വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യന്‍ കാർഷിക, ക്ഷീര മേഖലകളുടെ പരിവർത്തനം
സമീപകാല നയ തീരുമാനങ്ങളും ബജറ്റ് വ്യവസ്ഥകളും
Posted On:
20 MAR 2025 6:49PM by PIB Thiruvananthpuram
സംഗ്രഹം
1,000 കോടി രൂപയുടെ അധിക ബജറ്റോടെ പുതുക്കിയ ദേശീയ ക്ഷീര വികസന പരിപാടിയ്ക്ക് (എന്‍പിഡിഡി) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
കന്നുകാലി മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി നവീകരിച്ച രാഷ്ട്രീയ ഗോകുൽ ദൗത്യത്തിന് (ആര്‍ജിഎം) 1,000 കോടി രൂപയുടെ അധിക വിഹിതത്തോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
2025-26 ലെ കേന്ദ്ര ബജറ്റ് രാജ്യവികസനത്തിന്റെ മുൻനിര ചാലകയന്ത്രമായി കൃഷിയെ എടുത്തുപറയുന്നു.
പ്രധാനമന്ത്രി ഫസൽ ബീമ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരാൻ 2025 ജനുവരി 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
2025 ജനുവരി 1-മുതല്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജ് നീട്ടിനില്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
2,481 കോടി രൂപയുടെ ആകെ വിഹിതത്തോടെ പ്രകൃതി കൃഷിയ്ക്കായുള്ള ദേശീയ ദൗത്യം (എന്‍എംഎന്‍എഫ്) ആരംഭിക്കുന്നതിന് 2024 നവംബർ 25-ന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
കൃഷി -കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലെ എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളെയും പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (പിഎം-ആര്‍കെവിവൈ), കൃഷ്യോന്നതി യോജന (കെവൈ) എന്നിങ്ങനെ രണ്ട് കുടക്കീഴിലായി ആവിഷ്ക്കരിക്കാന്‍ 2024 ഒക്ടോബർ 3-ന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
10,103 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ഭക്ഷ്യ എണ്ണയും എണ്ണക്കുരുക്കളുമായി ബന്ധപ്പെട്ട ദൗത്യത്തിന് 2024 ഒക്ടോബർ 3-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ആമുഖം
ഇന്ത്യയിലെ കൃഷി, ക്ഷീരോൽപ്പാദനം, മൃഗസംരക്ഷണം എന്നീ രംഗങ്ങളിലെ വികസനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 2025 മാർച്ച് 19-ന് കേന്ദ്രമന്ത്രിസഭ രണ്ട് സുപ്രധാന തീരുമാനങ്ങളെടുത്തു. കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം എന്നിവ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആധാരശിലയാണ്. ഗ്രാമീണ തൊഴിലും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ഈ മേഖലകൾ നിർണായക പങ്കുവഹിക്കുന്നു.
1,000 കോടി രൂപയുടെ അധിക ബജറ്റ് വിഹിതത്തോടെ 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ (2021-22 മുതൽ 2025-26 വരെ) ആകെ 2,790 കോടി രൂപ നീക്കിയിരിപ്പോടെ കേന്ദ്ര പദ്ധതിയായ നവീകരിച്ച ദേശീയ ക്ഷീര വികസന പരിപാടിയ്ക്ക് (എന്‍പിഡിഡി) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പരിഷ്കരിച്ച എന്‍പിഡിഡിയുടെ പ്രധാന ലക്ഷ്യങ്ങൾ:
മെച്ചപ്പെട്ട പാൽ സംഭരണം, സംസ്കരണ ശേഷി, ഗുണനിലവാര നിയന്ത്രണം.
മൂല്യവർധനയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വിപണി ലഭ്യതയും മികച്ച വിലനിർണ്ണയവും.
ഗ്രാമീണ വരുമാനവും വികസനവും വർധിപ്പിക്കുന്നതിന് ക്ഷീര വിതരണ ശൃംഖലയുടെ ശാക്തീകരണം.
പരിഷ്കരിച്ച എന്‍പിഡിഡി-യുടെ ഘടകങ്ങൾ:
ഘടകം എ: പാലുല്‍പാദന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഘടകം ബി: ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജെഐസിഎ) യുമായി ചേര്‍ന്ന് സഹകരണ സ്ഥാപനങ്ങൾ വഴി പാലുല്‍പാദനം (ഡിടിസി).
