ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ജിയോസ്പേഷ്യൽ നയം 2022

“വികസിത ഭാരതം എന്ന ഇന്ത്യയുടെ ദർശനത്തിന് ശക്തി പകരുന്നു”

Posted On: 27 FEB 2025 1:22PM by PIB Thiruvananthpuram

“ഭാരതീയ ജിയോസ്പേഷ്യൽ ആവാസവ്യവസ്ഥയുടെ ജനാധിപത്യവത്ക്കരണം, ആഭ്യന്തരതലത്തിൽ നൂതനാശയങ്ങളുടെ സൃഷ്ടി പ്രോത്സാഹിപ്പിക്കുകയും ആധുനിക ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ആഗോള മാപ്പിംഗ് ആവാസവ്യവസ്ഥയിൽ മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സഹായകമാവുകയും, ‘ആത്മനിർഭര ഭാരതം’ എന്ന സ്വപ്നം പൂർണ്ണമായും സാക്ഷാത്കരിക്കുകയും ചെയ്യും.

-ഡോ. ജിതേന്ദ്ര സിംഗ്, കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ശാസ്ത്ര സാങ്കേതിക മന്ത്രാലയം

 

 

ആമുഖം

 

ജിയോസ്പേഷ്യൽ മേഖലയിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിവർത്തനാത്മക നയമാണ് 2022 ഡിസംബർ 28-ന് ഭാരത സർക്കാർ വിജ്ഞാപനം ചെയ്ത ദേശീയ ജിയോസ്പേഷ്യൽ നയം, 2022. 2035 വരെ നീളുന്ന ദീർഘകാല പദ്ധതിയിലൂടെ, ജിയോസ്പേഷ്യൽ ഡാറ്റയിലേക്കുള്ള പ്രവേശനം ലളിതമാക്കാനും ജനാധിപത്യവത്ക്കരിക്കാനും, നൂതനാശയങ്ങളെ പരിപോഷിപ്പിക്കാനും നയം വിഭാവനം ചെയ്യുന്നു. മാത്രമല്ല ഭരണനിർവ്വഹണ, അക്കാദമിക, ബിസിനസ് മേഖലകളിലുടനീളം അതിന്റെ വ്യാപകമായ ഉപയോഗം സാധ്യമാക്കാനും ലക്ഷ്യമിടുന്നു.

 

സർക്കാർ ധനസഹായം ഉപയോഗിച്ച് തയ്യാറാക്കുന്ന ജിയോസ്പേഷ്യൽ ഡാറ്റാസെറ്റുകളുടെ സാർവത്രികത ഉറപ്പാക്കുന്ന, പൗര കേന്ദ്രീകൃത സമീപനമാണ് ഈ നയത്തിന്റെ കാതൽ. ദേശീയ, ഉപ-ദേശീയ തലങ്ങളിൽ ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ വികസനത്തിനായുള്ള തന്ത്രപരമായ മാർഗ്ഗരേഖ നയം രൂപപ്പെടുത്തുന്നു. 2030 ഓടെ രാജ്യത്താകമാനം അതീവ കൃത്യതയോടെയുള്ള ഒരു ഡിജിറ്റൽ എലവേഷൻ മോഡൽ (DEM) സഹിതം ഉയർന്ന റെസല്യൂഷനിലുള്ള ടോപ്പോഗ്രാഫിക്കൽ സർവേയും മാപ്പിംഗ് സംവിധാനവും ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഭരണനിർവ്വഹണം, സാമ്പത്തിക വളർച്ച, സാമൂഹിക വികസനം എന്നീ മേഖലകളിൽ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, സ്ഥാപനപരമായ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിലും, ദേശീയ, സംസ്ഥാന തല ഏകോപനം മെച്ചപ്പെടുത്തുന്നതിലും, ഊർജ്ജസ്വലമായ ഒരു ജിയോസ്പേഷ്യൽ ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിലും നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജിയോസ്പേഷ്യൽ പ്ലാറ്റ്‌ഫോമുകളുടെ ശൃംഖല മുഖാന്തിരം ജിയോസ്പേഷ്യൽ ഡാറ്റ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ പുനരുപയോഗവും സാർവത്രിക ലഭ്യതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ഈ ഉദ്യമത്തിൽ നിർണായക പങ്ക് വഹിക്കുന്നു. 

ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് അനുഗുണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ, നഗരാസൂത്രണം, ദുരന്തനിവാരണം, കൃഷി, പരിസ്ഥിതി സംരക്ഷണം, ഗതാഗതം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാൻ നയം ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി ഗതി ശക്തിയുമായുള്ള ബന്ധം, ബജറ്റ് വിഹിതം, നാഷണൽ ജിയോസ്പേഷ്യൽ ഡാറ്റ ശേഖരം, നൂതനാശയമേഖലയിൽ ഓപ്പറേഷൻ ദ്രോണഗിരിയുടെ സ്വാധീനം എന്നിവയിൽ ശ്രദ്ധയൂന്നി, ദേശീയ ജിയോസ്പേഷ്യൽ നയം 2022 നെ ഈ ലേഖനം വിശകലനം ചെയ്യുന്നു. ഉൾക്കൊള്ളൽ , സാമ്പത്തിക വളർച്ച, സ്വകാര്യ പങ്കാളിത്തം എന്നിവയെ നയം എങ്ങനെ സ്വാധീനിക്കുന്നുവെന്നും, ജിയോസ്പേഷ്യൽ ഇന്റലിജൻസ് ഉറപ്പാക്കുന്നത് ഇന്ത്യയിലുടനീളമുള്ള ഭരണ നിർവ്വഹണം,സംരംഭങ്ങൾ, പൊതു സേവനങ്ങൾ എന്നിവ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും ലേഖനം പരിശോധിക്കുന്നു.

യൂണിയൻ ബജറ്റ് 2025-ൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ വിഹിതങ്ങളും ട്രെൻഡുകളും

 

2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ, ജിയോസ്പേഷ്യൽ മേഖലയോടുള്ള പ്രതിബദ്ധത സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്:

ദേശീയ ജിയോസ്പേഷ്യൽ ദൗത്യത്തിനായി ഭാരത സർക്കാർ 100 കോടി രൂപ അനുവദിച്ചു. ഭൂരേഖകൾ, നഗരാസൂത്രണം, അടിസ്ഥാന സൗകര്യ രൂപകൽപ്പന എന്നിവയുടെ നവീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യങ്ങളും ഡാറ്റയും വികസിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഈ സംരംഭം സമഗ്ര ആസൂത്രണത്തിന് സാഹചര്യം ഒരുക്കുകയും ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ പ്രക്രിയ ത്വരിതപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക വളർച്ച, ഭരണം, സുസ്ഥിര വികസനം എന്നിവയ്ക്കായി ജിയോ സ്പേഷ്യൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിലുള്ള ഗവൺമെൻ്റിൻ്റെ ശ്രദ്ധയെയാണ് ഈ തന്ത്രപരമായ നിക്ഷേപം സൂചിപ്പിക്കുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) വർദ്ധിപ്പിക്കുന്നതിനും പദ്ധതി ആസൂത്രണത്തിൽ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനും, പ്രധാനമന്ത്രി ഗതി ശക്തി പോർട്ടലിലെ ജിയോസ്പേഷ്യൽ ഡാറ്റയിലേക്കും മാപ്പുകളിലേക്കും പ്രവേശനം ലഭ്യമാക്കും. അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമാക്കുക, മെച്ചപ്പെട്ട തീരുമാനമെടുക്കൽ സാധ്യമാക്കുക , സർക്കാരും സ്വകാര്യ സംരംഭങ്ങളും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

 

നാഷണൽ ജിയോസ്പേഷ്യൽ നയത്തിന്റെ ഉദ്ദേശ്യം 

ലോകോത്തര നൂതനാശയ ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതി ലൂടെയും, സാമ്പത്തിക വളർച്ചയ്ക്കായി ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും, ബിസിനസ് സ്ഥാപനങ്ങൾക്കും പൗരന്മാർക്കും വിലപ്പെട്ട ജിയോസ്പേഷ്യൽ ഡാറ്റയിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിലൂടെയും മേഖലയിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുക എന്നതാണ് ദേശീയ ജിയോസ്പേഷ്യൽ നയത്തിന്റെ ദാർശനികത ലക്‌ഷ്യം.

