സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഘാട്ട് ശുദ്ധമാക്കുന്നു , അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നു

മഹാകുംഭ് 2025 നു ശേഷമുള്ള ഇരട്ട ശ്രമങ്ങൾ

Posted On: 03 MAR 2025 7:30PM by PIB Thiruvananthpuram
പ്രയാഗ്‌രാജിൽ നടന്ന 2025 ലെ മഹാ കുംഭമേള വിശ്വാസത്തിന്റെയും ആത്മീയതയുടെയും അഭൂതപൂർവമായ ഒരു സംഗമത്തിന് സാക്ഷ്യം വഹിച്ചു. 66.30 കോടിയിലധികം ഭക്തർ ഗംഗ, യമുന,  സരസ്വതി എന്നിവയുടെ പുണ്യ സംഗമത്തിൽ സ്വയമലിഞ്ഞു . 45 ദിവസം നീണ്ടുനിന്ന ഈ പരിപാടി ഭക്തിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി മാറി.

ഗംഗാ ശുചീകരണ യജ്ഞത്തിലും ബൃഹത്തായ ബഹുജന ശുചീകരണ സംരംഭത്തിലും ശുചീകരണ തൊഴിലാളികളുടെയും സംസ്ഥാന സർക്കാരിന്റെയും നിരന്തരപരിശ്രമങ്ങൾ 2025 ലെ മഹാ കുംഭമേളയ്ക്ക് ഗിന്നസ് ലോക റെക്കോർഡിൽ സ്ഥാനം നൽകി.

അവിടെ യഥാക്രമം 329 ഉം 19,000 ഉം വ്യക്തികൾ ബൃഹത്തായ ശുചീകരണത്തിലും പരിസ്ഥിതി പ്രവർത്തനങ്ങളിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. ശുചീകരണ തൊഴിലാളികളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി, സംസ്ഥാന മുഖ്യമന്ത്രി 2025 ഏപ്രിൽ മുതൽ 16,000 രൂപ ശമ്പള വർദ്ധനയും 10,000 രൂപ ബോണസും പ്രഖ്യാപിച്ചു.

 മേള അവസാനിച്ചതോടെ, നഗരം പുനഃസ്ഥാപിക്കുകയും കുംഭ് പ്രദേശത്തിന്റെ യഥാർത്ഥ അന്തരീക്ഷം മടക്കി കൊണ്ടുവരികയും ചെയ്യുക എന്ന ഒരു മഹത്തായ ദൗത്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ സമ്മേളനങ്ങളിൽ ഒന്നിന് ആതിഥേയത്വം വഹിച്ച മഹാകുംഭ സ്ഥലം വൃത്തിയാക്കുന്നതിന് അസാധാരണമായ തോതിലുള്ള ശ്രമങ്ങൾ ആവശ്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ഒരു സമഗ്ര ശുചീകരണ യജ്ഞം വളരെ വേഗം ആരംഭിച്ചു. കുംഭമേള പ്രദേശത്തിന്റെ തനത് വിശുദ്ധി പുനഃസ്ഥാപിക്കുന്നതിനായി 15 ദിവസത്തെ പ്രത്യേക ശുചിത്വ യജ്ഞം ആരംഭിച്ചു. സമർപ്പണ ബോധവുമായുള്ള സന്നദ്ധപ്രവർത്തകർക്കൊപ്പം ആയിരക്കണക്കിന് ശുചിത്വ തൊഴിലാളികളും നദീതീരങ്ങളും റോഡുകളും താൽക്കാലിക താമസ കേന്ദ്രങ്ങളും വൃത്തിയാക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്തു.

ശുചീകരണ യജ്ഞം തുടരുന്നതിനിടെ, ഈ പുണ്യ നദികളുടെ പവിത്രത നിലനിർത്തുന്നതിനുള്ള പ്രതിജ്ഞയെടുക്കാൻ ഭരണകൂടവും പരിസ്ഥിതി പ്രവർത്തകരും ജനങ്ങളോട് അഭ്യർത്ഥിച്ചു. ശുചിത്വ യജ്ഞത്തിന് മേൽനോട്ടം വഹിച്ച ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു, "മഹാ കുംഭമേള അവസാനിച്ചിരിക്കാം. പക്ഷേ ശുചിത്വത്തിന്റെയും നമ്മുടെ പരിസ്ഥിതിയോടുള്ള ആദരവിന്റെയും സന്ദേശം തുടരണം. നമ്മുടെ നദികൾ ശുദ്ധവും മലിനീകരണ മുക്തവുമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്."

ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ അക്ഷീണ പരിശ്രമമില്ലാതെ മഹാ കുംഭമേള 2025 ന്റെ വിജയകരമായ സംഘാടനം സാധ്യമാകുമായിരുന്നില്ല. അവരുടെ കഠിനാധ്വാനത്തെ അംഗീകരിച്ചുകൊണ്ട്, കുംഭമേള പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഈ 'കർമ്മയോഗികളെ' സംസ്ഥാന സർക്കാർ ആദരിച്ചു. പുണ്യനദികളും മേള പ്രദേശവും മാലിന്യരഹിതമായി നിലനിർത്താൻ 15,000-ത്തിലധികം ശുചീകരണ തൊഴിലാളികളും 2,000 'ഗംഗാ സേവാ ദൂതുകളും' രാപ്പകൽ പ്രവർത്തിച്ചു, ഇത് 'സ്വച്ഛ് കുംഭ'ത്തിനായുള്ള പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നു.