പരിഷ്കരിച്ച എന്‍പിഡിഡി-യുടെ പ്രതീക്ഷിത ഫലങ്ങൾ:
10,000 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ രൂപീകരിക്കല്‍.
70% സ്ത്രീകൾക്ക് പ്രയോജനത്തോടെ 3.2 ലക്ഷം അധിക തൊഴിലവസരങ്ങൾ.
കന്നുകാലി മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ അധിക വിഹിതത്തോടെ നവീകരിച്ച രാഷ്ട്രീയ ഗോകുൽ ദൗത്യവും (ആർജിഎം) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ (2021-22 മുതൽ 2025-26 വരെ) ആകെ ബജറ്റ് 3,400 കോടി രൂപയായി.
പരിഷ്കരിച്ച ആർജിഎമ്മിലെ പ്രധാന കൂട്ടിച്ചേർക്കലുകൾ:
പശുക്കിടാങ്ങളെ വളർത്തുന്ന കേന്ദ്രങ്ങൾ: 15,000 പശുക്കിടാങ്ങൾക്ക് 30 തൊഴുത്ത് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് മൂലധന ചെലവിന്റെ 35% ഒറ്റത്തവണ സഹായം.
ഉയർന്ന ജനിതക ഗുണങ്ങളുള്ള (എച്ച്ജിഎം) പശുക്കിടാങ്ങൾക്ക് പിന്തുണ: ക്ഷീരസംഘങ്ങളില്‍നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എച്ച്ജിഎം-ഐവിഎഫ് പശുക്കിടാങ്ങളെ വാങ്ങാൻ കർഷകർ എടുക്കുന്ന വായ്പകൾക്ക് 3% പലിശ ഇളവ്.
ആർജിഎമ്മിന് കീഴിലെ നിലവിലെ പ്രവർത്തനങ്ങൾ:
ബീജ സംഭരണകേന്ദ്രങ്ങളുടെയും കൃത്രിമ ബീജസങ്കലന (എഐ) ശൃംഖലയുടെയും ശാക്തീകരണം.
ലിംഗഭേദമനുസരിച്ച് തരംതിരിച്ച ബീജം ഉപയോഗിച്ച് കാളകളെ ഉൽപാദിപ്പിക്കലും കന്നുകാലി ഇനങ്ങളെ മെച്ചപ്പെടുത്തലും.
നൈപുണ്യ വികസന, കർഷക അവബോധ പരിപാടികള്‍
മികവിന്റെ കേന്ദ്രങ്ങള്‍ രൂപീകരിക്കലും കേന്ദ്ര കന്നുകാലി പ്രജനന ഫാമുകൾ ശക്തിപ്പെടുത്തലും.
പരിഷ്കരിച്ച ആർജിഎമ്മിന്റെ പ്രതീക്ഷിത ഫലങ്ങൾ:
ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8.5 കോടി കർഷകരുടെ വരുമാന വർധന.
നാടൻ കന്നുകാലി ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം.
ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യവും പഴങ്ങളുടെയും പച്ചക്കറികളുടെയും രണ്ടാമത് വലിയ ഉൽപാദക രാജ്യവുമാണ് ഇന്ത്യ. ജൈവ ഉൽപന്നങ്ങൾ, മൂല്യവർധിത പാലുൽപന്നങ്ങൾ, സുസ്ഥിര കൃഷി രീതികൾ എന്നിവയ്ക്ക് ആഗോള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് ഉൽപാദനക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ, വിപണി ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കൂടുതല്‍ ഊന്നൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസങ്ങളില്‍ ഈ മേഖലകളെ നവീകരിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന നയ തീരുമാനങ്ങൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. ലക്ഷ്യമിട്ട നിക്ഷേപങ്ങൾ, നിയന്ത്രണ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ കർഷക വരുമാനം മെച്ചപ്പെടുത്താനും കന്നുകാലികളിൽ രോഗ നിയന്ത്രണം ഉറപ്പാക്കാനും ചെറുകിട-നാമമാത്ര കർഷകരുടെ പ്രയോജനത്തിനായി സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നു. ഈ കാഴ്ചപ്പാടിന്റെ നിർണായക ഘടകമായ 2024-25 ലെ കേന്ദ്ര ബജറ്റില്‍ കൃഷി, മൃഗാരോഗ്യം, ഗ്രാമവികസനം എന്നിവയ്ക്ക് ഗണ്യമായ വിഹിതം വകയിരുത്തിയിട്ടുണ്ട്.