 

നാഷണൽ ജിയോസ്പേഷ്യൽ നയത്തിന്റെ ലക്ഷ്യം 

 

2025-ആകുമ്പോഴേക്കും :

 

ജിയോസ്പേഷ്യൽ മേഖലയുടെ ഉദാരവത്ക്കരണത്തെയും ഡാറ്റയുടെ ജനാധിപത്യവത്ക്കരണത്തെയും പിന്തുണയ്ക്കുന്ന നയവും ചട്ടക്കൂടും സ്ഥാപിക്കുക.

നൂതനാശയ, സംരംഭകത്വ വളർച്ചയ്ക്കായി വിവിധ മേഖലകളിലെ ഉന്നത നിലവാരമുള്ള ലൊക്കേഷൻ ഡാറ്റയുടെ ലഭ്യതയും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുക.

പൊതു ഫണ്ടുകൾ വഴി ശേഖരിക്കുന്ന ജിയോസ്പേഷ്യൽ ഡാറ്റ ലഭ്യമാക്കുന്നതിനായി ഒരു ഏകീകൃത ഡിജിറ്റൽ ഇന്റർഫേസ് വികസിപ്പിക്കുക.

ഓൺലൈൻ പ്രവേശനക്ഷമമമായ ആധുനിക പൊസിഷനിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നാഷണൽ ജിയോഡെറ്റിക് ചട്ടക്കൂട് പുനർനിർവ്വചിക്കുക.

രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടും വിധം അതീവ കൃത്യതയുള്ള ജിയോയിഡ് മോഡൽ സൃഷ്ടിക്കുക.

സർക്കാർ, സ്വകാര്യ, അക്കാദമിക, പൊതു സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലൂടെ ദേശീയ, ഉപ-ദേശീയ ജിയോസ്പേഷ്യൽ ഭരണനിർവഹണം ശക്തിപ്പെടുത്തുക.

 

 

2030-ആകുമ്പോഴേക്കും:

ഉയർന്ന റെസല്യൂഷനിൽ ടോപ്പോഗ്രാഫിക്കൽ സർവ്വെകൾ നടത്തുക (നഗര/ഗ്രാമീണ പ്രദേശങ്ങൾക്ക് 5–10 സെ.മീ, വനങ്ങൾ/തരിശുഭൂമികൾക്ക് 50–100 സെ.മീ).

അതീവ കൃത്യതയുള്ള ഡിജിറ്റൽ എലവേഷൻ മോഡൽ (DEM) വികസിപ്പിക്കുക (സമതലങ്ങൾക്ക് 25 സെ.മീ, കുന്നിൻ പ്രദേശങ്ങൾ/പർവ്വത പ്രദേശങ്ങൾക്ക് 1–3 മീറ്റർ).

ഒരു സംയോജിത ഡാറ്റ-ഇൻഫർമേഷൻ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ ജിയോസ്പേഷ്യൽ നോളജ് ഇൻഫ്രാസ്ട്രക്ചർ (GKI) സ്ഥാപിക്കുക.

ഭാവിയിലെ സാങ്കേതികവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോസ്പേഷ്യൽ നൈപുണ്യം, ശേഷി, അവബോധം എന്നിവ മെച്ചപ്പെടുത്തുക .

 

 

2035- ആകുമ്പോഴേക്കും:

 

നീല സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഉൾനാടൻ ജലാശയങ്ങൾക്കും ആഴക്കടൽ ഭൂപ്രകൃതിക്കും ഉയർന്ന റെസല്യൂഷനിലുള്ള ബാത്തിമെട്രിക് ജിയോസ്പേഷ്യൽ ഡാറ്റ സൃഷ്ടിക്കുക.

പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഉപരിതല അടിസ്ഥാന സൗകര്യങ്ങൾ സർവ്വെ ചെയ്ത് മാപ്പ് ചെയ്യുക.

പ്രധാന നഗര കേന്ദ്രങ്ങൾക്കായി ദേശീയ ഡിജിറ്റൽ ട്വിൻ വികസിപ്പിക്കുക, നഗരാസൂത്രണവും മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിനുതകുന്ന ഡിജിറ്റൽ പകർപ്പുകൾ സൃഷ്ടിക്കുക.

 

2022 ലെ ദേശീയ ജിയോസ്പേഷ്യൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ:

 

പരിവർത്തനത്തിനും സുസ്ഥിര വികസനത്തിനും ജിയോസ്പേഷ്യൽ- സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിനും, വിവിധ മേഖലകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഭരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയെയും ഡാറ്റയെയും ആണ് പ്രധാന ചാലകശക്തികളായി നയം കണക്കാക്കുന്നത്. 

