പ്രധാനമന്ത്രിയുടെ ഓഫീസ്
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ മലയാള പരിഭാഷ (ഫെബ്രുവരി 28, 2025)
Posted On:
28 FEB 2025 5:39PM by PIB Thiruvananthpuram
ശ്രേഷ്ഠരേ,
ഇന്ത്യയിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഒരേഒരു രാജ്യവുമായി യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ഇത്രയും വ്യാപകമായ രീതിയിലുള്ള ഇടപെടൽ അഭൂതപൂർവമാണ്.
നമ്മുടെ നിരവധി മന്ത്രിമാർ ഉഭയകക്ഷി ചർച്ചകൾക്കായി ഒത്തുകൂടുന്നതും ഇതാദ്യമാണ്. 2022 ലെ റെയ്‌സിന ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വാഭാവിക പങ്കാളികളാണെന്ന് നിങ്ങൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. വരും ദശകത്തിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും ഊർജ്ജസ്വലമാക്കുന്നതും യൂറോപ്യൻ യൂണിയന്റെ മുൻഗണനയായിരിക്കും.
ഇപ്പോഴിതാ, കമ്മീഷന്റെ പുതിയ കാലാവധിയുടെ തുടക്കത്തിൽ തന്നെ നിങ്ങൾ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഇത് ഒരു നാഴികക്കല്ലാണ്.
ബഹുമാന്യരേ,
ലോകം നിലവിൽ അഭൂതപൂർവമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എ ഐയും വളർന്നുവരുന്ന സാങ്കേതികവിദ്യകളും സാമൂഹിക-സാമ്പത്തിക പരിവർത്തനങ്ങളിലേക്ക് നയിക്കുന്നു.
ഭൗമ-സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. പഴയ സമവാക്യങ്ങൾ തകരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ജനാധിപത്യ മൂല്യങ്ങൾ, തന്ത്രപരമായ സ്വയംഭരണം, നിയമാധിഷ്ഠിത ആഗോള ക്രമം എന്നിവയിലുള്ള പൊതു വിശ്വാസം ഇന്ത്യയെയും യൂറോപ്യൻ യുണിയനെയും ഒന്നിപ്പിക്കുന്നു. ഇരു രാജ്യങ്ങളും വൈവിധ്യമാർന്ന കമ്പോള സമ്പദ്‌വ്യവസ്ഥകളാണ്. ഒരർത്ഥത്തിൽ നമ്മൾ സ്വാഭാവികമായും തന്ത്രപരമായ പങ്കാളികളാണ്.
മഹത് വ്യക്തികളെ
ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഇരുപത് വർഷം പൂർത്തിയാക്കി. നിങ്ങളുടെ സന്ദർശനത്തോടെ, അടുത്ത ദശകത്തിന് നമ്മൾ അടിത്തറയിടുകയാണ്.
ഈ സാഹചര്യത്തിൽ, ഇരു കൂട്ടരും കാണിക്കുന്ന ശ്രദ്ധേയമായ പ്രതിബദ്ധത പ്രശംസനീയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരുപതോളം മന്ത്രിതല യോഗങ്ങൾ നടന്നു.
വ്യാപാര സാങ്കേതിക സമിതി യോഗവും ഇന്ന് രാവിലെ വിജയകരമായി സംഘടിപ്പിച്ചു. ഇതിലൂടെ ഉരിത്തിരിഞ്ഞ ആശയങ്ങളെയും കൈവരിച്ച പുരോഗതിയെയും കുറിച്ചുള്ള റിപ്പോർട്ട് ഇരു സംഘങ്ങളും അവതരിപ്പിക്കും.
ശ്രേഷ്ഠരേ,
സഹകരണത്തിന്റെ ചില മുൻഗണനാ മേഖലകൾ തിരിച്ചറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യത്തേത് വ്യാപാരവും നിക്ഷേപവുമാണ്. പരസ്പരം പ്രയോജനകരമായ ഒരു സ്വതന്ത്ര വ്യാപാരക്കരാറും നിക്ഷേപ സംരക്ഷണ കരാറും എത്രയും വേഗം അന്തിമമാക്കേണ്ടത് നിർണായകമാണ്.