2024-25 കേന്ദ്ര ബജറ്റിലെ കാര്‍ഷിക - മൃഗസംരക്ഷണ - ക്ഷീരോൽപാദക വ്യവസ്ഥകൾ
രാജ്യവികസനത്തിന്റെ മുൻനിര ചാലകയന്ത്രമായി കൃഷിയെ എടുത്തുകാണിക്കുന്ന 2025-26 ലെ കേന്ദ്ര ബജറ്റ് ഉൽപ്പാദനക്ഷമത, കർഷക വരുമാനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന ഉൽപന്നങ്ങളുടെ സ്വയംപര്യാപ്തത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രാഥമിക മേഖലയിൽ സമഗ്ര വളർച്ച ഉറപ്പാക്കിക്കൊണ്ട് മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം എന്നിവയിലേക്കും ഈ വ്യവസ്ഥകൾ വിപുലീകരിക്കുന്നു.
1. കാർഷിക മേഖലയിലെ വ്യവസ്ഥകൾ
1.1 പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന
ഉൽപാദനക്ഷമത കുറഞ്ഞ 100 ജില്ലകളെ ലക്ഷ്യമിടുന്ന പുതിയ പദ്ധതി.
കാർഷിക ഉൽപാദനക്ഷമത, വിള വൈവിധ്യവൽക്കരണം, സുസ്ഥിര രീതികൾ, ജലസേചനം, വിളവെടുപ്പിനു ശേഷമുള്ള സംഭരണം എന്നിവ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
1.7 കോടി കർഷകർക്ക് പ്രയോജനം ലഭിച്ചേക്കും.
1.2 ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും പരിപാടി
കാർഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഒരു ബഹുതലസംരംഭം.
വൈദഗ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആദ്യഘട്ടത്തില്‍ 100 കാർഷിക ജില്ലകളെ ഉൾക്കൊള്ളുന്നു.
1.3 പയറുവർഗങ്ങളില്‍ സ്വയംപര്യാപ്ത കൈവരിക്കാനുള്ള ദൗത്യം
തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ്, മസൂർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറുവർഷ ദൗത്യം.
കാലാവസ്ഥാ പ്രതിരോധ വിത്തുകളുടെയും പ്രോട്ടീൻ വർധനയുടെയും വികസനം.
നാഫെഡ്, എൻസിസിഎഫ് എന്നിവ വഴിയുള്ള സംഭരണത്തിലൂടെ നാലുവർഷത്തേക്ക് ആദായകരമായ വില ഉറപ്പാക്കൽ.
1.4 പഴങ്ങൾക്കും പച്ചക്കറികൾക്കും സമഗ്ര പരിപാടി
കാര്യക്ഷമമായ വിതരണ ശൃംഖലകളോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉൽപാദനം പ്രോത്സാഹിപ്പിക്കൽ.
മൂല്യവർധന, സംസ്കരണം, മികച്ച വിപണിവില ഉറപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സംസ്ഥാനങ്ങളുമായും കാര്‍ഷികോൽപാദക സംഘടനകളുമായും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നു.
1.5 ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായി ദേശീയ ദൗത്യം
ഉയർന്ന വിളവ് നൽകുന്ന, കീട പ്രതിരോധശേഷിയും കാലാവസ്ഥാ പ്രതിരോധ ശേഷിയുമുള്ള വിത്തുകൾക്കായി ഗവേഷണം ശക്തിപ്പെടുത്തൽ.
2024 ജൂലൈ മുതൽ പുറത്തിറക്കിയ 100-ലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത.
1.6 പരുത്തി ഉൽപാദനക്ഷമത ദൗത്യം
പരുത്തി വിളവും സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ അഞ്ചുവർഷ ദൗത്യം.
പരുത്തി കർഷകരുടെ പ്രയോജനം ലക്ഷ്യമാക്കി അധിക നീളമുള്ള സ്റ്റേപ്പിൾ പരുത്തിയുടെ പ്രോത്സാഹനം.
വസ്ത്രമേഖലയുടെ വളർച്ചയ്ക്കായി രൂപീകരിച്ച 5F കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്നു.
1.7 കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായ്പാ പരിധി വർധന
പരിഷ്കരിച്ച പലിശയിളവ് പദ്ധതി പ്രകാരം വായ്പ പരിധി 3 ലക്ഷം രൂപയില്‍നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
7.7 കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1.8 ആസാമിലെ യൂറിയ നിലയം
ആസാമിലെ നംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയോടെ പുതിയ യൂറിയ നിലയം.
യൂറിയ ഉൽപാദനത്തിൽ സ്വയംപര്യാപ്തത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. മൃഗസംരക്ഷണവും ക്ഷീരോൽപ്പാദനവും
2.1 ബീഹാറിലെ മഖാന ബോർഡ്
താമരവിത്ത് ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവയെ പിന്തുണയ്ക്കുന്നതിന് ഒരു പ്രത്യേക ബോർഡിന്റെ രൂപീകരണം.
താമരവിത്ത് കർഷകരെ കാര്‍ഷികോൽപാദന സംഘടനകളായി (എഫ്‌പിഒ-കൾ) ഒരുമിച്ചുകൊണ്ടുവരിക.
2.2 മത്സ്യബന്ധന വികസന ചട്ടക്കൂട്
ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളിൽ പ്രത്യേക ശ്രദ്ധ.
പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്നും പുറംകടൽ മേഖലകളില്‍നിന്നും സുസ്ഥിര മത്സ്യബന്ധനം
സമുദ്രമേഖലാ സാധ്യതകൾ വർധിപ്പിക്കാനും കയറ്റുമതി മെച്ചപ്പെടുത്താനും ലക്ഷ്യം.
3. വായ്പയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും
3.1 ഗ്രാമീൺ ക്രെഡിറ്റ് സ്കോർ
സ്വയം സഹായ സംഘാംഗങ്ങൾക്കും ഗ്രാമീണ വായ്പാ ആവശ്യങ്ങൾക്കുമായി പൊതുമേഖലാ ബാങ്കുകൾ പ്രത്യേക ചട്ടക്കൂട് വികസിപ്പിക്കും.
3.2 സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പാ വിപുലീകരണം
ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സൂക്ഷ്മ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ പരിധിയില്‍ പ്രത്യേക ക്രെഡിറ്റ് കാർഡുകളുടെ അവതരണം.
ആദ്യ വർഷം 10 ലക്ഷം കാർഡുകൾ നൽകും.
4. ഗവേഷണ അടിസ്ഥാന സൗകര്യ വികസനം
4.1 വിളകളുടെ ജനിതകദ്രവ്യത്തിന് ജീൻ ബാങ്ക്
ഭാവി ഭക്ഷ്യസുരക്ഷയ്ക്കായി 10 ലക്ഷം ജനിതകദ്രവ്യ നിരകളോടെ രണ്ടാമത്തെ ജീൻ ബാങ്ക്.
4.2 കൃഷിയിലെ ഗവേഷണവും വികസനവും
സ്വകാര്യ മേഖല നയിക്കുന്ന ഗവേഷണ വികസനത്തിന് ഉയര്‍ന്ന പിന്തുണ.
കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം എന്നിവയുമായി ബന്ധപ്പെട്ട 2025-26 ലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകൾ കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കാനും കർഷകർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും അനുബന്ധ മേഖലകളെ ശക്തിപ്പെടുത്താനുമുള്ള സർക്കാര്‍ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
2024 ഒക്ടോബർ മുതലുള്ള മന്ത്രിസഭാ തീരുമാനങ്ങളുടെ അവലോകനം
പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) യും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും (ആര്‍ഡബ്ല്യുബിസിഐഎസ്) തുടരും
2021-22 മുതൽ 2025-26 വരെ 69,515.71 കോടി രൂപയുടെ ആകെ പദ്ധതിവിഹിതത്തോടെ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരാൻ 2025 ജനുവരി 1ണന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തടയാനാകാത്ത പ്രകൃതിദുരന്തങ്ങളുടെ അപകടസാധ്യതയില്‍നിന്ന് വിളകളെ പരിരക്ഷിക്കാൻ രാജ്യമെങ്ങുമുള്ള കർഷകരെ ഈ തീരുമാനം സഹായിക്കും.
