രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ റവന്യൂ സർവീസിലെ ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
04 MAR 2025 12:35PM by PIB Thiruvananthpuram
ഇന്ത്യൻ റവന്യൂ സർവീസിലെ (78-ാമത് ബാച്ച്) ഓഫീസർ ട്രെയിനികൾ ഇന്ന് (മാർച്ച് 4, 2025) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. ഭരണത്തിനും പൊതുജന ക്ഷേമത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണ് ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർമാരുടേതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഊർജ്ജസ്വലമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് നികുതികളുടെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി . ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർമാരെന്ന നിലയിൽ, ഈ അവശ്യ വിഭവം ന്യായമായും ഫലപ്രദമായും സുതാര്യമായും സമാഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഈ ഓഫിസർമാർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.
നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വളരുകയാണ്.വിടവുകൾ നികത്തുന്നുന്നതിന് ഡിജിറ്റൽ കണക്റ്റിവിറ്റി സഹായിക്കുന്നതായും സാമ്പത്തിക അവസരങ്ങൾ ഇപ്പോൾ മുമ്പത്തേക്കാളും കൂടുതൽ പ്രാപ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. വികസനം സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെങ്കിൽ, വിഭവങ്ങൾ കാര്യക്ഷമതയോടെയും നീതി യുക്തമായും കൈകാര്യം ചെയ്യണമെന്നും സംവിധാനത്തിൽ പൗരന്മാർക്ക് വിശ്വാസം ഉണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു . എല്ലാവരും തങ്ങളുടെ നിയമപരമായ ബാധ്യത അനുസരിച്ചുള്ള സംഭാവന നൽകുന്നുണ്ടെന്നും അന്തസ്സോടെയും ബഹുമാനത്തോടെയും പരിഗണിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുള്ള മേൽനോട്ടം ഈ ഉദ്യോഗസ്ഥർക്കാണ്. അതിനാൽ അവർക്ക് പൊതു സമൂഹത്തിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടം , വളരുന്ന പ്രതീക്ഷകൾ, ഗവണ്മെന്റ് സംരംഭങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമത, സുതാര്യത, സൗകര്യം എന്നിവയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയാണ് ഈ മാറ്റത്തിന്റെ കാതൽ. സത്യസന്ധരായ നികുതിദായകർക്ക് അസൗകര്യം നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം, പൊരുത്തക്കേടുകൾ കൃത്യതയോടെ കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പ് നൂതന ഡാറ്റാ അനലിറ്റിക്സ് ഉപയോഗിക്കുന്നുവെന്നതിൽ രാഷ്ട്രപതി സന്തോഷം പങ്കു വെച്ചു.സാങ്കേതികവിദ്യ ഒരു സൗകര്യം മാത്രമാണെന്നും അത് മാനുഷിക മൂല്യങ്ങൾക്ക് പകരമാവില്ലെന്നും ഉദ്യോഗസ്ഥർ ഓർമ്മിക്കണമെന്ന് രാഷ്ട്രപതി ഉപദേശിച്ചു.
ഡാറ്റാ അധിഷ്ഠിത സംവിധാനങ്ങൾ കാര്യക്ഷമത വർദ്ധിപ്പിക്കുമെങ്കിലും അവയ്ക്ക് ഒരിക്കലും സഹാനുഭൂതിയ്ക്കും സമഗ്രതയ്ക്കും പകരമാവാൻ കഴിയില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. നയങ്ങളും പ്രവർത്തനങ്ങളും എല്ലാവരുടെയും, പ്രത്യേകിച്ച് പിന്നോക്കക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും വികസനം ലക്ഷ്യമാക്കിയുള്ളതായിരിക്കണമെന്ന് രാഷ്‌ട്രപതി റവന്യൂ സർവീസിലെ ഓഫീസർമാരോട് പറഞ്ഞു. റോയൽ ഭൂട്ടാൻ സർവീസിലെ രണ്ട് ഓഫീസർ ട്രെയിനികൾ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ ഓഫീസർ ട്രെയിനികൾ (78-ാം ബാച്ച്) നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സിൽ (NADT) ഇൻഡക്ഷൻ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
SKY
(Release ID: 2108075)
Visitor Counter : 13