രണ്ടാമത്തേത്, വിതരണ ശൃംഖലയെ പൂർവാധികം ശക്തിപ്പെടുത്തുക എന്നതാണ്. ഇലക്ട്രോണിക്സ്, അർദ്ധചാലകങ്ങൾ, ടെലികോം, എഞ്ചിനീയറിംഗ്, പ്രതിരോധം, ഫാർമ തുടങ്ങിയ മേഖലകളിൽ നമ്മുടെ കഴിവുകൾക്ക് പരസ്പര പൂരകമാകാൻ കഴിയും. ഇത് വൈവിധ്യവൽക്കരണത്തെയും നഷ്ടസാധ്യത കുറയ്ക്കുന്നതിനെയും ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവുമായ വിതരണ, മൂല്യ ശൃംഖലകൾ സൃഷ്ടിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മൂന്നാമത്തേത്, ഗതാഗത ബന്ധമാണ്. ജി 20 ഉച്ചകോടി വേളയിൽ ആരംഭിച്ച ഐഎംഇസി ഇടനാഴി ഒരു പരിവർത്തനാത്മക ഉദ്യമമാണ്. ഇരു ടീമുകളും ശക്തമായ പ്രതിബദ്ധതയോടെ അതിലെ പ്രവർത്തനങ്ങൾ തുടരണം.
നാലാമത്തേത് സാങ്കേതികവിദ്യയും നവീകരണവുമാണ്. സാങ്കേതിക പരമാധികാരത്തെക്കുറിച്ചുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, നാം അതിവേഗം മുന്നോട്ട് പോകേണ്ടതുണ്ട്. ഡിപിഐ, എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സ്പേസ്, 6 ജി തുടങ്ങിയ മേഖലകളിൽ, നമ്മുടെ വ്യവസായങ്ങളെയും, നവ സംരംഭകരേയും, യുവ പ്രതിഭകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് ഇരു വിഭാഗവും കൂട്ടായി പ്രവർത്തിക്കണം.
അഞ്ചാമത്തേത്, കാലാവസ്ഥാ പ്രവർത്തനവും ഹരിത ഊർജ്ജ നവപ്രവർത്തനങ്ങളുമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഹരിത പരിവർത്തനത്തിന് മുൻഗണന നൽകിയിട്ടുണ്ട്. സുസ്ഥിര നഗരവൽക്കരണം, ജലം, ശുദ്ധമായ ഊർജ്ജം എന്നിവയിലെ സഹകരണത്തിലൂടെ, ആഗോള ഹരിത വളർച്ചയുടെ ചാലക ശക്തികളാകാൻ നമുക്ക് കഴിയും.
ആറാമത്തേത്, പ്രതിരോധമാണ്. പരസ്പര-വികസനത്തിലൂടെയും സഹ-ഉൽപ്പാദനത്തിലൂടെയും നമ്മുടെ പരസ്പര ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. കയറ്റുമതി നിയന്ത്രണ നിയമങ്ങൾക്ക് മുൻഗണന നൽകാൻ നാം പരസ്പരം പ്രവർത്തിക്കണം.
ഏഴാമത്തേത്, സുരക്ഷയാണ്. ഭീകരത, തീവ്രവാദം, സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ബഹിരാകാശ സുരക്ഷ എന്നിവയിലെ ഉയർന്നുവരുന്ന വെല്ലുവിളികളിൽ കൂടുതൽ സഹകരണം ആവശ്യമാണ്.
എട്ടാമത്തേത്, ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്. കുടിയേറ്റം, യാത്രാ സ്വാതന്ത്ര്യം, ഷെഞ്ചൻ വിസകൾ, യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡുകൾ എന്നിവ ലളിതവും സുഗമവുമാക്കുന്നതിന് ഇരു കൂട്ടരും മുൻഗണന നൽകണം. ഇത് യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾ കൂടി നിറവേറ്റുന്നതിനാണ്. ഇന്ത്യയിലെ യുവ തൊഴിൽ ശക്തിക്ക് യൂറോപ്പിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും കൂടുതൽ സംഭാവന നൽകാൻ കഴിയും.
മാന്യരേ,
അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി, അഭിലാഷത്തോടെയും, പ്രവർത്തനങ്ങളോടെയും പ്രതിബദ്ധതയോ ടെയും നാം മുന്നോട്ട് പോകണം.
ഇന്നത്തെ എ ഐ യുഗത്തിൽ, ഭാവി എന്നത് പുതിയ കാഴ്ചപ്പാടുകളും വേഗതയും പ്രകടിപ്പിക്കുന്നവരുടേതായിരിക്കും.
മാന്യരേ, നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ ഞാൻ ഈ അവസരത്തിൽ നിങ്ങളെ ക്ഷണിക്കുന്നു.
***
SK
(Release ID: 2107088)
Visitor Counter : 23
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada