യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡോ. മൻസുഖ് മാണ്ഡവ്യയോടൊപ്പം സൈക്കിൾ റാലിയിൽ മന്ത്രിമാരും കായികതാരങ്ങളും പങ്കുചേർന്നു

Posted On: 08 MAR 2025 1:02PM by PIB Thiruvananthpuram

തെലങ്കാനയിലെ കൻഹ ശാന്തി വനത്തിൽ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സൈക്കിൾ റാലിയിൽ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോടൊപ്പം സംസ്ഥാന കായിക മന്ത്രിമാരും കായികതാരങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 "കായികരംഗത്തും അതിനപ്പുറമുള്ള മേഖലകളിലും സ്ത്രീകളുടെ ദൃഢനിശ്ചയം, നേതൃത്വം, മികവ് എന്നിവ പ്രദർശിപ്പിക്കുന്ന ഈ സൈക്കിൾ റാലി നമ്മുടെ സ്ത്രീ ശക്തിയുടെ തെളിവാണ്". എന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ച ഡോ. മാണ്ഡവ്യ പറഞ്ഞു.

2028 എൽഎ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചും 2036 ലെ സമ്മർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിമാരുടെയും പ്രധാന പങ്കാളികളുടെയും ദേശീയ യോഗമായ ചിന്തൻ ശിബിറിന്റെ അനുബന്ധമായാണ് സൈക്കിൾ റാലി നടന്നത്. 

 

വനിതാ ദിനത്തോടനുബന്ധിച്ച്, ഡോ. മൻസുഖ് മാണ്ഡവ്യ, സെക്രട്ടറി (സ്പോർട്സ്) ശ്രീമതി സുജാത ചതുർവേദി, മുൻ ഒളിമ്പ്യനും ബാഡ്മിന്റൺ താരവുമായ പുല്ലേല ഗോപിചന്ദ്, മറ്റ് പ്രമുഖ അത്‌ലറ്റുകൾ എന്നിവർ ചേർന്ന് അസ്മിത വാർത്താപത്രിക പുറത്തിറക്കി. 2021 ൽ ഗവണ്മെന്റ് ആരംഭിച്ച 'സ്ത്രീകൾക്കായുള്ള സ്പോർട്സ് ' അടിസ്ഥാനമാക്കിയുള്ള പ്രത്യേക ദൗത്യത്തിന്റെ സത്ത ഈ വാർത്താപത്രിക ഉൾക്കൊള്ളുന്നു. അസ്മിത ലീഗുകളുടെ അത്ഭുതകരമായ വളർച്ചയും സ്പോർട്സിനെ ഒരു കരിയറായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന യുവതികളുടെ ജീവിതത്തെ അവ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്നതും ഈ വാർത്താപത്രിക എടുത്തുകാണിക്കുന്നു.

 

 

അസം കായിക മന്ത്രി ശ്രീമതി നന്ദിത ഗോർലോസ, ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലെ വനിതാ ട്രെയിനികൾ,പാരാ അത്‌ലറ്റും 2024 ലെ പാരാലിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവുമായ ദീപ്തി ജീവൻജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈക്ലിംഗ് റാലി.

ഡോ. മൻസുഖ് മാണ്ഡവ്യ സൈക്ലിംഗ് റാലിയിൽ പങ്കുചേർന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് സൈക്ലിംഗ് ഒരു പതിവ് ശീലമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. ദിനചര്യയുടെ ഭാഗമായി സൈക്ലിംഗ് സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡോ. മാണ്ഡവ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു പ്രധാന സംരംഭമായ 'സൺ‌ഡേയ്‌സ് ഓൺ സൈക്കിൾ' രാജ്യമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ട്


SKY

***


(Release ID: 2109451) Visitor Counter : 20