് കാര്യക്ഷമമായ ഭരണം അത്യന്താപേക്ഷിതമാണെന്നും അക്കാര്യത്തില്‍ എയിംസിനെ ഒഴിവാക്കിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കും അപ്പുറമാണ് ഇതിന്റെ ഉത്തരവാദിത്തം. ബന്ധപ്പെട്ട എല്ലാവരുടെയും ശബ്ദം കേള്‍ക്കുകയും വിഭവങ്ങള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കുകയും മികവ് മാനദണ്ഡമാക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതുകൂടി ഇതില്‍ ഉള്‍പ്പെടുന്നു.

മാനസികാരോഗ്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, ഇന്നത്തെ ലോകത്തിന് അതൊരു ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ആരും, പ്രത്യേകിച്ച് യുവതലമുറ നിരാശപ്പെടേണ്ട കാര്യമില്ലെന്ന് അവര്‍ പറഞ്ഞു. വിലയേറിയ ജീവന്റ നഷ്ടം ഒഴികെ, ജീവിതത്തിലെ എല്ലാ നഷ്ടങ്ങളും പരിഹരിക്കാവുന്നതാണെന്ന് അവര്‍ പറഞ്ഞു. മറഞ്ഞിരിക്കുന്ന ഈ രോഗത്തെക്കുറിച്ച് ആളുകള്‍ക്ക് അവബോധം നല്‍കുന്നതിന് മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ എയിംസ് ഫാക്കല്‍റ്റിയോട് അവര്‍ ആവശ്യപ്പെട്ടു.

ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തുന്നതിന് മികച്ച ഒരു കരിയര്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്,  രാഷ്ട്രപതി പറഞ്ഞു. ദുര്‍ബ്ബലവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള ഒരു അവസരവും പാഴാക്കരുതെന്ന് അവര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.  രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിനു മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു. വര്‍ഷത്തില്‍ കുറച്ചുകാലമെങ്കിലും ആ പ്രദേശങ്ങളിലെ ജനങ്ങളെ സേവിക്കുന്ന കാര്യം അവര്‍ പരിഗണിക്കുമെന്ന് രാഷ്ട്രപതി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചുറ്റുപാടുമുള്ള ആളുകളെ പരിപാലിക്കാനും സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കാനും അവര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.
 
*****

(Release ID: 2113868) Visitor Counter : 29