ആത്മനിർഭര ഭാരതും സ്വാശ്രയത്വവും- പ്രാദേശികതലത്തിൽ പ്രസക്തിയുള്ള ജിയോസ്പേഷ്യൽ ഡാറ്റയുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഒരു സ്വാശ്രയ ജിയോസ്പേഷ്യൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാനും, ആഗോളതലത്തിൽ മത്സരിക്കാനും വിദേശ ദാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യൻ കമ്പനികളെ ശാക്തീകരിക്കാനും നയം ലക്ഷ്യമിടുന്നു.

ആഗോളതലത്തിലെ മികച്ച രീതികളും IGIF ഉം- UN-GGIM ന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ ഫ്രെയിംവർക്ക് (IGIF) പോലുള്ള അന്താരാഷ്ട്ര ചട്ടക്കൂടുകൾ സ്വീകരിക്കുന്നതിലൂടെ, ഇന്ത്യയുടെ നാഷണൽ സ്പേഷ്യൽ ഇൻഫർമേഷൻ മാനേജ്മെന്റിനെ നയം ശക്തിപ്പെടുത്തുന്നു.

ശക്തമായ ജിയോസ്പേഷ്യൽ, ICT അടിസ്ഥാനസൗകര്യങ്ങൾ- മേഖലാന്തര സഹകരണത്തിനായി ഉന്നത നിലവാരമുള്ള ജിയോസ്പേഷ്യൽ ഡാറ്റയുടെ ശേഖരണം, മാനേജ്മെന്റ്, തത്സമയ പ്രവേശനക്ഷമത എന്നിവ ഉറപ്പാക്കുന്നതിന് വ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു ഡാറ്റ കസ്റ്റോഡിയൻഷിപ്പ് മോഡൽ സജ്ജമാക്കുന്നു.

നൂതനാശങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നു- സ്റ്റാർട്ടപ്പുകൾ, ഗവേഷണ വികസനം, പുതുതലമുറ സാങ്കേതികവിദ്യകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയം കാര്യനിർവ്വഹണത്തിലെ ആധുനീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ജിയോസ്പേഷ്യൽ ഡിജിറ്റൽ പരിമിതികൾ പരിഹരിക്കുകയും ചെയ്യുന്നു.

മാനദണ്ഡങ്ങളും പരസ്പര പ്രവർത്തനക്ഷമതയും- സുതാര്യമായ മാനദണ്ഡങ്ങൾ, സുതാര്യമായ ഡാറ്റ, അനുവർത്തന ചട്ടക്കൂടുകൾ എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന നയം, ജിയോസ്പേഷ്യൽ വിവരങ്ങളുടെ തടസ്സരഹിത സംയോജനവും പരസ്പര പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നു.

കാര്യക്ഷമതാ പോഷണവും വിദ്യാഭ്യാസവും - ദീർഘകാല വ്യാവസായിക വളർച്ച നിലനിർത്തുന്നതിനായി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനുകൾക്കും നൈപുണ്യ വികസന പരിപാടികൾക്കും ഒപ്പം സ്കൂൾ തലത്തിൽ ജിയോസ്പേഷ്യൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

ബിസിനസ്സ് സുഗമമാക്കുക- നിക്ഷേപം ആകർഷിക്കുന്നതിനും, ബിസിനസ് സൗഹൃദ ചട്ടങ്ങൾ സുഗമമാക്കുന്നതിനും, ജിയോസ്പേഷ്യൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമായി നയത്തിൽ നിരന്തരമായ ഉദാരവത്ക്കരണം സാധ്യമാക്കുക. 

ഡാറ്റയുടെ ജനാധിപത്യവത്ക്കരണം- സർവ്വെ ഓഫ് ഇന്ത്യ (SoI) ഡാറ്റയും പൊതു ധനസഹായമുള്ള മറ്റ് ജിയോസ്പേഷ്യൽ ഡാറ്റയും പൊതുമുതലായി കണക്കാക്കി, ബന്ധപ്പെട്ട എല്ലാവർക്കും സുഗമമായ പ്രവേശനവും ഉപയോഗവും ഉറപ്പാക്കുന്നു.

