വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025 വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദർശനം
ചരിത്രത്തിൽ ശാശ്വത മുദ്ര പതിപ്പിക്കുന്ന ഭക്തിയുടെയും മഹത്വത്തിന്റെയും പ്രതിധ്വനികൾ
Posted On:
26 FEB 2025 7:22PM by PIB Thiruvananthpuram
ആഘോഷങ്ങൾ കൂട്ടായ്മയാണ്, ഒന്നിച്ചുചേരലാണ്. എക്കാലത്തും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾ നമ്മുടെ മുഖമുദ്രയാണ്. ഈ ആധുനിക കാലത്തും മാനവരാശിയെ വലിയതോതിൽ ഒന്നിച്ചുകൊണ്ടുവരുന്ന ചില വിശേഷ സംഭവങ്ങൾ ലോകത്തിൽ അതിശയങ്ങളായി ഉയർന്നുനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമാണ് അടുത്തിടെ സമാപിച്ച മഹാ കുംഭമേള. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടന്ന ഈ മഹോത്സവത്തിന് സാക്ഷ്യം വഹിച്ചത് 66 കോടിയിലേറെ ഭക്തരാണ്. ലോകത്തിൽ മറ്റൊരിടത്തും അവകാശപ്പെടാനില്ലാത്ത പ്രത്യേകത. പുണ്യസ്‌നാനം ചെയ്ത്, ആത്മശാന്തിയും മോക്ഷവും നേടി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നും മടങ്ങിയത് ലോകത്തിലെ ഏറ്റവും ശാന്തമായ ജനക്കൂട്ടമായിരുന്നു. ഇന്ത്യയുടെ ഐക്യം, ആത്മീയത, ലോകത്തിലങ്ങോളമിങ്ങോളമുള്ള സാംസ്‌കാരിക വിനിമയം എന്നിവയുടെ പ്രതീകമാണ് മഹാകുംഭമേള.


ഇന്ത്യൻ പുരാണങ്ങളുമായി ഉൾച്ചേർന്നതാണ് കുംഭമേള. 12 വർഷത്തിലൊരിക്കൽ ശിപ്ര, ഗോദാവരി, ഗംഗാ, യമുന, പുരാണങ്ങളിൽ പ്രതിപാദിക്കുന്ന സരസ്വതി തുടങ്ങിയ നദികളുടെ സംഗമസ്ഥാനവുമായി ബന്ധപ്പെട്ട രാജ്യത്തെ ഹരിദ്വാർ, ഉജ്ജയൻ, നാസിക്, പ്രയാഗ്‌രാജ് എന്നി കേന്ദ്രങ്ങളിലാണ് മഹാകുംഭമേള നടക്കുന്നത്. ഇക്കുറി പ്രയാഗ്‌രാജിലായിരുന്നു കുംഭമേള. പുണ്യതീർത്ഥങ്ങളിൽ സ്‌നാനം ചെയ്ത് പാപങ്ങൾ കഴുകികളഞ്ഞ്, ആത്മശാന്തി നേടി മടങ്ങുക എന്നതായിരുന്നു ഇവിടെ എത്തിയ കോടിക്കണക്കിന് തീർത്ഥാടകരുടെ ഏകലക്ഷ്യം. 45 ദിവസത്തെ തീർത്ഥാടനത്തിൽ 45 കോടി ഭക്തരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ അത് മറികടന്നു. 66 കോടി ആളുകൾ ഈ മഹാസംഭവത്തിൽ പങ്കുചേർന്നുവെന്നാണ് സമാപനദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. പല രാജ്യത്തെ ജനസംഖ്യയെക്കാളും അധികം ജനങ്ങൾ ഒത്തുചേർന്ന ഈ മഹാസംഗമം ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഒരുക്കിയ സംഘാടക മികവും ഇത്തരുണത്തിൽ ചർച്ചയാകുന്നുണ്ട്.
