വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
5G ഇന്നൊവേഷൻ ഹാക്കത്തോൺ 2025 പ്രഖ്യാപിച്ച് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്
5G സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നൂതനമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് മാസത്തെ തീവ്ര പരിപാടിയാണിത്
Posted On:
17 MAR 2025 9:04AM by PIB Thiruvananthpuram
സാമൂഹികവും വ്യാവസായികവുമായ വെല്ലുവിളികളെ നേരിടുന്നതിനായി നൂതനമായ 5G- അധിഷ്ഠിത പ്രതിവിധികളുടെ വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആറ് മാസത്തെ സംരംഭമായ' 5G ഇന്നൊവേഷൻ ഹാക്കത്തോൺ' 2025 ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള ഈ പ്രോഗ്രാം, വിദഗ്ധ മാർഗനിർദ്ദേശങ്ങൾ, സാമ്പത്തിക സഹായം, 100-ലധികം 5G യൂസ് കേസ് ലാബുകളിലേക്കുള്ള പ്രവേശനം എന്നിവ നൽകുന്നു. ദീർഘവീക്ഷണമുള്ള ആശയങ്ങളെ വിപുലമായ സാങ്കേതികവിദ്യകളാക്കി മാറ്റാൻ ഇത് പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്നു.
AI- അധിഷ്ഠിത നെറ്റ്‌വർക്ക് മെയിന്റനൻസ്, IoT- ഉപയോഗിച്ചുള്ള പ്രതിവിധികൾ, 5G പ്രക്ഷേപണം, സ്മാർട്ട് ഹെൽത്ത്, കൃഷി, വ്യാവസായിക ഓട്ടോമേഷൻ, നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ (NTN), D2M, V2X, ക്വാണ്ടം കമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്രധാന 5G ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിർദ്ദേശങ്ങൾ ഹാക്കത്തോൺ ക്ഷണിക്കുന്നു. നെറ്റ്‌വർക്ക് സ്ലൈസിംഗ്, സേവന നിലവാരം (QoS), കോൾ-ഫ്ലോ സാഹചര്യങ്ങൾ എന്നിവ പോലുള്ള 5G സവിശേഷതകൾ യഥാർത്ഥ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്താൻ ഈ പരിപാടി, പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ നൂതനാശയങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നീക്കാൻ നിരവധി പിന്തുണാ സംവിധാനങ്ങൾ ഹാക്കത്തോൺ വാഗ്ദാനം ചെയ്യുന്നു. പങ്കെടുക്കുന്നവർക്ക് അവരുടെ ഐപി ആസ്തികൾ വാണിജ്യവൽക്കരിക്കുന്നതിന് IPR ഫയലിംഗിന് സഹായം ലഭിക്കും.
പ്രോഗ്രാം ഘടനയും സമയക്രമവും
ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി പദ്ധതിനിർദേശ/പ്രൊപ്പോസൽ സമർപ്പണം മുതൽ അന്തിമ മൂല്യനിർണ്ണയം വരെയുള്ള നിരവധി ഘട്ടങ്ങളിലായാണ് ഹാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായ പദ്ധതിനിർദേശ സമർപ്പണത്തിൽ പങ്കെടുക്കുന്നവരെ അവരുടെ സമഗ്രമായ ആശയങ്ങൾ സമർപ്പിക്കാൻ ക്ഷണിക്കുന്നു. ആശയവുമായി ബന്ധപ്പെട്ട പ്രശ്ന പ്രസ്താവന, നിർദ്ദിഷ്ട പരിഹാരം, പ്രതീക്ഷിക്കുന്ന ആഘാതം എന്നിവ വിശദമാക്കണം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) പരിശോധനയ്ക്കായി അഞ്ച് നിർദ്ദേശങ്ങൾ വരെ സമർപ്പിക്കാൻ ഓരോ സ്ഥാപനത്തിനും അവസരം ലഭിക്കും. കൂടുതൽ മൂല്യനിർണ്ണയത്തിനായി മികച്ച എൻട്രികൾ പ്രാദേശിക കമ്മിറ്റികൾ തിരഞ്ഞെടുക്കും.
ഈ സമർപ്പണങ്ങളിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നു.തുടർന്ന് 'റീജിയണൽ ഷോർട്ട്‌ലിസ്റ്റിംഗ്' ഘട്ടത്തിൽ ഈ തിരഞ്ഞെടുത്ത ടീമുകൾക്ക് (150–200 പ്രൊപ്പോസലുകൾ) അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ലഭിക്കും. മികച്ച 25–50 ടീമുകളെ അടുത്ത ഘട്ടമായ പ്രഗതി ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. അതിൽ അവർക്ക് മൂന്ന് മാസ കാലയളവിൽ (ജൂൺ 15 – സെപ്റ്റംബർ 15, 2025) അവരുടെ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിന് ഓരോ ടീമിനും സീഡ് ഫണ്ട് ആയി 1,00,000 രൂപ വീതം നൽകും. ഈ ഘട്ടത്തിൽ, പങ്കെടുക്കുന്നവർക്ക് വിദഗ്ധരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ , 5G യൂസ് കേസ് ലാബുകളിലേക്കുള്ള പ്രവേശനം, അവരുടെ ആശയങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ടെസ്റ്റിംഗ് അടിസ്ഥാന സൗകര്യം എന്നിവ ലഭിക്കും. ഏതെങ്കിലും ഒരു പ്രതിവിധി/ ആശയം ബൗദ്ധിക സ്വത്തവകാശമാക്കി (IPR) ആക്കി മാറ്റാൻ കഴിയുമെങ്കിൽ, IPR ഫയലിംഗിന് ആവശ്യമായ പിന്തുണ നൽകും.
