രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഭവനിൽ നടന്ന ദ്വിദിന വിസിറ്റേഴ്‌സ് കോൺഫറൻസ് സമാപിച്ചു

Posted On: 04 MAR 2025 5:42PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ നടന്ന ദ്വിദിന വിസിറ്റേഴ്‌സ് കോൺഫറൻസ് ഇന്ന് (മാർച്ച് 4, 2025) സമാപിച്ചു.
 
അക്കാദമിക് കോഴ്‌സുകളിലെ സൗകര്യപ്രദമായ പ്രവേശന രീതികൾ, ഒന്നിലധികം എൻട്രി, എക്സിറ്റ് സാധ്യതകളുമായി ക്രെഡിറ്റ് പങ്കിടലും ക്രെഡിറ്റ് കൈമാറ്റവും; അന്താരാഷ്ട്രവൽക്കരണ ശ്രമങ്ങളും സഹകരണവും; ഗവേഷണത്തെയോ നൂതനാശയങ്ങളെയോ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളായും സേവനങ്ങളായും പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ ഫലപ്രദമായ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് പ്രക്രിയകളും വിദ്യാർത്ഥി തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കലും; കാര്യക്ഷമമായ മൂല്യനിർണയവും വിലയിരുത്തലുകളും എന്നീ വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്. ചർച്ചകളുടെ തീരുമാനങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മുമ്പാകെ അവതരിപ്പിച്ചു.
 
ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്നതാണ് നമ്മുടെ ദേശീയ ലക്ഷ്യമെന്ന് രാഷ്ട്രപതി സമാപന പ്രഭാഷണത്തിൽ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പങ്കാളികളും വിദ്യാർത്ഥികളും ആഗോള മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അന്താരാഷ്ട്രവൽക്കരണ ശ്രമങ്ങളുടെയും സഹകരണങ്ങളുടെയും ശക്തിപ്പെടുത്തലിലൂടെ 21-ാം നൂറ്റാണ്ടിലെ ലോകത്ത് യുവ വിദ്യാർത്ഥികൾ കൂടുതൽ കരുത്തുറ്റ ഒരു സ്വത്വം സ്വയം സൃഷ്ടിക്കും. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നത് വിദേശത്ത് പോയി പഠിക്കാനുള്ള പ്രവണത കുറയ്ക്കും. ഇതിലൂടെ രാഷ്ട്രനിർമ്മാണത്തിൽ നമ്മുടെ യുവ പ്രതിഭകളെ കൂടുതൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും
 
ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശരിയായ രീതിയിൽ വികസിതവും വലുതും ശക്തവുമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ മുഖമുദ്രയാണ് സ്വാശ്രയത്വം. ഗവേഷണത്തിലും നൂതനാശയങ്ങളിലും അധിഷ്ഠിതമായ സ്വാശ്രയത്വം നമ്മുടെ സംരംഭങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തും. അത്തരം ഗവേഷണ- നൂതനാശയ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കണം. വികസിത സമ്പദ്‌വ്യവസ്ഥകളിൽ, അക്കാദമിക-വ്യവസായ ഇടപെടൽ ശക്തമാണെന്ന് അവർ എടുത്തുപറഞ്ഞു. വ്യവസായവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ കൈമാറ്റം കാരണം, ഗവേഷണ പ്രവർത്തനങ്ങൾ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരസ്പര താൽപ്പര്യമുള്ള വ്യാവസായിക സ്ഥാപനങ്ങളിലെ മുതിർന്ന വ്യക്തികളുമായി തുടർച്ചയായ ചർച്ചകൾ നടത്താൻ സ്ഥാപനപരമായ ശ്രമങ്ങൾ നടത്തണമെന്ന് അവർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളോട് അഭ്യർത്ഥിച്ചു. ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത് പ്രയോജനപ്പെടുമെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലബോറട്ടറികൾ പ്രാദേശിക, ദേശീയ, ആഗോള ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളോട് പറഞ്ഞു. 
 
വിദ്യാർത്ഥികളുടെ പ്രത്യേക കഴിവുകളും ആവശ്യങ്ങളും കണക്കിലെടുത്ത് വ്യവസ്ഥാപിതവും സൗകര്യപ്രദവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യവും അതേസമയം വെല്ലുവിളി നിറഞ്ഞതുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സാഹചര്യത്തിൽ, നിരന്തരം ജാഗ്രതയോടെയും സജീവമായും തുടരേണ്ടത് ആവശ്യമാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ മാറ്റങ്ങൾ നിരന്തരം സംഭവിക്കണം. വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നതായിരിക്കണം അത്തരം മാറ്റങ്ങളുടെ ലക്ഷ്യം എന്നും രാഷ്ട്രപതി പറഞ്ഞു.
 
 
സ്വഭാവഗുണമുള്ള, വിവേകമുള്ള, നൈപുണ്യമുള്ള യുവാക്കളുടെ ശക്തിയിലൂടെ മാത്രമേ ഒരു രാഷ്ട്രം ശക്തവും വികസിതവുമാവൂ എന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, നമ്മുടെ യുവ വിദ്യാർത്ഥികളുടെ സ്വഭാവവും വിവേകവും ശേഷിയും വികസിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാർ, ഉന്നത വിദ്യാഭ്യാസത്തിന്റെ അഭിമാനകരമായ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും ഭാരതമാതാവിന്റെ മക്കൾക്ക് ശോഭനമായ ഭാവി സമ്മാനിക്കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
രാഷ്ട്രപതിയുടെ പ്രസംഗം ഹിന്ദിയില്‍ കാ ണാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക 
**************
 
 

(Release ID: 2108242) Visitor Counter : 8


Read this release in: English , Urdu , Hindi , Tamil