ആത്മീയതയുടെയും ചരിത്രത്തിന്റെയും സാംസ്‌കാരിക ഊർജ്ജസ്വലതയുടെയുടെയുമൊക്കെ മികവാർന്ന അനുഭവമാണ് കുംഭമേള പ്രദാനം ചെയ്ത്. പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യസംഗമത്തിലെ ആരാധന ആഴത്തിലുള്ള ആത്മീയ അനുഭവം നൽകുമ്പോൾ പുരാതന ക്ഷേത്രങ്ങളായ ഹനുമാൻ മന്ദിർ, ആലോപി ദേവി മന്ദിർ, മഹാകാമേശ്വര മന്ദിർ എന്നിവ ഈ നഗരത്തിന്റെ മതപാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്നു. അതോടൊപ്പം ചരിത്രത്തിലെ തിലകക്കുറികളായ അശോക സ്തംഭം, അലഹബാദ് സർവകലാശാല, സ്വരാജ് ഭവൻ, എന്നിവ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും കോളോണിയൽ വാസ്തുശിൽപ്പത്തേയും അനുഭവവേദ്യമാക്കുന്നു. പ്രാദേശിക കലകളും ഭക്ഷണവുമൊക്കെ ഈ നഗരത്തിന്റെ ജീവിത കാഴ്ചപ്പാടുകളും വെളിവാക്കുന്നുണ്ട്. എല്ലാത്തിനുപരിയായി ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്‌കാരത്തെ പരിചയപ്പെടുത്തുന്നതിനായി സാംസ്‌കാരിക മന്ത്രാലയം ഒരു കലാഗ്രാമവും ഇവിടെ ഒരുക്കിയിരുന്നു. അതോടൊപ്പം ധ്യാനത്തിനുള്ള സംവിധാനങ്ങളും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഒരുക്കപ്പെട്ടിരുന്നു. ആത്മാവിന് മോക്ഷവും കണ്ണിന് ആന്ദനവും ചരിത്രത്തിന്റ അറിവും പകർന്നുനൽകുന്ന സവിശേഷ കൂട്ടുചേരൽ.
ഡ്രോൺ പ്രദർശനം, ഗംഗാ പന്തലിലെ സാംസ്‌കാരിക പ്രദർശനം, അന്താരാഷ്ട്ര പക്ഷി ഉത്സവം എന്നിവ ഇതിന്റെ മുഖമുദ്രകളായിരുന്നു. തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടുന്നതിനായി ത്രിവേണി സംഗമത്തിലെ സ്‌നാനമാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം. പശുപൂർണ്ണിമ, മകരസംക്രാന്തി പോലുള്ള വിശേഷദിവസങ്ങളിൽ ആത്മീയാചാര്യന്മാരുടെ വലിയതോതിലുള്ള സാന്നിദ്ധ്യം പ്രകടമായിരുന്നു.
ഗംഗാ ആരതി, കൽപ്പവാസ്, പ്രാർത്ഥനകളും നേർച്ചകളും, നദിയിൽ ആയിരക്കണക്കിന് ദീപങ്ങൾ ഒഴുകിവിടുന്ന ദീപദാൻ, പ്രയാഗ്‌രാജിലെ പുണ്യസ്ഥലങ്ങൾ ചുറ്റിവരുന്ന പ്രയാഗ്‌രാജ് പഞ്ചകോശി പരിക്രമ എന്നിവയൊക്കെയായിരുന്നു മറ്റു പ്രധാനപ്പെട്ട ആചാരങ്ങൾ.
അമൃതിന് വേണ്ടി ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ ആഖ്യാനങ്ങളിലാണ് മഹാകുംഭമേളയുടെ ഉൽപ്പത്തിയുള്ളത്. പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോൾ പ്രായഗ് രാജ്, ഹരിദ്വാർ, ഉജ്ജയൻ, നാസിക് എന്നീ നാലിടങ്ങളിൽ അതിന്റെ തുള്ളികൾ വീണുവെന്നാണ് പുരാണങ്ങൾ പറയുന്നത്. ആ ഇടങ്ങളിലാണ് കുംഭമേള നടക്കുന്നത്.