 

 

പ്രധാനമന്ത്രി ഗതി ശക്തിക്ക് കീഴിലുള്ള ജിയോസ്പേഷ്യൽ നയം

റെയിൽ, റോഡ് ഗതാഗതം ഉൾപ്പെടെ 16 പ്രധാന മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും നിർവ്വഹണത്തിനും വേണ്ടി പ്രധാനമന്ത്രി തുടക്കം കുറിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ പിഎം ഗതി ശക്തി - (ബഹു-മാതൃകാ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ പദ്ധതി) നാഷണൽ ജിയോസ്പേഷ്യൽ നയം (NGP) 2022 -മായി ചേർന്ന് നിൽക്കുന്നു. വിവിധ ഗതാഗത മാർഗ്ഗങ്ങളിലൂടെ ജനങ്ങളുടെയും സാധനങ്ങളുടെയും സേവനങ്ങളുടെയും ചലനത്തിന് തടസ്സരഹിത ബഹു-മാതൃകാ കണക്റ്റിവിറ്റി സജ്ജമാക്കുക, അവസാന വ്യക്തിയിലും വിദൂര പ്രദേശങ്ങളിലും കണക്റ്റിവിറ്റി ഉറപ്പാക്കുക, യാത്രാ സമയം കുറയ്ക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കൃത്യതയാർന്ന, തത്സമയ ജിയോസ്പേഷ്യൽ ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലൂടെ, അടിസ്ഥാന സൗകര്യ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിലും, ആവർത്തനങ്ങൾ ഒഴിവാക്കുന്നതിനും, വിഭവ വിനിയോഗം പരമാവധിയാക്കുന്നതിനും NGP 2022 നിർണായക പങ്ക് വഹിക്കുന്നു.

 

 

വിവിധ മന്ത്രാലയങ്ങളിലുംൾക്കും സംസ്ഥാന സർക്കാരുകൾക്കും കീഴിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ സംയോജിപ്പിക്കുക എന്നതാണ് പിഎം ഗതി ശക്തിയുടെ ലക്ഷ്യം. ഇസ്രോയും ബിസാഗ്-എൻ-ഉം വികസിപ്പിച്ചെടുത്ത സ്പേഷ്യൽ പ്ലാനിംഗ് ഉപകരണങ്ങൾ ഉൾപ്പെടെ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗമാണ് ഈ സംരംഭത്തിന്റെ ഒരു പ്രധാന ആകർഷണം. കാര്യക്ഷമമായ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടി ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ ഈ സംയോജനം മെച്ചപ്പെടുത്തുന്നു.

 

നാഷണൽ ജിയോസ്പേഷ്യൽ ഡാറ്റ സംഗ്രഹം : തടസ്സരഹിത ഡാറ്റ സംയോജനത്തിലേക്ക് ഒരു ചുവട് കൂടി.

 

ജിയോസ്പേഷ്യൽ ഡാറ്റ മാനേജ്മെന്റിനും പ്രവേശനത്തിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന നാഷണൽ ജിയോസ്പേഷ്യൽ ഡാറ്റ ശേഖരം വികസിപ്പിച്ചുവരികയാണ്. ഈ ശേഖരം വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ജിയോസ്പേഷ്യൽ ഡാറ്റാസെറ്റുകൾ ഏകീകരിക്കുകയും, വിവിധ മേഖലകളിലെ തടസ്സരഹിത ഡാറ്റ പങ്കിടൽ, പരസ്പര പ്രവർത്തനക്ഷമത, പ്രവേശനക്ഷമത എന്നിവ ഉറപ്പാക്കുകയും ചെയ്യും. കൃത്യതയാർന്ന തത്സമയ ജിയോസ്പേഷ്യൽ ഇന്റലിജൻസിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊപ്പം, ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വികസനം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക ഉറവിടമായി ഇത് പ്രവർത്തിക്കും.

