വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആനിമേറ്റർമാർക്കും മാത്രമായി പ്രത്യേക പരിശീലനപരമ്പര: പ്രമുഖ ക്രിയേറ്റീവ് സ്റ്റുഡിയോയുമായി കൈകോര്‍ത്ത് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
Posted On:
27 FEB 2025 6:29PM by PIB Thiruvananthpuram
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയോടനുബന്ധിച്ച് (വേവ്സ്) സംഘടിപ്പിക്കുന്ന ആനിമേഷൻ ചലച്ചിത്ര മത്സരത്തിന്റെ (എഎഫ്സി) ഭാഗമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും (എംഐബി) ഡാൻസിംഗ് ആറ്റംസും (ലോസ് ഏഞ്ചല്‍സിലും ഇന്ത്യയിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് സ്റ്റുഡിയോ) ഒരു പ്രത്യേക പരിശീലന പരമ്പര അവതരിപ്പിക്കുന്നു. വിജയികൾക്ക് ആഗോള അംഗീകാരത്തിനും മികച്ച പ്രൊഫഷണലുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ധനസഹായത്തിനും സൃഷ്ടിയുടെ വിതരണത്തിനും അവസരം ലഭിക്കും.
സ്വതന്ത്ര സര്‍ഗപ്രതിഭകള്‍ക്കും വിദ്യാർത്ഥികള്‍ക്കും സ്റ്റുഡിയോകൾക്കും അവരുടെ ആനിമേറ്റഡ് ഹ്രസ്വചിത്രങ്ങള്‍ പ്രദർശിപ്പിക്കാൻ എഎഫ്സി വേദിയൊരുക്കുന്നു. തിരക്കഥാ രചന, ചലച്ചിത്ര രൂപകൽപ്പന, നിർമാണം, കഥാഖ്യാനം, ആനിമേഷൻ, അന്താരാഷ്ട്ര വിപണികൾ എന്നിവ സംബന്ധിച്ച ഉൾക്കാഴ്ചകൾ ഈ രംഗത്തെ വിദഗ്ധർ പരമ്പരയുടെ ഭാഗമായി പങ്കിടുന്നു.
പരിശീലന സമയക്രമവും വരാനിരിക്കുന്ന സെഷനുകളുടെ വിശദാംശങ്ങളും:
മാർച്ച് 3 – ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രനിർമാണം
പ്രഭാഷകൻ: ഷോബു യാർലഗദ്ദ (നിർമ്മാതാവ്, ബാഹുബലി പരമ്പര)
സവിശേഷതകള്‍: ഉയർന്ന സ്വാധീനമുള്ള ചിത്രങ്ങള്‍ വികസിപ്പിക്കൽ, ധനസഹായം ലഭ്യമാക്കല്‍, നിർമാണം
സൂം വഴി പങ്കുചേരാം: https://us06web.zoom.us/j/87875515586?pwd=rBBuTksjMQzVw4if3hEIc71Hg1nFMB.1
മാർച്ച് 4 – ചലച്ചിത്രനിർമാണം ആഗോള പ്രേക്ഷകർക്കായി
പ്രഭാഷകൻ: ഗുനീത് മോംഗ (ഓസ്കാർ ജേതാവായ നിർമാതാവ്)
സവിശേഷതകള്‍: ഇന്ത്യൻ സിനിമകളെ എങ്ങനെ അന്താരാഷ്ട്ര വിപണികളിലേക്കെത്തിക്കാം; സഹ-നിർമാണം, ധനസഹായം, വിതരണം
സൂം വഴി പങ്കുചേരാം: https://us06web.zoom.us/j/87875515586?pwd=rBBuTksjMQzVw4if3hEIc71Hg1nFMB.1
മാർച്ച് 5 (ടിബിസി) – കഥാപാത്രങ്ങളുടെ ആനിമേഷനും കഥാലോക നിർമിതിയും
പ്രഭാഷകൻ: അർനൗ ഒല്ലെ ലോപ്പസ് (ആനിമേഷൻ വിദഗ്ധൻ)
സവിശേഷതകള്‍: കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാഖ്യാനവും കഥാലോക നിർമിതിയും മനസ്സിലാക്കൽ
സൂം വഴി പങ്കുചേരാം: https://us06web.zoom.us/j/88513001690?pwd=ac2Ra8475uuWBQrt7CCiXjgYsZpOhA.1
മാർച്ച് 6 – വിവിധ മാധ്യമങ്ങളിലെ കഥാഖ്യാനം
പ്രഭാഷകൻ: അനു സിംഗ് ചൗധരി (തിരക്കഥാകൃത്തും മാധ്യമപ്രവർത്തകയും)
സവിശേഷതകള്‍: സിനിമകൾ, പരമ്പരകൾ, പുസ്തകങ്ങൾ എന്നിവയ്ക്കുവേണ്ടിയുള്ള തിരക്കഥാ സങ്കേതങ്ങളും കഥാഖ്യാനവും
സൂം വഴി പങ്കുചേരാം: https://us06web.zoom.us/j/87830821165?pwd=AdPFfRBzlyuauTKblJt2brbWQGlmzL.1
ഫെബ്രുവരി 26, 27 തീയതികളിലായി രണ്ട് പരിശീലന സെഷനുകൾ ക്രമീകരിച്ചു. ഫെബ്രുവരി 26 ന് കഥാഖ്യാനം, തിരക്കഥാരചന, എഴുത്തിന്റെ വ്യാപാരം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് എഴുത്തുകാരനും തിരക്കഥാ വിദഗ്ധനുമായ ഫാറൂഖ് ധോണ്ടി തിരക്കഥാരചനയും ട്രെയിലറുകളും എന്ന വിഷയത്തിൽ ഒരു സെഷൻ നയിച്ചു. ഫെബ്രുവരി 27 ന് ആനിമേഷനുവേണ്ടിയും ലൈവ്-ആക്ഷൻ പ്രോജക്റ്റുകൾക്കുവേണ്ടിയും ആഴത്തിലുള്ള ദൃശ്യ ലോകങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രായോഗിക ഉൾക്കാഴ്ചകൾ പകര്‍ന്നുകൊണ്ട് പ്രൊഡക്ഷൻ ഡിസൈനറും വിഷ്വൽ ആർട്ടിസ്റ്റുമായ രൂപാലി ഗാട്ടി ചലച്ചിത്ര രൂപകല്‍പനയും ദൃശ്യാവിഷ്ക്കാരവും എന്ന തലക്കെട്ടില്‍ ഒരു സെഷൻ നടത്തി.
ശൃംഖലകള്‍ വിപുലീകരിക്കലും പ്രോജക്റ്റ് സമര്‍പ്പണവും
ഇന്ത്യയിലെ മികച്ച സർഗാത്മകപ്രതിഭ പ്രദർശിപ്പിക്കുന്ന ആഗോള വിപണിയായ വേവ്സ് ബസാറിലേക്ക് പ്രോജക്റ്റുകൾ സമർപ്പിക്കാൻ ഇന്ത്യൻ സര്‍ഗാത്മക ഉള്ളടക്ക സൃഷ്ടാക്കളെ വേവ്സ് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ ഉള്ളടക്കത്തെ അന്താരാഷ്ട്ര വിപണിയുമായി ബന്ധിപ്പിക്കാനും ഈരംഗത്തെ ശൃംഖല, സഹകരണം, ആഗോള അവസരങ്ങൾ എന്നിവ വളർത്തിയെടുക്കാനും ഇത് വഴിയൊരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, waves@dancingatoms.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
*****************
(Release ID: 2106823)
Visitor Counter : 31