ചരിത്രത്തിൽ മയൂര, ഗുപ്തകാലഘട്ടങ്ങളിലും കുംഭമേള സംബന്ധിച്ച പരാമർശമുണ്ട്. മുഗളുടെ കാലത്തുപോലും ഇതിന് രാജകീയ പരിലാളനം ലഭിച്ചിട്ടുണ്ട്. കോളോണിയൽ ഭരണാധികാരികൾ തന്നെ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. നൂറ്റാണ്ടുകളായി ഇത് ഒരു ആഗോള ആത്മീയ, സാംസ്‌കാരിക പ്രതിഭാസമായി ഉയർന്നുവരികയും യുനെസ്‌കോ ഇതിനെ സാംസ്‌കാരിക പൈതൃകമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജ്യോതിഷപരമായി സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിച്ചാണ് ഓരോ കുംഭമേളയും തീരുമാനിക്കുന്നത്.
ജനുവരി 13ന് പശുപൂർണ്ണിമയിൽ ഏകദേശം 1.5 കോടി തീർത്ഥാടകരാണ് സ്‌നാനം നടത്തിയത്. 14ന് മകരസംക്രാന്തി ദിവസം 3.5 കോടി പേരും മൗനി അമാവാസി ദിവസമായ ജനുവരി 29ന് 5 കോടി പേരും ഫെബ്രുവരി 3ന് ബസന്തി പഞ്ചമി നാളിൽ 2.3 കോടി പേരും ഫെബ്രുവരി 12 മാഘി പൂർണ്ണിമയിൽ 2 കോടി ഭക്തരും 26ന് മഹാശിവരാത്രി ദിവസം 1.3 കോടി തീർത്ഥാടകരും സ്‌നാനം നടത്തിയെന്നാണ് കണക്കുകൾ. ഈ ഓരോ ദിവസത്തിനും ഓരോ പ്രാധാന്യവുമുണ്ട്.
ലോകത്തിന്റെ പരിചേ്ഛദം തന്നെ ഒരു നഗരത്തിൽ കേന്ദ്രീകരിക്കുന്ന ഒരു മഹാസംഭവമാണ് കുംഭമേള. ആത്മീയപുണ്യം നേടിവരുന്ന ജനതതികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഏറെ പ്രധാനം. അത് വേണ്ട രീതിയിൽ നിർവഹിക്കുക എന്നതാണ് വെല്ലുവിളി. നിരവധി താൽക്കാലിക ടെന്റുകളുടെയും മറ്റും നിർമ്മാണത്തിലൂടെ ആ മേഖലയെ ഒരു താൽക്കാലിക നഗരമായി പരിണമിപ്പിച്ചുകൊണ്ടാണ് ഇത് മറികടന്നത്. ഐ.ആർ.സി.ടി.സികൾ ഒരുക്കിയ ഡീലക്‌സ് താമസസൗകര്യമായ മഹാ കുംഭഗ്രാമം ഇതിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
ഇതോടൊപ്പം റോഡുകളും പാലങ്ങളും നവീകരിക്കുകയും പുതിയവ നിർമ്മിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിലുൾപ്പെടെ സ്ഥലങ്ങൾ മനസിലാക്കുന്നതിനായി 800 ബഹുഭാഷ ചിഹ്‌ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. നടപ്പാതകളും പൊതു ശൗച്യാലയ സൗകര്യങ്ങളും ഉൾപ്പെടെ എല്ലാം ഒരുക്കി. ഇവയുടെ ശുചിത്വവും ഉറപ്പുവരുത്തിയിരുന്നു.