 മാലിന്യം ശേഖരിക്കുന്നതിനു പുറമേ, വ്യവസ്ഥാപിത മാലിന്യ നിർമാർജനം, താൽക്കാലിക അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റൽ, പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ എന്നിവയിലും ശുചീകരണ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇനിപ്പറയുന്നവയ്ക്കായി പ്രത്യേക ശ്രമങ്ങൾ നടത്തി:

താത്കാലിക ശൗചാലയങ്ങൾ പൊളിച്ചുമാറ്റുക: പരിപാടിക്കായി സ്ഥാപിച്ച 1.5 ലക്ഷത്തിലധികം താൽക്കാലിക ശുചിമുറികൾ വ്യവസ്ഥാപിതമായി നീക്കം ചെയ്തു.

മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക: കുംഭ മേഖലയിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ശരിയായ സംസ്കരണത്തിനായി നൈനിയിലെ ബസ്വർ പ്ലാന്റിലേക്ക് കൊണ്ടുപോയി.

അവശ്യ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക: കുംഭമേളയ്ക്കായി സ്ഥാപിച്ച താൽക്കാലിക പൈപ്പ്‌ലൈനുകളും തെരുവുവിളക്കുകളും ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. മേള പ്രദേശം അതിന്റെ തനത് അവസ്ഥയിലേക്ക് തിരികെയെത്തുന്നു എന്ന് ഉറപ്പാക്കി.

താൽക്കാലിക വാസസ്ഥലങ്ങൾ പൊളിച്ചു മാറ്റുന്നു : സന്യാസിമാർക്കും തീർത്ഥാടകർക്കും വേണ്ടി സ്ഥാപിച്ച കൂടാരങ്ങളും പന്തലുകളും പൊളിച്ചുമാറ്റി. പ്രദേശത്തിന്റെ പ്രകൃതിദത്ത സൗന്ദര്യം പുനരുജ്ജീവിപ്പിക്കാൻ ഇതിലൂടെ വഴിയൊരുക്കി.

 കൂടാതെ, പുണ്യനഗരത്തിൽ നിന്ന് അവസാനത്തെ ഭക്തനും പോയപ്പോഴും, മഹാകുംഭത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് അതിന്റെ പവിത്രതയിൽ പങ്കുചേരാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി. ഒരു സവിശേഷ സംരംഭത്തിൽ, ത്രിവേണി സംഗമത്തിൽ നിന്ന് ഉത്തർപ്രദേശിലെ 75 ജില്ലകളിലേക്കും പുണ്യജലം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വo അഗ്നിശമന സേനയെയും അടിയന്തര വകുപ്പുകളെയും ഏൽപ്പിച്ചു. അഞ്ച് ലക്ഷത്തിലധികം ലിറ്റർ പുണ്യ ജലം വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചു. ഇത് ഭക്തർക്ക് അവരുടെ വീടുകളിലിരുന്ന് കൊണ്ട് മഹാകുംഭത്തിന്റെ അനുഗ്രഹം അനുഭവിക്കാൻ വഴിയൊരുക്കി.

സംസ്ഥാനത്തുടനീളമുള്ള ജയിലുകളിലേക്കും ഈ സംരംഭം വ്യാപിച്ചു. അവിടെ 90,000-ത്തിലധികം തടവുകാർക്ക് പുണ്യജലത്തിൽ സ്നാനം ചെയ്യാൻ അവസരം ലഭിച്ചു.കുംഭത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായി ഇത് അടയാളപ്പെടുത്തി. എല്ലാവരെയും ഉൾക്കൊള്ളാനുള്ള പ്രതിജ്ഞാബദ്ധതയെ അത്തരം ശ്രമങ്ങൾ ഉദാഹരണമാക്കുന്നു.ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ പരിഗണിക്കാതെ തടസ്സങ്ങളെ മറികടന്ന് വിശ്വാസം ഉറപ്പാക്കിക്കൊണ്ട്, എല്ലാവരിലും എത്തിച്ചേരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

മഹാകുംഭം കേവലം ഒരു ആത്മീയ സംഗമം മാത്രമല്ലായിരുന്നു; മനുഷ്യന്റെ സഹിഷ്ണുത, ഉത്തരവാദിത്വം , വൃത്തിയുള്ളതും കൂടുതൽ സുസ്ഥിരവുമായ പരിസ്ഥിതി നിലനിർത്തുന്നതിനുള്ള കൂട്ടായ മനോഭാവം എന്നിവയുടെ തെളിവായിരുന്നു അത്. ഭക്തർ തങ്ങളുടെ പുണ്യയാത്രയുടെ സ്മരണകൾ സ്വന്തമാക്കുമ്പോൾ, പുനരുജ്ജീവിപ്പിക്കപ്പെട്ട പ്രയാഗ്‌രാജ് നഗരം അതിന്റെ സമ്പന്നവും കാലാതീതവുമായ ചരിത്രത്തിലെ അടുത്ത അധ്യായത്തെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുന്നു.

References

Department of Information & Public Relations (DPIR), Government of Uttar Pradesh

Maha Kumbh Series: 25/Feature

Kindly find the pdf file 

 

SKY

(Release ID: 2108274) Visitor Counter : 29