 

ഓപ്പറേഷൻ ദ്രോണഗിരി: ഇന്ത്യയുടെ ജിയോസ്പേഷ്യൽ ഭൂമികയെ പരിവർത്തനം ചെയ്യുന്നു

 

 

സമാരംഭവും അവലോകനവും

 

 

2024 നവംബർ 13 ന് ആരംഭിച്ച ഓപ്പറേഷൻ ദ്രോണഗിരി, നാഷണൽ ജിയോസ്പേഷ്യൽ നയം 2022 പ്രകാരമുള്ള ഒരു പരീക്ഷണ സംരംഭമാണ്. പൗര കേന്ദ്രീകരണ സേവനങ്ങൾ, ബിസിനസ് കാര്യക്ഷമത, ഭരണനിർവ്വഹണം എന്നിവ മെച്ചപ്പെടുത്തുന്നതിന് ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളുടെ യഥാർത്ഥ ഉപയുക്തത പ്രദർശിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിനായി ജിയോസ്പേഷ്യൽ ഡാറ്റ, അനലിറ്റിക്സ്, അഡ്വാൻസ്ഡ് മാപ്പിംഗ് സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

 

വിവിധ ഘടകങ്ങളും പ്രാവർത്തികതയും 

 

പ്രാരംഭ ഘട്ടത്തിൽ, ഓപ്പറേഷൻ ദ്രോണഗിരി അഞ്ച് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നു - ഉത്തർപ്രദേശ്, ഹരിയാന, അസം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര.

 

ജിയോസ്പേഷ്യൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സ്പേഷ്യൽ ഡാറ്റയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനുമായി സർക്കാർ വകുപ്പുകൾ, വ്യവസായ പങ്കാളികൾ, കോർപ്പറേഷനുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ പദ്ധതി ഏകോപിപ്പിക്കുന്നു.

 

ഇന്റഗ്രേറ്റഡ് ജിയോസ്പേഷ്യൽ ഡാറ്റ ഷെയറിംഗ് ഇന്റർഫേസ് (GDI)

 

ഓപ്പറേഷൻ ദ്രോണഗിരിയുടെ ഒരു പ്രധാന സവിശേഷത ഒരു ഇന്റഗ്രേറ്റഡ് ജിയോസ്പേഷ്യൽ ഡാറ്റ ഷെയറിംഗ് ഇന്റർഫേസിന്റെ (GDI) വികസനമാണ്. അത് ഇനിപ്പറയുന്ന പ്രേയോജനങ്ങൾ ചെയ്യുന്നു:

 

വിവിധ മേഖലകളിൽ ജിയോസ്പേഷ്യൽ ഡാറ്റയുടെ തടസ്സരഹിത ലഭ്യതയും പങ്കിടലും സുഗമമാക്കുന്നു.

നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിലെ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നു.

പൊതുജനക്ഷേമത്തിനായി ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കാൻ സംഘടനകളെ സഹായിക്കുന്നു.

 

 

പരിണത ഫലങ്ങളും ഭാവി വികാസവും

 

 

 

ഈ സംരംഭം ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. പൊതു, സ്വകാര്യ മേഖല സംരംഭങ്ങളുമായി ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകളെ സംയോജിപ്പിച്ചുകൊണ്ട്, പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ രാജ്യവ്യാപകമായ വിന്യാസം ഓപ്പറേഷൻ ദ്രോണഗിരി വിഭാവനം ചെയ്യുന്നു.

 

 

 

ജിയോസ്പേഷ്യൽ ഇന്റലിജൻസിന് കൂടുതൽ ഊന്നൽ നൽകുന്ന സാഹചര്യത്തിൽ, ഡാറ്റാധിഷ്ഠിതവും സാങ്കേതികമായി മുന്നേറുന്നതുമായ ഒരു ഇന്ത്യയ്ക്ക് വഴിയൊരുക്കികൊണ്ട് അടിസ്ഥാന സൗകര്യ ആസൂത്രണത്തിൽ പരിവർത്തനം വരുത്തുക, ദുരന്ത പ്രതികരണം മെച്ചപ്പെടുത്തുക, ജിയോസ്പേഷ്യൽ ആപ്ലിക്കേഷനുകളിൽ നവീകരണം വളർത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

 

 

 

സർവ്വാശ്ലേഷിത്വവും പുരോഗതിയും ശക്തിപ്പെടുത്തൽ : ദേശീയ ജിയോസ്പേഷ്യൽ നയം 2022 പ്രവർത്തപഥത്തിൽ

 

 

 

ജിയോസ്പേഷ്യൽ ഡാറ്റയിലേക്കും അനുബന്ധ സേവനങ്ങളിലേക്കുമുള്ള പ്രവേശനവും ഉപയുക്തതയും ഗണ്യമായി വികസിപ്പിച്ചുകൊണ്ട്, സമഗ്ര വികസനത്തിനായുള്ള ഭാരത സർക്കാരിന്റെ പ്രതിബദ്ധതയെ ദേശീയ ജിയോസ്പേഷ്യൽ നയം 2022 (NGP 2022) അടിവരയിടുന്നു. ലൊക്കേഷൻ അധിഷ്ഠിത ഡാറ്റയെ ജനാധിപത്യവത്ക്കരിക്കുന്നതിലൂടെ, ഈ നയം പൗര കേന്ദ്രീകൃത സേവനങ്ങളും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് പോലും ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