അവസാന ഘട്ടമായ മൂല്യനിർണ്ണയവും പ്രദർശനവും 2025 സെപ്റ്റംബർ അവസാനത്തോടെ നടക്കും.അവിടെ ടീമുകൾ അവരുടെ പ്രോട്ടോടൈപ്പുകൾ ഗവണ്മെന്റ്, അക്കാദമിക്, വ്യവസായം എന്നിവയിൽ നിന്നുള്ള 5-7 വിദഗ്ധർ ഉൾപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ദ്ധ മൂല്യനിർണ്ണയ സമിതിക്ക് (TEEC) മുന്നിൽ അവതരിപ്പിക്കും. സാങ്കേതിക നിർവ്വഹണം (40%), വിപുലീകരണവും & വിപണന ക്ഷമതയും (40%), സാമൂഹിക & വ്യാവസായിക സ്വാധീനവും (10%), പുതുമ (10%) എന്നീ നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തൽ.
2025 ഒക്ടോബറിൽ വിജയികളെ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും പ്രധാന സാങ്കേതിക പരിപാടികളിലൊന്നായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2025-ൽ മികച്ച ടീമുകൾ അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കും.
പുരസ്കാരങ്ങളും അംഗീകാരങ്ങളും
വിജയികൾക്ക് ഗണ്യമായ സമ്മാനങ്ങൾ ലഭിക്കും. ഒന്നാം സ്ഥാനത്തിന് 5,00,000 രൂപയും, രണ്ടാം സ്ഥാനത്തിന് 3,00,000 രൂപയും , മൂന്നാം സ്ഥാനത്തിന് 1,50,000 രൂപയും ലഭിക്കും. കൂടാതെ, മികച്ച ആശയത്തിനും ഏറ്റവും നൂതനമായ പ്രോട്ടോടൈപ്പിനും പ്രത്യേക പരാമർശവും ഓരോന്നിനും 50,000 രൂപയും നൽകും. 10 ലാബുകൾക്ക്, മികച്ച 5G യൂസ് കേസിനുള്ള പ്രശംസ സർട്ടിഫിക്കറ്റുകൾ നൽകും. പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള മികച്ച ആശയത്തിന് ഒരു സർട്ടിഫിക്കറ്റും നൽകും.
1.5 കോടി രൂപ ബജറ്റ് പിന്തുണയോടെയുള്ള ഈ പരിപാടിയിൽ സീഡ് ഫണ്ടിംഗ്, IPR സഹായം, വിദഗ്ധ സഹായം, പ്രവർത്തന ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. 50-ലധികം വിപുലമായ 5G പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുക, 25 ലധികം പേറ്റന്റുകൾ സൃഷ്ടിക്കുക, അക്കാദമിക്-വ്യവസായ-ഗവണ്മെന്റ് സഹകരണം ശക്തിപ്പെടുത്തുക, സ്റ്റാർട്ടപ്പ് സൃഷ്ടിയെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. 2025 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ പദ്ധതി നിർദ്ദേശങ്ങൾ/ പ്രൊപ്പോസലുകൾ സമർപ്പിക്കാം. 2025 ഒക്ടോബർ 01-ന് അന്തിമ വിജയികളെ പ്രഖ്യാപിക്കും. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന പുരോഗതി അവലോകന റിപ്പോർട്ടുകളിലൂടെയും കേന്ദ്രീകൃത ട്രാക്കിംഗ് ഡാഷ്‌ബോർഡിലൂടെയും പ്രവർത്തനങ്ങളുടെ സമയപരിധി കർശനമായി നിരീക്ഷിക്കും.
സഹകരണവും നൂതനാശയവും വളർത്തിയെടുക്കുന്നതിലൂടെ 5G സാങ്കേതികവിദ്യയുടെ പരിവർത്തന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് 5G ഇന്നൊവേഷൻ ഹാക്കത്തോൺ 2025 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാബ് ഗവേഷണവും വിപണിക്ക് അനുയോജ്യമായ പരിഹാരങ്ങളും സംയോജിപ്പിക്കുന്നതിലൂടെ, 5G നൂതനാശയ മേഖലയിൽ മുൻ നിരയിലെത്താനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഈ ഹാക്കത്തോൺ യോജിക്കുന്നു.
(Release ID: 2111716)
Visitor Counter : 31