സഹകരണ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മാർച്ച് 3 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ "ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും സംബന്ധിച്ച ശില്പശാല " ഉദ്ഘാടനം ചെയ്യും
Posted On:
02 MAR 2025 7:29PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 2025 മാർച്ച് 3 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ "ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും സംബന്ധിച്ച ശില്പശാല " ഉദ്ഘാടനം ചെയ്യും. പാരിസ്ഥിതിക ഉത്തരവാദിത്വത്തോടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനൊപ്പം സുസ്ഥിര ക്ഷീരോൽപാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സഹകരണ മന്ത്രാലയത്തിന്റെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെയും നയങ്ങളിലും സംരംഭങ്ങളിലും ഈ ശില്പശാല ശ്രദ്ധ കേന്ദ്രീകരിക്കും.
ഒന്നിലധികം സംസ്ഥാനങ്ങളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രങ്ങൾ (എംഒയു) ഒപ്പിടൽ, ക്ഷീരോൽപാദന മേഖലയിൽ പാരിസ്ഥിതിക ഉത്തരവാദിത്വമുള്ള രീതികൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കൽ, എൻഡിഡിബിയുടെയും നബാർഡിന്റെയും വൻകിട ബയോഗ്യാസ്/സിബിജി പദ്ധതികൾക്കും സസ്റ്റെയിൻ പ്ലസ് പ്രോജക്ടിനും കീഴിലുള്ള പുതിയ ധനസഹായ സംരംഭങ്ങൾ എന്നിവയ്ക്ക് ഈ ശില്പശാല സാക്ഷ്യം വഹിക്കും. ക്ഷീര മേഖലയിലെ മാലിന്യങ്ങളെ ബയോഗ്യാസ്, കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി), ജൈവ വളങ്ങൾ എന്നിവയാക്കി മാറ്റുന്ന സുസ്ഥിര വളം നിർമ്മാണ മാതൃകകളെ കുറിച്ച് സാങ്കേതിക ചർച്ചകൾ ശില്പശാലയിൽ ഉണ്ടായിരിക്കും.
ക്ഷീരോൽപ്പാദനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ നൂതന സാങ്കേതികവിദ്യയുടെ പങ്ക് വ്യക്തമാക്കുന്നതിനൊപ്പം, ധനസഹായ സാധ്യതകൾ , കാർബൺ ക്രെഡിറ്റ് അവസരങ്ങൾ, പാഴ് വസ്തുക്കളിൽ നിന്ന് ഊർജ്ജം എന്നിവയെക്കുറിച്ചും ചാക്രിക ക്ഷീരോൽപാദന പ്രവർത്തനങ്ങളെക്കുറിച്ചും എൻഡിഡിബി, വ്യവസായ മേഖല , ആഗോള സംഘടനകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർ ചർച്ച ചെയ്യും. ക്ഷീരമേഖലയിലെ സുസ്ഥിരതയും ചാക്രികതയും വർദ്ധിച്ച കാര്യക്ഷമതയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ' സഹകരണത്തിലൂടെ സമൃദ്ധി' എന്ന വീക്ഷണത്തിന്റെ സാക്ഷാത്കാരത്തിലേക്ക് നയിക്കും.
ദേശീയ ക്ഷീര വികസന ബോർഡുമായി (എൻഡിഡിബി) ഏകോപിപ്പിച്ച് കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് (ഡിഎഎച്ച്‌ഡി) ആണ് ശില്പശാല സംഘടിപ്പിക്കുന്നത്. കേന്ദ്ര മത്സ്യബന്ധന , മൃഗസംരക്ഷണ & ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്, കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ & ക്ഷീരവികസന സഹമന്ത്രിമാരായ പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, ശ്രീ ജോർജ് കുര്യൻ, ഡിഎഎച്ച്‌ഡി സെക്രട്ടറി Ms അൽക ഉപാധ്യായ, മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.
SKY
***********
(Release ID: 2107616)