ഇതിനുപുറമെ പദ്ധതി നടപ്പാക്കുന്നതിൽ വന്‍തോതില്‍ സാങ്കേതികവിദ്യ ഉൾപ്പെടുത്തി സുതാര്യതയും ഇന്‍ഷുറന്‍സ് തുകയുടെ കണക്കുകൂട്ടലും തീർപ്പാക്കലും മെച്ചപ്പെടുത്തുന്നതിന് 824.77 കോടി രൂപയുടെ അടിസ്ഥാന മൂലധനത്തോടെ ഫണ്ട് ഫോര്‍ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (എഫ്ഐഎടി) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) ഒറ്റത്തവണ പ്രത്യേക പാക്കേജിന്റെ വിപുലീകരണം
കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ സുസ്ഥിര ലഭ്യത ഉറപ്പാക്കുന്നതിന് എൻബിഎസ് സബ്‌സിഡിക്ക് പുറമെ മെട്രിക് ടണ്ണിന് 3,500 രൂപ നിരക്കിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡിഎപി ഒറ്റത്തവണ പ്രത്യേക പാക്കേജ് നീട്ടാനുള്ള വളം വകുപ്പിന്റെ നിർദേശം 2025 ജനുവരി 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതിന് താൽക്കാലിക ബജറ്റ് ആവശ്യകത ഏകദേശം 3,850 കോടി രൂപ വരെ ആയിരിക്കും.
2025 വിപണന കാലയളവിൽ കൊപ്രയുടെ കുറഞ്ഞ താങ്ങുവില (എംഎസ്സ്‌പി) വർധന
2025 വിപണന കാലയളവിലെ കൊപ്രയുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്സ്‌പി) 2024 ഡിസംബർ 20-ന് ധനകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. മില്ലിങ് കൊപ്രയ്ക്കും ഉണ്ടകൊപ്രയ്ക്കും 2014-ലെ കുറഞ്ഞ താങ്ങുവില യഥാക്രമം ക്വിന്റലിന് 5250 രൂപയും 5500 രൂപയുമായിരുന്നു. 2025-ലെ വിപണന കാലയളവിൽ ഇത് യഥാക്രമം 121 ശതമാനവും 120 ശതമാനവുമുയര്‍ന്ന് ക്വിന്റലിന് 11,582 രൂപ, 12,100 രൂപ എന്നീ നിരക്കുകളിലെത്തി. ഉയർന്ന താങ്ങുവില നാളികേര കർഷകർക്ക് മികച്ച ആദായ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ആഭ്യന്തരമായും അന്തർദേശീയമായും നാളികേര ഉൽപന്നങ്ങളുടെ കൂടിവരുന്ന ആവശ്യകത നിറവേറ്റുന്നതിന് കൊപ്ര ഉൽപാദനം വിപുലീകരിക്കാന്‍ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ദേശീയ പ്രകൃതിദത്ത കാര്‍ഷിക ദൗത്യത്തിന് തുടക്കം
കാര്‍ഷിക, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വതന്ത്ര കേന്ദ്ര പ്രായോചക പദ്ധതിയായി ദേശീയ പ്രകൃതിദത്ത കാര്‍ഷിക ദൗത്യം (എന്‍എംഎന്‍എഫ്) ആരംഭിക്കുന്നതിന് 2024 നവംബർ 25-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 15-ാം ധനകാര്യ കമ്മീഷൻ (2025-26) വരെ 2,481 കോടി രൂപയാണ് ആകെ പദ്ധതിവിഹിതം (കേന്ദ്രസര്‍ക്കാര്‍ വിഹിതം - 1584 കോടി രൂപ; സംസ്ഥാന വിഹിതം - 897 കോടി രൂപ).
സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കാനും കർഷകര്‍ ബാഹ്യഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ദേശീയ പ്രകൃതിദത്ത കാര്‍ഷിക ദൗത്യം പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. മണ്ണിന്റെ ആരോഗ്യം, ജൈവവൈവിധ്യം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര കൃഷി എന്നിവ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരമ്പരാഗത അറിവ്, പ്രാദേശിക കാർഷിക-പാരിസ്ഥിതിക തത്വങ്ങൾ, വൈവിധ്യമാർന്ന വിള സമ്പ്രദായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രാസവസ്തുക്കളില്ലാത്ത കൃഷി രീതിയാണ് പ്രകൃതിദത്ത കൃഷി (നാച്ചുറൽ ഫാർമിംഗ്).