ജനബാഹുല്യം ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളായിരുന്നു മറ്റൊരു പ്രതിസന്ധി. 2,000 ലധികം മെഡിക്കൽ പേഴ്‌സണൽ മാരെ ഉൾപ്പെടെ നിയോഗിച്ചുകൊണ്ട് എല്ലാ ചികിത്സാസമ്പ്രദായങ്ങളേയും സമന്വയിപ്പിച്ചുകൊണ്ട് ഈ കടമ്പയും കടന്നു. എല്ലാ മേഖലയിലും ചെറിയ ചികിത്സമുതൽ വലിയ ശസ്ത്രക്രിയവരെ നടത്താനുള്ള സൗകര്യത്തോടെയുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളും ഉത്തർപ്രദേശ് ഗവൺമെന്റ് ഒരുക്കി. ശരിയായ പ്രവർത്തനവും വൃത്തിയും ഉറപ്പാക്കാനും അടിയന്തിര ഇടപെടലിനുമായി ഈ മെഡിക്കൽ സൗകര്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥന്മാർ നിരന്തരം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുഷിന്റെ നേതൃത്വത്തിലൂം വിപുലമായ ആരോഗ്യസേവനങ്ങൾ ഒരുക്കിയിരുന്നു. മേളയ്ക്കിടയിൽ 1.21 ലക്ഷത്തിലധികം ഭക്തരാണ് ആയുഷിന്റെ സേവനം തേടിയത്. മൊത്തം 80 ആയുഷ് ഡോക്ടർമാരുടെയും 20 ഒ.പി.ഡികളുടെയും സേവനം ഇരുപത്തിനാലുമണിക്കൂറും ലഭ്യവുമാക്കിയിരുന്നു. ഇതിനുപുറമെ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ ദിവസവും രാവിലെ എട്ടുമുതൽ ഒൻപത് വരെ യോഗാ തെറാപ്പിസെഷനുമുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 7 ലക്ഷത്തിലധികം തീർത്ഥാടകർക്ക് മെഡിക്കൽ സേവനം ലഭിച്ചിട്ടുണ്ട്.
ശാസ്ത്രവും സാങ്കേതികവിദ്യയും ഒരുക്കിയ സുരക്ഷിതത്വത്തിലൂടെ പുണ്യസ്‌നാനം നടത്തി ആത്മമോക്ഷം നേടുകയെന്ന അത്യപൂർവതയ്ക്കാണ് ഇക്കുറി മഹാകുംഭമേള സാക്ഷ്യം വഹിച്ചത്. നിർമ്മിത ബുദ്ധി നയിക്കുന്ന നിരീക്ഷണമാണ് സുരക്ഷിതത്വത്തിനായി ഒരുക്കിയിരുന്നത്. 2750 എ.ഐ. അധിഷ്ഠിത ക്യാമറകളാണ് ഉപയോഗിച്ചത്. ഇതിനുപുറമെ അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ 50,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. തീപിടുത്തം പോലുള്ളവ മുന്നിൽ കണ്ട് അഗ്നിശമനസേനയുടെ സേവനവും സജ്ജമാക്കിയിരുന്നു. കാണാതായവരെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർക്കുന്നതിന് ഡിജിറ്റൽ രജിസ്‌ട്രേഷനും ഒരുക്കിയിരുന്നു.
നദികളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിലവിലുള്ള 2,500 ഉദ്യോഗസ്ഥരുൾപ്പെടെ 3,800 വാട്ടർ പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിപ്പിച്ചിരുന്നു. ഇരുപത്തിനാലു മണിക്കൂറും ഗാട്ടിലും മേള ഗ്രൗണ്ടിലും മറ്റ് പ്രധാനപ്പെട്ട റൂട്ടുകളിലും സി.ആർ.പി.എഫിന്റെ നീരീക്ഷണം ഉറപ്പാക്കിയിരുന്നു. നിരീക്ഷണത്തിന് അത്യന്താധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചതും. ഭക്തർക്ക് വേണ്ട സഹായം നൽകുന്നതിലും സി.ആർ.പി.എഫ് മുഖ്യപങ്കുവഹിച്ചു.