 

NGP 2022 നടപ്പിലാക്കുന്നതിനായി, ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ജിയോസ്പേഷ്യൽ ഡാറ്റ ആക്‌സസ് ഉദാരവത്ക്കരിക്കുന്നതിനുള്ള ഭരണ ചട്ടക്കൂട് ശക്തിപ്പെടുത്തിയിട്ടുണ്ട്. ആത്മനിർഭര ഭാരതമെന്ന ദർശനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യൻ സംരംഭങ്ങളെ സ്വന്തം ജിയോസ്പേഷ്യൽ ഡാറ്റ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനും വാണിജ്യവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിലൂടെ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത വളർത്തിയെടുക്കുകയും അതുവഴി ആഗോള മത്സരശേഷി വർദ്ധിപ്പിക്കുകയുമാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് DST ചെയ്യുന്നത് .

 

 

 

ജിയോസ്പേഷ്യൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, അതീവ കൃത്യതയുള്ള ലൊക്കേഷൻ ഡാറ്റ ഉറപ്പാക്കിക്കൊണ്ട്, സർവേ ഓഫ് ഇന്ത്യ (SoI) ഇന്ത്യയിലെമ്പാടും തുടർച്ചയായി പ്രവർത്തിക്കുന്ന റഫറൻസ് സ്റ്റേഷൻസ് (CORS) നെറ്റ്‌വർക്ക് ആരംഭിച്ചു. കൂടാതെ, SVAMITVA പദ്ധതിയ്ക്ക് കീഴിൽ, ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ആന്ധ്രാപ്രദേശ്, ഹരിയാന, കർണാടക എന്നിവിടങ്ങളിലായി 2.8 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ സർവ്വെ ഓഫ് ഇന്ത്യ, ഭൂരേഖകളും സ്വത്തവകാശങ്ങളും സംബന്ധിച്ച് സർവ്വെ നടത്തുകയും മാപ്പ് തയ്യാറാക്കുകയും ചെയ്തു. 

 

 

 

ഉപസംഹാരം

 

ഇന്ത്യയുടെ ജിയോസ്പേഷ്യൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 2022 ലെ ദേശീയ ജിയോസ്പേഷ്യൽ നയം. ഡാറ്റ പ്രവേശനം ലളിതമാക്കുന്നതിലൂടെയും, നവീകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, വ്യാവസായിക വികസനം പോഷിപ്പിക്കുന്നതിലൂടെയും, ഭരണനിർവ്വഹണം, വ്യവസായം, ഗവേഷണം എന്നിവയെ പിന്തുണയ്ക്കുന്ന ശക്തവും ചലനാത്മകവുമായ ജിയോസ്‌പേഷ്യൽ മേഖലയാണ് നയത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പിഎം ഗതി ശക്തി, നാഷണൽ ജിയോസ്‌പേഷ്യൽ ഡാറ്റ സംഗ്രഹം, ഓപ്പറേഷൻ ദ്രോണഗിരി തുടങ്ങിയ സംരംഭങ്ങളിലൂടെ, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ പ്രക്രിയ, അടിസ്ഥാന സൗകര്യ നവീകരണം, ഡിജിറ്റൽ പരിവർത്തനം എന്നിവയെ നയം മുന്നോട്ടു നയിക്കുന്നു. രാജ്യം വികസിത ഭാരതത്തിലേക്ക് മുന്നേറുമ്പോൾ ആസൂത്രണം, കണക്റ്റിവിറ്റി, ദേശീയ പ്രതിരോധം എന്നിവയിൽ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് കേന്ദ്രബിന്ദുവായിരിക്കും. ദേശീയ ജിയോസ്‌പേഷ്യൽ നയം 2022 ഇന്ത്യയെ ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യയിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നു. ലൊക്കേഷൻ അധിഷ്ഠിത ഇന്റലിജൻസ് രാജ്യത്തെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നു.

 

***** 


(Release ID: 2107349)