ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ഡൽഹി ആഭ്യന്തര മന്ത്രി ശ്രീ ആശിഷ് സൂദ്, ഡൽഹി പോലീസ് കമ്മീഷണർ , ക്രമസമാധാന, ഏകോപന മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്ന് ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു.
Posted On:
28 FEB 2025 7:02PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഡൽഹിയിലെ ക്രമസമാധാന സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്തയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഡൽഹി ആഭ്യന്തര മന്ത്രി ശ്രീ ആശിഷ് സൂദ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും ഡൽഹി സർക്കാരിലെയും ഡൽഹി പോലീസിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശീയ തലസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നിരവധി നടപടികളും നിർദ്ദേശങ്ങളും അവലോകന യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഡൽഹി പോലീസിന്റെ പ്രകടനം അവലോകനം ചെയ്തുകൊണ്ട് , ക്രമസമാധാന പാലനത്തിൽ ഡൽഹി പോലീസ് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയ്ക്കുള്ളിലേക്ക് കടക്കാനും അവരുടെ രേഖകൾ തയ്യാറാക്കുന്നതിനും ഇവിടെ താമസിക്കാൻ സൗകര്യമൊരുക്കുന്നതിനും സഹായിക്കുന്ന എല്ലാ ശൃംഖലകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ഡൽഹി പോലീസിന് നിർദ്ദേശം നൽകി. അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്‌നം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അത് കർശനമായി കൈകാര്യം ചെയ്യണമെന്നും അവരെ തിരിച്ചറിഞ്ഞ് നാടുകടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൃത്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാത്ത പോലീസ് സ്റ്റേഷനുകൾക്കും സബ് ഡിവിഷനുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായത് സംബന്ധിച്ച കേസുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സ്വഭാവ പരിശോധന, ഗതാഗത തിരക്ക് പരിപാലനം , മുതിർന്ന പൗരന്മാരുടെ സുരക്ഷ, ഹിമ്മത് ആപ്പ് തുടങ്ങി ഡൽഹി പോലീസിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ സംതൃപ്തി എത്രത്തോളം ഉണ്ടെന്ന് മൂന്നാം കക്ഷി സർവേകളിലൂടെ അറിയേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷിയുടെ അവലോകനം ഈ സംരംഭങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും.
മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിനും അതിന്റെ മുഴുവൻ ശൃംഖലയും ഇല്ലാതാക്കുന്നതിനും മുകൾ തട്ടിൽ നിന്നും താഴേക്കും, തിരിച്ചും സമഗ്ര സമീപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഡൽഹിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡൽഹി പോലീസിന്റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജുവനൈൽ ജസ്റ്റിസ് ക്ലസ്റ്ററുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ 25 സുരക്ഷാ സമിതികൾ രൂപീകരിക്കണമെന്നും അവയുടെ ഫലപ്രാപ്തി കണ്ടറിഞ്ഞ ശേഷം ഈ സംരംഭം തുടർന്ന് മുന്നോട്ട് കൊണ്ടുപോകാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തി, പ്രതിസന്ധി നേരിടാൻ ഒരു 'മൺസൂൺ കർമ്മ പദ്ധതി ' തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.
ബസുകൾ തകരാറിലാകുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് തടയാൻ, ഡിടിസി, ക്യുആർടികളെ വിന്യസിക്കണമെന്നും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് അടിയന്തര സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത തടസ്സം നീക്കുന്നതിന് വേണ്ടിവരുന്ന കാലതാമസം കുറയ്ക്കണമെന്നും ശ്രീ അമിത് ഷാ നിർദ്ദേശിച്ചു.
ഡൽഹിയിലെ മണ്ടോളി, തിഹാർ ജയിലുകളെ മാതൃകാ ജയിലുകളാക്കി മാറ്റാൻ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. അധിക തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ ഉടൻ ആരംഭിക്കാൻ അദ്ദേഹം ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. 2020 ലെ ഡൽഹി കലാപ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഡൽഹി സർക്കാർ പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഈ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഡൽഹി പോലീസും ഡൽഹി സർക്കാരും തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെ മാത്രമേ രാജ്യ തലസ്ഥാനത്തെ ഒരു മാതൃകാ തലസ്ഥാനമാക്കാൻ കഴിയൂ എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഗതാഗത പരിപാലനം, നിയമപാലകരുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, വനിതാ -ശിശു ശാക്തീകരണം, പൗര സേവന വകുപ്പുകൾ തമ്മിലുള്ള പരസ്പര സഹകരണം, അഴിമതി തടയൽ, കമ്മ്യൂണിറ്റി പോലീസിംഗ്, സിസിടിവി ക്യാമറകളുടെ പരിപാലനവും സംയോജനവും തുടങ്ങിയ മേഖലകളിൽ സംയുക്ത ശ്രമങ്ങൾക്കായി പ്രവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
*******************
(Release ID: 2107137)
Visitor Counter : 22