രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്‌മെന്റ് സർവീസിലെയും ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസിലെയും ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 17 MAR 2025 12:32PM by PIB Thiruvananthpuram
ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്‌മെന്റ് സർവീസിലെയും ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസിലെയും ഓഫീസർ ട്രെയിനികൾ ഇന്ന് (മാർച്ച് 17, 2025) രാഷ്ട്രപതി ഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമുവിനെ സന്ദർശിച്ചു.  

ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സമയത്ത്, രാജ്യങ്ങൾ സമുദ്ര സഹകരണം വർദ്ധിപ്പിക്കുകയും സംയുക്ത അഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യ കൂടുതൽ വലിയ ഭൂമിക നേടുന്ന സാഹചര്യത്തിൽ, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാര്യക്ഷമമായ ലോജിസ്റ്റിക് മാനേജ്മെന്റിലൂടെ ഇന്ത്യൻ നാവികസേനയെ പിന്തുണയ്ക്കുന്നതിൽ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസിലെയും നേവൽ ആർമമെന്റ് സർവീസിലെയും ഉദ്യോഗസ്ഥർ പ്രധാന പങ്ക് വഹിക്കുമെന്ന് അവർ പറഞ്ഞു.

ലോകമെമ്പാടും നടക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വികസനങ്ങളെക്കുറിച്ചുള്ള അറിവ് നിരന്തരം സ്വയം പുതുക്കണമെന്ന്  രാഷ്ട്രപതി ഉദ്യോഗസ്ഥരോട് ഉപദേശിച്ചു. ഇൻവെൻ്ററി മാനേജ്മെന്റും   സേവന വിതരണ സംവിധാനവും സുഗമവും ഫലപ്രദവുമാക്കുന്നതിന് നൂതനമായ സമീപനം സ്വീകരിക്കാൻ രാഷ്ട്രപതി അവരോട് പറഞ്ഞു. രാഷ്ട്രത്തിന്റെയും ഇന്ത്യൻ നാവികസേനയുടെയും സേവനത്തിനായി സ്വയം സമർപ്പിക്കാൻ രാഷ്ട്രപതി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു . ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച സേവനങ്ങൾ നൽകുന്നതിലൂടെ രാഷ്ട്രനിർമ്മാണത്തിന് അവർ സംഭാവന നൽകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
SKY

(Release ID: 2111726) Visitor Counter : 26