മേളയിൽ പങ്കെടുത്ത 66 കോടി ഭക്തരേയും കാര്യങ്ങൾ അറിയിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് അച്ചടി, ഡിജിറ്റൽ, സാമൂഹികമാധ്യമ മേഖലകളെ ഫലപ്രദമായി ഉപയോഗിച്ചു. അതോടൊപ്പം സൈബർ വിദഗ്ധർ ഇവരുടെ പ്രവർത്തനങ്ങൾ സദാ നിരീക്ഷിക്കുകയും ചെയ്തിരുന്നു. 56 സമർപ്പിത സൈബർ പോരാളികളേയും വിദഗ്ധരേയും സൈബർ പട്രോളിംഗിനായി വിന്യസിച്ചു.
മഹാകുംഭമേളയിൽ എത്തിയവർക്ക് പണമിടപാടുകളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നതാണ് മറ്റൊരു സവിശേഷത. തടസരഹിതമായ ഡിജിറ്റൽ ബാങ്കിംഗ് സേവനവും ഉറപ്പാക്കി. ഇതിന് പുറമെ സേവന കൗണ്ടറുകൾ, മൊബൈൽ ബാങ്കിംഗ് യൂണിറ്റുകൾ, ഉപഭോക്തൃ സേവന കിയോസ്‌ക്കുകൾ എന്നിവ പ്രധാനപ്പെട്ട അഞ്ചുകേന്ദ്രങ്ങളിൽ ഒരുക്കി. ഡാക്‌പേയിലൂടെ ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മഹാകുംഭമേള ഒരു വൻവിജയമാക്കി മാറ്റുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിച്ച പങ്ക് നിസ്തുലമാണ്. 1000 ലധികം പ്രത്യേക ട്രെയിനുകളാണ് ആവശ്യകത കൂടുതലുള്ള ഇന്ത്യയിലെ റൂട്ടുകളിലേക്ക് അനുവദിച്ചത്. അതുപോലെ പ്രധാനപ്പെട്ട റൂട്ടുകളിലേക്കുള്ള ട്രെയിനുകളുടെ സർവീസ് എണ്ണവും വർദ്ധിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും റെയിൽവേ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. അടിയന്തിരമായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സ്‌റ്റേഷനുകളിലും ക്വിക്ക് റെസ്‌പോൺസ് ടീമിനെയും നിയോഗിച്ച് റെയിൽവേ പ്രവർത്തനം ഊർജ്ജിതമാക്കി. റെയിൽവേയ്ക്ക് പുറമെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശ് ഗവൺമെന്റ് 3050 ബസുകളും അനുവദിച്ചിരുന്നു. അതോടൊപ്പം ഫെബ്രുവരി 12ന് 1200 ബസുകൾ അധികമായും സർവീസ് നടത്തി.
മഹാകുംഭമേളയിലേയ്ക്ക് കോടിക്കണക്കിന് തീർത്ഥാടകർ എത്തുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് പ്രയാഗ്‌രാജിലെ വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ നേരത്തെ തന്നെ വർദ്ധിപ്പിച്ചിരുന്നു. ടൂറിസം മന്ത്രാലയം അലൈൻസ് എയറുമായി ചേർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാന ബന്ധിപ്പിക്കൽ ശക്തമാക്കുകയും ചെയ്തിരുന്നു.