രാസവളങ്ങളുടെയും കീടനാശിനികളുടെയും ചെലവുകൾ, മണ്ണിന്റെ ശോഷണം, ആരോഗ്യ അപകടസാധ്യതകൾ എന്നിവ കുറയ്ക്കുന്ന പ്രകൃതിദത്തകൃഷി പോഷകസമൃദ്ധമായ ഭക്ഷണവും കാലാവസ്ഥാ പ്രതിരോധവും ഉറപ്പാക്കുന്നു.
പിഎം രാഷ്ട്രീയ കൃഷിവികാസ് യോജന (പിഎം-ആര്‍കെവിവൈ), കൃഷ്യോന്നതി യോജന (കെവൈ) എന്നിവയുടെ തുടക്കം
കാര്‍ഷിക, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലെ എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളെയും (സിഎസ്എസ്) പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (പിഎം-ആര്‍കെവിവൈ), കൃഷ്യോന്നതി യോജന (കെവൈ) എന്നീ രണ്ട് വിശാലപദ്ധതികള്‍ക്ക് കീഴില്‍ യുക്തിപരമായി ക്രമീകരിക്കാനുള്ള കാര്‍ഷിക, കർഷകക്ഷേമ വകുപ്പിന്റെ നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പിഎം-ആര്‍കെവിവൈ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കും. അതേസമയം കെവൈ ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും അഭിസംബോധന ചെയ്യും. 1,01,321.61 കോടി രൂപയുടെ ആകെ നിർദിഷ്ട ചെലവിലാണ് പിഎം-ആര്‍കെവിവൈ, കെവൈ പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരുകൾ വഴിയാണ് ഇവ നടപ്പാക്കുക. 1,01,321.61 കോടി രൂപയുടെ ആകെ നിർദിഷ്ട ചെലവിൽ കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കേന്ദ്രവിഹിതത്തിലേക്ക് പ്രതീക്ഷിക്കുന്ന ചെലവ് 69,088.98 കോടി രൂപയും സംസ്ഥാന വിഹിതം 32,232.63 കോടി രൂപയുമാണ്. ഇതിൽ ആർകെവിവൈക്ക് 57,074.72 കോടി രൂപയും കെവൈക്ക് 44,246.89 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.
ഭക്ഷ്യ എണ്ണകളുടെയും എണ്ണക്കുരുക്കളുടെയും ദേശീയ ദൗത്യത്തിന് അംഗീകാരം
ആഭ്യന്തര എണ്ണക്കുരു ഉൽപാദനം വർധിപ്പിക്കാനും ഭക്ഷ്യ എണ്ണകളിൽ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിടുന്ന സുപ്രധാന സംരംഭമായ ഭക്ഷ്യ എണ്ണകളുടെയും എണ്ണക്കുരുക്കളുടെയും ദേശീയ ദൗത്യത്തിന് 2024 ഒക്ടോബർ 3-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2024-25 മുതൽ 2030-31 വരെ ഏഴ് വർഷക്കാലയളവിൽ 10,103 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ ദൗത്യം നടപ്പാക്കും.
2030-31 ഓടെ പ്രാഥമിക എണ്ണക്കുരു ഉത്പാദനം 2022-23 ലെ 39 ദശലക്ഷം ടണ്ണിൽ നിന്ന് 69.7 ദശലക്ഷം ടണ്ണായി ഉയർത്തുകയാണ് ദൗത്യ ലക്ഷ്യം. എന്‍എംഇഒ-ഒപി (ഓയിൽ പാം) യുമായി ചേർന്ന് പ്രതീക്ഷിത ആഭ്യന്തര ആവശ്യകതയുടെ ഏകദേശം 72% കൈവരിക്കുന്നതിനായി 2030-31 ഓടെ ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപാദനം 25.45 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ദൗത്യം ലക്ഷ്യമിടുന്നത്.
