പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൗറീഷ്യസ് പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ‌ഔദ്യോഗിക അത്താഴവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 12 MAR 2025 6:15AM by PIB Thiruvananthpuram

ആദരണീയനായ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ജി,

ശ്രീമതി വീണ രാംഗൂലം ജി,​

ഉപപ്രധാനമന്ത്രി പോൾ ബെറെൻഗർ ജി,

മൗറീഷ്യസിലെ ബഹുമാനപ്പെട്ട മന്ത്രിമാരേ,

ആദരണീയരായ സഹോദരീസഹോദരന്മാരേ,

നിങ്ങൾക്കേവർക്കും നമസ്കാരം; ഒപ്പം ശുഭാശംസകളും!

ആദ്യമായി, പ്രധാനമന്ത്രിയുടെ വൈകാരികവും പ്രചോദനാത്മകവുമായ ചിന്തകൾക്കു ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ മഹത്തായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രിയോടും മൗറീഷ്യസ് ഗവണ്മെന്റിനോടും ജനങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. മൗറീഷ്യസ് സന്ദർശനം ഇന്ത്യൻ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം എല്ലായ്പോഴും വളരെ സവിശേഷമാണ്. ഇതു നയതന്ത്ര സന്ദർശനം മാത്രമല്ല, കുടുംബത്തെ കാണാനുള്ള അവസരംകൂടിയാണ്. മൗറീഷ്യസ് മണ്ണിൽ കാലുകുത്തിയ നിമിഷംമുതൽ ഈ അടുപ്പം ഞാൻ തിരിച്ചറിഞ്ഞു. എല്ലായിടവും സ്വന്തമാണെന്ന തോന്നലാണുളവാക്കുന്നത്. ഇവിടെ പെരുമാറ്റച്ചട്ടങ്ങളുടെ തടസങ്ങളേതുമില്ല. മൗറീഷ്യസ് ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി ഒരിക്കൽക്കൂടി ക്ഷണിക്കപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഈയവസരത്തിൽ, 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ നിങ്ങൾക്കു ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

മൗറീഷ്യസിലെ ജനങ്ങൾ താങ്കളെ നാലാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം, തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയിലെ ജനങ്ങൾ എന്നെ അവരെ സേവിക്കാൻ തെരഞ്ഞെടുത്തു. ഈ കാലയളവിൽ താങ്കളെപ്പോലെ മുതിർന്നതും പരിചയസമ്പന്നനുമായ നേതാവിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു ഭാഗ്യമായി ഞാൻ കരുതുന്നു. ഇന്ത്യ-മൗറീഷ്യസ് ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്കു കൊണ്ടുപോകാനുള്ള സൗഭാഗ്യം നമുക്കുണ്ട്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള പങ്കാളിത്തം നമ്മുടെ ചരിത്രപരമായ ബന്ധങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. പൊതുവായ മൂല്യങ്ങൾ, പരസ്പരവിശ്വാസം, ശോഭനമായ ഭാവിയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണിത്. താങ്കളുടെ നേതൃത്വം എല്ലായ്പോഴും നമ്മുടെ ബന്ധങ്ങളെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ നേതൃത്വത്തിനുകീഴിൽ, നമ്മുടെ പങ്കാളിത്തം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. മൗറീഷ്യസിന്റെ വികസനയാത്രയിൽ വിശ്വസനീയവും വിലപ്പെട്ടതുമായ പങ്കാളിയാണെന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. മൗറീഷ്യസിന്റെ എല്ലാ കോണുകളിലും പുരോഗതിയുടെ മായാത്ത മുദ്ര അവശേഷിപ്പിക്കുന്ന പ്രധാന അടിസ്ഥാനസൗകര്യപദ്ധതികളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു. ഗവണ്മെന്റ്-സ്വകാര്യ മേഖലകളിൽ ശേഷിവികസനത്തിലും മാനവവിഭവശേഷി വികസനത്തിലും പരസ്പരസഹകരണത്തിന്റെ ഫലങ്ങൾ പ്രകടമാണ്. പ്രകൃതിദുരന്തമോ കോവിഡ് മഹാമാരിയോ ഏതുമാകട്ടെ, ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഓരോ നിമിഷത്തിലും, ഞങ്ങൾ ഒരു കുടുംബംപോലെ ഒരുമിച്ചുനിന്നു. ഇന്നു നമ്മുടെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ സമഗ്രപങ്കാളിത്തത്തിന്റെ രൂപത്തിലാണ്.

സുഹൃത്തുക്കളേ,

മൗറീഷ്യസ് നമ്മുടെ വളരെയടുത്ത സമുദ്ര അയൽരാജ്യവും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രധാന പങ്കാളിയുമാണ്. മൗറീഷ്യസിലേക്കുള്ള എന്റെ കഴിഞ്ഞ സന്ദർശനവേളയിൽ, ഞാൻ SAGAR കാഴ്ചപ്പാടു പങ്കിട്ടു. പ്രാദേശിക വികസനം, സുരക്ഷ,​ പൊതുവായ അഭിവൃദ്ധി എന്നിവയാണ് അതിന്റെ കാതൽ. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒത്തുചേർന്ന് ഐക്യത്തോടെ സംസാരിക്കണമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഈ മനോഭാവത്തോടെ, ഞങ്ങളുടെ ജി-20 അധ്യക്ഷകാലയളവിൽ ഗ്ലോബൽ സൗത്തിനു പ്രത്യേക ശ്രദ്ധ നൽകുന്നതിൽ ഞങ്ങൾ മുൻഗണന നൽകി. കൂടാതെ, പ്രത്യേക അതിഥിയായി ചേരാൻ ഞങ്ങൾ മൗറീഷ്യസിനെ ക്ഷണിച്ചു.

സുഹൃത്തുക്കളേ,

ഞാൻ മുമ്പു പറഞ്ഞതുപോലെ, ലോകത്ത് ഇന്ത്യക്കുമേൽ അവകാശമുള്ള ഒരു രാജ്യമുണ്ടെങ്കിൽ അത് മൗറീഷ്യസാണ്. നമ്മുടെ ബന്ധത്തിനു പരിധികളില്ല. നമ്മുടെ ബന്ധങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും പരിധികളില്ല. ഭാവിയിൽ, നമ്മുടെ ജനങ്ങളുടെ അഭിവൃദ്ധിക്കും മേഖലയുടെയാ​കെ സമാധാനത്തിനും സുരക്ഷയ്ക്കുംവേണ്ടി നാം തുടർന്നും സഹകരിക്കും. ഈ മനോഭാവത്തോടെ, പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെയും ശ്രീമതി വീണാജിയുടെയും മികച്ച ആരോഗ്യത്തിനും, മൗറീഷ്യസ് ജനതയുടെ തുടർച്ചയായ പുരോഗതിക്കും അഭിവൃദ്ധിക്കും, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള കരുത്തുറ്റ സൗഹൃദത്തിനും ഹൃദയംഗമമായ ആശംസകൾ നേരാൻ നമുക്കു കൈ​കോർക്കാം.

ജയ് ഹിന്ദ്!

വിവേ മൗറീസ്!

 

-SK-


(Release ID: 2111088) Visitor Counter : 8