ചരിത്രത്തിൽ തന്നെ ഇടംപിടിയ്ക്കുന്ന ഒരു ജനാവലിയുടെ ഒത്തുചേരൽ ഉണ്ടാക്കാവുന്ന പ്രതിസന്ധികൾ മുൻകൂട്ടി കാണുക എന്നതാണ് ഇത്തരം പരിപാടികളുടെ വിജയത്തിന് ആധാരം. അതു മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ താങ്ങാവുന്ന നിലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യം ഉത്തർപ്രദേശ് ഗവൺമെന്റ് ഒരുക്കി. ഇതിനായി നാഫെഡ് സബ്‌സിഡി നിരക്കി റേഷനും മറ്റും ലഭ്യമാക്കുകയും ചെയ്തു. പ്രതിദിനം 20,000 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. മഹാകുംഭമേളയ്ക്കായി 25,000 പുതിയ റേഷൻ കാർഡും വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല.
ശുചിത്വവും സുസ്ഥിരമായ തീർത്ഥാടന സൗകര്യവും ഒരുക്കികൊണ്ട് സ്വച്ച് മഹാകുംഭമേള അഭിയാൻ മാതൃകയായി. 10,200 ശുചിത്വ തൊഴിലാളികളും 1,800 ഗംഗാ സേവദത്തും ഇതിനായി പണിയെടുത്തു. മിക്കിവാക്കി വനം ഉൾപ്പെടെ പല മേഖലകളും ഹരിതമേഖലകളായി മാറി. പൊതുജനങ്ങളുടെ പങ്കാളിത്തവും ബോധവൽക്കരണവും ശുചിത്വവും പരിസ്ഥിതി സൗഹൃദവുമായി കുംഭമേളയ്ക്ക് ഏറെ സഹായകരമായി. ഗംഗയിൽ നിന്നും യമുനയിൽ നിന്നും പ്രതിദിനം 10-15 ടൺ മാലിന്യങ്ങൾ രണ്ടു ത്രാഷ് സ്‌കിമ്മർ യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു.
അതോടൊപ്പം തന്നെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും നിരവധി നടപടികൾ കൈക്കൊണ്ടിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന വാട്ടർ എ.ടി.എമ്മുകൾ 40 ലക്ഷത്തിലധികം തീർത്ഥാടകർക്ക് നേട്ടമായി.
ആത്മമോക്ഷത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടി നൽകുന്നതിന് മേള ശ്രദ്ധചെലുത്തിയിരുന്നു. അതിൽ പ്രധാനമാണ് അന്താരാഷ്ട്ര പക്ഷി ഉത്സവം. ശാസ്ത്രവും പ്രകൃതിയും സംസ്‌കാരവും കൂടി ഇഴചേർന്നതായിരുന്നു ഈ ഉത്സവം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അത് ഊന്നിപ്പറയുകയും ചെയ്തു.
സാധാരണക്കാരൻ മുതൽ രാഷ്ട്രപതി വരെ ഈ ചരിത്രസംഭവത്തിന്റെ ഭാഗമായി എന്നതും ശ്രദ്ധേയമാണ്. ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രി അമിത്ഷാ, രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൽ പട്ടേൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, കായിക, വിനോദ മേഖലകളിലെ വ്യക്തിത്വങ്ങൾ, തുടങ്ങി നിരവധി പ്രമുഖർ ഇതിന്റെ ഭാഗഭാക്കായി.
സാംസ്‌കാരിക മന്ത്രാലയം തയാറാക്കിയ കലാഗ്രാമം ഇന്ത്യയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായി. എല്ലാത്തിനും ഉപരിയായി മഹാകുംഭ് 2025 ആഗോളതലത്തിൽ നിന്നുള്ള ടൂറിസ്റ്റുകളെ വലിയതോതിൽ പ്രയാഗ്‌രാജിലേക്ക് ആകർഷിച്ചു. ബ്രിട്ടണിൽ നിന്നുള്ള എഴുത്തുകാരും സഞ്ചാരികളും അടങ്ങുന്ന ഒരു സംഘം എത്തിയിരുന്നു. അവർ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിശാലമായ പര്യടനം നടത്തുകയും ചെയ്തു. ദഷിണകൊറിയ, ജപ്പാൻ, സ്‌പെയിൻ, റഷ്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഈ ഉത്സവത്തിന്റെ ഭാഗവുമായി.