കൃഷി - ക്ഷീരോൽപ്പാദന - മൃഗസംരക്ഷണ മേഖലകളിലെ കേന്ദ്രസര്‍ക്കാര്‍ ക്ഷേമ പദ്ധതികൾ
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ): കര്‍ഷകര്‍ക്ക് മൂന്ന് തുല്യഗഡുക്കളായി പ്രതിവർഷം 6000 രൂപ വരുമാന പിന്തുണ നൽകുന്ന പദ്ധതിയാണ് 2019 ൽ ആരംഭിച്ച പിഎം-കിസാൻ. ഇതിനകം 11 കോടിയിലധികം കർഷകർക്ക് 18 ഗഡുക്കളായി 3.46 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു. പിഎം-കിസാൻ പദ്ധതിയുടെ 19-ാം ഗഡു 2025 ഫെബ്രുവരി 24 നാണ് സർക്കാർ വിതരണം ചെയ്തത്. 2.41 കോടി സ്ത്രീകളുള്‍പ്പെടെ രാജ്യമെങ്ങുമുള്ള 9.8 കോടിയിലധികം കർഷകർക്ക് 19-ാം ഗഡു വിതരണം ചെയ്തതിലൂടെ ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി 22,000 കോടിയിലധികം രൂപയുടെ പ്രയോജനം ലഭിക്കും.
പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജന: 18 മുതൽ 40 വയസ്സ് വരെ പ്രായക്കാര്‍ക്ക് സ്വമേധയാ സംഭാവന ചെയ്ത് 60 വയസ്സ് തികയുമ്പോൾ ഒഴിവാക്കൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കുന്ന സംവിധാനമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംകെഎംവൈ. പദ്ധതി ആരംഭിച്ചതുമുതല്‍ 24.67 ലക്ഷത്തിലധികം ചെറുകിട, നാമമാത്ര കർഷകർ പിഎംകെഎംവൈ പദ്ധതിയുടെ ഭാഗമായി.
പ്രധാനമന്ത്രി ഫസൽ ബീമ യോജന: കർഷകരുടെ ഉയർന്ന പ്രീമിയം നിരക്കുകളുടെയും ഇന്‍ഷുറന്‍സ് തുകയിലെ പരിധിമൂലം ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിലെ കുറവിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2016 ലാണ് പിഎംഎഫ്ബിവൈ ആരംഭിച്ചത്. പദ്ധതി നടപ്പാക്കിയ കഴിഞ്ഞ 8 വർഷത്തിനിടെ രജിസ്റ്റർ ചെയ്ത 63.11 കോടി കർഷക അപേക്ഷകളിൽ 18.52 കോടിയിലധികം (താൽക്കാലിക) കർഷക അപേക്ഷകർക്ക് 1,65,149 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരത്തുക ലഭിച്ചു. ഇക്കാലയളവിൽ ഏകദേശം 32,482 കോടി രൂപ കർഷകർ പ്രീമിയം വിഹിതമായി നൽകുകയും 1,65,149 കോടി രൂപയിലധികം (താൽക്കാലിക) നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു. അതായത് കർഷകർ അടച്ച ഓരോ 100 രൂപ പ്രീമിയത്തിനും ഏകദേശം 508 രൂപ നഷ്ടപരിഹാരമായി ലഭിച്ചു.

ദേശീയ കന്നുകാലി ദൗത്യം (എന്‍എല്‍എം): തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സംരംഭകത്വ വികസനം, മൃഗങ്ങളുടെ പ്രതിശീര്‍ഷ ഉൽപാദനക്ഷമത വർധിപ്പിച്ച് അതുവഴി മാംസം, ആട്ടിൻ പാൽ, മുട്ട, കമ്പിളി എന്നിവയുടെ ഉയര്‍ന്ന ഉല്‍പാദനലക്ഷ്യം കൈവരിക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2024-25 വർഷം ഈ ദൗത്യത്തിനായി 324 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്ഐഡിഎഫ്): ക്ഷീരോല്പന്ന സംസ്കരണവും മൂല്യവർധിത അടിസ്ഥാന സൗകര്യങ്ങളും, മാംസ സംസ്കരണവും മൂല്യവർധിത അടിസ്ഥാന സൗകര്യങ്ങളും, മൃഗ തീറ്റ കേന്ദ്രങ്ങള്‍, കന്നുകാലി ഇനങ്ങളെ മെച്ചപ്പെടുത്തല്‍ സാങ്കേതികവിദ്യ, കന്നുകാലി ഇനങ്ങളെ ഇരട്ടിപ്പിക്കുന്ന കേന്ദ്രങ്ങള്‍, മൃഗാരോഗ്യ മരുന്നുകൾ, പ്രതിരോധ കുത്തിവെയ്പ്പ് അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യങ്ങളില്‍നിന്ന് സമ്പാദ്യം എന്നിവയ്ക്കായി വ്യക്തിഗത സംരംഭകർ, സ്വകാര്യ കമ്പനികൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ , കാർഷികോൽപ്പാദക സംഘടനകൾ (എഫ്പിഒ-കൾ), സെക്ഷൻ 8 കമ്പനികൾ എന്നിവരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ, ക്ഷീര അടിസ്ഥാനസൗകര്യ വികസന ഫണ്ട് (ഡിഐഡിഎഫ്) എച്ച്ഐഡിഎഫില്‍ ഉൾപ്പെടുത്തിയതോടെ പുതുക്കിയ വിഹിതം 29610 കോടി രൂപയാണ്.

ദേശീയ ജന്തുരോഗ നിയന്ത്രണ പരിപാടി (എന്‍എഡിസിപി): 2030 ഓടെ കുളമ്പുരോഗം, ബ്രൂസെല്ലോസിസ് രോഗങ്ങള്‍ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2019 ൽ തുടക്കം കുറിച്ച ഈ പരിപാടി ആഗോളതലത്തില്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളില്‍ ഏറ്റവും വലുതാണ്. കന്നുകാലികളിലും എരുമകളിലും കുളമ്പുരോഗത്തിനെതിരെ ഇതുവരെ നൽകിയ 99.71 കോടിയിലധികം പ്രതിരോധ കുത്തിവെയ്പ്പുകള്‍ 7.18 കോടി കർഷകർക്ക് പ്രയോജനം ചെയ്തു.


ഉപസംഹാരം
കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം എന്നീ മേഖലകളിലെ ആധുനികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത എന്നിവയിലേക്കുള്ള ശക്തമായ മുന്നേറ്റത്തെയാണ് സര്‍ക്കാറിന്റെ സമീപകാല തീരുമാനങ്ങളും ബജറ്റ് വ്യവസ്ഥകളും പ്രതിഫലിപ്പിക്കുന്നത്. രോഗ നിയന്ത്രണം, സഹകരണം ശക്തിപ്പെടുത്തൽ, സാങ്കേതിക കണ്ടുപിടുത്തങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൽപാദനക്ഷമതയും കർഷകരുടെ വരുമാനവും മെച്ചപ്പെടുത്താനും ഈ സുപ്രധാന മേഖലകളുടെ ദീർഘകാല വളർച്ച ഉറപ്പാക്കാനും സഹായിക്കും.


അവലംബം:
https://pib.gov.in/PressReleseDetail.aspx?PRID=2112791
https://pib.gov.in/PressReleseDetail.aspx?PRID=2112788
https://pib.gov.in/PressReleseDetail.aspx?PRID=2089249
https://pib.gov.in/PressReleseDetail.aspx?PRID=2089258
https://pib.gov.in/PressReleseDetail.aspx?PRID=2086629
https://pib.gov.in/PressReleseDetail.aspx?PRID=2077094
https://pib.gov.in/PressReleseDetail.aspx?PRID=2061649
https://pib.gov.in/PressReleseDetail.aspx?PRID=2061646
https://pib.gov.in/PressReleasePage.aspx?PRID=2098404
https://pib.gov.in/PressReleasePage.aspx?PRID=2098401
https://pib.gov.in/PressReleaseIframePage.aspx?PRID=1897084
https://pib.gov.in/PressReleseDetailm.aspx?PRID=1985479
https://pib.gov.in/FactsheetDetails.aspx?Id=149098
https://pib.gov.in/PressReleasePage.aspx?PRID=2105745
https://pib.gov.in/PressReleasePage.aspx?PRID=2086052
https://www.instagram.com/airnewsalerts/p/DAqvpYOoVgI/
https://x.com/pmkisanofficial/status/1891741181614133264/photo/1
www.linkedin.com/posts/agrigoi_agrigoi-naturalfarming-nmnf-activity-7288065904469229568-7OdL
https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc202521492701.pdf
Kindly find the pdf file
******
(Release ID: 2113635)
Visitor Counter : 31