വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVES 2025-ൽ ആനിമേഷൻ ഫിലിം നിർമ്മാണ മത്സരം (AFC): രണ്ടാം റൗണ്ടിലേക്ക് 78 സ്രഷ്ടാക്കളെ തിരഞ്ഞെടുത്തു

WAVES 2025: ലണ്ടൻ മുതൽ ബാലി വരെയുള്ള അന്താരാഷ്ട്ര എൻട്രികളെ സ്വാഗതം ചെയ്യുന്നു

Posted On: 13 MAR 2025 5:32PM by PIB Thiruvananthpuram
ആഗോള തലത്തിലെ ആനിമേഷൻ പ്രതിഭകളെ ഉയർത്തിക്കാട്ടി WAVES 2025 ൽ ആനിമേഷൻ ഫിലിം നിർമ്മാണ മത്സരത്തിന്റെ (AFC) രണ്ടാം റൗണ്ടിലേക്ക് 78 പേർ മുന്നേറി.ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ-1-ന്റെ ഭാഗമായി ഡാൻസിംഗ് ആറ്റംസുമായി സഹകരിച്ച് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് വിഭാഗങ്ങൾ ഉൾപ്പെടുന്നു: ആനിമേഷൻ, AR (ഓഗ്മെന്റഡ് റിയാലിറ്റി), VR (വെർച്വൽ റിയാലിറ്റി), വെർച്വൽ പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്‌ട്‌സ്.
 
യാഥാർത്ഥ്യ പ്രതിഫലനം, ആഖ്യാന ശക്തി, വിനോദ മൂല്യം, വിപണി ആകർഷണം, പ്രേക്ഷക ഇടപെടൽ, സാങ്കേതിക നിർവ്വഹണം എന്നിവയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആഗോള പ്രശസ്തരായ ജൂറി പാനലാണ് ഈ ചലച്ചിത്രങ്ങളെ വിലയിരുത്തിയത്. ജൂറി പാനൽ അംഗങ്ങളിൽ ഇവർ ഉൾപ്പെടുന്നു: എന്റർടൈൻമെന്റ് മാർക്കറ്റിംഗ് പ്രൊഫഷണലായ ജാൻ നാഗൽ; ആനിമേഷൻ വേൾഡ് നെറ്റ്‌വർക്കിന്റെ ചീഫ് എഡിറ്ററും സ്ഥാപകനുമായ ഡാൻ സാർട്ടോ; സംവിധായകനും നിർമ്മാതാവും രചയിതാവുമായ ഗിയാൻമാർക്കോ സെറ; പ്രശസ്ത എഴുത്തുകാരി ഇന്ദു രാംചന്ദാനി; കൂടാതെ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് വൈഭവ് പിവ്ലാത്കർ.
 
തിരഞ്ഞെടുത്തവരിൽ വിദ്യാർത്ഥികൾ, അമച്വർമാർ, പ്രൊഫഷണലുകൾ, സ്റ്റുഡിയോകൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ അടങ്ങിയിരിക്കുന്നു. കഥാഖ്യാനത്തിൽ ആഗോള കാഴ്ചപ്പാട് നൽകിക്കൊണ്ട് ലണ്ടൻ, ബാലി, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള എൻട്രികൾ മത്സരത്തിൽ ഉണ്ടായിരുന്നു. ആരോഗ്യത്തെയും കുടുംബ വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ആകർഷകമായ ആഖ്യാനങ്ങൾക്ക് മൂന്ന് ചലച്ചിത്ര പ്രോജക്ടുകൾ ജൂറിയുടെ പ്രത്യേക പരാമർശ അംഗീകാരം നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുത്ത എൻട്രികളിൽ നിന്നുള്ള പരിഷ്കരിച്ച പിച്ച് ഡെക്കുകളുടെ അന്തിമ സമർപ്പണം 2025 മാർച്ച് 20-ന് പൂർത്തിയാകും. തുടർന്ന് വ്യവസായ വിദഗ്ധർ അടങ്ങുന്ന പുതുതായി നിയമിതമായ ഒരു ജൂറി പാനൽ അവലോകനം നടത്തും.
 
വിജയികളായ മികച്ച മൂന്ന് പ്രോജക്ടുകൾക്ക് 5 ലക്ഷം രൂപ വരെ (ആകെ) സമ്മാനത്തുക ലഭിക്കും. ഈ സംരംഭത്തിന്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മികച്ച സ്രഷ്ടാക്കളെ മുംബൈയിലേക്ക് ക്ഷണിക്കും.അവിടെ ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ, OTT പ്ലാറ്റ്‌ഫോമുകൾ, വിതരണക്കാർ, നിക്ഷേപകർ എന്നിവർക്ക് മുന്നിൽ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിന് അവർക്ക് അവസരം ലഭിക്കും.
 
ഫൈനലിസ്റ്റുകളെ 2025 ഏപ്രിൽ 10-നോ അതിന് മുമ്പോ പ്രഖ്യാപിക്കും.
 
കൂടുതൽ വിവരങ്ങൾക്ക്, waves@dancingatoms.com എന്നതിലേക്ക് ഇമെയിൽ അയയ്ക്കുക അല്ലെങ്കിൽ https://waves.dancingatoms.com/wafc സന്ദർശിക്കുക.
 
സർഗ പ്രതിഭകളെ ആഗോള ഉള്ളടക്ക വിപണിയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇ- വിപണി സംരംഭമായ WAVES ബസാറിൽ പ്രോജക്ടുകൾ സമർപ്പിക്കാൻ എല്ലാ സ്രഷ്ടാക്കളെയും ക്ഷണിക്കുന്നു. ചലനാത്മകമായ ഒരു B2B ആനിമേഷൻ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ ഭാഗമാകാനും സൃഷ്ടിപരമായി കഴിവുള്ള വ്യക്തികളുമായി ഇടപഴകാനും വ്യവസായ പ്രൊഫഷണലുകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
 
WAVES നെക്കുറിച്ച്: വിനോദ,മാധ്യമ മേഖലയിലെ ഒരു നാഴികക്കല്ലായ ആദ്യ ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES), 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ നടക്കും. കേന്ദ്ര ഗവൺമെന്റ് ആതിഥേയത്വം വഹിക്കും.
 
വ്യവസായ പ്രൊഫഷണൽ, നിക്ഷേപകൻ, സ്രഷ്ടാവ്, നൂതനാശയ നൈപുണ്യമുള്ളവർ     തുടങ്ങിയവരെ മാധ്യമ വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും, സഹകരിച്ച് പ്രവർത്തിച്ചുകൊണ്ട് ആ മേഖലയ്ക്ക് സംഭാവന നൽകാനുമുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് വേവ്സ് ഉച്ചകോടി വാഗ്ദാനം ചെയ്യുന്നത്.
 
ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സൃഷ്ടിപരമായ ശക്തി വർദ്ധിപ്പിക്കാനും WAVES ലക്ഷ്യമിടുന്നു. പ്രക്ഷേപണം, അച്ചടി മാധ്യമം , ടെലിവിഷൻ, റേഡിയോ, ഫിലിംസ്, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, സൗണ്ട് ആൻഡ് മ്യൂസിക്, പരസ്യം , ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് AI, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവ വേവ്സ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളിലും മേഖലകളിലും ഉൾപ്പെടുന്നു.
 
 
****************

(Release ID: 2111329) Visitor Counter : 28