ഇവയിലൂടെയൊക്കെ ഒരു ആഗോള സാംസ്‌കാരിക ബ്രാൻഡായി മഹാ കുംഭമേള ഉയർന്നു. ടൂറിസം രംഗത്ത് യുപിയുടെ സാദ്ധ്യതകൾ ഉയർത്തിക്കാട്ടികൊണ്ട് ഇതിനെ ഒരു ''ബ്രാൻഡ് യു.പി.'' എന്ന രീതിയിൽ പ്രമോട്ട് ചെയ്തു. വിദേശ ടൂറിസം മേളകളിൽ മഹാ കുംഭ് 2025 പ്രദർശിപ്പിക്കപ്പെട്ടു. ഈ വിശേഷ പരിപാടിയുടെ വെബ് സൈറ്റിൽ 183 രാജ്യങ്ങളിൽ നിന്നായി ജനുവരി ആദ്യ ആഴ്ച വരെ 33 ലക്ഷംപേരാണ് സന്ദർശനം നടത്തിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി യു.പി.എസ്.ടി.ഡി.സി., ഐ.ആർ.സി.ടി.സി, ഐ.ടി.ഡി.സി എന്നിവയുമായി ചേർന്നുകൊണ്ട് ടൂർ പാക്കേജുകളും ആഡംബര താമസസൗകര്യങ്ങളും ഒരുക്കി. ഇത്തരത്തിലുള്ള ഏണ്ണമറ്റ നടപടികളിലൂടെ മഹാകുംഭ് 2025 ഒുരു ആഗോള ആത്മീയ സാംസ്‌ക്കാരിക മേളയായി മാറി. ഉത്തർപ്രദേശിനെ ആത്മീയ ടൂറിസത്തിന്റെയും അന്താരാഷ്ട്ര നിക്ഷേപത്തിന്റെയും ഒരു പ്രമുഖകേന്ദ്രവുമാക്കി മാറ്റി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക, കലാപരതയുമായി ബന്ധപ്പെട്ട് നിരവധി പ്രദർശനങ്ങളാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നത്.
എടുത്തുപറയേണ്ടത് കുംഭമേളയിൽ ബി.എസ്.എൻ.എൽ വഹിച്ച പങ്കാണ്. ആത്മനിർഭർ ഭാരത് മുൻകൈയ്ക്ക് കീഴിൽ കുംഭമേളയുമായി ബന്ധപ്പെട്ട ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ബി.എസ്.എൻ.എൽ നിർണ്ണായക പങ്കാണ് വഹിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള തീർത്ഥാടകർക്ക് അവരുടെ ബന്ധപ്പെട്ട സർക്കിളുകളിൽ നിന്ന് തന്നെ സിംകാർഡുകളും ലഭ്യമാക്കി. സെക്ടർ രണ്ട് ലാൽ റോഡിൽ ഒരു ക്യാമ്പ് ഓഫീസ് സ്ഥാപിച്ച് അവിടെ നിന്നാണ് എല്ലാ ആശയവിനിമയ സേവനങ്ങളും ബി.എസ്.എൻ.എൽ നിയന്ത്രിച്ചത്. ഫോൺ കണക്ഷനുകൾക്ക് പുറമെ ഇന്റർനെറ്റ്, വൈഫൈ സേവനങ്ങൾ ഉൾപ്പെടെയുള്ളവയും ബി.എസ്.എൻ.എൽ ഉറപ്പാക്കി.
മഹാകുംഭമേളയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് സനാതനധർമ്മത്തിന്റെ വിവിധ പാരമ്പര്യങ്ങളേയും മതശാഖകളേയും പ്രതിനിധീകരിച്ച അഖോരികളായിരുന്നു. ആദി ഗുരു ശങ്കരാചാര്യരുടെ കാലമായ ആറാം നൂറ്റാണ്ടുമുതൽ നിലനിൽക്കുന്ന വിഭാഗങ്ങളാണ് ഇവരെന്നാണ് കണക്കാക്കപ്പെടുന്നത്. കുംഭമേളയുടെ ആത്മീയ ആചാരങ്ങളുടെയും പൂജാവിധികളുടെയും കാത്തുസൂക്ഷിപ്പുകാരായാണ് ഇവരെ വിലയിരുത്തുന്നതും. വിവിധ വിഭാഗങ്ങളിൽപ്പെട്ട 13 അഖോരികൾ മഹാകുംഭമേളയിൽ പങ്കെടുത്തു.
സാംസ്‌കാരിക, ആത്മീയ പാരമ്പര്യങ്ങളോടൊപ്പം പാരിസ്ഥിതിക ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി 31ന് ഹരിത മഹാ കുംഭമേളയും സംഘടിപ്പിച്ചിരുന്നു. ഗ്യാൻ മഹാ കുംഭ് 2081ന്റെ ഭാഗമായുള്ള ശൃംഖലയുടെ തുടർച്ചയായി ശിക്ഷാ സംസ്‌കൃതി ഉത്തൻ ന്യാസ് ആണ് ഇത് സംഘടിപ്പിചച്ത്.
ആരോഗ്യപരിപാലനവും സാമൂഹിക സുരക്ഷയും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ റെക്കാർഡുകൾ ഇട്ട മഹാകുംഭ് 2025ൽ ഏറെ ശ്രദ്ധേയമായതാണ് നേത്ര കുംഭ്. കാഴ്ച പരിമിതിക്കെതിരായ പോരാട്ടം ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ വിശാലമായ നേത്രപരിരക്ഷാ മുൻകൈ. അഞ്ചുലക്ഷം പേർ നേത്രപരിശോധനയ്ക്ക് വിധേയരായി, ഇതിൽ 3 ലക്ഷം പേർക്ക് കണ്ണടകളും വിതരണം ചെയ്തു.
ഇലക്‌ട്രോണിക് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഭാഷിണി ഈ മഹാമേളയിലെ ഒരു വിപ്ലവകരമായ മുൻകൈയായിരുന്നു. ഡിജിറ്റൽ ഇന്ത്യാ പരിപാടിക്ക് കീഴിലുള്ള ഈ മുൻകൈയിലുടെ ഭാഷാതടസം മറികടക്കാൻ പലർക്കുമായി. പതിനൊന്ന് ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ ഇതിലൂടെ ലഭിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം. പ്രധാനമന്ത്രി സമാരംഭം കുറിച്ച എ.ഐ അധിഷ്ഠിത ബഹുഭാഷ, ശബ്ദസൗകര്യമുള്ള ചാറ്റ്‌ബോട്ട് തീർത്ഥാടകരെ സഹായിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. തീർത്ഥാടകർക്കും ഭക്തർക്കും വിവരങ്ങൾ എത്തിക്കുന്നതിൽ ആകാശവാണിയുടെ കുംഭവാണി ബുള്ളറ്റിനുകളും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
മറ്റൊരു മഹാകുംഭമേള കൂടി കടന്നുപോകുമ്പോൾ, ഒരു ചരിത്രമാണ് ഇവിടെ കുറിയ്ക്കപ്പെടുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക ആത്മീയ പാരമ്പര്യത്തിന്റെ മുഖമുദ്രയായി കുംഭമേള ഉയർന്നുനിൽക്കുന്നു. ഒപ്പം അതിലെ സംഘാടകമികവും.
References
https://pib.gov.in/EventDetail.aspx?ID=1197®=3&lang=1
https://www.instagram.com/airnewsalerts/p/DE3txwqIpRQ/
Click here to see PDF:
SK
(Release ID: 2106992)
Visitor Counter : 8